Thursday, November 28, 2013

കാര്‍ടൂണിസ്റ്റ് അബു എബ്രഹാമിന്‍റെ കഥ .


(കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ 11ആം  ചരമ വാര്‍ഷിക ദിനമാണ് ഡിസംബര്‍ ഒന്ന്. അദ്ദേഹം 1983ല്‍ മനോരമ വാര്‍ഷികപ്പതിപ്പില്‍ എഴുതിയ "എന്റെ സ്വന്തം കഥ" ചേര്‍ക്കുന്നു.മൂന്നു  വയസുള്ളപ്പോഴാണെന്നു തോന്നുന്നു, ഞാന്‍ എന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ വരച്ചത്-കൊല്ലത്ത് ഞങ്ങളുടെ വീടിന്റെ മുറ്റത്തെ മണലില്‍. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.'മോങ്ങാനിരിക്കുന്ന  നായയുടെ തലയില്‍ തേങ്ങാ വീഴുന്നു''.അവിടെ  നിന്നു ഞാന്‍ സ്‌കൂളിലെ അധ്യാപകരിലേക്ക് തിരിഞ്ഞു. അവരുടെ ചിത്രങ്ങള്‍ വരച്ചു. അവരില്‍ മിക്കവര്‍ക്കും കുടുമ്മി, അഥവാ സാധാരണ നമ്മള്‍ പറയാറുള്ള  'പ്ലഗ്ഗ്'  ഉണ്ടായിരുന്നു. പക്ഷേ അധ്യാപകര്‍ എല്ലാവരും എന്നോട് സ്‌നേഹവും കരുണയും ഉള്ളവരായിരുന്നു. പല ചിത്രങ്ങളും അധ്യാപകര്‍ ക്ലാസിലെത്തുന്നതിനു മുമ്പ് ബ്ലാക് ബോര്‍ഡിലാണ് വരച്ചിരുന്ന തെങ്കിലും അവര്‍ പൊതുവേ എന്റെ കഴിവിനെ അഭിനന്ദിച്ചിരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ഫ്രഞ്ച് പ്രൊഫസര്‍ ബെല്‍ജിയം കാരനായ ഫാദര്‍ ഏഞ്ചല്‍ ബര്‍ട്ടിന്റെ ഒട്ടേറെ കാര്‍ട്ടൂണുകള്‍ വരച്ചു. ചിലതൊക്കെ കോളേജ് മാസികക്ക് നല്‍കുകയുണ്ടായി. പക്ഷേ നിരാകരിക്കപ്പെട്ടതേയുള്ളൂ. അന്ന് പ്രസാധന സ്വാതന്ത്ര്യം അംഗീകരിക്ക പ്പെട്ടു കഴിഞ്ഞിരുന്നില്ലല്ലോ. കോളേജില്‍ പഠിക്കമ്പോള്‍ ഗൗരവപൂര്‍ണമായ പ്രമേയങ്ങളടങ്ങുന്ന കാര്‍ട്ടൂണുകള്‍ വരക്കാന്‍ ഞാന്‍ മോഹിച്ചു. ശാന്തിനികേ തന്‍ പെയിന്റിങ്ങുകളെ അനുകരിച്ച് ഞാന്‍ വരച്ചുതുടങ്ങി. പക്ഷേ ഞാന്‍ അപഹാസ്യനായതേയുള്ളൂ.

1945-ല്‍ ബിരുദമെടുത്തശേഷം ഞാന്‍ ബോംബേയിലെത്തി. ബോംബേ ക്രോണിക്കിളില്‍ ഒരു റിപ്പോര്‍ട്ടറായി പണികിട്ടി. രാവിലെ പത്തു മണിമുതല്‍ വെളുപ്പിനു രണ്ടുമണി വരെയായിരുന്നു ജോലിസമയം. പക്ഷേ ക്രോണിക്കിളിനും ബ്ലിറ്റ്‌സിനും വേണ്ടി കാര്‍ട്ടൂണുകള്‍ വരക്കാന്‍ സമയം കണ്ടെത്തി. പ്രക്ഷോഭങ്ങളുടെ ദിനങ്ങളായിരുന്നു അവ-ദിവസവും പൊതു സമ്മേളനങ്ങളും റാലികളും. എല്ലാ ദേശിയ നേതാക്കളേയും കര്‍മഭൂമിയില്‍ ഞാന്‍ കണ്ടു.

ശങ്കറിനോടൊപ്പം ശങ്കേഴ്‌സ് വീക്കിലിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ 1951-ല്‍ ഞാന്‍ ഡെല്‍ഹിയില്‍ എത്തി. കുട്ടിയും സാമുവലും അന്നവിടെ സ്റ്റാഫംഗങ്ങളാ യിരുന്നു. നെഹ്രു കാര്‍ട്ടൂണുകള്‍ക്ക് പ്രിയംകരനായിരുന്നു. ഇന്ന് അദ്ദേഹത്തി ന്റെ മകളെ കാര്‍ട്ടൂണിസ്റ്റുകള്‍ അവഹേളിക്കുന്നതുപോലെ അദ്ദേഹത്തെ ആരും അവഹേളിച്ചിരുന്നില്ല. നെഹ്രുവിന് കാര്‍ട്ടൂണുകള്‍ ഇഷ്ടമായിരുന്നു. പ്രസിദ്ധീകരണങ്ങളില്‍ വന്ന കാര്‍ട്ടൂണുകളുടെ ഒറിജിനല്‍ അദ്ദേഹം ചിലപ്പോ ഴൊക്കെ ചോദിച്ചു വാങ്ങുമായിരുന്നു.

