Friday, November 22, 2013

പുസ്തകം ; ചണ്ടാലര്‍ എന്തേ തോറ്റുപോയി ? -ചെറായി രാമദാസ്‌ചെറായി രാമദാസ്‌
കേരളത്തില്‍ 19ആം നൂറ്റാണ്ടാദ്യം തുടങ്ങിയ അവര്‍ണവര്‍ഗ സാമൂഹ്യ വിപ്ലവം രണ്ട്‌ നൂറ്റാണ്ടോളം പിന്നിട്ട്‌ ഇന്ന്‌ എത്തി നില്‍ക്കുന്നത്‌ ഒരു പ്രതിവിപ്ലവത്തിന്റെ വക്കിലാണ്‌. ഈ വിലയിരുത്തല്‍ സാധാരണക്കാര്‍ക്ക്‌ എളുപ്പം അനുകൂലിക്കാന്‍ പറ്റാത്തതാവാം. നാണം മറയ്‌ക്കാന്‍ പോലും അനുവദിക്കാത്ത പഴയ ദുരവസ്ഥയല്ല ഇന്നുള്ളതെന്നും വിദ്യയഭ്യസിക്കാനും സര്‍ക്കാര്‍ ഉദ്യോഗം നേടാനും സംവരണം വരെ ഉണ്ടെന്നും ഒക്കെയാവും ആളുകള്‍ പ്രതികരിക്കുക. ഇത്രയുമാണ്‌ അവര്‍ണജനത ആഗ്രഹിച്ച സ്വാതന്ത്ര്യമെങ്കില്‍ ഈ മറുപടി ശരിയാണ്‌. എന്നാല്‍ ഇതില്‍ ഒതുങ്ങുന്നതല്ല അവര്‍ണവര്‍ഗത്തിന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പം, അഥവാ ഇത്രയുമല്ല അവര്‍ക്ക്‌ അവകാശപ്പെട്ട സ്വാതന്ത്ര്യങ്ങള്‍.

നാണം മറയ്‌ക്കാനും വഴിനടക്കാനും സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ മറ്റു ജാതിക്കാരുമായി ഒന്നിച്ചിരുന്നു പഠിക്കാനും അയിത്താ ചാരങ്ങളെ ലംഘിക്കാനും സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ നേടാനും അനുവാദം കിട്ടിയപ്പോള്‍ കേരളത്തിലെ ചണ്ഡാലര്‍, യഥാര്‍ത്ഥത്തില്‍ മറ്റു രാജ്യങ്ങളിലെ ഭരണീയ (അടിമ ) വര്‍ഗങ്ങളുടെ ഒപ്പമെത്തു കയേ ചെയ്‌തുള്ളൂ. അധികാരം പിടിച്ചെടുക്കല്‍ എന്ന സ്വാതന്ത്ര്യ സമരത്തിലേക്കും അവിടെനിന്ന്‌ പൂര്‍ണ സാമൂഹ്യ വിപ്ലവത്തി ലേക്കും നീങ്ങാന്‍ അവര്‍ണര്‍ യോഗ്യരായി എന്നേ അതിനര്‍ത്ഥ മുള്ളൂ. ആയിരത്തോളമെങ്കിലും വര്‍ഷങ്ങളായി കേരളത്തില്‍ അധികാരത്തിനു പുറത്തു നില്‍ക്കുന്ന ഭൂരിപക്ഷ ജനതയായ അവര്‍ണര്‍, ഒരു വര്‍ഗമെന്ന നിലയില്‍ അധികാരം വീണ്ടെടുക്കു മ്പോഴേ പ്രകൃതിനീതി പുനഃസ്ഥാപിച്ചെന്നും സാമൂഹിക വിപ്ലവം പൂര്‍ണമായെന്നും പറയാനാവൂ.

സി കേശവനോ ആര്‍ ശങ്കറോ ഇനി വി എസ്‌ അച്യുദാനന്ദനോ പി കെ രാഘവനോ വി ദിനകരനോ മുഖ്യമന്ത്രിമാരാകുന്നതിനെയല്ല അവര്‍ണരുടെ അധികാരം പിടിച്ചെടുക്കലായി ഇവിടെ ഉദ്ദേശി ക്കുന്നത്‌. അവരുടെ മന്ത്രിസഭകള്‍ അവര്‍ണരെക്കൊണ്ടു നിറക്കുന്ന തിനേയുമല്ല വിവക്ഷിക്കുന്നത്‌. അത്തരം 'ഡെമ്മി' ഭരണകൂടങ്ങളെ മുന്‍നിര്‍ത്തി തങ്ങളുടെ മേധാവിത്വം സാമൂഹിക ജീവിതത്തിന്റെ സര്‍വതലങ്ങളിലും തുടരാന്‍ സവര്‍ണവര്‍ഗത്തിന്‌ ഒരു പ്രയാസവുമില്ല.

അവര്‍ണരുടെ അധികാരം പിടിച്ചെടുക്കല്‍ എന്നതിന്‌ വിപുലമായ അര്‍ത്ഥങ്ങളാണുള്ളത്‌. കാലങ്ങളായി അടിമവര്‍ഗമായി കഴിയുന്ന അവര്‍ അധികാരി വര്‍ഗമാകുക എന്നതാണ്‌ ഈ ആശയത്തിന്റെ കാതല്‍. ഏതാനും മന്ത്രിസ്ഥാനങ്ങളോ സര്‍ക്കാര്‍ ഉദ്യോഗങ്ങളോ കൊണ്ടു നേടാവുന്നതല്ല ആ അവസ്ഥ. വ്യക്തിപരവും സാമൂഹി കവും ധൈഷണികവും സാംസ്‌കാരികവും രാഷ്ട്രീയവു മായ സര്‍വ തലങ്ങളിലും അവര്‍ണവര്‍ഗത്തിന്റെ പ്രപഞ്ചവീ ക്ഷണം മേല്‍ക്കൈ നേടുമ്പോഴേ ആ അവസ്ഥയിലെത്തൂ. ഈ വീക്ഷണം അമൂര്‍ത്തമായ ഒരാശയത്തിന്റെ തലത്തിലേ എത്തിയിട്ടുള്ളൂ. തങ്ങള്‍ അകപ്പെട്ടു പോയ ചതിക്കുഴിയേപ്പറ്റി അവര്‍ണര്‍ തിരിച്ചറിഞ്ഞു വരുന്നതല്ലേയുള്ളൂ.

