Tuesday, December 10, 2013

ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ : യാഥാര്‍ഥ്യങ്ങളും ഉല്‍കണ്‌ഠകളും - ഡോ . വി എസ്‌ വിജയന്‍
'ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌' എന്ന്‌ പൊതുവേ അറിയപ്പെടുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി (Western Ghats Ecology Expert Panel ) പഠന റിപ്പോര്‍ട്ട്‌ ഒരു പക്ഷെ, നാളിതു വരെ കാണാത്തത്ര വിവാദങ്ങള്‍ക്കും വിമര്‍ശന ങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും ഇടയാക്കിയിട്ടുള്ള ഒരു പരിസ്ഥിതി സംരക്ഷണ - വികസന റിപ്പോര്‍ട്ട്‌ ആയിരിക്കാം. തീര്‍ച്ചയായും ഇത്‌ ശുഭ സൂചനയാണ്‌, പ്രോത്സാഹിപ്പി ക്കപ്പെടേ ണ്ടുമാണ്‌.

എന്നാല്‍ ഈ വിമര്‍ശനങ്ങളിലേറെയും വസ്‌തുതകളെ മറച്ച്‌ പിടിക്കുകയോ കാണാതെ പോകുകയോ, വളച്ചൊടിക്കുകയോ ചെയ്‌തുവെന്ന താണ്‌, അങ്ങേയറ്റം ദൗര്‍ഭാഗ്യകരം. ഇക്കാരണം കൊണ്ടു തന്നെ ശ്രോതാക്കളോ, അനുവാചകരോ ആയ പൊതുജനങ്ങള്‍ ഈ റിപ്പോര്‍ട്ടിനെ തെറ്റായ രീതിയില്‍ മനസ്സിലാക്കുകയോ, ആശയക്കുഴപ്പത്തില്‍ അകപ്പെടുകയോ ചെയ്യുന്നു. ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്ക പ്പെടുക പോലും ചെയ്യാത്ത കാര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച്‌ പൊതു ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന ദുരുദ്ദേശത്തോടെ ഒരു കൂട്ടം ആളുകള്‍ ഇറങ്ങിത്തിരി ച്ചിരിക്കുകയാണോ എന്നും സംശയം തോന്നാം.

സമൂഹത്തിലെ ചില തട്ടിലുള്ളവരെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട്‌ ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നേറുന്നത്‌ തീര്‍ച്ചയായും ആരോഗ്യകരമായ പ്രവണതയല്ല. ഇത്തരം ചര്‍ച്ചകളില്‍ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ കൂടെ പങ്കാളിത്തം ഉണ്ടാവേണ്ടതായിരുന്നു. ഈ റിപ്പോര്‍ട്ട്‌ പഞ്ചായത്ത്‌ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടണമെന്നും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുള്ള ശുപാര്‍ശകളിന്മേലുള്ള അന്തിമ തീരുമാനം പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി ആയിരി ക്കണമെന്നും ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ വ്യക്ത മായും ആവര്‍ത്തിച്ചും നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. പരിസ്ഥിതി ലോല മേഖലകള്‍ക്ക്‌ അതിരുകള്‍ തീരുമാനിക്കേണ്ട കാര്യത്തിലാ യാലും ഓരോ മേഖലകളില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്ന തിലായാലും, ഈ നിഷ്‌കര്‍ഷ പാലിക്കേണ്ടതാണ്‌.

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതിയുടെ ഒരു അംഗമെന്ന നിലയിലും ഈ കമ്മിറ്റി റിപ്പോര്‍ട്ട്‌ സംബന്ധിച്ച നിരവധി ചര്‍ച്ചകളില്‍ പങ്കെടുത്ത ആളെന്ന നിലയിലും ഈ റിപ്പോര്‍ട്ടി ന്റെ ഒരു യഥാര്‍ഥ രൂപം പൊതുജനങ്ങളുടെ മുമ്പില്‍ വെക്കേണ്ടത്‌ സമൂഹത്തോടുള്ള എന്റെ കര്‍ത്തവ്യമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

500-ലേറെ താളുകള്‍ വരുന്ന മുഴുവന്‍ റിപ്പോര്‍ട്ട്‌ പ്രധാന വസ്‌തുതകള്‍ ചോരാതെ ചുരുക്കിയെടുത്തതാണ്‌ ഈ ചെറു പുസ്‌തകം. എല്ലാ പ്രധാന ശുപാര്‍ശകളും, ആവശ്യമെന്നു തോന്നുന്ന സ്ഥളങ്ങളില്‍ ബ്രാക്കറ്റില്‍ വിശദീകരണത്തോടെ നല്‍കിയിരിക്കുന്നു. അനുവാചകര്‍ വസ്‌തുതകള്‍ കണ്ടെത്തി അവരുടെ സ്വന്തം അഭിപ്രായങ്ങളില്‍ എത്തിച്ചേരട്ടെ.


(ഡൌണ്‍ലോഡ്)

Thursday, November 28, 2013

നോബല്‍ സമ്മാനിതന്‍ മോ യാന്‍ - ടി എ ഹസന്‍കുട്ടി കാഞ്ഞിരമറ്റം.


 മോ യാന്‍
അക്ഷരലോകത്ത്‌ അത്ഭുതം സൃഷ്ടിച്ച മോ യാനാണ്‌ ഈ വര്‍ഷത്തെ (2012) സാഹിത്യ നോബല്‍ പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌. ചരിത്രവും വര്‍ത്തമാനവും പുരാവൃത്ത ങ്ങളും സംയോജിപ്പിക്കുന്ന വിസ്‌മയ സാഹിത്യ പ്രപഞ്ചമാണ്‌ മോ യാന്റെ സൃഷ്ടികള്‍. ചൈനയുടെ കഴിഞ്ഞ അരനൂറ്റാ ണ്ടിനെ അനാവരണം ചെയ്യുന്ന മോ യാന്റെ ചെറുകഥകളും നോവലുകളും സാഹിത്യ ലോകത്ത്‌ സൃഷ്ടിച്ച മാറ്റങ്ങളെ മുന്‍നിര്‍ത്തി യാണ്‌ പുരസ്‌കാരം ലഭിച്ചത്‌. ചൈനീസ്‌ പൗരത്വവുമായി ചൈനയില്‍ തന്നെ താമസിക്കുന്ന ഒരെഴുത്തുകാരനെ തേടി ചരിത്രത്തിലാദ്യമായാണ്‌ സാഹിത്യ നോബല്‍ പുരസ്‌കാരം എത്തുന്നത്‌. 2000ല്‍ ചൈനീസ്‌ വംശജനായ ഗയോ സിന്‍ജിയാ ണ്‌ പുരസ്‌കാര ജേതാവയതെങ്കിലും അദ്ദേഹം ഫ്രഞ്ച്‌ പൗരത്വം സ്വീകരിച്ചതിനാല്‍ പുരസ്‌കാരം ലഭിച്ചില്ല.

ജന്മനാടിനെ ഇതിവൃത്തമാക്കി ചൈനയുടെ ചരിത്രത്തെ വശകലനം ചെയ്യുന്നതാണ്‌ അദ്ദേഹത്തിന്റെ മിക്ക രചനകളും അര നൂറ്റാണ്ടായി ചൈനീസ്‌ സാഹിത്യത്തിലെ എഴുത്തുകാ രില്‍ മുന്‍നിരക്കാരനായി അദ്ദേഹം അറിയപ്പെട്ടിരുന്നു. ഭരണകൂടത്തെ നിര്‍ഭയനായി വിമര്‍ശിച്ചുപോരുന്ന ഒരു എഴുത്തുകാരനാണദ്ദേഹം. ചൈനയിലെ ഏറ്റവും പ്രസിദ്ധനായ ഈ സാഹിത്യകാരന്റെ പലകൃതികളും നിരോധിച്ചിട്ടുണ്ടെ ങ്കിലും അദ്ദേഹത്തിന്റെ രചനാ വൈഭവം ഒന്നു കൊണ്ടു മാത്രം സ്വന്തം നാടുവിടേണ്ടി വന്നില്ല.

നിരോധിക്കപ്പെട്ട അദ്ദേഹത്തിന്റെ കൃതികള്‍ വിവിധ ഭാഷകളി ലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. സമകാലിക ചൈനീസ്‌ സാഹിത്യത്തില്‍ കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളതും അദ്ദേഹത്തിന്റെ കൃതികളാണ്‌. 1987ലെ റെഡ്‌ സോര്‍ഗം, 1992ലെ റിപ്പബ്ലിക്‌ ഓഫ്‌ വൈന്‍ എന്നീ കൃതികളാണ്‌ അദ്ദേഹ ത്തെ ആഗോളതലത്തില്‍ ശദ്ധേയനാക്കിയത്‌. ഡിസം.10 ന്‌ സ്‌റ്റോക്‌ഹോമിലെ സ്വീഡിഷ്‌ അക്കാദമി ഹാളില്‍ വെച്ച്‌ പുരസ്‌കാരം സമ്മാനിച്ചു. 6.8 കോടി രൂപയാണ്‌ സമ്മാനത്തു ക.

1955ല്‍ ചൈനയിലെ സാധാരണ ഒരു കര്‍ഷക കുടുംബത്തില്‍ ആണ്‌ മോ യാന്റെ ജനനം. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. സാംസ്‌കാരി ക വിപ്ലവകാലത്ത്‌ പഠനം മതിയാക്കി ഗ്രാമത്തിലെ ഒരു വ്യവസായശാലയില്‍ ജോലിക്കു ചേര്‍ന്നു. 20ആമത്തെ വയസില്‍ ചൈനയുടെ സൈനിക വിഭാഗമായ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മിയില്‍ ചേര്‍ന്നു. ആദ്യമായാണ്‌ തന്റെ ഗ്രാമത്തിനു പുറത്തു പോകുന്നത്‌ ഇതിനു ശേഷമാണ്‌. സാഹിത്യ ലോകവുമായി പരിചയപ്പെടുന്നത്‌ ഇക്കാലത്താണ്‌. 25ആമത്തെ വയസിലാണ്‌ ആദ്യത്തെ രചന പുറത്തുവരുന്നത്‌. അദ്ദേഹത്തിന്റെ ആദ്യകാല രചനകള്‍ക്ക്‌ സാഹിത്യലോകത്ത്‌ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. സൈന്യത്തിന്റെ കള്‍ച്ചറല്‍ അക്കാദമിയുടെ കീഴിലുള്ള ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ അദ്ദേഹത്തിന്‌ അധ്യാപക പദവി ലഭിക്കാന്‍ ഇത്‌ സഹായകമായി. 

ഗൊയാന്‍ മോയെ എന്നാണ്‌ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം. അദ്ദേഹം സ്വീകരിച്ച തൂലികാ നാമമാണ്‌ മോ യാന്‍ എന്നത്‌. ഇതിന്റെ അര്‍ത്ഥം മിണ്ടരുത്‌ എന്നാണ്‌. അഞ്ചുവര്‍ഷം കഴിഞ്ഞാണ്‌ മോ യാന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു കൃതി പുറത്തു വരുന്നത്‌. 1987ലെ റെഡ്‌ സോര്‍ഗം എന്നതാണ്‌ ആ കൃതി. സാഹിത്യലോകത്ത്‌ ചര്‍ച്ച ചെയ്യപ്പെട്ടതിനേക്കാള്‍ ആ കൃതി ശ്രദ്ധിക്കപ്പെട്ടത്‌ ചലച്ചിത്ര ആവിഷ്‌കാരം വന്നതോടെ യാണ്‌. ആ വര്‍ഷത്തെ ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഈ ചിത്രം കരസ്ഥമാക്കി. റെഡ്‌ സോര്‍ഗം പുറത്തുവന്നതോടെയാണ്‌ പാശ്ചാത്യ ലോകത്ത്‌ മോ യാന്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌.

1996ല്‍ പ്രസിദ്ധീകരിച്ച ബിഗ്‌ ബ്രസ്റ്റ്‌ ആന്റ്‌ വൈഡ്‌ ഹിപ്‌സ്‌ എന്ന പുസ്‌തകം ഏറെ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയി രുന്നു. ലൈംഗികാതിക്രമങ്ങളുടെയും അജ്ഞതയുടേയും മായിക ലോകമായാണ്‌ ചൈനയെ അദ്ദേഹം കൃതിയില്‍ ചിത്രീകരിച്ചത്‌. ചൈനയില്‍ ഈ കൃതി നിരോധിച്ചെങ്കിലും ഇംഗ്ലീഷ്‌ ഉള്‍പ്പെടെ യുള്ള ഭാഷകളില്‍ അത്‌ ബെസ്റ്റ്‌ സെല്ലറായി. ചൈനയുടെ രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും സംബന്ധിക്കുന്ന ഒട്ടനവധി വിഷയങ്ങള്‍ മോ യാന്‍ന്റെ രചനകളില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. 

2009ല്‍ പ്രകാശനം ചെയ്‌ത ഫ്രോഗ്‌ എന്ന നോവല്‍ ഭരണകൂട ത്തിന്റെ കുടുംബാസൂത്രണ പദ്ധതികളെ രൂക്ഷമായി വിമര്‍ശി ക്കുന്നവയാണ്‌. ഇതുമൂലം രാജ്യത്തെ പല എഴുത്തുകാരുടെയും വിമര്‍ശനങ്ങള്‍ക്ക്‌ അദ്ദേഹം ഇരയാകേണ്ടി വന്നിട്ടുണ്ട്‌.

റെഡ്‌സോര്‍ഗം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട രചനകള്‍ ദി റിപ്പബ്ലിക്‌ ഓഫ്‌ വൈന്‍, ബിഗ്‌ ബ്രസ്റ്റ്‌ ആന്റ്‌ വൈഡ്‌ ഹിപ്‌സ്‌, ചേഞ്ച്‌, ഫ്രോഗ്‌ എന്നിവയാണ്‌. ഈ രചന കള്‍ക്കൊക്കെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ഈ കൃതികള്‍ക്ക്‌ ഇംഗ്ലീഷ്‌ ഭാഷയില്‍ വിവര്‍ത്തനമുണ്ടായതാണ്‌ അദ്ദേഹത്തിന്‌ ലോകമെങ്ങും സ്വീകാര്യത ലഭിക്കാന്‍ കാരണം.

ആഫ്രിക്കന്‍ മാസ്റ്റര്‍പീസിന് അമ്പത് വയസ് - അഭിലാഷ് ഫ്രേസര്‍('മൂല്യശ്രുതി' മാസികയില്‍ നിന്നും )


ചിന്നുവ അച്ചെബി 
50 വര്‍ഷങ്ങള്‍ക്കു മുമ്പാണ് 1958-ല്‍ അജ്ഞാതനാ യൊരു ആഫ്രിക്കന്‍ എഴുത്തുകാരന്‍ തന്റെ പ്രഥമ നോവല്‍ പ്രസാധനത്തിനായി ലണ്ടനിലേക്ക് കൊടുത്തയച്ചു. നോവലിന്റെ അപ്രകാശിത പ്രതി പ്രസാധകരില്‍ നിന്നു പ്രസാധകരിലേക്കു മാറി മാറി സഞ്ചരിച്ചു. ആഫ്രിക്കന്‍ എഴുത്തുകാര്‍ക്ക് മാര്‍ക്കറ്റില്ലെന്ന കാരണം പറഞ്ഞ് പ്രസാധകര്‍ ഓരോരുത്തരായി നോവലിനെ തിരസ്‌കരിച്ചു. അവസാനം നോവല്‍ ഹെയ്ന്‍മാന്‍ പബ്ലിഷിങ് ഓഫീസിലെത്തി. അവിടെയും കുറേനാള്‍ അത് ആരും തൊടാതെ കിടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പശ്ചിമേഷ്യന്‍ യാത്രക്കുശേഷം തിരിച്ചെത്തിയ വിദ്യാഭ്യാസ ഉപദേശകന്‍ ഡൊണാള്‍ഡ് മക്രേ അവഗണിക്ക പ്പെട്ടു കിടന്ന നോവല്‍ വായിക്കാനിടയായി. നോവല്‍ കമ്പനിയെ തിരികെ ഏല്‍പ്പിക്കു മ്പോള്‍ മക്രേയുടെ ഒരു കുറിപ്പുകൂടി വെച്ചു! ലോക മഹായുദ്ധ ത്തിനുശേഷം ഇത്ര മഹത്തായ ഒരു നോവല്‍ ഞാന്‍ വായിച്ചിട്ടില്ല!