1953-ആഗസ്റ്റില്‍ സിന്ധ്യയുടെ ജല്‍ജവാഹര്‍ എന്ന കപ്പലില്‍ (കപ്പല്‍ കൂലി 55 പവന്‍)ഞാല്‍ ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു. പണം തികയുകയാണെങ്കില്‍ മൂന്നുമാസം യൂറോപ്പില്‍ ചെലവഴിക്കാനായിരുന്നു പ്രതീക്ഷ. യഥാര്‍ഥത്തില്‍ പണം മൂന്നാഴ്ചത്തേക്കേ മതിയായുള്ളൂ. പക്ഷേ അവിടെ പണമുണ്ടാക്കാന്‍ കഴിയുമെന്നു ഞാന്‍ മനസ്സിലാക്കി. പഞ്ചും മറ്റു ചില മാസികകളും എന്റെ കാര്‍ട്ടൂണുകള്‍ വാങ്ങി. എങ്കിലും മടങ്ങിപ്പോരാന്‍ പണമില്ലാതിരുന്നതുകൊണ്ട് ഞാന്‍ അവിടെത്തന്നെ തങ്ങി. അന്ന് അഞ്ചു പവന്‍ കൊണ്ട് ഒരാള്‍ക്ക് ലണ്ടനില്‍ ജീവിക്കാന്‍ കഴിയുമായിരുന്നു.

1956-ല്‍ ഞാന്‍ ഒബ്‌സര്‍വര്‍ പത്രത്തിന്റെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റായി നിയമിതനായി. ഈ ഞായറാഴ്ചപ്പത്രത്തിന് അതിന്റെ 150 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരിക്കലും പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഉണ്ടായിരു ന്നിട്ടില്ല. ക്രുഷ്‌ചേവ് രംഗത്തുവന്നത് അക്കാലത്താണ്. അദ്ദേഹത്തെ വരക്കാന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് രസമായിരുന്നു. ജോണ്‍ ഫോസ്റ്റര്‍ ഡള്ളസ് ലോകത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടും അന്ന് കയ്യാലപ്പുറത്ത് നിന്നിരുന്നു. അന്ന് വരക്കാന്‍ വിഷയങ്ങള്‍ ധാരാളമായിരുന്നു.

അങ്ങനെ ഒരു ഹൃസ്വ സന്ദര്‍ശത്തിനുപോയ ഞാന്‍ ഇംഗ്ലണ്ടില്‍ 16 വര്‍ഷം ജീവിച്ചു. അവസാനത്തെ 3 വര്‍ഷം ഗാര്‍ഡിയന്‍ പത്രത്തിലായിരുന്നു.

മാഞ്ചസ്റ്ററിലും ലണ്ടനിലും ഞാന്‍ ഒട്ടേറെ സഞ്ചരിച്ചിട്ടുണ്ട്. അമേരിക്കയിലും ക്യൂബയിലും (ക്യൂബയില്‍ കാസ്റ്റ്രോയോടൊപ്പം ഒരു നിശാ ക്ലബ്ബില്‍ 3 മണിക്കൂര്‍ ചെലവിട്ടു) ആഫ്രിക്കയിലും കൂടാതെ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും. ഒട്ടേറെ കോണ്‍ഫ്രന്‍സുകളിലും നികിത ക്രുഷ്‌ചേവ് ചെരുപ്പുകൊണ്ട് മേശപ്പു റത്ത് അടിച്ച 1960-ലെ  യു. എന്‍ സമ്മേളനമുള്‍പ്പെടെ രണ്ടു സമ്മേളനങ്ങളിലും ഞാന്‍ സംബന്ധിച്ചു.കാര്‍ട്ടൂണ്‍ ചിത്രങ്ങളിലൂടെ ആ സംഭവങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.

1969-ആയപ്പോഴേക്കും ഇന്ത്യയിലേക്ക് മടങ്ങാനുള്ള അഭിവാഞ്ഛ എന്നെ മഥിച്ചു തുടങ്ങി. കേരളത്തിന്റെ ഗന്ധവും ശബ്ദവും എനിക്ക് നഷ്ടപ്പെടുക യായിരുന്നു. അതിലും വേദനാജനകമായത് എന്റെ പഴയ കൂട്ടുകാരോ ബന്ധുക്കളോ എന്റെ രചനകളൊന്നും കണ്ടിരുന്നില്ലെന്നതാണ്. അവര്‍ എന്റെ ജോലിയെ അഭിനന്ദിച്ചിരുന്നു. അതുകൊണ്ടു ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങി.ഇനോക് പവ്വലിന് ഒരു ശല്യം ഒഴിവാക്കിക്കൊണ്ട്.

1969-81 വരെ ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനുവേണ്ടി വരച്ചു. പിന്നീട് എന്റെ രചനകള്‍ ഒരേസമയം പല പ്രസിദ്ധീകരണങ്ങള്‍ക്കായി നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു.

1972-ല്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു.1978 വരെ രാജ്യസഭയി ലായിരിക്കമ്പോള്‍ രാജ്‌നാരായണനെ വളരെ അടുത്തുകാണാന്‍ എനിക്കു കഴിഞ്ഞു.

അങ്ങനെ ഞാനിന്നു സ്വന്തം വീട്ടിലിരുന്നു പണിയെടുക്കുന്നു. വളരെ സവിശേഷമായ അവസ്ഥ- മേലധികാരിയില്ല. വൃത്തികെട്ട ശബ്ദമുഖരിതമായ ഓഫീസില്ല. എന്റെ പൂന്തോപ്പില്‍ കളകൂജനങ്ങള്‍. എന്റെ കുളത്തില്‍ മത്സ്യങ്ങളുടെ നൃത്തം. ഇനിയും ഒരു സ്വപ്നം കൂടി, കേരളത്തില്‍ ജീവിത സായംകാലം ആസ്വദിക്കുക.No comments:

Post a Comment