അവര്‍ണരെ അവര്‍ണരാക്കി നിര്‍ത്തുന്ന ആര്‍ഷ ഹൈന്ദവ 'ശാസ്‌ത്ര'ത്തെ നിഷേധിക്കുന്ന ചിന്താപദ്ധതിയെ മാത്രമേ 'അവര്‍ണ രുടെ പ്രപഞ്ചവീക്ഷണം' എന്നു വിളിക്കാനാവൂ. അല്ലാതെ സുകുമാര്‍ അഴീക്കോടിനേ പോലെയുള്ള ചണ്ഡാല സനാതനികള്‍ ഉദ്‌ബോധിപ്പിക്കുന്ന വേഷം മാറിയ ആര്‍ഷ ചിന്തകളെയല്ല. ജാതിവ്യവസ്ഥിതിയുടെ വേഷംമാറിയ മൂലതന്ത്രമായ പുനര്‍ജന്മ - വിധിവിശ്വാസവും, അതിനെ ഊട്ടിയുറപ്പിക്കുന്ന ജ്യോതിഷവും അവയുടെ പ്രചരണ മാധ്യമമായ ഉപനിഷത്തുകള്‍ ഉള്‍പ്പെടെയുള്ള ബ്രാഹ്മണ സാഹിത്യവും, ഇവയുടെയെല്ലാം വില്‍പ്പനകേന്ദ്രമായ ക്ഷേത്രങ്ങളുമാണ്‌ ആര്‍ഷ ദൈവശാസ്‌ത്രത്തിന്റേയും ബ്രാഹ്മണാധി പത്യത്തിന്റേയും അടിത്തറ ഒരുക്കുന്നത്‌. അവയുടെ മേല്‍ക്കൂര ഒരുക്കുന്നത്‌, സവര്‍ണ പക്ഷത്തിന്‌ മേല്‍ക്കൈയുള്ള വിദ്യാഭ്യാസ - സാസ്‌കാരിക - ഉദ്യോഗ രംഗങ്ങള്‍ ഉല്‍പ്പെടുന്ന ഭരണകൂടവുമാണ്‌. അടിത്തറയിളക്കാതെ മേല്‍ക്കൂര തകര്‍ക്കാനാവില്ല രാഷ്ട്രീയത്തില്‍. ഈ ലളിതസത്യം തിരിച്ചറിഞ്ഞില്ല എന്നതാണ്‌, ഈ സത്യത്തിന്റെ എല്ലുറപ്പുള്ള ഒരു വിപ്ലവതത്വശാസ്‌ത്രം പ്രകടിപ്പിച്ചില്ല എന്നതാണ്‌, ഇവിടത്തെ അവര്‍ണ സാമൂഹ്യ വിപ്ലവവം അട്ടിമറിക്കപ്പെടാന്‍ കാരണം.

മേല്‍ക്കണ്ട 'ആര്‍ഷ'മായ ദൈവശാസ്‌ത്രാടിത്തറയെ പോഷിപ്പിച്ച്‌ നിത്യവും പുതിയ പുതിയ ക്ഷേത്രങ്ങളുയര്‍ത്തുകയും 'രാമായണമാസ' മടക്കം ബ്രാഹ്മണാഘോഷങ്ങളെല്ലാം നടത്തിക്കൊ ടുക്കുകയും ആര്‍ഷമായതെന്തിനേയും വാഴ്‌തുകയും ജ്യോതിഷ പംക്തികളും ജ്യോതിഷ പതിപ്പുകളും വാശിയോടെ പ്രചരിപ്പി ക്കുകയും ചെയ്യുന്ന അവര്‍ണ സംഘടനകളും അവര്‍ണ പത്രങ്ങളും മുഖ്യപ്രതികളില്‍ പെടും എന്ന്‌ ഇവിടെ വ്യക്തമാണല്ലോ.

മേല്‍സൂചിപ്പിച്ച ബ്രാഹ്മണ ദൈവശാസ്‌ത്ര വ്യാപാരങ്ങളെ പാടേ നിഷേധിക്കുന്ന ഒരു ചിന്താപദ്ധതിയാണ്‌ അടിയന്തിരമായി തയ്യാറാക്കേണ്ടത്‌. ശങ്കരന്‍ മ്പൂതിരിപ്പാടിനെ പോലെയുള്ള 'സനാതന മാര്‍ക്‌സിസ്‌റ്റു'കള്‍ വകഞ്ഞുമാറ്റിയ വെറും നിരീശ്വരവാദമല്ല ഈ ചിന്താപദ്ധതിയെന്ന്‌ തിരിച്ചറിയുന്നവര്‍ക്കേ ഇത്‌ വിജയിപ്പിക്കാ നാവൂ. ഇതില്‍ നിന്ന്‌ ഉരുത്തിരിയുന്ന വിപ്ലവ തത്വശാസ്‌ത്രം വഴികാട്ടുമ്പോഴേ അവര്‍ണ സാമൂഹ്യവിപ്ലവം പൂര്‍ണ വിജയത്തിലെത്തൂ.