ലോകപ്രശസ്ത ആഫ്രിക്കന്‍ നോവലിസ്റ്റായ ചിന്നുവ അച്ചെബിയുടെ 'Things Fall Apart'(തിങ്‌സ് ഫാള്‍ അപ്പാര്‍ട്ട്) ആയിരുന്നു ആ നോവല്‍. 1958 ജൂണ്‍ 17 ന് തിങ്‌സ് ഫാള്‍ അപ്പാര്‍ന്റെ 2000 കോപ്പികള്‍ ഹെയ്ന്‍മാന്‍ അച്ചടിച്ചു പുറത്തിറക്കി. ഒരു വാക്കുപോലും തിരുത്താതെ,ഒരു വാചകം പോലും വെട്ടിമാറ്റാതെ…

പിന്നീടുള്ള നാളുകള്‍ ചിന്നുവ അച്ചെബിക്കും തിങ്‌സ് ഫാള്‍ അപ്പാര്‍ട്ടിനും (തകര്‍ന്നടിയല്‍ എന്നു പരിഭാഷപ്പെടുത്താം)മഹത്വത്തിലേക്കുള്ള ആരോഹണ ത്തിന്റെ കാലമായിരുന്നു.

ആഫ്രിക്കന്‍ സാഹിത്യത്തിലെ ഏറ്റവും മഹത്തായ പുസ്തകങ്ങളില്‍ ഒന്നായി വാഴ്ത്തപ്പെടുന്ന തിങ്‌സ് ഫാള്‍ അപ്പാര്‍ട്ടിന്റെ 80 ലക്ഷത്തിലധികം പ്രതികളാണ് വിറ്റുപോയത്. 50 ലോകഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള ഈ നോവലിനാണ് ഏറ്റവുമധികം പരിഭാഷക്ക് വിധേയമായിട്ടുള്ള ആഫ്രിക്കന്‍ പുസ്തകം എന്ന റെക്കോര്‍ഡ്. ആഫ്രിക്കയില്‍ മാത്രമല്ല അമേരിക്കയിലും യൂറോപ്പിലും ആസ്‌ത്രേലിയയിലും ഇന്ത്യയിലുമൊക്കെ 'തിങ്‌സ് ഫാള്‍ അപ്പാര്‍ട്ട്' ഏറെ വായിക്കപ്പെടുകയും പഠനവിഷയമാകുകയും ചെയ്തിട്ടുണ്ട് 'അത്യുജ്വലമായ നോവല്‍'  എന്നാണ്  'ദി ഒബ്‌സര്‍വര്‍'  പത്രം വിശേഷിപ്പിച്ചത്. 'ഒരു ആഫ്രിക്കക്കാരന്റെ ഏറ്റവും പ്രശസ്തമായ ഇംഗ്ലീഷ് നോവല്‍'  എന്നു പറഞ്ഞത് ഡൊണാള്‍ഡ് ഹെര്‍ഡെക്. ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തി ന്റെ ഉപജ്ഞാതാവായിട്ടാണ് ചിന്നുവ അച്ചെബി വാഴ്ത്തപ്പെടുന്നത്

ഇംഗ്ലീഷ് കവിയായ W.B.യേറ്റ്‌സിന്റെ  'ദ സെക്കന്റ് കമിംങ്'  എന്ന കവിതയിലെ  'Things fsll apart;the centre Cannot hold…..' എന്ന വരിയില്‍ നിന്നാണ് ചിന്നുവ അച്ചെബി തന്റെ നോവലിന് പേര് സ്വീകരിച്ചിട്ടുള്ളത്. വിലപ്പെട്ട തായി കരുതിവെച്ചവയുടെ തകര്‍ന്നടിയല്‍ ധ്വനിപ്പിക്കുന്നു ആ പേര്.

ഒകോംക്വായുടെ കഥ,ഗോത്രസംസ്‌കാരത്തിന്റേയും

ആഫ്രിക്കന്‍ ഗോത്രപാരമ്പര്യങ്ങളുടെ തകര്‍ച്ചയുടെ കഥയാണ് തിങ്‌സ് ഫാള്‍ അപ്പാര്‍ട്ട് പറയുന്നത്. നൈജീരിയായിലെ ഇബോ ഉമോഫിയ ഗോത്രത്തിലെ കരുത്തനായ നേതാവാണ് ചേന കര്‍ഷകനായ ഒകോംക്വോ. മഹത്തായ പാരമ്പര്യം സൂക്ഷിക്കുന്ന, സാമൂഹ്യമായി പുരോഗമിച്ച ശക്തമായ ഗോത്രമാണ് ഉമോഫിയ. ഒകോംക്വോ ഇല്ലായ്മയില്‍ നിന്ന് ഉന്നതങ്ങളില്‍ എത്തിയവനാണ്. അലസനായ ഒരു പുല്ലാംകുഴല്‍ വായനക്കാരനായിരുന്ന ഒകോംക്വോയുടെ പിതാവ് കുടുംബത്തിന് ഏറെ കടബാധ്യതകള്‍ ഉണ്ടാക്കി ക്കൊടുത്തിരുന്നു. ഒരിക്കലും അപ്രകാര മാകരുത് എന്ന പ്രതിജ്ഞാ ബദ്ധതയാണ് ഒകോംക്വോയെ കരുത്തനാക്കിയത്.


ഒരുദിവസം ഉമോഫിയ ഗോത്രക്കാര്‍ക്കെതിരേ മറ്റൊരു ഗോത്രം ഒരപരാധം ചെയ്തു.പാപപരിഹാരമായി ആ ഗോത്രം ഉമോഫിയക്കാര്‍ക്ക് ഒരു കന്യക യേയും ഒരാണ്‍കുട്ടിയേയും കാഴ്ച നല്‍കുന്നു.കന്യക അപരാധത്തി നിരയായ വന്റെ ഭാര്യയും, ആണ്‍കുട്ടി ബലിവസ്തുവും ആകുന്നു. ബലിയര്‍പ്പണത്തിന് ഒരുക്കമായുള്ള മുന്നു വര്‍ഷങ്ങള്‍ ഇകെമിഫുന എന്ന ആണ്‍കുട്ടി ഒകോംക്വോ യുടെ ഭവനത്തില്‍ ജീവിക്കുന്നു.


മൂന്നു വര്‍ഷം കൊണ്ട് ഇകെമിഫുന ഒകോംക്വോയുടെ കുടുംബത്തിന് പ്രിയപ്പെട്ടവനായിത്തീരുന്നു. പ്രത്യേകിച്ച് ഒകോംക്വോയുടെ മകന്‍ ന്വോയെ അവന്‍ സ്വന്തം സഹോദരനെ പോലെ സ്‌നേഹിക്കുന്നു. എന്നാല്‍ മുന്നു വര്‍ഷം തികയുമ്പോള്‍ കുട്ടിയുടെ ബലിക്കുവേണ്ടിയുള്ള വെളിച്ചപ്പാടിന്റെ കല്‍പ്പന യുയരുന്നു.

ഗോത്ര പുരുഷന്മാര്‍ ചേര്‍ന്ന് ഇകേമിഫുനയെ കാട്ടില്‍ കൊണ്ടുപോയി ബലികഴിക്കുന്നു. ന്വോയുടെ ഹൃദയം തകരുന്നു. ഒകോംക്വോയും വല്ലാതെ ഉലഞ്ഞു പോകുന്നുന്നു ണ്ടെങ്കിലും തന്റെ ആര്‍ദ്രത പുറത്ത് കാണിക്കാതെ അയാളും കൊലപാതകത്തില്‍ പങ്കുചേരുന്നു. 

ഒകോംക്വോ തന്റെ രണ്ടാം ഭാര്യയുടെ മകളായ എഡ്വിന്‍മയെ  അത്യധികം സ്‌നേഹിച്ചിരുന്നു. ഒരിക്കല്‍ എഡ്വിന്‍മയെ ഗോത്രത്തിലെ വെളിച്ചപ്പാട് ഭൂമിദേവതയുമായി ഒരു ആത്മീയാ ഭിമുഖത്തിലേക്ക് നയിക്കുന്നു. ഒകോംക്വോ യും ഭാര്യയും അതിന് സാക്ഷികളാകുന്നു. മറ്റൊരിക്കല്‍, ഒരു ഗോത്ര പ്രധാനി യുടെ ശവ സംസ്‌കാര വേളയില്‍ ഒകോംക്വോയുടെ തോക്കില്‍ നിന്ന് അബദ്ധ ത്തില്‍ ഒരു വെടിപൊട്ടി ഒരു കുട്ടി കൊല്ലപ്പെടുന്നു. ശിക്ഷയായി ഒകോംക്വോ യും കുടുംബവും ഏഴു വര്‍ഷത്തേക്ക് ഗോത്രത്തില്‍ നിന്ന് ബഹിഷ്‌കൃതരാകുന്നു.

സ്വന്തം വിധികളെ നിയന്ത്രിക്കുന്നത് മനുഷ്യന്‍ തന്നെയാണെന്ന ഒകോംക്വോ യുടെ വിശ്വാസത്തിനു വിള്ളല്‍ വീഴുന്നു. കുടുംബത്തോടൊപ്പം അയാല്‍ എംബാന്റയിലുള്ള മാതൃഭവനത്തിലേക്ക് പലായനം ചെയ്യുന്നു. അവിടെ അവര്‍ക്ക് നല്ല സ്വീകരണം ലഭിക്കുന്നു.

അവരുടെ പ്രവാസ കാലത്ത് ഉമോഫിയയിലും എംബാന്റയിലും വെള്ളക്കാര്‍ എത്തുന്നു. അവര്‍ക്കൊപ്പം പുതിയ മതം പ്രസംഗിച്ചുകൊണ്ട് മിഷണറിമാരും. ന്വോയെ പുതിയ മതം സ്വീകരിക്കുന്നു.അതറിഞ്ഞ ഒകോംക്വോ അവനെ മര്‍ദ്ദിക്കുന്നു. ന്വോയെ വീടുപേക്ഷിച്ചു പോകുന്നു.

പലര്‍ക്കും ഗോത്രാചാരങ്ങളോട് എതിര്‍പ്പു തുടങ്ങുന്നു. ആയുധത്തിന്റെ പിന്‍ബലത്തില്‍ വെള്ളക്കാര്‍ ഉമോഫിയയുടെ ഭരണം കയ്യേറുന്നു. ഗോത്രത്തി ന്റെ അധികാരവും സ്വാതന്ത്ര്യവും നഷ്ടമാകുന്നു. വെള്ളക്കാരനായ ജില്ലാ കമ്മീഷണര്‍ ഒകോംക്വോ അടക്കമുള്ള ഗോത്രത്തലവന്മാരെ സമാധാന സംഭാഷണമെന്ന വ്യാജേന ക്ഷണിക്കുകയും അവിടെ വെച്ച് അവരെ പിടിച്ച് തടവിലാക്കുകയും ചെയ്യുന്നു.

തടവറയില്‍ നിന്ന് സ്വതന്ത്രരാക്കപ്പെടുന്ന നേതാക്കന്മാര്‍ക്ക് മുന്നില്‍ ഇനി രണ്ടു വഴികളാണുള്ളത്: ഒന്നുകില്‍ വെള്ളക്കാര്‍ക്കൊപ്പം സമാധാനത്തില്‍ ജീവിക്കു ക. അല്ലെങ്കില്‍ യുദ്ധം ചെയ്യുക.ഒകോംക്വോ യുദ്ധമാണ് ആഗ്രഹിക്കു ന്നത്. ഗോത്ര സമ്മേളനത്തിനു നടുവിലേക്ക് കടന്നുവരുന്ന കോടതിയുടെ ദൂതന്‍ സമ്മേളനം പിരിച്ചുവിടാന്‍ ആവശ്യപ്പെടുന്നു.ഗോത്രങ്ങളുടെ ജീവനാഡിയായ ഗോത്രസമ്മേളനങ്ങളുടെ മേലുള്ള കടന്നുകയറ്റം ഗോത്രസ്വാതന്ത്ര്യത്തിന്റെ അന്ത്യമണി മുഴങ്ങുന്നതിന്റെ സൂചനയാണെന്നു തിരിച്ചറിയുന്ന ഒകോംക്വോ രോഷാകുലനായി ദൂതനെ വധിക്കുന്നു. മറ്റു ദൂതന്മാര്‍ ഓടി രക്ഷപ്പെടുന്നു. മറ്റുള്ള ഗോത്രത്തലവന്മാരാരും തന്റെ വഴി പിന്‍തുടരുകയില്ലെന്നും വെള്ളക്കാര്‍ക്ക് കീഴടങ്ങാനാണ് അവരുടെ തീരുമാനമെന്നും നിരാശയോടെ തിരിച്ചറിയുന്ന ഒകോംക്വോ മനസ്സു തകര്‍ന്ന് ആത്മാഹൂതി ചെയ്യുന്നു. ജില്ലാ കമ്മീഷണര്‍ അനുചരന്മാര്‍ക്കൊപ്പം എത്തി ഒകോംക്വോയുടെ ജഡം താഴെയിറ ക്കുന്നുപിന്നീട് അയാള്‍ എഴുതുന്ന പുസ്തകത്തില്‍ ഒകോംക്വോ യുടെ സമൂഹത്തെപ്പറ്റി വിമര്‍ശനാത്മകമായ ചില കുറിപ്പുകള്‍ എഴുതിച്ചേര്‍ക്കുന്നു.

ചരിത്രവും ആത്മാംശവും

1890-കളാണ് നോവലിലെ കാലഘട്ടം. നൈജീരിയായിലെ നീജര്‍ നദിയുടെ കിഴക്കന്‍ തീരത്തുള്ള ഒനിറ്റ്ഷക്കടുത്തു തന്നെയാണ് കഥയിലെ ഉമോഫിയ. അച്ചെബിയുടെ ജനന സ്ഥലമായ ഒജിഡിയിലേതിനു സമാനമാണ് നോവലില്‍ ചിത്രീകരിച്ചിരിക്കുന്ന സംസ്‌കാരം. 20ആം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സ്ഥലം കയ്യേറിയ ബ്രിട്ടീഷുകാര്‍ അച്ചെബിയുടെ ജനനവര്‍ഷമായ 1930 ആയപ്പോഴേക്കം വേരുറപ്പിച്ചിരുന്നു. ഒജിഡിയില്‍ ആദ്യമായി പുതിയ മതം സ്വീകരിച്ചവരില്‍ ഒരാള്‍ അച്ചെബിയുടെ പിതാവായിരുന്നു. നോവലിലെ ന്വോയയെ പോലെ അച്ചെബിയും ഒരു അനാഥനായിരുന്നു. മുത്തച്ഛനാണ് അയാളെ വളര്‍ത്തിയത്. ക്രിസ്തുമതത്തിലേക്കുള്ള അച്ചെബിയുടെ പരിവര്‍ത്തനത്തെയും ക്രിസ്തീയ രീതിയിലുള്ള വിവാഹത്തേയും മുത്തച്ഛന്‍ ഹൃദയപൂര്‍വം അനുവദിച്ചു കൊടുത്തു.