ബ്രാഹ്മണ സാഹിത്യ കൃതികളില്‍ നിന്ന്‌ ഇറങ്ങിവന്ന ദൈവങ്ങളേയും ആ കൃതികളേയും വണങ്ങുന്ന കാലത്തോളം അവര്‍ണര്‍ക്ക്‌ സാമൂഹ്യ വിപ്ലവം വിജയിപ്പിക്കാനാവില്ല. എന്തിന്‌, വെറും ഉദ്യോഗ സംവരണ സമരങ്ങളില്‍ പോലും വീറ്‌ നിലനിര്‍ത്താനാവില്ല. ദളിതര്‍ക്കെതിരായ പീഡനങ്ങളെ ചെറുക്കുന്നിടത്തും ഈ ആധ്യാത്മികത ചങ്ങലയാകുന്നുണ്ട്‌. ശത്രുവിന്റെ ശക്തി ചോര്‍ത്തലാണ്‌ യുദ്ധം ജയിക്കാന്‍ ഏറ്റവും എളുപ്പമായ വഴി. ബ്രാഹ്മണര്‍ കെട്ടിയേല്‍പ്പിച്ച ദൈവങ്ങളേയും അനുബന്ധ വ്യാപാരങ്ങളേയും നിരാകരിക്കാന്‍ അവര്‍ണര്‍ക്ക്‌ സാധിച്ചാലേ ബ്രാഹ്മണാധിപത്യത്തിന്റെ അടിത്തറ ഉളകൂ. അവരുടെ ദൈവങ്ങളേയും ക്ഷേത്രങ്ങളേയും വെറുതേ നിരാകരിക്കലല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. മേല്‍ സൂചിപ്പിച്ച വിധമുള്ള ബ്രാഹ്മണ ആധ്യാത്മികത കയുടെ സര്‍വതലങ്ങളേയും ബൗദ്ധികമായ കരുത്തോടെ തുറന്നുകാട്ടുക യാണ്‌ വേണ്ടത്‌. അബ്രാഹ്മണ ജനതകളെ, വിശേഷിച്ച്‌ അവര്‍ണവര്‍ഗ ത്തെ, എന്നെന്നും ആത്മീയമായ അടിമത്തത്തില്‍ നിര്‍ത്താന്‍ പരുവപ്പെടുത്തിയിട്ടുള്ളതാണ്‌ ബ്രാഹ്മണ ആധ്യാത്മിതകത. ഈ ആത്മീയാടിമത്തം ബ്രാഹ്മണ രാഷ്ട്രീയാധിപത്യത്തിനുള്ള മുന്നുപാധിയാണ്‌ എന്ന്‌ സ്വജനങ്ങളെയെങ്കിലും ബോധിപ്പിക്കുക യാണ്‌ അവര്‍ണ വിപ്ലവകാരികള്‍ ആദ്യമായി ചെയ്യണ്ടത്‌.

ഇപ്പറഞ്ഞ വിപ്ലവപ്രവര്‍ത്തനത്തിന്റെ ഭാഗമായല്ലാതെ വിദ്യാഭ്യാസ - ഉദ്യോഗ സംവരണാവകാശങ്ങള്‍ക്ക്‌ വേണ്ടിയോ സാംസ്‌കാരിക രംഗത്തെ സവര്‍ണ വാഴ്‌ചക്കെതിരേയോ മുറവിളി കൂട്ടുന്നത്‌ പാഴ്‌ വേലയാണ്‌. 29ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ അവര്‍ണ ജനത പിടിച്ചുവാങ്ങിയ ഉദ്യോഗ സംവരണാവകാശം പോലും അട്ടിമറിക്കാന്‍ ബ്രാഹ്മണ പക്ഷം ചങ്കൂറ്റം കാട്ടുന്നതു വെച്ചു നോക്കിയാല്‍ മതി ഇതു ബോധ്യമാകാന്‍.

വെറും സാമൂഹിക കലാപമാണ്‌ ഇവിടെ സാമൂഹിക വിപ്ലവമായി ഉയര്‍ന്നത്‌. ആയിരത്തോളം വര്‍ഷത്തെ ആധിപത്യ പാരമ്പര്യമുള്ള തും ലോകത്തില്‍ തന്നെ സമാനതകള്‍ ഇല്ലാത്തതുമായ സവര്‍ണ വര്‍ഗത്തെ അധികാരഭ്രഷ്ടരാക്കാന്‍ അത്തരം മുന്നേറ്റം കൊണ്ടുമാത്രം കഴിയില്ലല്ലോ. വിപ്ലവ തത്വശാസ്‌ത്രത്തിന്റെ തുണയില്ലായിരുന്നു എന്നു മാത്രമല്ല പ്രതിവിപ്ലവത്തിന്‌ ഉതകുന്ന കരുക്കള്‍ ഉണങ്ങി യതുമായിരുന്നു ആ മുന്നേറ്റത്തിന്റെ തുടക്കം തന്നെ!


വൈകുണ്‌ഠസ്വാമി പ്രസ്ഥാനവും വേലായുധപ്പണിക്കരുടെ പോരാട്ടവും.
 

19ആം നൂറ്റാണ്ടാദ്യം തെക്കന്‍ തിരുവിതാംകൂറില്‍ പ്രൊട്ടസ്റ്റന്റ്‌ മിഷനറിമാരുടെ നേതൃത്വത്തില്‍ തുടങ്ങിയ ചാന്നാര്‍ കലാപമാകണം ഇന്ത്യയിലെ ആദ്യത്തെ അവര്‍ണ സ്വാതന്ത്ര്യ സമരം. വേലുത്തമ്പി ദളവ എന്ന ഭീകര വര്‍ഗീയ വാദിയുടെയും സ്വാതിതിരുനാള്‍ എന്ന ജനമര്‍ദ്ദകന്റെയും അടിച്ചമര്‍ത്തലുകളെ നേരിട്ടുകൊണ്ടാണ്‌ ആ പോരാട്ടങ്ങള്‍ നടത്തിയത്‌. പുതുക്രിസ്‌ത്യാനികളായ ചാന്നാര്‍ സ്‌ത്രീകള്‍ക്ക്‌ മാറുമറയ്‌ക്കാന്‍ അനുവാദത്തിനും, പുതുക്രിസ്‌ത്യാനി കള്‍ക്ക്‌ 'ഊഴിയംവേല' എന്ന അടിമപ്പണിയില്‍ ഇളവു കിട്ടാനുമായി നടത്തിയ ആ യത്‌നങ്ങള്‍ അര നൂറ്റാണ്ടോളം നീണ്ടു.

ഇതിനിടക്ക്‌ തെക്കന്‍ തിരുവിതാംകൂറില്‍ തന്നെ 1830കളില്‍ ഉയര്‍ന്നുവന്ന "ശ്രീ "ശ്രീവൈകുണ്‌ഠസ്വാമി" പ്രസ്ഥാനമാണ്‌ ബ്രാഹ്മണാധിപത്യത്തെ ആധ്യാത്മിക തലത്തില്‍ത്തന്നെ വെല്ലു വിളിച്ച ആദ്യത്തെ അവര്‍ണ കലാപം. നാഗര്‍കോവിലിനടുത്തുള്ള ശാസ്‌താംകോയില്‍ വിളൈയില്‍ 1809ല്‍ ജനിച്ച മുടിചൂടും പെരുമാള്‍ എന്ന ചാന്നാനാണ്‌ വൈകുണ്‌ഠസ്വാമിയായത്‌. സവര്‍ണരുടെ ആജ്ഞക്കു വഴങ്ങി മകന്റെ പേര്‌ മുത്തുക്കുട്ടി എന്നാക്കേണ്ടി വന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക്‌. ഈ ധിക്കാരത്തിന്‌ 22ആം വയസ്സില്‍ മുത്തുക്കുട്ടി മറുപടി നല്‍കി.തിരുച്ചെന്തൂരില്‍ സമുദ്രസ്‌നാനം നടത്തിയ ശേഷം ശ്രീ വൈകുണ്‌ഠന്‍ എന്ന പേര്‌ സ്വീകരിച്ചു. വിഷ്‌ണുഭഗവാന്‍ അദ്ദേഹത്തിന്റെ പുത്രനായി തനിക്കു പുനര്‍ജന്മം നല്‍കിയിരിക്കയാണെന്ന്‌ അവകാശപ്പെട്ടു. ചാന്നാര്‍മാരെ സംരക്ഷിക്കാനും ധര്‍മ്മസംസ്ഥാപനം നടത്താനുമാണ്‌ താന്‍ ജന്മമെടുത്തിരിക്കുന്നതെന്ന്‌ പ്രഖ്യാപിച്ചു.


നാട്ടില്‍ തിച്ചെത്തിയ ശ്രീ വൈകുണ്‌ഠന്‍ 4 വര്‍ഷം കഠിന തപസില്‍ മുഴുകി.ഇക്കാലത്ത്‌ അദ്ദേഹം വന്‍തോതില്‍ ജനശ്രദ്ധയാകര്‍ഷിച്ചു. നാനാ ജാതിക്കാരും സന്ദര്‍ശകരായി എത്തി. ഏതു രോഗവും ഭേദമാക്കാന്‍ സ്വാമിക്ക്‌ സാധിക്കുമെന്ന വിശ്വാസം പരന്നതോടെ കീര്‍ത്തിയേറി.

യാഥാസ്ഥിതിക സമൂഹത്തെയും ഭരണാധികാരികളെയും രൂക്ഷമായി എതിര്‍ത്തു സ്വാമി. കൂഴ്‌ജാതിക്കാരില്‍ നിന്ന്‌ അമിത നികുതി പിരിക്കുന്നതിനെ അപലപിച്ചു. മിശ്രഭോജനത്തെ പ്രോത്സാഹിപ്പിച്ചു. ഇത്തരം 'ധിക്കാര' ങ്ങളുടെ പേരില്‍ സ്വാതിതിരുനാള്‍ മഹാരാജാവ്‌ സ്വാമിയെ ശിങ്കാരത്തോപ്പിലെ തുറന്ന ജയിലില്‍ അടച്ചു.(തിരുവനന്തപുരത്തേക്ക്‌ കൊണ്ടുപോകും വഴി സവര്‍ണര്‍ സ്വാമിയെ തെറിവിളിക്കുകയും കല്ലെറിയുകയും ചെയ്‌തു) തടവറയില്‍ നാനാവിധ പീഢനങ്ങള്‍ ഏല്‍പ്പിച്ചു. എന്നാല്‍ അവയെയെല്ലാം സ്വാമി അതിജീവിച്ചു. സ്വാമിയുടെ അമാനുഷ കഴിവുകള്‍ മൂലമാണ്‌ അത്‌ സാധിച്ചതെന്ന്‌ ജനം വിശ്വസിച്ചു. കീഴടങ്ങില്ല എന്നുറപ്പായപ്പോള്‍ സ്വാമിയെ 1838 മാര്‍ച്ചില്‍ വിട്ടയച്ചു. പിന്നെ 1851ല്‍ മരിക്കുവരെ അദ്ദേഹം കര്‍മ്മരംഗത്ത്‌ തുടര്‍ന്നു.

അവസാനകാലത്ത്‌ സ്വാമി 'സമത്വസംഘം' ഉണ്ടാക്കി.5 ശിഷ്യരെ തെരഞ്ഞെടുക്കുകയും അവര്‍ പഞ്ച പാണ്ഡവരും താന്‍ കൃഷ്‌ണഭഗവാനുമാണെന്ന്‌ അനുയായികളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്‌തു. ചാന്നാന്മാര്‍ക്ക്‌ എതിരായ അനീതികളെ വെല്ലുവിളിച്ചു. 'കലിയുഗ'ത്തെ നശിപ്പിച്ച്‌ 'ധര്‍മ്മ'ത്തിന്റെ സുവര്‍ണയുഗം സ്ഥാപിക്കുമെന്നും ബ്രാഹ്മണരുടെ വംശനാശം വരുത്തുമെന്നും പ്രഖ്യാപിച്ചു. ഭൂതഗണങ്ങളെയും ബിംബങ്ങളെയും ആരാധിക്കുന്നതിനെ എതിര്‍ത്തു.ശുചിത്വം പരിശീലിപ്പിച്ചു. മതാചാരങ്ങളോ ബിംബാരാധനയോ വഴിപാടുകളോ ഒന്നുമില്ലാതെ, കുടിലുകള്‍ പോലുള്ള ആരാധനാലയങ്ങള്‍ ഉണ്ടാക്കി.മൃഗബലി നിരോധിച്ചു. സ്വാമിത്തോപ്പില്‍ താന്‍ കുഴിപ്പിച്ച 'മുന്തിരിക്കിണറി'ല്‍ നിന്ന്‌ എല്ലാവര്‍ക്കും ,വിശേഷിച്ച്‌ താഴ്‌ന്ന ജാതിക്കാര്‍ക്ക്‌ ജലം നല്‍കി.