ആഫ്രിക്കയുടെ ആത്മാവറിഞ്ഞ എഴുത്തുകാരന്‍.

നൈജീരിയായിലെ നെയോബിയിലെ ഇബ്രോ ഗ്രാമത്തില്‍ 1930 നവംബര്‍ 16-നാണ് ചിന്നുവ അച്ചെബി പിറന്നത്.ചിന്നുവയുടെ മാതാപിതാക്കള്‍ ആഫ്രിക്കന്‍ ഗോത്ര സംസ്‌കാരത്തിന്റേയും ക്രൈസ്തവ സ്വാധീനത്തിന്റേയും സംഗമ ഭൂമിയിലാണ് വസിച്ചിരുന്നത്. അച്ചെബിയില്‍ ഇതിന്റെ സ്വാധീനം വലുതായിരുന്നു.

പഠിക്കാന്‍ ബഹു മിടുക്കനായിരുന്നു ചിന്നുവ. ഷേക്‌സ്പിയറുടേതുള്‍പ്പെടെ യുള്ള ഇംഗ്ലീഷ് സാഹിത്യ ക്ലാസിക് കൃതികള്‍ വായിച്ചിരുന്നു. ചിന്നുവയുടെ സ്‌കൂള്‍ വിദ്യാഭ്യാസക്കാലത്ത് ആഫ്രിക്കന്‍ സംസ്‌കാരത്തിന്റെ മേലും ബ്രിട്ടീഷുകാര്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്ക് സാക്ഷിയായി. ഒരിക്കല്‍, ഇബോ ഭാഷയില്‍  'സോപ്പു തരൂ'  എന്നു പറഞ്ഞതിന് തന്നെ സ്‌കൂള്‍ അധികൃതര്‍ ശിക്ഷിച്ച കഥ ചിന്നുവ അനുസ്മരിക്കുന്നുണ്ട്.
സ്‌കൂള്‍ ലൈബ്രറി മുഴുവന്‍ അരിച്ചുപെറുക്കിയിരുന്ന അച്ചെബി ബുക്കര്‍ ടി വാഷിംങ്ടന്റെ  'Up from Slevery' വായിക്കാനിടയായി. യാഥാര്‍ഥ്യത്തിന്റെ മറ്റൊരു മുഖം കണ്ടുവെന്നാണ് ചിന്നുവ പിന്നീട് ഇതേപ്പറ്റി പറഞ്ഞത്. പരമ്പരാഗത ആഫ്രിക്കന്‍ സമൂഹത്തിന്റെ മൂല്യങ്ങളും അവയുടെ മേലുള്ള പാശ്ചാത്യ സ്വാധീനവുമായിരുന്നു ചിന്നുവയുടെ വിഷയങ്ങള്‍. 'ബ്രിട്ടീഷുകാര്‍ വരുന്നതിനു മുമ്പ് എന്റെ ദേശത്തിന്റെ ഇന്നലെകള്‍ അപരിഷ്‌കൃതത്വത്തി ന്റെ ഇരുളിലായിരുന്നില്ലെന്ന് കാണിച്ചു കൊടുക്കാന്‍ എന്റെ കൃതികള്‍ക്ക് കഴിയുന്നുവെങ്കില്‍ അതുകൊണ്ടുമാത്രം ഞാന്‍ തൃപ്തിയടഞ്ഞുകൊള്ളാം' .ചിന്നുവ അച്ചെബി ഒരിക്കല്‍ പറഞ്ഞു.

ഒരു അപകടത്തില്‍ പെട്ട് അരക്കു താഴേക്ക് തളര്‍ന്നുപോയ ചിന്നുവയുടെ തൂലിക പക്ഷേ,ശക്തമാണ്. ഇരുണ്ട ആവരണത്തിനുള്ളില്‍ ജ്വലിക്കുന്ന ആഫ്രിക്കന്‍ ചേതനയുടെ തെളിമ പോലെ….. 

കാര്‍ടൂണ്‍ പാഠങ്ങള്‍ ; അഭ്യാസവും ദുരുപയോഗവും


ഹാസ്യചിത്രരചനാ സമ്പ്രദായമായ കാര്‍ട്ടൂണിന് ഒരു രീതിശാസ്ത്രം രൂപപ്പെട്ടു വന്നിട്ടുണ്ട്. അച്ചടി മാധ്യമം, ഇന്റര്‍ നെറ്റ് മീഡിയ,സെമിനാറുകള്‍ തുടങ്ങിയവയിലൂ ടെയൊക്കെ അതിന്റെ പാഠങ്ങള്‍ പഠിതാക്കളിലേക്കും പൊതുജനങ്ങളിലേക്കും എത്തുന്നു. നിരവധി സംഘടനകള്‍ ലോകത്ത് എമ്പാടും പ്രവര്‍ത്തിക്കുന്നു. ഉന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലും അതിന് സംഘടനകളുണ്ട്. 1984-ല്‍ രൂപീകരിച്ച കേരള കാര്‍ട്ടൂണ്‍ അക്കാദമിയാണ് കേരളത്തിലെ ഈ രീതിശാസ്ത്രത്തിന്റെ പ്രചാരകര്‍. ശിവറാം രചിച്ച കാര്‍ട്ടൂണ്‍ പാഠങ്ങള്‍ എന്നപുസ്തകം, ബുള്ളറ്റിന്‍,
വെബ്‌സൈറ്റ്, ശില്‍പശാലകള്‍ തുടങ്ങിയവയിലൂടെ അതിന്റെ പാഠങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചുകൊണ്ട് കോരളകാര്‍ട്ടൂണ്‍  അക്കാദമി മുന്നോട്ടുപോകുന്നു. 

ഇന്ത്യന്‍ കാര്‍ട്ടൂണിലെ മറ്റൊരു ലെജണ്ട് ആയ ആര്‍.കെ.ലക്ഷ്മണിന്റെ പാഠങ്ങള്‍ പരക്കെ സ്വീകാര്യത നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരു കാര്‍ട്ടൂണിസ്റ്റിനുവേണ്ട കഴിവുകള്‍ മൂന്നാണ്.നിരീക്ഷക്കാനുള്ള കഴിവ്, വരക്കാനുള്ളകഴിവ്, പരിഹസിക്കാനുള്ള കഴിവ്. ഇവ മൂന്നും ചേരാതെ ഒരു കാര്‍ട്ടൂണിസ്റ്റ് വിജയിക്കുകയില്ല. ആദ്യകാലത്ത് പടംവരക്കാന്‍ കഴിവില്ലാത്തവന്റെ വിഷമം തീര്‍ക്കലാണ് കാര്‍ട്ടൂണ്‍ എന്ന് അതിനെ പരിഹസിച്ചിരുന്നു. എന്നാല്‍ എല്ലാ നല്ല ചിത്രകാരന്മാരും കാര്‍ട്ടൂണിസ്റ്റല്ല, എല്ലാ നല്ല കാര്‍ട്ടൂണിസ്റ്റുകളും ചിത്രകാരന്മാരുമല്ല എന്നുതെളിയിക്കപ്പെട്ടതോടെ അതിന്റെ വിമര്‍ശകര്‍ അടങ്ങി. ആളുകളുടെ വൈകല്യം വരച്ചുവെക്കുന്നത് കാര്‍ട്ടൂണിക മര്യാദയല്ല, അത് കാര്‍ട്ടൂണിക ആഭാസമാണ്. വൈകല്യം മറക്കുക എന്നത് ചിത്രകലയില്‍ ഒരു രീതിയല്ലെങ്കില്‍ പോലും ആദ്യകാല ചിത്രകാരന്മാര്‍ അതിന് വഴങ്ങേണ്ടി വന്നിട്ടുണ്ട് (കൊട്ടാരം ചിത്രകാരന്മാരെയാണ് ഉദ്ദേശിച്ചിട്ടുള്ളത്) നിരീക്ഷണത്തിലെ കൃത്യത പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. വരക്കാനുള്ള കഴിവ് പരിശീലനത്തിലൂടെ അഭിവൃദ്ധിപ്പെടുത്താം.

കാര്‍ട്ടൂണിന് കാരിക്കേച്ചര്‍ എന്ന ഒരു പിവുണ്ട്. കാര്‍ട്ടൂണ്‍ ഹാസ്യ ചിത്രീകരണവും കാരിക്കേച്ചര്‍ ഹാസ്യ ചിത്രവുമാണ്.  രാഷ്ട്രീയ കാര്‍ട്ടൂണ്‍, സാമൂഹ്യ കാര്‍ട്ടൂണ്‍, പ്രതിഷേധാത്മക കാര്‍ട്ടൂണ്‍ എന്നിങ്ങനെ കാര്‍ട്ടൂണിനെ വീണ്ടും തിരിക്കാം. ഈ കാര്‍ട്ടൂണുകളൊക്കെയും അത് രചിക്കപ്പെടുന്ന കാലത്ത് അതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കിയാലേ പില്‍ക്കാലത്ത് ആസ്വദിക്കാന്‍ കഴിയൂ.  പത്രമാസികകളിലെ വാര്‍ത്താ ലോഖനത്തോടോ, റിപ്പോര്‍ട്ടിങ്ങിനോടോ ഒപ്പമാണ് രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരക്കുന്നത്. അത് കൂടുതല്‍ വിമര്‍ശനാത്മകമാണ്. രാഷ്ട്രീയ നേതാക്കന്മാരുടെ ഭരണ വൈകല്യങ്ങളെയാണ് വിമര്‍ശന വിധേയമാക്കുന്നത്. കാര്‍ട്ടൂണിസ്റ്റ് ശങ്കറാണ് ഇതിന് ഉദാഹരണം.ശങ്കര്‍ നഹ്രുവിനെ വിമര്‍ശിച്ച കാര്‍ട്ടൂണ്‍ ഇന്ന് ആസ്വദിക്കണമെങ്കില്‍ അതിനിടയാക്കിയ സംഭവം എന്തെന്ന് മനസ്സിലാക്കി യാലേ പറ്റൂ. സാമൂഹ്യ കാര്‍ട്ടൂണുകള്‍ ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്. സമൂഹത്തിന്റെ കെട്ടുറപ്പില്ലാ യ്മക്ക് ഭരണകര്‍ത്താക്കള്‍ തന്നെയാണ് ഉത്തരവാദികള്‍ എന്നിരിക്കിലും. സമൂഹത്തിലെ അഴിമതിയേയും അക്രമത്തേയും ഹാസ്യത്തിന്റെ കണ്ണിലൂടെ നിരീക്ഷിച്ചു വിമര്‍ശിക്കുന്ന വരകളാണ് സാമൂഹ്യ കാര്‍ട്ടൂണുകളെ വേര്‍തിരിക്കുന്നത്. ആര്‍.കെ.ലക്ഷ്മണ്‍ തന്നെയാണ് ഇതില്‍ മുന്‍പന്‍. ചുറ്റുപാടുകള്‍ക്ക് മാറ്റം വന്നിട്ടില്ലെങ്കില്‍ സാമൂഹ്യ കാര്‍ട്ടൂണുകളുടെ ആസ്വാദനകാലം കുറച്ചുകൂടി നീളും. പൈപ്പിനുള്ളില്‍ താമസമാക്കിയിട്ടുള്ള തെരുവുജീവിതങ്ങളെ ആര്‍.കെലക്ഷമണ്‍ വരച്ചിട്ടുണ്ട്. ഇന്ന് ആസ്ഥിതി മാറിയിട്ടില്ലെങ്കില്‍ അതിലെ വിമര്‍ശനാത്മക ഹാസ്യം ആസ്വദിക്കുന്നതിന് കുഴപ്പമൊന്നുമില്ല. നേരേമറിച്ച് ആ സ്ഥിതി മാറിയിട്ടുണ്ടങ്കില്‍ അങ്ങനെ വരക്കാനിടയായ സാഹചര്യ ത്തെക്കുറിച്ച് അറിയില്ലെങ്കില്‍ ആസ്വദിക്കാന്‍ പറ്റില്ല. മൂന്നാമത്തെ പരിവായ പ്രതിഷേധാത്മക കാര്‍ട്ടൂണുകളാകട്ടെ യുദ്ധം പോലെയുള്ള ആഗോള ദുരന്തങ്ങള്‍ക്കെതിരായി ലോകമനസ്സാക്ഷിയെ ഉണര്‍ത്തുന്നതിനായി രചിക്കപ്പെടുന്നവയാണ്. വിയറ്റ്‌നാം യുദ്ധകാലത്ത് ഇത്തരം ഒരുപാട് കാര്‍ട്ടൂണുകള്‍ പിറന്നു. യുദ്ധകാല കെടുതികളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത്തരം കാര്‍ട്ടൂണുകളും ആസ്വദിക്കാന്‍ കഴിയില്ല.

കാര്‍ട്ടൂണുകള്‍ സമൂഹത്തിന്റെ ചിത്രീകരണമാണെങ്കില്‍ കാരിക്കേച്ചര്‍ വ്യക്തിയുടെ ചിത്രണമാണ്. വ്യക്തിയെ നേരേ വരച്ചാല്‍ അത് സ്‌കെച്ച്, വ്യക്തിത്വത്തെ ഹാസ്യാത്മകമായി വരച്ചാല്‍ അത് കാരിക്കേച്ചര്‍.കാര്‍ട്ടൂണില്‍ വരക്കാന്‍ പാടില്ലാത്ത വ്യക്തിത്വങ്ങളുണ്ട്. കാരണം അവര്‍ വിമര്‍ശനാതീത രായതുകൊണ്ടു തന്നെ.പ്രസിഡന്റ്, ജഡ്ജിമാര്‍, പുണ്യാത്മാക്കള്‍ ഇവരാണ് വിമര്‍ശനാതീതര്‍. കാരിക്കേച്ചറില്‍ ഇവരേയും വരക്കാം.കാരണം അത് വ്യക്തി ചിത്രണമാണ്, വിമര്‍ശനമല്ല. മദര്‍ തെരേസയെ വിവിധ കാരിക്കേച്ചറി സ്റ്റുകള്‍ വരച്ചിരിക്കുന്നതു നോക്കുക. എന്നാല്‍ ഒരു കാര്‍ട്ടൂണിസ്റ്റും മദര്‍ തെരേസയെ വരച്ചിട്ടില്ല. കാരിക്കേച്ചര്‍ വരയുടെ രീതിയനുസരിച്ച് 80 ശതമാനം തലയും 20 ശതമാനം മറ്റു ഭാഗവുമായിരിക്കും. അവരുടെ വലിയ മനസ്സിനെ ആദരിക്കുന്നതിനാണ് തല ഇങ്ങനെ സ്ഥൂലീകരിക്കു ന്നത്.

നര്‍മ്മത്തിന്റെ പ്രയൊഗവും മൂന്നു വിധത്തിലാണ് സംഭവിക്കുക. ഉത്തമം, മധ്യമം, അധമം എന്നിങ്ങെ. ആരെ ഉദ്ദേശിച്ച് വിമര്‍ശിക്കുന്നുവോ അയാള്‍ക്കു കൂടി ചിരി വന്നാല്‍ അത് ഉത്തമം. ഉദ്ദേശിക്കപ്പെട്ട ആള്‍ക്കും അയാളെ അനുകൂലിക്കുന്നവര്‍ക്കും അത് ആസ്വദിക്കാനായില്ലെങ്കില്‍ അത് മധ്യമം. മൂന്നാമത്തെ, അധമം വരക്കുന്ന ആള്‍ ദുരുദ്ദേശത്തോടുകൂടി ചെയ്യുന്നതാണ്. അത് പ്രധിഷേധത്തിന് ഇടയാക്കും. ചിലരിര്‍ ഇത്തരം കാര്‍ട്ടൂണുകളും വരച്ചിട്ടുണ്ടെങ്കിലും അധികം ആരും അതിന് മുതിരാറില്ല. കാര്‍ട്ടൂണില്‍ ഹാസ്യം പ്രയോഗിക്കുന്നതിലെ അധമ രീതിപോലെ തന്നെ അത് ദുരുദ്ദേശ ത്തോടെ പുനപ്രസിദ്ധീകരിക്കുന്നതും അധമപ്രവൃത്തിയാണ്. പ്ലസ് ടു പാഠപുസ്തകത്തിലെ ശങ്കര്‍ വരച്ച, അംബേദ്കര്‍ ഭരണഘടന തയ്യാറാക്കാന്‍ എടുത്ത കാലതാമസത്തെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ചേര്‍ത്ത പ്രവൃത്തി അധമമായത് അങ്ങനെയാണ്. അംബേദ്കര്‍ ഭരണഘടന രചിക്കാന്‍ കാലതാമസമെടുത്തിരിക്കാം. അതിനെ 1948-ല്‍ ശങ്കര്‍ വിമര്‍ശിച്ചു വരച്ചു. അംബേദ്കര്‍ അന്ന് ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം അത് ആസ്വദിച്ചോ ഇല്ലയോ എന്നുള്ളതല്ല പ്രശ്‌നം. അത് പത്രപ്രവര്‍ത്തനത്തിലെ ഒരു വ്യവഹാരമാണ്. വിമര്‍ശിച്ചാലും ഇല്ലെങ്കിലും കാലതാമസം എടുത്തതിന് കാരണങ്ങളുണ്ട്. പല നിര്‍ദ്ദേശങ്ങളും പരിശോധിക്കേണ്ടതായിട്ടുണ്ട്. സംസ്‌കൃതം ദേശീയ ഭാഷ ആക്കണമോ എന്ന് അംബേദ്കര്‍ ആ കാലത്ത് ചോദിച്ചതാണ്. നെഹ്രുവിനാണ് അതില്‍ താല്പര്യമില്ലാതിരുന്നത് എന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. അങ്ങിനെ ഒട്ടേറെ. പക്ഷേ പാഠപുസ്തകത്തിലൂടെ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടത് ഭരണഘടനയേക്കുറിച്ചാണോ അതോ അത് തയ്യാറാക്കാന്‍ വേണ്ടിവന്ന കാലതാമസത്തിനുള്ള കാരണങ്ങളേക്കുറി ച്ചാണോ? ശങ്കറിന്റെ ആ കാര്‍ട്ടൂണ്‍ കണ്ടാലറിയാം അതില്‍ ഭരണഘടനയേയല്ല വിമര്‍ശിക്കുന്നത്, അതിന് എടുത്ത താമസത്തേയാണ്.പാഠനം പത്രപ്രവര്‍ത്തന ത്തിന്റെ നിലവാരത്തിലാണോ നടക്കേണ്ടത്? ഇനി ഭരണഘടനയെ വിമര്‍ശിക്കുനിനല്ലെങ്കിലും അവിടെ എന്തിനാണ് ഒരു കാര്‍ട്ടൂണ്‍?അംബേദ്കറു ടെ സ്‌കെച്ച്, എഴുതിത്തയ്യാറാക്കിയ ഭരണഘടന പ്രസിഡന്റിന് കൈമാറുന്ന പെയിന്റിങ്ങന്റെ പകര്‍പ്പ് എന്നിവ ചേര്‍ക്കാമല്ലോ. ദുരുദ്ദേശപൂര്‍വ്വമല്ലെങ്കില്‍ ഇങ്ങനെയൊരു ചിന്തയാണ് പാഠപുസ്തകം തയ്യാറാക്കിയവരില്‍ ഉണ്ടാവേണ്ടിയിരുന്നത്. കാര്‍ട്ടൂണ്‍ ചേര്‍ത്ത ഈ പാഠഭാഗം ഉള്‍ക്കൊള്ളുന്ന കുട്ടിയിലുണ്ടാവുക, ഭരണഘടനാ നിര്‍മ്മാണം അങ്ങേയറ്റം അലംഭാവത്തോടെ നടന്ന ഒരു പ്രക്രിയയാണെന്നും അതിനെ ആ ഗൗരവത്തോടെ കണ്ടാല്‍ മതി എന്നുള്ള ധാരണയാണ്.

ചരിത്ര പാഠപുസ്തകത്തില്‍ നെഹ്രുവിനെ ഒഴിവാക്കുമോ? ആദ്യത്തെ പ്രധാനമന്ത്രിയാണല്ലോ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്രു. ഇവിടെ നെഹ്രുവിന്റെ ഭരണവാകല്യങ്ങളെ വിമര്‍ശിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ചേര്‍ക്കുമോ? കാര്‍ട്ടൂണിലൂടെ നെഹ്രുവിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ളത് ശങ്കര്‍ തന്നെയാണ്. ഇവിടെ ശങ്കറിന്റെ ഒരു കാര്‍ട്ടൂണ്‍ ചേര്‍ത്താല്‍ എന്താണ് സംഭവിക്കുക. നെഹ്രു കഴിവുകെട്ടൊരു ഭരണാധികാരി യായിരുന്നുവെന്ന് പഠിതാക്കള്‍ ധരിക്കും.അതാണോ ഇവിടെ പാഠ്യ ചര്യോദ്ദേശ്യം? എന്നാല്‍ പാഠഭാഗത്ത് ഒരു ഭരണാധികാരിയുടെ കോട്ടങ്ങള്‍ മറച്ചുവോക്കണോ? മറച്ചുവെക്കരുത്. വിവരിക്കണം. വിമര്‍ശിക്കരുത്. വിവരണം വസ്തുനിഷ്ഠമായിരിക്കണം. അതാണ് പാഠപുസ്തകത്തില്‍ അവലംബിക്കേണ്ടത്. വിമര്‍ശനം പത്രപ്രവര്‍ത്തനത്തിന്റെ രീതിയാണ്.അത് ആത്മനിഷ്ഠമാണ്. അത് എല്ലാവരിലും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നന്നില്ല. പലരിലും വ്യത്യസ്തമായിരിക്കും. ഈ രീതി അവലംബിച്ചാല്‍ പാഠ്യചര്യോ ദ്ദേശ്യം പാളിപ്പോകും.

പത്രലേഖനവും റിപ്പോര്‍ട്ടിംങും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ കുടുതല്‍ വ്യക്തമാവുമന്ന് തോന്നുന്നു. പത്രലേഖകന്‍ കാര്യങ്ങളെ വസ്തുനിഷ്ഠമായി വിവരിക്കുന്നയാളാണ്. റിപ്പോര്‍ട്ടര്‍ ആത്മനിഷ്ഠമായി വിമര്‍ശിക്കുന്നയാളും. ഉദാഹരണത്തിന് ഒരു സ്ഥലത്ത് സമരക്കാര്‍ക്ക് നേരേ പൊലീസ് വെടിവെയ്പുണ്ടായി എന്നുവെക്കുക. പത്രലേഖകന്‍ അത് വസ്തുനിഷ്ടമായി വിവരിച്ചെഴുതും. റിപ്പോര്‍ട്ടര്‍ അത് മനോധര്‍മ്മമനുസരിച്ച് (അവാസ്തവമെന്നല്ല) റിപ്പോര്‍ട്ടുചെയ്യും, 'പൊലീസ് സംയമനം പാലിച്ചിരു ന്നെങ്കില്‍ ഈ നടപടി ഒഴിവാക്കാമായിരുന്നു' എന്നിങ്ങനെ. മനോ ധര്‍മ്മ മനുസരിച്ചുള്ള വിമര്‍ശനാത്മ സമീപനം പലരിലും വ്യത്യസ്തമായിരി ക്കുന്നതിനാലാണ് ഈ വാര്‍ത്തയെ സംബന്ധിച്ച റിപ്പോര്‍ട്ടിംഗ് പല പത്ര ങ്ങളിലും വ്യത്യസ്തമായി കാണുന്നത്. പത്രലേഖനത്തില്‍ ഇങ്ങനെ സംഭവിക്കാന്‍ ഇടയില്ല. ഇതിനുപുറമേയാണ് റിപ്പോര്‍ട്ടിംങില്‍  'പത്ര'ത്തിന്റെ താല്‍പര്യം സ്വാധീനിക്കുക എന്നത്. അതിന്റെ ഉദ്ദേശ്യം വേറെയാണ്.ആ താല്‍പര്യമാണ് അംബേദ്കറുടെ നടപടിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍, തികച്ചും വസ്തുനിഷ്ഠമായിരിക്കേണ്ട പാഠഭാഗത്ത് ചേര്‍ത്ത് വികലമാ ക്കിയതിലൂടെ സംരക്ഷിക്കപ്പെട്ടത്.

എന്നാല്‍ വിമര്‍ശനം എന്ന വ്യവഹാരരൂപം തള്ളിക്കളയോണ്ടതോ തരംതാണതോ അല്ല.അത് സദുദ്ദേശ്യപരമായിരിക്കണമെന്നുമാത്രം.(പത്രലേഖനത്തിന് ആകെ ഒരുദ്ദേശ്യമേയുള്ളൂ. ഒരിക്കലും അത് മറു തരത്തില്‍ പ്രയോഗിക്കാന്‍ പറ്റില്ല)നിരൂപണത്തിന്റെ പിരിവുകളാണ് വിമര്‍ശനം, ആരാധന, ആസ്വാദനം ധ്യാനം എന്നിവ. ഇതില്‍ വിമര്‍ശനം 'ചാരം' പോലെ യാണ്. കൈകാര്യം ചെയ്യാന്‍ അറപ്പുള്ള ചാരം.പക്ഷെ അതുകൊണ്ട് ഒട്ടുവിളക്ക് ഒന്നു തേച്ചുനോക്കൂ, സ്വര്‍ണം പോലെ തിളങ്ങും! ഇവിടെ വിമര്‍ശിക്കപ്പെടുന്നവ്യക്തി ആ വിമര്‍ശനത്തിലെ പ്രയോഗങ്ങള്‍ സ്വീകരി ക്കാന്‍ തയ്യാറാവുകയും വേണം. എന്നാല്‍ അംബേദ്കറുടെ കാര്യത്തില്‍ കാലതാമസം എടുത്തത് വീഴ്ചയാണെന്നു വന്നാലും അത് ഇനി പരിഹരിക്കപ്പെടുക സാധ്യമല്ലല്ലോ.ചാരം പുരണ്ട കറുത്ത കൈകളുമായി പാഠംപുസ്തക കമ്മിറ്റി ഈ കടുകൈ ചെയ്തത് എന്തിനാണെന്നത്, എങ്ങനെ നോക്കിയാലും അതിന് ഒരു ഉത്തരമേയുള്ളൂ,ഭരണഘടനാ ശില്‍പിയെ അവഹേളിക്കുക എന്നതു തന്നെ.

കേരള ചരിത്രത്തെ സംബന്ധിച്ച പാഠഭാഗത്ത് ഇം.എം.ശങ്കരന്‍ നമ്പൂതിരി പ്പാടിനെ ഒഴിവാക്കില്ലല്ലോ. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആയിരുന്നല്ലോ അദ്ദേഹം. അദ്ദേഹത്തിന്റെ ഭരണനടപടികളെ കുറിച്ച് കൂടുതല്‍ അറിവ് പകരുവാന്‍ ഉതകുന്ന ബോധനപ്രക്രിയ എന്ന നിലയില്‍ അദ്ദേഹത്തെ വിമര്‍ശി ക്കുന്ന ഒരു കാര്‍ട്ടൂണ്‍ പാഠപുസ്തക കമ്മറ്റി പാഠഭാഗത്ത് ഉള്‍പ്പെടുത്തുമോ? മുഖ്യമന്ത്രി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും അദ്ദേഹ മെടുത്ത നിലപാടുകളെ വിമര്‍ശിച്ച് ഒരുപാട് കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചിട്ടുണ്ട്. അങ്ങനെ ചെയ്യാന്‍ പാഠപുസ്തക കമ്മറ്റിക്ക് കൈ പൊള്ളും. അംബേദ്കറുടെ കാര്യത്തില്‍ ഇങ്ങനെ ഒരു നടപടി എടുക്കാന്‍ കാരണമുണ്ട്, അംബേദ്കര്‍ ദളിതനാണ്. ദളിതന്‍ എത്ര ഉന്നതനായാലും എന്നു ജീവിച്ചിരുന്നയാളാ ണെങ്കിലും ശരി, അവന്റെമേല്‍ മാലിന്യം ചൊരിഞ്ഞാല്‍ ആരും ചോദിക്കാന്‍ വരില്ലെന്ന നൂറ്റാണ്ടുകളായുള്ള സവര്‍ണ ദാര്‍ഷ്ട്യം കൃത്യമായി പ്രവര്‍ത്തിച്ച താണ് അത്. 