ഈ പ്രസ്ഥാനം കാലക്രമത്തില്‍ ചാന്നാര്‍മാര്‍ക്കിടയില്‍ വന്‍ പ്രചാരം നേടി. പ്രൊട്ടെസ്റ്റന്റ്‌ മത പ്രചാരങ്ങല്‍ക്ക്‌ വലിയ വെല്ലുവിളിയുമായി. ചാന്നാര്‍ ക്രിസ്‌ത്യാനികള്‍ സവര്‍ണരുടെ കോപത്തിനിരകളായപ്പോള്‍, വൈകുണ്‌ഠസ്വാമി പ്രസ്ഥാനക്കാര്‍ അതില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടു. വരേണ്യ ഹിന്ദുമതവും തങ്ങളുടെ നാടന്‍ ഹിന്ദുമതവും തമ്മിലുള്ള ഭിന്നതകള്‍ ഇല്ലാതാക്കാന്‍ ഈ പ്രസ്ഥാനക്കാര്‍ ശ്രമിച്ചതുകൊണ്ടാണ്‌ ആ ഇളവു കിട്ടിയതെന്നും ,എന്നാല്‍ അതുവഴി അധികാരശ്രേണിയെ അട്ടിമറിക്കാനാണ്‌ ഈ പ്രസ്ഥാനം ശ്രമിച്ചതെന്നുമാണ്‌ ഒരു ഗവേഷകന്‍ വിലയിരുത്തുന്നത്‌ (എംഎസ്‌എസ്‌ പാണ്ഡ്യന്‍, കൊളോണിയലിസവും ദേശീയതയും:തെക്കന്‍ തിരുവിതാംകൂറിലെ വൈകുണ്‌ഠസ്വാമി പ്രസ്ഥാനത്തെക്കുറിച്ച്‌. കേരള പഠനങ്ങള്‍ 1993 ഏപ്രില്‍-ജൂണ്‍,എറണാകുളം-16)

എന്നാല്‍ പ്രതിവിപ്ലവത്തിന്‌ ഉതകുന്ന കരുക്കള്‍ എന്നു നാം ആദ്യമേ സൂചിപ്പിച്ച സവിശേതയും ഇവിടെത്തന്നെയാണുള്ളത്‌. ബ്രാഹ്മണ മതത്തിന്റെ രീതിസംഹിതയെ വെല്ലുവിളിച്ചുകൊണ്ടാണെങ്കിലും വൈകുണ്‌ഠസ്വാമി ചെയ്‌തത്‌, അതേ മതത്തിന്റെ പുര്‍ജന്മവിശ്വാസവും അവതാരസങ്കല്‍പ്പവും ആവര്‍ത്തിക്കയാണ്‌! സ്വാമിയെ വിഷ്‌ണുവിന്റെ അവതാരമായി കാണാന്‍ അനുയായികളെ പ്രേരിപ്പിച്ചതുമൂലം ആ പ്രസ്ഥാനത്തിനുണ്ടായ വളര്‍ച്ച ബ്രാഹ്മണ മതത്തിന്റെ ദൈവശാസ്‌ത്രാ ടിത്തറയെ ബലപ്പെടുത്തുന്നതു തന്നെയാണ്‌. വിഗ്രഹാരാധന യെ എതിര്‍ക്കുക എന്ന വിപ്ലവകരമായ (അകാലിക വുമായ) ഘടകമുണ്ടായിട്ടും അതാണ്‌ പ്രസഥാനത്തിന്റെ നീക്കിബാക്കി.


വൈകുണ്‌ഠസ്വാമി പ്രസ്ഥാനം തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സമുദായത്തെ ഇളക്കി മറിച്ചതിനെ തുടര്‍ന്ന്‌ ഇങ്ങു വടക്ക്‌ ഇന്നത്തെ ആലപ്പുഴ ജില്ലയില്‍, ഈഴവ സമുദായത്തെ ഒരു ധീരന്‍ സമരസജ്ജമാക്കുന്നുണ്ടായിരുന്നു. ആറാട്ടുപുഴയിലെ മംഗലം കരയില്‍ സമ്പന്നമായ കല്ലശ്ശേരി വീട്ടില്‍ 999 മിഥുനം 7നു ജനിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ (സിഎം ചിന്നമ്മ തൃക്കുന്നപ്പുഴ,കൗമുദി വാരിക 10-1-1938). ചെറുപ്പത്തിലെ ആയുധാഭ്യാസം പരിശീലിച്ച പണിക്കര്‍ സവര്‍ണരുടെ കഠിനക്കൈകള്‍ക്കെതിരെ ആഞ്ഞടിച്ചു. സ്‌ത്രീകള്‍ക്ക്‌ മാറുമറയ്‌ക്കാന്‍ സ്വാതന്ത്ര്യം അദ്ദേഹം നേടിക്കൊടുത്തത്‌ കയ്യൂക്കുകൊണ്ടു തന്നെയാണ്‌. അവര്‍ക്ക്‌ നായര്‍ സ്‌ത്രീകളെ പോലെ മേല്‍മുണ്ട്‌ ധരിക്കാന്‍ സാധിച്ചതും അങ്ങനെ തന്നെ. അതിനായി കര്‍ഷകത്തൊഴിലാളികളുടെ പണിമുടക്കും സംഘടിപ്പിച്ചു പണിക്കര്‍. ആ സമരം ഒരു കൊല്ലത്തോളം നീണ്ടന്നും ,ഗതികെട്ട സവര്‍ണരുടെ ആവലാതിയെ തുടര്‍ന്ന്‌ സര്‍ക്കാര്‍ ഇടപെട്ടാണ്‌ ആ വഴക്ക്‌ അവസാനിപ്പിച്ചതെന്നും തെക്കുംഭാഗം മോഹന്‍ എഴുതുന്നു (അടിമഗര്‍ജ്ജനം, സിഐസിസി ബുക്ക്‌ ഹൗസ്‌, എറണാകുളം-11,1993)

ചില പ്രശസ്‌ത ഈഴവ കുടുംബങ്ങളിലെ യുവാക്കളെ പണിക്കര്‍ നിര്‍ബന്ധിച്ച്‌ സംസ്‌കൃതവും വൈദ്യവും പഠിപ്പിച്ചു. സവര്‍ണ മേധാവിത്വത്തെ കയ്യൂക്കു കൊണ്ടു ചെറുക്കാനും അവരെ സജ്ജരാക്കി. കാര്‍ത്തികപ്പള്ളി താലൂക്കിലാകെ ഇതു നടപ്പിലാക്കി. ഇത്തരം ജാത്യാചാര ലംഘനങ്ങളില്‍ സഹികെട്ട ശത്രുക്കള്‍ 3-1-1874ന്‌ കൊല്ലത്തേക്കുള്ള യാത്രയില്‍ വള്ളത്തില്‍ വെച്ച്‌ പണിക്കരെ ചതിയില്‍ കൊന്നു.

(1876ല്‍ നാരായണഗുരു സംസ്‌കൃത പഠനത്തിനായി ചെന്നു താമസിച്ച പുതുപ്പള്ളി വാരണപ്പള്ളി കുടുംബത്തില്‍ നിന്നാണ്‌ പണിക്കര്‍ 25ആം വയസ്സില്‍ വിവാഹം കഴിച്ചത്‌.)