ജീന്‍ മൈക്കിള്‍ ബാസ്ക്യൂട്ട് : വരക്കാനറിയാത്ത ചിത്രകാരന്‍ - കെ എ ദേവദാസ്


നാം കേരളീയര്‍ ഒരു പ്രത്യേക രീതിയില്‍ ചിട്ടപ്പെട്ട ദൃശ്യഭാഷക്ക് ഉള്ളില്‍ നിന്ന് ചിത്രങ്ങള്‍ കാണുന്നവര്‍ക്ക്,ജീന്‍ -മൈക്കിള്‍ ബാസ്ക്യൂട്ടിന്റെ നിയോ ഇമ്പ്രഷനിസ്റ്റ് ചിത്ര രചനയിലെ സ്വത്വ ബോധത്തെ കണ്ടെത്തുക വലിയ പ്രയാസമായിരിക്കും. പത്താം തരത്തില്‍ പഠനം നിര്‍ത്തി ഗ്രാവിറ്റ്‌ പെയിന്‍റിംഗ് ,ഷര്‍ട്ട് കച്ചവടം തുടങ്ങി പല ജോലികളും ചെയ്തു ഇദ്ദേഹം തന്‍റെ ആത്മാവ് സ്വാംശീകരിച്ച കലയുടെ ഒരു ലഹരി നിറഞ്ഞ യാതൊരു നിര്‍ണയന ങ്ങളുമില്ലാത്ത കലയുടെ നിത്യമായ എല്ലാ ചിട്ടകളേയും പൊട്ടിച്ചെറിഞ്ഞുകൊണ്ട് തന്‍റെ മനസ്സിന്‍റെ ആഴങ്ങളിലെ ഉള്‍വിളികള്‍ ചിത്ര തലത്തില്‍ കോറിയിടുകയാണ് ചെയ്തത്. ഇത് അമേരിക്കയുടെ അതിസമ്പന്ന തയുടെയും കണ്‍സ്യൂമറിസത്തിന്‍റെയും തലങ്ങളില്‍ വലിയ വിപ്ലവകരമായി ഇദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ മാറുകയുണ്ടായി. അടുത്തയിടെ അമേരിക്കയിലെ സാമ്പി ഓക്ഷന്‍ സെന്‍ററില്‍ എട്ടു ദശലക്ഷം ഡോളറിനാണ് ഇദ്ദേഹത്തിന്‍റെ 'കുരിശിലേറ്റ ക്രിസ്തു 'എന്ന ചിത്രം വിറ്റുപോയത്. നൈറ്റ് ക്ലബ്ബില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പ്പോള്‍ സ്കെച്ച് ബുക്കില്‍ ചിത്രം വരക്കാന്‍ ആവശ്യപ്പെട്ട ജാമുകൊണ്ട് എന്തോ കോറിയിട്ട ചിത്രവും അയാള്‍ നിധി പോലെ സൂക്ഷിക്കുന്നത് ബാസ്ക്യൂട്ടിനെ കുറിച്ചുള്ള സിനിമയില്‍ നമുക്ക് കാണാം.

ഏഴു വയസ്സില്‍ തുടങ്ങിയ കോറലുകളുടെയും ചിഹ്നങ്ങളുടെയും അവകാള്‍ക്ക് ഇടയിലുള്ള രൂപങ്ങളിലൂടെ വളര്‍ന്നു വികസിച്ച ചിത്ര തലത്തില്‍ നിയോ ഇമ്പ്രഷനിസ്റ്റ് സമീപനവും തന്‍റെ പിന്‍ മുറക്കാരുടെ ശരീര നിറങ്ങളുടെ ഭാഷയെ നിര്‍ണയിക്കാം. പലപ്പോഴും ചിന്തയും കാഴ്ചയും പരിസ്ഥിതിയും സാമൂഹ്യ വ്യവഹാരങ്ങളും ഉല്‍പ്പാദന വിതരണങ്ങളുമായി ഇഴപിരിയാത്ത ബന്ധങ്ങള്‍ ഉള്ളവയായിരിക്കും. ഇമ്പ്രഷനിസ്റ്റ് ചിത്ര കലയുടെ തുടക്കക്കാരായ മാനെ തുടങ്ങി വാന്‍ഗോഗ് വരെയുള്ളവരുടെ ചിത്രങ്ങളില്‍ നിന്ന് നാം പ്രകൃതിയുടെ നേര്‍ കാഴ്ചയില്‍ മങ്ങിയതടങ്ങിയ ദൃശ്യതയും കാണുന്നു. പുതിയ വഴികള്‍ തേടിയുള്ള യാത്രയില്‍ നിയോ ഇമ്പ്രഷനിസം വേദനയുടെ അസന്തുഷ്ട ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഇദ്ദേഹത്തിന്‍റെ 'സകള്‍ ' എന്ന ചിത്രത്തെ ഒരു തലയോട്ടി രൂപത്തിനപ്പുറം അതില്‍ ഒരു ചിത്ര ഭാഷ നമുക്ക് ദര്‍ശിക്കാം.

അത് കറുപ്പിന്റെയും വെളുപ്പിന്‍റെയും കൂടിചേരലുകള്‍ക്ക് ഉപരി ഇരു നിറങ്ങളുടെ സംയോജനവും ദര്‍ശിക്കാം. ബാസ്ക്യൂട്ടിന്റെ അമ്മയുടെ മാനസിക രോഗവും ഒരു തരം വിഭ്രാത്മകതയും ജീവിതത്തിന്‍റെ കുത്തഴിഞ്ഞ രീതികളും ലഹരികളുടെ ഉപയോഗവും മറ്റു പലതും ഈ കലാകാരന്‍റെ ദൃശ്യ ഭാഷയെ ഒരു പ്രത്യേക രീതിയില്‍ ചിട്ടപ്പെടുത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്. വ്യവസ്ഥാപിത ചിത്ര രചനാ സംകേതങ്ങളേയും രീതികളെയും തന്‍റെ ചെറിയ യുക്തികൊണ്ട് നേരിടുകയും ചെയ്യുന്നു. ആന്‍ഡി വാര്‍ഹോളിന്റെ സൗഹൃദം സ്വീകരിക്കുകയും അദ്ദേഹത്തിന്‍റെ കണ്‍സ്യൂമറിസത്തിന്റെ രീതികളെ നിരാകരിക്കുകയും ചെയ്യുന്നു. മനസ്സിന്‍റെ ഉള്ളറകളിലെ അടങ്ങാത്ത ആവേശമായാണ് ചിത്രകലയെ ബാസ്ക്യൂട്ട് കണ്ടത്. 'ചൈല്‍ഡിഷ്‌ ' ചിത്ര രചനാ രീതിയുടെ വികാസമാണത്. അത്യന്തം ഗഹനമായ രൂപങ്ങളുടെ ഉള്‍വലിവുകള്‍ അവയുടെ ആത്തരിക ഭാവങ്ങള്‍ പ്രതിഫലി പ്പിക്കുന്നു. അവയിലെ ചിത്ര ഭാഷയിലെ പോരുളുകളുടെ സൂക്ഷ്മത അമേരിക്കന്‍ ജിവിതത്തില്‍ നീഗ്രോ വംശജരുടെ പിന്മുറക്കാരായ ക്രയോള്‍ വംശജരുടെ സാംസ്കാരിക തലത്തില്‍ കറുപ്പിന്‍റെ കറുപ്പുകലര്‍ന്ന തവിട്ടു നിറങ്ങളുടെയും സ്വാധീനം തലമുറകളായി ലഭിച്ചതാണ്. വര്‍ണാഭമായ ചിത്ര ഭാഷയില്‍ നിന്നും പിന്മാറി ,ദരിദയുടെ വാക്കുകളെ കടമെടുത്താല്‍ ഒരു പ്രത്യേക ഫ്രെയിമുകള്‍ തന്നെ സൃഷ്ടിച്ച് തനതു ശൈലിയുടെ മാസ്മരിക തലങ്ങളിലൂടെ ചിലപ്പോള്‍ വക്രതമാകുന്ന നേര്‍രേഖകള്‍ ചേര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന ചിത്ര സംകേതം. ആഫ്രിക്കയിലെ കറുത്തവന്റെ ഭാഷയായ ബാന്‍സു ഭാഷക്കും അപ്പുറം പ്രാചീന ആഫ്രിക്കന്‍ സാംസ്കാരിക പൈതൃകത്തില്‍ നിന്നും അമേരിക്കയുടെ പുത്തന്‍ ചിന്തകളുടെയും ലൈംഗീക അരാജകത്വത്തിന്റെയും പുത്തന്‍ ജീവിതശൈലിയുടെ കുത്തഴിഞ്ഞ ദൃശ്യങ്ങളുടെയും സൂക്ഷമതകള്‍ ചിത്ര ഭാഷയില്‍ തന്‍റെ പിന്‍ബലമായി നിര്‍ത്തി യിട്ടുണ്ടെന്നു കാണാം.

ക്യാന്‍വാസില്‍  നിശ്ചിത തലത്തില്‍ രൂപപ്പെടുന്ന ചിത്രങ്ങളുണ്ട് .ക്യാന്‍വാസ് പൂര്‍ണമായും ഉപയോഗപ്പെടുത്താതവയുമുണ്ട്. അവ്യക്ത രൂപങ്ങളുടെ നിര്‍മ്മിതിയില്‍ തനതു സംസ്കാരത്തിന്‍റെ കൈവഴികളില്‍ നിന്നും സ്വാംശീകരി ക്കപ്പെട്ടതാനെന്നു ബോധ്യമാകും. ഒരു വസ്തുവിന്‍റെ യഥാര്‍ഥ രൂപത്തിലേക്ക് എത്താതെ അതിന്‍റെ ചില സ്വഭാവങ്ങള്‍ സ്വാംശീകരിക്കുകയും എന്നാല്‍ അവയുടെ രൂപങ്ങളുടെ ഇരുണ്ട വര്‍ണങ്ങള്‍ ചേര്‍ത്ത് ദര്‍ശനാത്മകത പുലര്‍ത്തുകയും ചെയ്യുന്നു. രേഖകളുടെ വിന്യാസത്തില്‍ ചിത്രകാരന്‍ തന്‍റെ നിറങ്ങളോടുള്ള സ്വതസിദ്ധമായ രീതികള്‍ പിന്തുടരുകയും കറുപ്പിന്‍റെ പ്രത്യയ ശാസ്ത്ര ത്തിന്‍റെ പിന്‍ബലം നേടുകയും ചെയ്യുന്നു. ആഫ്രിക്കന്‍ സംസ്കൃതിയുടെ പിന്മുറക്കാരനായ അച്ഛന്‍ ജെറാള്‍ട് ബാസ്ക്യൂട്ടും അമ്മ മട്ടില്‍ടാ ബാസ്ക്യൂട്ടും ഹെയ്തിയിലെ ജീവിതാനുഭവങ്ങളിലൂടെ നടന്നവര്‍ക്ക് അമേരിക്കയുടെ മണ്ണിലും തങ്ങളുടെ മകന്‍റെ ദൃശ്യ ബോധത്തില്‍ കറുപ്പും കരുത്തു പകരുന്നതില്‍   അഭിമാനമുള്ളവരാണ്.

അരവിന്ദന്‍ വരച്ച ലോഗോയില്‍ കൈകളും കയ്യൊപ്പും ഉണ്ടായിരുന്നു.


കേരളത്തിലെ 18 - ആമത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബര്‍ 6 മുതല്‍ 13 വരെ തിരുവനന്തപുരത്തുവെച്ച് നടക്കുകയാണ്. 1994ല്‍ കോഴിക്കോട് ആരംഭിച്ച ഈ മേള, 1996, 1997 വര്‍ഷങ്ങളില്‍ നടക്കുകയുണ്ടായില്ല. 97 ജനുവരിയില്‍ ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് ഇന്ത്യ തിരുവനന്തപുരത്തു വെച്ച് നടന്നതിനാലാണ് ഈ വര്‍ഷങ്ങളില്‍ iffk നടത്താതിരുന്നത്. എന്നാല്‍ 1988ലും തിരുനന്തപുരത്ത് iffi നടത്തിയിരുന്നു. അതിനുശേഷമാണ് കേരളത്തിനു സ്വന്തമായി ഒരു മേള വേണമെന്ന ആവശ്യം ഉയര്‍ന്നു വരുന്നത്. പിന്നീട് 6 വര്‍ഷം കഴിഞ്ഞാണ് ആദ്യത്തെ iffk ആരംഭിച്ചത്. 1988ലെ iffi ക്കുവേണ്ടി ജി.അരവിന്ദന്‍ വരച്ച ലോഗോ ചില മാറ്റങ്ങളോടെ iffk ക്കുവേണ്ടി സ്വീകരിക്കുകയാണുണ്ടായത്. ആദ്യ രണ്ടുമേളകള്‍ക്ക് ഇത് സ്വീകരിച്ചിരുന്നില്ല.

ഒരു കലാരൂപമായ തോല്‍പ്പാവക്കൂത്തില്‍ നിന്നാണ് അരവിന്ദന്‍ ലോഗോയുടെ ആശയം സ്വീകരിച്ചത്. കട്ടിയുള്ള തോലില്‍ കഥാപാത്രങ്ങളുടെ രൂപം വെട്ടിയെടുത്ത് അതില്‍ തുളകളിട്ട് അതിലൂടെ വെളിച്ചം തട്ടിച്ച് നിഴല്‍ തിരശീലയില്‍ വീഴിച്ചാണ് ഇത് അവതരിപ്പിക്കുന്നത്. ആള്‍രൂപങ്ങളുടെ കൈകാലുകളും തലയും വടികളുടെ സഹായത്തോടെ അനക്കുവാന്‍ സാധിക്കും.പാവക്കൂത്തില്‍, അതിനായി വള്ളികളാണ് ഉപയോഗിക്കുന്നത്. അരവിന്ദന്‍ വരച്ച ലോഗോയില്‍-നര്‍ത്തകിയുടെ രൂപം- തോല്‍പ്പാവയുടെ വടികളും അത് പ്രയോഗിക്കുന്ന കലാകാരന്റെ കൈകളും നിഴല്‍ വീഴിക്കുന്ന തിരശീലയും അരികിലായി അരവിന്ദന്റെ കയ്യൊപ്പും ഉണ്ടായിരുന്നു. വെറുംകൈ വരയായിരുന്നു അത്. iffk ലോഗോയാക്കുമ്പോള്‍ കലാകാരന്റെ കൈകളും തിരശീലയും ഒഴിവാക്കി. നര്‍ത്തകിയുടെ ഉടല്‍ കൂടുതല്‍ കറുപ്പിക്കുകയും ചെയ്തു.

Iffi 88 കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നടന്നത്. പി.ഗോവിന്ദപ്പിള്ളയായിരുന്നു അതിന്റെ ചെയര്‍മാന്‍. മോഹന്‍ എം.ഡി യും ഊര്‍മ്മിള ഗുപ്ത ഫെസ്റ്റിവെല്‍ ഡയറക്ടറുമായിരുന്നു. ഈ മേളയോട് അനുബന്ധിച്ചാണ് കൈരളി-ശ്രീ ഇരട്ട തിയേറ്റര്‍ ഉത്ഘാടനം ചെയ്തത്. ഫിലിമോത്സവ്-88 എന്നായിരുന്നു മേളയുടെ നാമകരണം. പതിവുപോലെ ഭാഷാപ്രയോഗത്തിലെ തെറ്റ് വിവാദമായി. ഫിലിം ഉത്സവം എന്നീ പദങ്ങള്‍ ചേര്‍ന്നാല്‍ ഫിലിമോത്സവമാകുമോ, ഫിലിമുത്സവമാകുമോ എന്നായിരുന്നു ഭാഷാ പണ്ഡിതന്മാരുടെ ഇടയിലെ തര്‍ക്കം. അതെന്തുമാകട്ടെ മേളക്ക് നല്ല ചിത്രങ്ങള്‍ എത്തുമെന്നുതന്നെ അരവിന്ദനെ പോലെയുള്ള മികച്ച സംവിധായകര്‍ അഭിപ്രായപ്പെട്ടു. ഷാജി.എന്‍.കരുണ്‍ തയ്യാറാക്കിയതായിരുന്നു മേളയുടെ സിഗ്നേച്ചര്‍ ഫിലിം.

പ്രഗത്ഭ സംവിധായകനായ ജോണ്‍ ഏബ്രഹാം മേളക്ക് തൊട്ടുമുമ്പ് അന്തരിച്ചിരുന്നു. ജോണ്‍ എബ്രഹാമിന്റെ സിനിമകള്‍ റെട്രോസ്‌പെക്ടീവായി മേളയില്‍ പ്രദര്‍ശിപ്പിച്ചു. അതുപോലെ തന്നെ തമിഴ് നടന്‍ എം.ജി.ആറിന്റെ മികച്ച മുന്നു സിനിമകളുടെ പ്രദര്‍ശനവും നടത്തി. ആ മേളയില്‍ സജീവമായി പങ്കെടുത്തിരുന്ന മികച്ച സംവിധായകരായ ജി.അരവിന്ദന്‍, പി.പത്മരാജന്‍, പവിത്രന്‍ എന്നിവര്‍ ഇപ്പോള്‍ നമ്മോടൊപ്പമില്ല. ജോണ്‍ ഇല്ലാത്ത മേളയെ ക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല എന്ന് പവിത്രന്‍ അഭിപ്രായപ്പെടുകയുണ്ടായി. പി.ഗോവിന്ദപ്പിള്ളയും ഇപ്പോള്‍ വിടവാങ്ങിയിരിക്കുന്നു.

സജീവ പങ്കാളിത്തം വഹിച്ച മറ്റു പ്രമുഖരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജി.ജോര്‍ജ്, കെ.ആര്‍.മോഹന്‍, മോഹന്‍ എന്നിവര്‍ പെടുന്നു. അന്നത്തെ സിനിമയെഴുത്തുകാര്‍ക്ക് പക്ഷെ, പുതിയ സിനിമകളെക്കുറിച്ച് എഴുതുവാന്‍ സാധിച്ചിരുന്നില്ല. ഐ.ടി മേഖല ഇന്നത്തെപ്പോലെ വിപുലമായിരുന്നില്ലല്ലോ. അതുകൊണ്ടുതന്നെ ഐ.എണ്മുഖദാസിനെ പോലെയുള്ള എഴുത്തുകാര്‍ ഫിലിം സൊസൈറ്റികളിലൂടെ കണ്ട പഴയ ക്ലാസിക് സിനിമകളെക്കുറിച്ച് തന്നെയാണ് എഴുതിയിരുന്നത്. എന്തായാലും കേരളത്തില്‍ ആദ്യമായി നടന്ന ഈ മേള വലിയ പിഴവുകള്‍ കൂടാതെയാണ് നടന്നത്. പിന്നീടുള്ള മേളകള്‍ മികവു കൊണ്ടു മാത്രമല്ല കുഴപ്പങ്ങള്‍ കൊണ്ടുകൂടിയാണ്   യാദൃശ്ചികമാകാം.


ബി എം ഗഫൂര്‍ : നവംബറില്‍ നഷ്ടമായ ചിരിവരയുടെ ചിന്തകന്‍.


ചിരിപ്പിച്ചുകൊണ്ട് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചവരില്‍ പ്രമുഖനായ ബി.എം.ഗഫൂറിന്റെ വരകള്‍ മലയാളിക്ക് നഷ്ടമായിട്ടു ഒരുദശാ ബ്ദക്കാലമാകുന്നു. മാതൃഭൂമി ദിനപത്രത്തിന്‍റെ ഒന്നാം പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്ന 'കുഞ്ഞമ്മാന്‍ ' എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്‍റെ സൃഷ്ടികര്‍ത്താവ് എന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്നു. കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ബടയക്കണ്ടി മാളിയേക്കല്‍ വൈദ്യരകത്ത് മുഹമ്മദ്കുട്ടി ഹാജിയുടെയും മറിയ ഉമ്മയുടെയും മകനായി 1943ജൂണ്‍ പത്തിന് ജനിച്ച ഗഫൂര്‍ 2002നവംബര്‍ 13ന്  അന്തരിച്ചു. നോവലിസ്റ്റും വിവര്‍ത്തകയുമായ ബി.എം.സുഹറ സഹോദരിയാണ്.

പ്രശസ്ത ചിത്രകാരന്‍ എം.വി.ദേവന്‍റെ കീഴിലാണ് ചിത്രകല അഭ്യസിച്ചു തുടങ്ങിയത്. ചെന്നൈയിലെ കോളേജ് ഓഫ് ഫൈന്‍ആര്‍ട്സ് ആന്‍റ് ക്രാഫ്റ്സില്‍ തുടര്‍ന്ന് പഠിച്ചു. അവിടെ കെ.സി.എസ് .പണിക്കര്‍ പ്രിന്‍സിപ്പലായിരുന്നു. 'ചന്ദ്രിക 'ദിനപത്രത്തിലും ഡല്‍ഹി ദൂരദര്‍ശിനിലും 'ശങ്കേഴ്സ് വീക്കിലി'യിലും 'ദേശാഭിമാനി 'ദിനപത്രത്തിലും ജോലി നോക്കിയിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ദേശാഭിമാനി വിട്ട് 'നിറമാല 'മാസിക തുടങ്ങി. തുടര്‍ന്ന്‍ 'കട്ട് കട്ട് 'കാര്‍ട്ടൂണ്‍ മാസിക' തുടങ്ങിയവയിലും ജോലി നോക്കിയിരുന്നു . 1980ലാണ് മാതൃഭൂമി ദിനപത്രത്തില്‍ ചേര്‍ന്നത്‌ . 'ബാലരമ'യില്‍ ചിത്രകഥകളും പ്രസിദ്ധീകരിച്ചിരുന്നു.

ഒരിക്കല്‍ 'ഗഫൂര്‍ക്കാ ദോസ്താ'കാന്‍ ഈയുള്ളവനും ഭാഗ്യം ലഭിച്ചു. അദ്ദേഹം മരിക്കുന്നതിനു മുന്‍പ് ,എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വെച്ച് ചേര്‍ന്ന കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചായിരുന്നു അത്.ചിരപരി ചിതനെ പോലെ ആദ്യം കാണുന്നയാളോടും പെരുമാറുന്ന പ്രകൃതക്കാരനായിരുന്നു ഗഫൂര്‍  .പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് മരിയോ മിരാണ്ടയുമായി രൂപസാദൃശ്യമുള്ളതു പോലെ തോന്നി. വരയിലാകട്ടെ ഇരുവര്‍ക്കും തമ്മില്‍ യാതൊരു സാരൂപ്യവുമില്ല. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ 'ചിറി' യിലാണ് ഗഫൂര്‍ വരകളുടെ രഹസ്യം അല്ലെങ്കില്‍ മൌലികത. പല്ല് പുറത്തുകാണിക്കാത്ത നേതാക്കന്മാരും വ്യക്തികളും ഗഫൂര്‍ വരകളിലൂടെ ഇളിയന്മാരായി രൂപപ്പകര്‍ച്ച നേടിയെത്തി. കമന്റോ ,ക്യാപ്ഷനോ നോക്കുന്നതിനു മുന്‍പ് തന്നെ ഈ പല്ലിളിക്കാഴ്ചയിലൂടെ തന്നെ ആശയം ഗ്രഹിക്കുവാന്‍ വഴക്കപ്പെട്ടതാണ് ഗഫൂര്‍ വരകളുടെ സവിശേഷത. ഒഴുക്കന്‍ വരകളും ഒടിയന്‍ വരകളും കാലഭേദമന്യേ ഇടകലര്‍ന്ന് ആ സവിശേഷതയില്‍ ഭാഗഭാക്കായി.

ഗഫൂര്‍ അന്തരിച്ചശേഷം 2003 നവംബര്‍ 15ന് ഇറങ്ങിയ മാതൃഭുമിയുടെ മുഖക്കുറിപ്പില്‍ വരയിലെ സവിശേഷതയെ എടുത്തു പറഞ്ഞു, ''കാഴ്ചക്കപ്പുറം വിചാരത്തിന്റെ തലത്തിലേക്കുകൂടി സഹൃദയരെ കൊണ്ടുപോകുന്ന കലാരൂപമാക്കി കാര്‍ട്ടൂണിനെ മാറ്റിയെടുത്ത പ്രതിഭയാണ് വ്യാഴാഴ്ച നിര്യാതനായ ബി.എം.ഗഫൂര്‍ .രാവിലത്തെ ചായയോടൊപ്പം മാതൃഭൂമി വായനക്കാര്‍ക്ക് ശീലമായിക്കഴിഞ്ഞിട്ടുള്ള 'കുഞ്ഞമ്മാനി' ലൂടെയാണ് ഗഫൂര്‍ ഈ മാറ്റം സാധിച്ചത് .കുഞ്ഞമ്മാന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണില്‍ സാധാരണക്കാരന്റെ നിത്യ നൈമിത്തിക പ്രശ്നങ്ങള്‍ മുതല്‍ രാഷ്ട്രീയ-സാമൂഹിക -സാംസ്കാരിക വിഷയങ്ങളും അന്താരാഷ്‌ട്ര പ്രശ്നങ്ങളും വരെ ഗഫൂര്‍ കൈകാര്യം ചെയ്തു. വായനക്കാരെ ചിരിപ്പിക്കുക മാത്രമായിരുന്നില്ല അദ്ദേഹം. ഇങ്ങനെയാണല്ലോ ലോകം എന്ന സഹാനുഭൂതിയിലേക്ക് അവരെ നയിക്കാനും ആ കാര്‍ട്ടൂണിനു കഴിഞ്ഞിട്ടുണ്ട്.

എല്ലാം നോക്കിക്കാണുകയല്ലാതെ ഒരക്ഷരം സംസാരിക്കാത്ത കുഞ്ഞമ്മാന്‍ ആ കഥാപാത്രത്തിന്റെ സൃഷ്ടാവിന്‍റെ ദര്‍ശനത്തിന്‍റെ സവിശേഷത ഉള്‍ക്കൊള്ളുന്നു. ധാരാളം വായിക്കുകയും വായിച്ചവ ഉള്‍ക്കൊള്ളുകയും അവ തന്‍റെ രചനകളില്‍ അനായാസമായി പ്രതിഫലിപ്പിക്കുകയും ചെയ്തു ഗഫൂര്‍ .രക്ഷിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി ചിത്രകലാപഠനത്തിലേക്ക് തിരിഞ്ഞ് അവിടന്ന് കാര്‍ട്ടൂണിലെത്തി നിലയുറപ്പിച്ച ഗഫൂറിന്റെ വളര്‍ച്ചക്ക് ,കലാരംഗത്തെ കുലപതി കളായ കെ.സി.എസ് .പണിക്കര്‍ ,എം.വി.ദേവന്‍ ,ശങ്കര്‍ തുടങ്ങിയവരുമായുള്ള സമ്പര്‍ക്കം പോഷകമായിതീര്‍ന്നു.''

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക സെക്രട്ടറിയായും ,ചെയര്‍മാനുമായി രുന്നിട്ടുണ്ട് .കോഴിക്കോട് പ്രസ്‌ ക്ലബ്ബ് പ്രസിഡണ്ട്‌ ,ലളിത കലാ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിന്‍റെ കാര്ട്ടൂണിസ്റ്റ് ഓഫ് ദ ഇയര്‍ ,കാര്‍ട്ടൂണ്‍ അക്കാദമിയുടെ 2000ലെ അവാര്‍ഡ് എന്നിവക്ക് അര്‍ഹനായി. 'കാര്‍ട്ടൂണ്‍ ഇന്ത്യ 74','കുഞ്ഞമ്മാന്‍ 'എന്നീ ഗ്രന്ഥങ്ങള്‍ പ്രസിധീകരിച്ചിട്ടുണ്ട് .കുഞ്ഞമ്മാന്‍ കേന്ദ്ര കഥാപാത്രമായി ഒരു ടെലി ഫിലിം ഇറങ്ങിയിട്ടുണ്ട് .ദുബായ് ,അബുദാബി ,ഷാര്‍ജ ,ദോഹ ,തുടങ്ങിയ രാജ്യങ്ങളില്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട് .

നന്മയും നര്‍മവും വരകളില്‍ ചാലിച്ച മാരിയോ മിറാന്റ -ജോഷി ജോര്‍ജ് ('കാര്‍ടൂണ്‍ പത്രിക'യില്‍ നിന്ന് )


പോര്‍ച്ചുഗീസ് സംസ്‌കാരം നല്‍കിയ പരിഷ്‌കാരത്തിന്റെ നാടായ ഗോവയില്‍ ജനിച്ചു വളര്‍ന്ന മാരിയോ മിറാന്‍ഡയുടെ സ്‌കെച്ചുകളില്‍ എന്നും നാഗരികത മുറ്റിനില്‍ക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഗോവയിലെ നാഗരിക ജീവിതത്തില്‍ മതം വലിയ സ്വാധീനം ചെലുത്തിയിരുന്നു. പള്ളി പ്രസംഗങ്ങള്‍, ഘോഷയാത്രകള്‍, ബാന്‍ഡ് മേളകള്‍….എന്തിന് ശവസംസ്‌കാരം വരെ അവിടെ ഒരാഘോഷം പോലെയാണ്.ചടങ്ങിനുശേഷം ഗംഭീരമായ വിരുന്നും നടക്കും. പിന്നീട് എല്ലാവരും പരേതരുടെ അപാദാനങ്ങള്‍ വാഴ്ത്തും.

മാരിയോയിലെ കാര്‍ട്ടൂണിസ്റ്റിന് ഇവയെല്ലാം ഒന്നാംതരം വിഭവങ്ങളായിരുന്നു. കണ്‍മുന്നില്‍ കണ്ട രസകരമായ കാര്യങ്ങള്‍ മാരിയോ മിറാന്‍ഡ തലങ്ങും വിലങ്ങും വരച്ചുകൂട്ടി. പുരോഹിതന്മാരായിരുന്നു മാരിയോയുടെ പ്രധാന ഇരകള്‍. അന്നത്തെ ഗോവന്‍ സമൂഹത്തില്‍ പുരോഹിതര്‍ വളരെ പ്രാമാണികരായിരുന്നു. അച്ചന്മാര്‍ തന്നെ ഒരു 100 തരത്തിലുണ്ടായിരുന്നു. നന്നായി പ്രസംഗിക്കുന്ന ചെറുപ്പക്കാര്‍, നെടുങ്കന്‍ പ്രസംഗങ്ങള്‍ നടത്തി ബോറടിപ്പിക്കുന്ന വയസന്മാര്‍, ഗിത്താര്‍ വായിക്കുന്ന അച്ചന്മാര്‍, പാട്ടുപാടുന്നവര്‍…. അച്ചന്മാരെ വരച്ചുവരച്ച് മാരിയോ മിറാന്‍ഡ കുഴപ്പത്തില്‍ ചെന്നു ചാടി. തൊണ്ടി സഹിതം ബിഷപ്പിന്റെ മുന്നില്‍ ഹാജരാക്കപ്പെട്ടു. പോര്‍ച്ചുഗീസുകാരനായിരുന്നു ആ ബിഷപ്പ്. നല്ല നര്‍മ്മ ബോധമുള്ള വ്യക്തി. പയ്യന്‍ വരച്ച ഹാസ്യചിത്രങ്ങള്‍ കണ്ട് പൊട്ടിച്ചിരിച്ചു.