സ്വാതന്ത്ര്യദാഹിയും ധീരനും സമ്പന്നനുമായ ഒരു ഈഴവ പ്രമാണിക്കു കഴിയുന്നത്ര വിസ്‌തൃതിയില്‍ സവര്‍ണാധിപത്യത്തോടു പൊരുതി പണിക്കര്‍. നിര്‍ബന്ധിച്ചു തടുത്തുകൂട്ടിയ അനുയായികളില്‍ വിപ്ലവബോധം പകരാനോ,ഒരു വിപ്ലവ പരിപാടിയനുസരിച്ച്‌ അവരെ സംഘശക്തരാക്കാനോ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. അതിനുതകുന്ന ഒരു വിപ്ലവ തത്വശാസ്‌ത്രം ജന്മമെടുക്കാവുന്ന വിധം വികസിതമല്ലായിരുന്നു അക്കാലം എന്നതാണ്‌ കൂടുതല്‍ ശരി. അതി സമ്പന്നനായ പണിക്കരും ദരിദ്രരായ അനുയായികളും തമ്മിലുള്ള വിടവും ശ്രദ്ധിക്കേണ്ടതാണ്‌. ലക്ഷ്യദാര്‍ഢ്യമില്ലാത്ത ഒരു കലാപത്തിന്റെ ആളിക്കത്തലായി ഒടുങ്ങി ആ പ്രസ്ഥാനം. എങ്കിലും അതുയര്‍ത്തിവിട്ട സ്വാതന്ത്ര്യബോധം പിന്നാലെ വന്ന ശ്രീനാരായണ-അയ്യങ്കാളി പ്രസ്ഥാനങ്ങള്‍ക്ക്‌ ഊര്‍ജമായിട്ടുണ്ടാകണം.

പണിക്കര്‍ മരിച്ച്‌ 13 വര്‍ഷത്തിനുശേഷം അരുവിപ്പുറം പ്രതിഷ്‌ഠയോടെ ഉയര്‍ന്നുവന്ന ശ്രീനാരായണ പ്രസ്ഥാനം, സമീപനത്തില്‍ വൈകുണ്‌ഠ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണ്‌. ബ്രാഹ്മണ വംശമേന്മാവാദത്തെ വെല്ലുവിളിച്ചാണ്‌ നാരായണഗുരു രംഗത്തു വന്നതെങ്കിലും ,വൈകുണ്‌ഠസ്വാമി പ്രസ്ഥാനത്തേക്കാള്‍ ഏറെ ബ്രാഹ്മണ ദൈവശാസ്‌ത്രത്തിനും അതിന്റെ മതത്തിനും വഴങ്ങിക്കൊടുത്തു ശ്രീനാരായണ പ്രസ്ഥാനം. സ്വയം പ്രതിഷ്‌ഠ നടത്താനും സ്വന്തമായി സവര്‍ണക്ഷേത്രമുണ്ടാക്കാനും അവകാശം വേണമെന്നാണ്‌ അതാവശ്യപ്പെട്ടത്‌. നൂറ്റാണ്ട്‌ ഒന്നു കഴിഞ്ഞിട്ടും ബ്രാഹ്മണ ആത്മീയതയെ നിരാകരിക്കാന്‍ അതിന്‌ കഴിഞ്ഞിട്ടില്ല. മറിച്ച്‌, ബ്രാഹ്മണ അത്മീയതയുടെ ഏറ്റവും വിശ്വസ്ഥരായ നടത്തിപ്പുകാരും പ്രചാരകരുമാണ്‌ ഇന്ന്‌ പൊതുവെ അവര്‍.

അവര്‍ണര്‍ ശക്തിയാകും മുന്‍പേ സവര്‍ണ ഫാഷിസത്തിനു കീഴ്‌പ്പെടുന്നു.

ഒരു നൂറ്റാണ്ടു മുമ്പ്‌ അവര്‍ണര്‍ ദൈവപ്രതിഷ്‌ഠ നടത്തുന്നത്‌ അങ്ങേയറ്റം വിപ്ലവകരമായിരുന്നു. കേരളത്തിലാകെ ഈഴവരാദി അവര്‍ണരെ ഉണര്‍ത്താനും അണിനിരത്താനും കഴിഞ്ഞു അതിന്‌. ആ തരംഗശക്തികണ്ടു ബേജാറായപ്പോഴാണ്‌, പാലക്കാട്ട്‌ നായര്‍പ്രമാണി കാരാട്ട്‌ ഗോവിന്ദന്‍കുട്ടി മേനോന്‍ 'ബ്രഹ്മാനന്ദ ശിവയോഗി'യായി രംഗത്തു വന്നതും, നാരായണ ഗുരുവിന ഉന്നം വെച്ച്‌ വിഗ്രഹാരാധനാ ഖണ്ഡനം തുടങ്ങിയതും. (മേനോന്‍ പക്ഷത്തിന്റെ കള്ളക്കളി 1997 ജനുവരിയിലെ 'ദൂത്‌' മാസികയില്‍ ഈ ലേഖകന്‍ വേണ്ടത്ര തെളിവുകളോടെ വിവരിച്ചിട്ടുണ്ട്‌.)

എന്നാല്‍, ദൈവപ്രതിഷ്‌ഠാവകാശവാദം കാര്യമായ എതിര്‍പ്പൊന്നു മില്ലാതെ സവര്‍ണര്‍ അംഗീകരിക്കുകയും, നാരായണഗുരു സ്വന്തമായി ഒരു സന്യാസി സംഘം ഉണ്ടാക്കുകയും ചെയ്‌തതോടെ, സ്വാഭാവികമായ പ്രതിവിപ്ലവത്തിലേക്ക്‌ (ബ്രാഹ്മണ്യവല്‍ക്കരണത്തി ലേക്ക്‌) ഈ പ്രസ്ഥാനം നീങ്ങാന്‍ തുടങ്ങി.