കൂട്ടുകാരുമൊത്ത് കളിക്കുന്നതിലുമേറെ തനിച്ചിരുന്ന് ആളുകളെ നിരീക്ഷിക്കാനായിരുന്നു ചെറുപ്പത്തിലെ മാരിയേവിന് ഏറെ താല്‍പ്പര്യം. പിന്നെ കളികളിലുമുണ്ട് വിചിത്ര സ്വഭാവം. പട്ടിയേയും പൂച്ചയേയും കൊച്ചുകുപ്പായങ്ങള്‍ ധരിപ്പിച്ച് നാടകം കളിക്കും. ഇങ്ങനെ പടമൊക്കെ വരച്ചു നടക്കുമ്പോഴും ഉള്ളില്‍ ഒരു ഐ.എ.എസ് കാരനാകാനായിരുന്നു മോഹം.മുംബൈലെ സെ.സേവ്യേഴ്‌സ് കോളേജില്‍ നിന്നും ബി.എ.പാസ്സായി. അതിനിടക്ക് കറന്റ് വീക്കിലിയിലും ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയിലും മറ്റും ധാരാളം കാര്‍ട്ടൂണുകള്‍ വരച്ചു. മുംബെ  നഗരജീവിതത്തെപ്പറ്റിയായിരുന്നു അവയെല്ലാം. പോക്കറ്റ് മണി അങ്ങനെ ഒപ്പിച്ചിരുന്നു.

ഐ.എ.എസിനു തയ്യാറെടുക്കുന്നതിനിടെ അല്‍പ്പം കല പഠിക്കുന്നതിനായി ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സില്‍ ചേര്‍ന്നു. പഠനം മാരിയോക്ക് അത്ര ദഹിച്ചില്ല.അത് ഉപേക്ഷിച്ചു. പിന്നെ ഒരു സ്‌നേഹിതന്റെ നിര്‍ദ്ദേശപ്രകാരം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലിക്ക് അപേക്ഷിച്ചു.

തല്‍ക്കാലം മാരിയോ മിറാന്‍ഡ അവര്‍ക്ക് സ്വീകര്യനായില്ല.അപേക്ഷ തള്ളി.പിന്നീട് ആ പത്രം മാരിയോയെ അങ്ങോട്ട് ചെന്ന് ക്ഷണിച്ചു.  മാരിയോ മിറാന്‍ഡ അത് സ്വീകരിക്കുകയും ചെയ്തു. ആയിടക്കാണ് വിദേശത്തേക്ക് ഒന്ന് കടന്നാലോ എന്ന ആഗ്രഹം മൊട്ടിട്ടത്. പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെത്താനുള്ള പണം കഷ്ടിച്ച് കയ്യിലുണ്ട്. അവിടെ ചെന്നപ്പോള്‍ ഭാഗ്യം കൈവന്നു. ഒരു വര്‍ഷത്തെ പഠനത്തിനുള്ള ഒരു സ്‌കാളര്‍ഷിപ്പ് ഒത്തുവന്നു. പഠിത്തമൊന്നും നടന്നില്ല.ലിസ്ബണിലെ നൃത്തശാലകളില്‍ മാരിയോ എന്ന യുവാവ് നിരന്തരം പ്രത്യക്ഷപ്പെട്ടു. പഠനോപചാരങ്ങളില്‍ പങ്കുകൊണ്ടു. ഒരു വര്‍ഷം കടന്നുപോയതറിഞ്ഞില്ല. പണം തീരുകയും ചെയ്തു. ഇനിയെന്തു ചെയ്യും? ഒരു സുഹൃത്തിന്റെ നിര്‍ദ്ദാശപ്രകാരം ലണ്ടനിലേക്ക് പോയി. അവിടെ പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല. ക്രിസ്മസ് കാലം.വിശപ്പടക്കണമല്ലോ, പോസ്റ്റ്മാനായി ഒരു പാര്‍ട്ട് ടൈം പണിയൊപ്പിച്ചു. അത് കഴിഞ്ഞപ്പോള്‍ ഒരു റസ്റ്റോറന്റില്‍ ജോലി കിട്ടി. ഒരാഴ്ച പാത്രം കഴുകി.അപ്പോഴേക്കും വീണ്ടും ഭാഗ്യം തുണച്ചു. ലില്ലിപ്പുട്ട് എന്ന മാസികയില്‍ ചിത്രകാരനായി നിയമിക്കപ്പെട്ടു.

റൊണാള്‍ഡ് സിയോള്‍, വിക്കി തുടങ്ങിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളുമായി പരിചയപ്പെട്ടു. റൊണാള്‍ഡ് പറഞ്ഞു, നീ ഇവിടെത്തന്നെ പിടിച്ചു നില്‍ക്കണം നല്ല ഭാവിയുണ്ട്. എന്നെ അനുകരിക്കുന്ന പരിപാടി നിര്‍ത്തിയേക്ക്, എന്നുകൂടി പറയാന്‍ മറന്നില്ല അദ്ദേഹം… ശരിയാണ് റൊണാള്‍ഡ് സിയോളിന്റെ കാര്‍ട്ടൂണ്‍ ശൈലി മാരിയോയെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഫ്രഞ്ച് ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞ ഗോവയുടെ വിമോചനം പൂര്‍ത്തിയായപ്പോള്‍ മാരിയോ മിറാന്‍ഡ ഇന്ത്യയിലേക്ക് മടങ്ങി. ടേംസ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് 1980 ല്‍ രാജിവെച്ചു.പിന്നെ ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റായി കഴിഞ്ഞു. ലോകത്തിന്റെ ഒട്ടേറെ വൈവിധ്യമാര്‍ന്ന മുഖങ്ങള്‍ മാരിയോ മിറാന്‍ഡ നേരില്‍ കണ്ട് പകര്‍ത്തിയിട്ടുണ്ട്. പാരീസിലെ സെ.എറ്റിയന്‍ പള്ളിമുതല്‍ ന്യൂ ഓര്‍ലിയന്‍സിലെ നൈറ്റ് ക്ലബ്ബ് വരെ. ഫോര്‍ട്ട് കോച്ചിയിലെ ചീനവലമുതല്‍ അംബര ചുബികളായ കെട്ടിടങ്ങള്‍ കൊണ്ടുനിറഞ്ഞ ന്യൂ യോര്‍ക്കിന്റെ ചക്രവാളം വരെ…ഒന്നും തീര്‍ത്തും യഥാതഥമല്ല. 

അല്‍പ്പം കുസൃതി കലര്‍ത്തിയേ മാരിയോ മിറാന്‍ഡ എന്തിനേയും അവതരിപ്പിക്കൂ. മാരിയോ മിറാന്‍ഡയുടെ കാര്‍ട്ടൂണുകളില്‍ എപ്പോഴും വലിയ ആള്‍ത്തിരക്കാണ്. തിക്കും തിരക്കും നിറഞ്ഞ മഹാനഗരത്തിലെ നാല്‍ക്കവല. വാഹനങ്ങളുടെ ബഹളം. ഇരുവശത്തും തീപ്പെട്ടിക്കൂടുപോലെ പത്തും പന്ത്രണ്ടും നിലകളുള്ള കെട്ടിടങ്ങള്‍. അവയുടെ ഒരോ നിലകളിലും പലപല രംഗങ്ങള്‍.  പെണ്ണുങ്ങള്‍ തമ്മിലുള്ള കുടുംബവഴക്ക്. അപ്പുറത്തും ഇപ്പുറത്തും മറഞ്ഞുനിന്ന് പരസ്പരം കണ്ണെറിയുന്ന കമിതാക്കള്‍. അങ്ങിനെ ഒരായിരം കാര്യങ്ങള്‍ ഒരു ചെറിയകാര്‍ട്ടൂണില്‍ ഒതുക്കിയിരിക്കും. ലക്ഷ്മണനെപോലെ അടിസ്ഥാനപരമായി താന്‍ ഒരു കാര്‍ട്ടൂണിസ്റ്റല്ലെന്ന് തുറന്നു പറയാന്‍ മാരിയോ മിറാന്‍ഡക്ക് മടിയില്ല. വരക്കാനറിയുന്നവര്‍ക്ക് ഇന്ത്യ ഒരു സ്വര്‍ണ ഖനിയാണെന്നാണ് മാരിയോ മിറാന്‍ഡ പറയുന്നത്. കേരളം അതിനേക്കാള്‍ ഒരു പടി മുന്നിലാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇത്രയും വ്യത്യസ്തമായ മുഖങ്ങള്‍ ഇന്ത്യയിലല്ലാതെ മറ്റേതൊരു രാജ്യത്ത് കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. എന്നും കേരളത്തിന്റെ ഒരു ആരാധകനാണ് മാരിയോ മിറാന്‍ഡ. ഒപ്പം കേരളത്തിലെ കരിമീനു കളുടെയും.26 വവര്‍ഷം മുമ്പായിരുന്നു ആദ്യമായി മാരിയോ മിറാന്‍ഡ കേരളത്തിലെത്തിയത്. പാശ്ചാത്യ-പൗരസ്ത്യ സംസ്‌കാരങ്ങള്‍ ഒഴുകിയെത്തിയ കൊച്ചിയില്‍ കണ്ട അപൂര്‍വ കാഴ്ചകള്‍ കാര്‍ട്ടൂണില്‍ പകര്‍ത്തി. കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച ഒരു ക്യാമ്പായിരുന്നു വേദി.പിന്നീട് എറണാകുളം പ്രസ് ക്ലബ്ബിന്റെ രജത ജൂബിലി പ്രമാണിച്ച് സംഘടിപ്പിച്ച മറ്റൊരു കാര്‍ട്ടൂണ്‍ ക്യാമ്പിലും മാരിയോ മിറാന്‍ഡ സജീവമായിരുന്നു. ഈ രണ്ടുക്യാമ്പിലും കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ സഹകരിക്കാനും മാരിയോ മിറാന്‍ഡയുമായി സൗഹൃദത്തിലേര്‍പ്പെടാനും ഈ ലേഖകന് കഴിഞ്ഞിരുന്നു. എപ്പോഴും പുഞ്ചിരി പൊഴിക്കുന്ന മുഖവുമായി പ്രത്യക്ഷപ്പെടാറുള്ള മാരിയോ മിറാന്‍ഡ എന്ന അനുഗൃഹീത കലാകാരന്‍ ഇനി ഓര്‍മ്മ മാത്രം. 2011 ഡിസംബര്‍ 11 ന് അദ്ദേഹം അന്തരിച്ചു. മനുഷ്യാവകാശത്തിന്റെ സ്വന്തം പ്രതിനിധി : ഫ്രഞ്ച് കാര്‍ടൂണിസ്റ്റ് പ്ലന്റു.


പ്രസിദ്ധ ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റ് ഴാങ് പ്ലന്തര്‍റ്യൂ എന്ന 'പ്ലന്റു',ശൈലിയില്‍ മൗലികതയും വരയില്‍ ചിരിയുടേയും ചിന്തയുടേയും ബന്ധുത്വവുമുള്ള കലാകാരനുമാണ്. മനുഷ്യാവകാശ സംരക്ഷണ നിലപാടുകളില്‍ ഉള്ള കക്ഷിപരതയാണ് ഈ കലാകാരനെ ഏറ്റവും കൂടുതല്‍ ശ്രദ്ധേയനാക്കുന്നത്. അധികാരത്തിന്റെ നീതിരഹിതമായ അടിച്ചമര്‍ത്തലുകളെ ചെറുക്കാന്‍ തൂലിക സമരായുധമാക്കിയ പ്ലന്റു സമാധാനം പുലരുന്നതിനായി കാര്‍ട്ടൂണുകള്‍ വരക്കുന്നരുടെ ഐക്യമുന്നണിയില്‍ ചേര്‍ന്നപ്പോള്‍ തന്നെ തന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണ്. പ്ലന്റു വരച്ച ആദ്യത്തെ കാര്‍ട്ടൂണ്‍ തന്നെ വിയറ്റ്നാം യുദ്ധത്തിനെതിരെയുള്ളതായിരുന്നു. 1972 ഒക്‌ടോബര്‍ 1 ന് ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് ഇപ്പോഴും വരക്കുന്ന  'ലെ മൊണ്ടെ' പത്രത്തില്‍ തന്നയാണ്.


വന്‍പ്രഹരശേഷിയുള്ള ആശയങ്ങള്‍ പ്രസരിപ്പിക്കാന്‍ ശേഷിയുള്ളത് കവികള്‍ക്കും കലാകാരന്മാര്‍ക്കുമാണെന്ന വിവരം മറ്റാരേക്കാളും ഏറ്റവും നന്നായി തിരിച്ചറിഞ്ഞിട്ടുള്ളത് അധികാരം തന്നെയാണ്. അപാദാനങ്ങള്‍ പാടുന്നവരെ കവി-കലാകാരന്മാരായി അധികാരം പോലും പരിഗണിക്കാറില്ല. ഇവിടെ ഒരു മേധാവി പട്ടാളക്കാര്‍ക്ക് ആയുധങ്ങള്‍ പരിചയപ്പെടുത്തിക്കൊ ടുക്കുന്നതിനിടെ വന്‍ പ്രഹരശേഷിയുള്ള ആയുധമായി ചൂണ്ടിക്കാണിക്കുന്നത് ഒരു പേനയാണ്. അതിനെയാണ് ഭയക്കേണ്ടതും പ്രതിരോധിക്കേണ്ടതും. മറ്റൊരു രചനയില്‍ അധികാരത്തിന് അമര്‍ച്ച ചെയ്യാന്‍ പറ്റാത്ത കരുത്ത് തൂലികക്ക് ഉണ്ടെന്ന് പ്ലന്റു പ്രഖ്യാപിക്കുന്നു. വായടക്കാന്‍ പറ്റാത്ത വിധം ഒരു മുതലയെ പേന ഇരുവശം കൊണ്ടും പ്രതിരോധിക്കുകയാണ്.  

പേനയെടുക്കുമ്പോള്‍ തന്നെ തിരിച്ചടികള്‍ തുടങ്ങുന്നുവെന്ന് പ്ലന്റു ഓര്‍മ്മപ്പെടുത്തുന്നു. വര പൂര്‍ത്തിയാക്കാതെ പിന്‍മടങ്ങുകയോ പിടിക്കപ്പെടുകയോ ചെയ്‌തേക്കാം. അതിനാല്‍ പേനതന്നെ കലാകാരന്റെ ശത്രു. അത് ഉപയോഗിക്കാതിരിക്കുക.       കീഴടങ്ങുക. അല്ലെങ്കില്‍  ഈ തിരിച്ചറി വില്‍ നിന്നുകൊണ്ടുവേണം സൃഷ്ടികര്‍മ്മം നിര്‍വ്വഹിക്കാന്‍. ഒരു പെന്‍സിലി ന്റെ കടതന്നെ സൂക്ഷ്മ ദര്‍ശിനിയായി രൂപപ്പകര്‍ച്ച നേടിയിരി ക്കുന്നത് ശ്രദ്ധിക്കുക. മറ്റൊരു വരയിലും ഈ കഴുകന്‍ കണ്ണുകള്‍ പെന്‍സില്‍ മുന യിലേക്ക് ഉന്നം വെക്കുന്നുണ്ട്. പെന്‍സില്‍ മുനയില്‍ വെള്ളരിപ്രാവും കടക്കല്‍ കഴുകനുമിരിക്കുന്ന രചന ശ്രദ്ധിക്കുക.

ഈ പേന/പെന്‍സില്‍ തന്നെയാണ് പ്ലന്റു രചനകളില്‍ സ്വയം പ്രതിനിധാ നമാകുന്നത്. ഒലിവിലത്തണ്ടു കൊത്തിയ വെള്ളരിപ്രാവിന്റെ ശരീരത്തിന്റെ ഭാഗമായിത്തന്നെ പെന്‍സിലേന്തിയ കൈകള്‍ ചേര്‍ത്തുവരച്ചപ്പോള്‍ സമാധാ നത്തിന്റെ സ്വന്തം പ്രതിനിധിയായി മാറാന്‍ പ്ലന്റുവിന് കഴിയുന്നുണ്ട്. അതുപോലെ മതവും അധികാരവും പരസ്പരം ഏറ്റുമുട്ടിയാല്‍ പ്പോലും ഈ പേനയെ സംശയത്തോടെ നിരീക്ഷിക്കുന്ന കാര്യത്തില്‍ ഐക്യപ്പെടുന്നു.