ഈ വഴങ്ങിക്കൊടുക്കലിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്‌, ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന്‌ സവര്‍ണ പക്ഷം ഉയര്‍ത്തിയ 'ഐക്യ ഹിന്ദുമത സംഘടന' എന്ന മുദ്രാവാക്യം. എസ്‌എന്‍ഡിപി യോഗത്തിന്റെ ഒരു മുന്‍ സെക്രിറ്ററിയായ കെ എം കേശവനെക്കൊണ്ട്‌ 'എസ്‌എന്‍ഡിഎസ്‌' എന്ന സമാന്തര സംഘടനയുണ്ടാക്കിച്ച്‌ ഈ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കാന്‍ വരെ കഴിഞ്ഞു അവര്‍ക്ക്‌. ഹിന്ദു സംഘടനയില്‍ ചേരുന്നതിനെക്കുറിച്ച്‌ ആലോചിച്ച്‌ റിപ്പോര്‍ട്ടു നല്‍കാന്‍ ഒരു കമ്മിറ്റിയെ യോഗംബോര്‍ഡ്‌ നിര്‍മ്മിക്കുന്നിടം വരെയെത്തി ഐക്യദാഹം! 15 വര്‍ഷം തികയും മുന്നേ ഈ ചതിക്കുഴിയില്‍ യോഗത്തെ വീഴ്‌ത്തി സവര്‍ണര്‍. അതിനു വഴിയൊരുക്കിക്കൊടുത്തത്‌ യോഗം ജെന; സെക്രിറ്ററി ആര്‍ ശങ്കര്‍ തന്നെയായിരുന്നു. അദ്ദേഹവും മന്നത്തു പത്മനാഭ പിള്ളയും ചേര്‍ന്ന്‌ 1950ല്‍ ഉണ്ടാക്കിയ 'ഹിന്ദുമഹാ മണ്ഡല' ത്തിന്റെ ആവിര്‍ഭാവം എസ്‌എന്‍ഡിപി യോഗത്തിന്റേയും എന്‍എസ്‌എസിന്റേയും ലയനത്തോളം എത്തിയെന്നു പറയാം.


ഈഴവരുടെ കീഴടങ്ങലില്‍ നിന്ന്‌ സവര്‍ണര്‍ നേടിയ ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനമാണ്‌ 1958ല്‍ മുഖ്യമന്ത്രി ശങ്കരന്‍ നമ്പൂതിരിപ്പാട്‌ തയ്യാറാക്കിയ 'ഭരണ പരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ട്‌' . പിന്നാക്ക സമുദായക്കാര്‍ മേല്‍ത്തട്ട്‌ ഉദ്യേഗങ്ങളില്‍ എത്തുന്നതു തടയാനായി, അവര്‍ക്ക്‌ ഇടത്തട്ട്‌ ഉദ്യോഗ നിയമനങ്ങളിലുള്ള സംവരണം നീക്കണം എന്നതാണ്‌ റിപ്പോര്‍ട്ടിലെ ഒരു മുഖ്യ ശിപാര്‍ശ. പിന്നാക്കക്കാര്‍ക്കുള്ള ഉദ്യോഗ സംവരണം സാമ്പത്തിക അടിസ്ഥാന ത്തിലേ നടപ്പാക്കാവൂ എന്നും റിപ്പോര്‍ട്ടിലുണ്ട്‌ ലാസ്‌റ്റ്‌ ഗ്രെയ്‌ഡ്‌ തസ്‌തികകളുടെ നിയമനാധികാരം പി എസ്‌ സിയില്‍ നിന്ന്‌ എടുത്തുമാറ്റാനും 'കമ്മ്യൂണിസ്റ്റ്‌' മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. (ഈ റിപ്പോര്‍ട്ടിനെപ്പറ്റി ഒരു പഠനം തേജസ്‌ വാരികയുടെ 2000 മാര്‍ച്ച്‌ലക്കങ്ങളില്‍ ഈ ലേഖകന്‍ എഴുതിയിട്ടുണ്ട്‌) ഇവിടെയുള്ള സാമ്പത്തിക സംവരണ നിര്‍ദ്ദേശമാണ്‌. 4 പതിറ്റാണ്ടിനുശേഷം ഇന്ന്‌ ക്രീമിലെയര്‍ ചട്ടമായി വാപിളര്‍ന്നെത്തിയിരിക്കുന്നത്‌.

പടിപടിയായി ബ്രാഹ്മണ്യവല്‍ക്കരിക്കപ്പെട്ട ഈഴവര്‍ക്കുമേല്‍ ജയം നേടിയ സവര്‍ണ പ്രതിവിപ്ലവത്തിന്റെ ഉച്ചനിലയാണ്‌ ശിവഗിരി പിടിച്ചടക്കലില്‍ കാണുന്നത്‌. ചെങ്കോട്ടുകോണം മഠാധിപതി എന്ന നായര്‍ ഗുണ്ടാത്തലവന്റെ തുണയോടെ വൈക്കം സെമിത്തേരി സംഭവ ത്തില്‍ ഈഴവരെ ക്രിസ്‌ത്യാനികള്‍ ക്കെതിരേ അണിനിരത്തിയതിലും തെളിയുന്നത്‌ ഇതേ പ്രതിവിപ്ലവത്തിന്റെ തീവ്രതയാണ്‌. ഇവിടെ നിന്ന്‌ എസ്‌എന്‍ഡിപി യോഗത്തിന്‌ വിശ്വ ഹിന്ദു പരിഷത്തിന്റെ ഘടകകക്ഷി സ്ഥാനത്ത്‌ എത്താന്‍ ദൂരം ഒട്ടുമില്ലായിരുന്നു എന്നു കാണാന്‍, പഴയ ഹിന്ദുമണ്ഡലക്കഥ തന്നെ ധാരാളം.

അവര്‍ണരുടെ ചരിത്രത്തിനും ദുരിത ജീവിതാനുഭവങ്ങള്‍ക്കും നിരക്കുന്ന വിധം ബ്രാഹ്മണ ദൈവശാസ്‌ത്രവിരുദ്ധമായ ഒരു പുതിയ പ്രപഞ്ച വീക്ഷണം മുന്നില്‍വെച്ച്‌ എസ്‌എന്‍ഡിപി യോഗം അണികളെ പുനഃസംഘടിപ്പിക്കാത്തിടത്തോളം മേല്‍ക്കണ്ട ദുരന്തങ്ങള്‍ ഒഴിയുകയില്ല.