ഒരു എലിയും കൂടി പ്ലന്റുവിന്റെ പ്രതിനിധാനത്തെ പങ്കുവെക്കുന്നുണ്ട്. എത്ര കരുത്തരായ അപര സ്വത്വത്തേയും കബളിപ്പിക്കാന്‍, കണ്‍മുന്നില്‍ നിന്ന് അപഹരിക്കാന്‍ എലിക്ക് അപാരമായ ഒരു കഴിവു തന്നെയുണ്ട്. ചെറുതെന്ന വിചാരം എലിക്ക് തോന്നിയിട്ടുപോലുമുണ്ടാവില്ല.ഈ സവിശേഷതയാവാം എലിയെ കഥാപാത്രമാക്കിക്കൊണ്ട് സ്വയം പ്രഖ്യാപിക്കാന്‍ പല കാര്‍ട്ടൂണി സ്റ്റുകള്‍ക്കം പ്രേരണയാകുന്നത് പെന്‍സിലെറിഞ്ഞു കൊള്ളിച്ച് പ്ലന്റുവിന്റെ എലി അധിനിവേശത്തേയും അധികാരത്തേയും ഫാസിസത്തേയും ഒരേപോലെ പ്രതിരോധിച്ചിരിക്കുന്നു. പെന്‍സില്‍ എലി പ്രാവ് ത്രയത്തോടൊപ്പം സ്വയം വന്നുകൊണ്ട് സമാധാനത്തിന്‍റെ  കാവലാളാവാന്‍ പ്ലന്റു ചില വരകളില്‍ തൂലികയെടുത്തിട്ടുണ്ട്.

മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി തുടങ്ങിയ പ്ലന്റു സാക്ഷാല്‍ ഹെര്‍ജിന്റെ-ടിന്‍ ടിന്‍ കഥാപാത്രത്തിന്റെ സൃഷ്ടാവ്-അടുത്ത് പടംവര പഠിക്കുന്നതിനായി ബ്രസല്‍സിലെത്തി. തിരിച്ചുവന്ന് ലെ മൊണ്ടെയില്‍ ചേര്‍ന്ന ശേഷവും 'ഫോസ്ഫര്‍' എന്ന പത്രത്തിലും വരച്ചു. 'ലെ എക്‌സ്പ്രസ്' എന്ന പത്രത്തിനു വേണ്ടി ഒരു ആഴ്ചക്കോളവും വരച്ചു. യാസര്‍ അരാഫത്തിനേയും ഷിമോണ്‍ പെരസിനേയും ഒരേ പടത്തില്‍ വരച്ചതിന് 'റെയര്‍ ഡോക്യുമെന്റ് അവാര്‍ഡും' ലഭിച്ചു.2006 ല്‍ തന്റെസ്വപ്നപദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിന് കോഫി അന്നനെ സമീപിച്ചു. അതിന്റെ  ഫലമായി ഒരു വലിയപറ്റം കാര്‍ട്ടൂണിസ്റ്റുകളെ സംഘടിപ്പിച്ചുകൊണ്ട് 'കാര്‍ട്ടൂണിങ് ഫോര്‍ പീസ്' എന്ന സംഘടന രൂപീകരിക്കാന്‍ പ്ലന്റുവിന് സാധിച്ചു. യുനെസ്‌കോ പുറത്തിറക്കിയ ലെ ലെവിന്റെ 'മനുഷ്യാവകാശങ്ങള്‍ ചോദ്യങ്ങളും ഉത്തരങ്ങളും'  എന്ന പുസ്തകത്തിന്റെ കവര്‍പേജുള്‍പ്പെടെ വരകള്‍ പ്ലന്റ്രുവിന്റേതായിരുന്നു. ഇപ്പോഴും ലെ മൊണ്ടെയില്‍ത്തന്നെ വരകള്‍ തുടരുന്നു. 

കാര്‍ടൂണിസ്റ്റ് അബു എബ്രഹാമിന്‍റെ കഥ .


(കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ 11ആം  ചരമ വാര്‍ഷിക ദിനമാണ് ഡിസംബര്‍ ഒന്ന്. അദ്ദേഹം 1983ല്‍ മനോരമ വാര്‍ഷികപ്പതിപ്പില്‍ എഴുതിയ "എന്റെ സ്വന്തം കഥ" ചേര്‍ക്കുന്നു.മൂന്നു  വയസുള്ളപ്പോഴാണെന്നു തോന്നുന്നു, ഞാന്‍ എന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ വരച്ചത്-കൊല്ലത്ത് ഞങ്ങളുടെ വീടിന്റെ മുറ്റത്തെ മണലില്‍. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.'മോങ്ങാനിരിക്കുന്ന  നായയുടെ തലയില്‍ തേങ്ങാ വീഴുന്നു''.അവിടെ  നിന്നു ഞാന്‍ സ്‌കൂളിലെ അധ്യാപകരിലേക്ക് തിരിഞ്ഞു. അവരുടെ ചിത്രങ്ങള്‍ വരച്ചു. അവരില്‍ മിക്കവര്‍ക്കും കുടുമ്മി, അഥവാ സാധാരണ നമ്മള്‍ പറയാറുള്ള  'പ്ലഗ്ഗ്'  ഉണ്ടായിരുന്നു. പക്ഷേ അധ്യാപകര്‍ എല്ലാവരും എന്നോട് സ്‌നേഹവും കരുണയും ഉള്ളവരായിരുന്നു. പല ചിത്രങ്ങളും അധ്യാപകര്‍ ക്ലാസിലെത്തുന്നതിനു മുമ്പ് ബ്ലാക് ബോര്‍ഡിലാണ് വരച്ചിരുന്ന തെങ്കിലും അവര്‍ പൊതുവേ എന്റെ കഴിവിനെ അഭിനന്ദിച്ചിരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ഫ്രഞ്ച് പ്രൊഫസര്‍ ബെല്‍ജിയം കാരനായ ഫാദര്‍ ഏഞ്ചല്‍ ബര്‍ട്ടിന്റെ ഒട്ടേറെ കാര്‍ട്ടൂണുകള്‍ വരച്ചു. ചിലതൊക്കെ കോളേജ് മാസികക്ക് നല്‍കുകയുണ്ടായി. പക്ഷേ നിരാകരിക്കപ്പെട്ടതേയുള്ളൂ. അന്ന് പ്രസാധന സ്വാതന്ത്ര്യം അംഗീകരിക്ക പ്പെട്ടു കഴിഞ്ഞിരുന്നില്ലല്ലോ. കോളേജില്‍ പഠിക്കമ്പോള്‍ ഗൗരവപൂര്‍ണമായ പ്രമേയങ്ങളടങ്ങുന്ന കാര്‍ട്ടൂണുകള്‍ വരക്കാന്‍ ഞാന്‍ മോഹിച്ചു. ശാന്തിനികേ തന്‍ പെയിന്റിങ്ങുകളെ അനുകരിച്ച് ഞാന്‍ വരച്ചുതുടങ്ങി. പക്ഷേ ഞാന്‍ അപഹാസ്യനായതേയുള്ളൂ.

1945-ല്‍ ബിരുദമെടുത്തശേഷം ഞാന്‍ ബോംബേയിലെത്തി. ബോംബേ ക്രോണിക്കിളില്‍ ഒരു റിപ്പോര്‍ട്ടറായി പണികിട്ടി. രാവിലെ പത്തു മണിമുതല്‍ വെളുപ്പിനു രണ്ടുമണി വരെയായിരുന്നു ജോലിസമയം. പക്ഷേ ക്രോണിക്കിളിനും ബ്ലിറ്റ്‌സിനും വേണ്ടി കാര്‍ട്ടൂണുകള്‍ വരക്കാന്‍ സമയം കണ്ടെത്തി. പ്രക്ഷോഭങ്ങളുടെ ദിനങ്ങളായിരുന്നു അവ-ദിവസവും പൊതു സമ്മേളനങ്ങളും റാലികളും. എല്ലാ ദേശിയ നേതാക്കളേയും കര്‍മഭൂമിയില്‍ ഞാന്‍ കണ്ടു.

ശങ്കറിനോടൊപ്പം ശങ്കേഴ്‌സ് വീക്കിലിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ 1951-ല്‍ ഞാന്‍ ഡെല്‍ഹിയില്‍ എത്തി. കുട്ടിയും സാമുവലും അന്നവിടെ സ്റ്റാഫംഗങ്ങളാ യിരുന്നു. നെഹ്രു കാര്‍ട്ടൂണുകള്‍ക്ക് പ്രിയംകരനായിരുന്നു. ഇന്ന് അദ്ദേഹത്തി ന്റെ മകളെ കാര്‍ട്ടൂണിസ്റ്റുകള്‍ അവഹേളിക്കുന്നതുപോലെ അദ്ദേഹത്തെ ആരും അവഹേളിച്ചിരുന്നില്ല. നെഹ്രുവിന് കാര്‍ട്ടൂണുകള്‍ ഇഷ്ടമായിരുന്നു. പ്രസിദ്ധീകരണങ്ങളില്‍ വന്ന കാര്‍ട്ടൂണുകളുടെ ഒറിജിനല്‍ അദ്ദേഹം ചിലപ്പോ ഴൊക്കെ ചോദിച്ചു വാങ്ങുമായിരുന്നു.

1953-ആഗസ്റ്റില്‍ സിന്ധ്യയുടെ ജല്‍ജവാഹര്‍ എന്ന കപ്പലില്‍ (കപ്പല്‍ കൂലി 55 പവന്‍)ഞാല്‍ ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു. പണം തികയുകയാണെങ്കില്‍ മൂന്നുമാസം യൂറോപ്പില്‍ ചെലവഴിക്കാനായിരുന്നു പ്രതീക്ഷ. യഥാര്‍ഥത്തില്‍ പണം മൂന്നാഴ്ചത്തേക്കേ മതിയായുള്ളൂ. പക്ഷേ അവിടെ പണമുണ്ടാക്കാന്‍ കഴിയുമെന്നു ഞാന്‍ മനസ്സിലാക്കി. പഞ്ചും മറ്റു ചില മാസികകളും എന്റെ കാര്‍ട്ടൂണുകള്‍ വാങ്ങി. എങ്കിലും മടങ്ങിപ്പോരാന്‍ പണമില്ലാതിരുന്നതുകൊണ്ട് ഞാന്‍ അവിടെത്തന്നെ തങ്ങി. അന്ന് അഞ്ചു പവന്‍ കൊണ്ട് ഒരാള്‍ക്ക് ലണ്ടനില്‍ ജീവിക്കാന്‍ കഴിയുമായിരുന്നു.

1956-ല്‍ ഞാന്‍ ഒബ്‌സര്‍വര്‍ പത്രത്തിന്റെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റായി നിയമിതനായി. ഈ ഞായറാഴ്ചപ്പത്രത്തിന് അതിന്റെ 150 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരിക്കലും പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഉണ്ടായിരു ന്നിട്ടില്ല. ക്രുഷ്‌ചേവ് രംഗത്തുവന്നത് അക്കാലത്താണ്. അദ്ദേഹത്തെ വരക്കാന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് രസമായിരുന്നു. ജോണ്‍ ഫോസ്റ്റര്‍ ഡള്ളസ് ലോകത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടും അന്ന് കയ്യാലപ്പുറത്ത് നിന്നിരുന്നു. അന്ന് വരക്കാന്‍ വിഷയങ്ങള്‍ ധാരാളമായിരുന്നു.

അങ്ങനെ ഒരു ഹൃസ്വ സന്ദര്‍ശത്തിനുപോയ ഞാന്‍ ഇംഗ്ലണ്ടില്‍ 16 വര്‍ഷം ജീവിച്ചു. അവസാനത്തെ 3 വര്‍ഷം ഗാര്‍ഡിയന്‍ പത്രത്തിലായിരുന്നു.

മാഞ്ചസ്റ്ററിലും ലണ്ടനിലും ഞാന്‍ ഒട്ടേറെ സഞ്ചരിച്ചിട്ടുണ്ട്. അമേരിക്കയിലും ക്യൂബയിലും (ക്യൂബയില്‍ കാസ്റ്റ്രോയോടൊപ്പം ഒരു നിശാ ക്ലബ്ബില്‍ 3 മണിക്കൂര്‍ ചെലവിട്ടു) ആഫ്രിക്കയിലും കൂടാതെ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും. ഒട്ടേറെ കോണ്‍ഫ്രന്‍സുകളിലും നികിത ക്രുഷ്‌ചേവ് ചെരുപ്പുകൊണ്ട് മേശപ്പു റത്ത് അടിച്ച 1960-ലെ  യു. എന്‍ സമ്മേളനമുള്‍പ്പെടെ രണ്ടു സമ്മേളനങ്ങളിലും ഞാന്‍ സംബന്ധിച്ചു.കാര്‍ട്ടൂണ്‍ ചിത്രങ്ങളിലൂടെ ആ സംഭവങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.

1969-ആയപ്പോഴേക്കും ഇന്ത്യയിലേക്ക് മടങ്ങാനുള്ള അഭിവാഞ്ഛ എന്നെ മഥിച്ചു തുടങ്ങി. കേരളത്തിന്റെ ഗന്ധവും ശബ്ദവും എനിക്ക് നഷ്ടപ്പെടുക യായിരുന്നു. അതിലും വേദനാജനകമായത് എന്റെ പഴയ കൂട്ടുകാരോ ബന്ധുക്കളോ എന്റെ രചനകളൊന്നും കണ്ടിരുന്നില്ലെന്നതാണ്. അവര്‍ എന്റെ ജോലിയെ അഭിനന്ദിച്ചിരുന്നു. അതുകൊണ്ടു ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങി.ഇനോക് പവ്വലിന് ഒരു ശല്യം ഒഴിവാക്കിക്കൊണ്ട്.

1969-81 വരെ ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനുവേണ്ടി വരച്ചു. പിന്നീട് എന്റെ രചനകള്‍ ഒരേസമയം പല പ്രസിദ്ധീകരണങ്ങള്‍ക്കായി നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു.

1972-ല്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു.1978 വരെ രാജ്യസഭയി ലായിരിക്കമ്പോള്‍ രാജ്‌നാരായണനെ വളരെ അടുത്തുകാണാന്‍ എനിക്കു കഴിഞ്ഞു.

അങ്ങനെ ഞാനിന്നു സ്വന്തം വീട്ടിലിരുന്നു പണിയെടുക്കുന്നു. വളരെ സവിശേഷമായ അവസ്ഥ- മേലധികാരിയില്ല. വൃത്തികെട്ട ശബ്ദമുഖരിതമായ ഓഫീസില്ല. എന്റെ പൂന്തോപ്പില്‍ കളകൂജനങ്ങള്‍. എന്റെ കുളത്തില്‍ മത്സ്യങ്ങളുടെ നൃത്തം. ഇനിയും ഒരു സ്വപ്നം കൂടി, കേരളത്തില്‍ ജീവിത സായംകാലം ആസ്വദിക്കുക.