അയ്യന്‍കാളിലുടെ വിപ്ലവ സംഘട്ടനങ്ങളും പണ്ഡിറ്റ്‌ കറുപ്പന്റെ വിപ്ലവകരവുമായ സാഹിത്യ സംഘടനാ പ്രവര്‍ത്തനങ്ങളുമാണ്‌, മിതവാദിയായിരുന്ന ശ്രീനാരായണ പ്രസ്ഥാനത്തില്‍ തീവ്രവാദ 'സഹോദരസംഘ'ത്തിനു ജന്മം നല്‍കിയത്‌. ആറാട്ടുപുഴ വേലായുധ പ്പണിക്കരുടെ വഴിയേതന്നെ കടന്നുവന്നു രംഗം പിടിച്ചടക്കിയ 'ബോധാനന്ദസംഘ'ത്തിന്റെ ഇടപെടലും ചേര്‍ന്നപ്പോഴാണ്‌ ശ്രീനാരായണ പ്രസ്ഥാനം ഒരു അവര്‍ണശക്തിയായത്‌. എന്നാല്‍ ബീജത്തില്‍ തന്നെ ഉള്‍ച്ചേര്‍ന്നിരുന്ന പ്രതിവിപ്ലവത്തിന്റെ സമ്മര്‍ദ്ദങ്ങളാല്‍ അത്‌ സവര്‍ണതന്ത്രങ്ങല്‍ക്ക്‌ വഴങ്ങിക്കൊടുത്തതാണ്‌ മേല്‍ക്കണ്ടത്‌.


സവര്‍ണ തന്ത്രങ്ങള്‍ തന്നെയാണ്‌ അയ്യങ്കാളി പ്രസ്ഥാനത്തെ ശിഥിലമാക്കിയതും. എങ്കിലും കേവല ഭൗതികാടിമത്തത്തിനെതിരായ പോരാട് ത്തിലൂടെ പിറന്നുവീണ പ്രസ്ഥാന മായതിനാലും, ആര്‍ഷവിരുദ്ധ ദ്രാവിഡ സംസ്‌കാരത്തിന്റെ പാരമ്പര്യമുള്ള ജനത യായതിനാലും ദളിതരില്‍ ബ്രാഹ്മണ്യവല്‍ ക്കരണം പൂര്‍ണമാക്കാനായിട്ടില്ല. എന്നാല്‍ ബ്രാഹ്മണ പക്ഷത്തിനു പ്രിയപ്പെട്ട വിധം അയ്യന്‍കാളിയുടെ 'ജന്മനക്ഷത്രം' ആഘോ ഷിക്കാന്‍ തുടങ്ങിയതോടെ അവര്‍ അപകട ത്തിലേക്ക്‌ വ്യക്തമായും നീങ്ങിയിരിക്ക യാണ്‌. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരു ന്ന ദളിതനെത്തന്നെ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന വര്‍ക്കിംങ്‌ പ്രസിഡന്റാക്കാന്‍ നാത്‌ സികള്‍ക്ക്‌ കഴിഞ്ഞു എന്നതും ശ്രദധിക്കേണ്ടതുണ്ട്‌.

പണ്ഡിറ്റ്‌ കറുപ്പന്റെ ജനതയും ബ്രാഹ്മണ്യ വല്‍ക്കരണത്തിലേക്ക്‌ അതിവേഗം നീങ്ങുകയാണ്‌. വ്യാസന്‍ മുക്കുവത്തിയുടെ മകനാണെന്നും അതിനാല്‍ ധീവരര്‍ ആര്‍ഷ പാരമ്പര്യമുള്ളവരാ ണെന്നും പ്രചരിപ്പിച്ചാണ്‌ ആര്‍എസ്‌എസ്‌ പക്ഷം ആളെ പിടിക്കുന്നത്‌. (മുക്കുവര്‍ അടക്കമുള്ള ചണ്ഡാലവര്‍ഗത്തിന്‌ അടിമത്തം മാത്രം അനുവദി ച്ചിരുന്ന ബ്രാഹ്മണരുടെ ധര്‍മശാസ്‌ത്രവിധികളെ അണുവിട തെറ്റാതെ കഥാരൂപത്തിലാക്കുക മാത്രമേ 'വ്യാസന്‍' ചെയ്‌തിട്ടുള്ളൂ എന്ന സത്യം അവര്‍ മറച്ചുവെക്കുന്നു) ഉപനിഷ ത്തുകളുടേയും മറ്റും ചാരുതയും മഹത്വവും വാഴ്‌ത്തി 'ഉയരാന്‍' വെമ്പുന്ന അഴീക്കോടുമാരുമുണ്ട്‌ ഈ സമുദായത്തില്‍.

ഇതുവരെ നാം കണ്ടത്‌ കേരളീയ അവര്‍ണവര്‍ഗം ആദ്യമായി അടിമച്ചങ്ങല പൊട്ടിച്ച്‌ മുന്നേറിയതും പൂര്‍ണ സ്വാതന്ത്ര്യത്തിലേക്ക്‌ എത്തും മുന്നേ ആ ജനത വീണ്ടും കീഴടക്കപ്പെട്ടതുമാണ്‌. ആധിപത്യ വ്യവസ്ഥിതിയെ അടിസ്ഥാനപരമായി വെല്ലുവിളിക്കാന്‍ കഴിയാഞ്ഞ താണ്‌ അതിന്‌ കാരണമെന്നും കണ്ടു. ഈ ദുരന്തത്തില്‍ നിന്ന്‌ പുറത്തുകടക്കാന്‍ വഴിയെന്തെന്ന്‌ നാം ആദ്യമേ ചര്‍ച്ച ചെയ്‌തി ട്ടുണ്ട്‌. അത്‌ ഉള്‍ക്കൊണ്ട്‌ ഓരോ അവര്‍ണ സമൂഹത്തിലും വിപ്ലവ കാരികള്‍ ഉയര്‍ന്നുവരുമ്പോള്‍ അവര്‍ണര്‍ വര്‍ഗമെന്ന നിലയില്‍ ത്തന്നെ മോചിചതരാകും എന്നു കരുതാം. 

ചെറായി രാമദാസ് 2000ല്‍ എഴുതി ,കോഴിക്കോട് ദളിത്‌ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 'ചണ്ടാലര്‍ എന്തേ തോറ്റുപോയി' (അവര്‍ണ വിപ്ലവ തത്വശാസ്ത്രത്തിന് ഒരു മുഖവുര) എന്ന പുസ്തകം. 

No comments:

Post a Comment