Sunday, November 17, 2013

പുസ്തകം : ലിയോണാര്‍ഡോ ഡാവിഞ്ചി എഴുതിയ ഒരേഒരു നോവലിന്റെ പരിഭാഷ മലയാളത്തിലുണ്ട്!



 ലിയോണാര്‍ഡോ ഡാവിഞ്ചി ഒരു നോവല്‍ എഴുതിയിട്ടുണ്ട് എന്നറിയുമ്പോള്‍ അത്ഭുതപ്പെട്ടുപോകുന്നു. ചിത്രകാരന്‍, ശില്‍പി, എഞ്ചിനീയര്‍, ജ്യോതി ശാസ്തജ്ഞന്‍, ശാസ്ത്ര വിദഗ്ധന്‍, ആയുധനിര്‍മ്മാണ കുശലന്‍, സൈനികന്‍, തത്വചിന്തകന്‍ എന്നിവരിലെ പ്രതിഭകളുടെ ചക്രവര്‍ത്തിയായിരുന്ന ഡാവിഞ്ചിക്ക് നോവല്‍ സാഹിത്യം വഴങ്ങാത്തതുകൊണ്ടല്ല, അരും അതേപ്പറ്റി പറഞ്ഞു കേള്‍ക്കാത്തതു കൊണ്ടാണ് ഇങ്ങനെ ചിന്തിച്ചുപോയത്. ഇന്റര്‍നെറ്റാകെ പരതിയിട്ടും ഡാന്‍ ബ്രൗണ്‍ എഴുതിയ ഡാവിഞ്ചി കോഡ് എന്ന നോവലിനേക്കുറിച്ചല്ലാതെ ഡാവിഞ്ചി എഴുതിയ നോവലിനേക്കുറിച്ച് ഒരു സൈറ്റില്‍ നിന്നും ഒരു വാക്കുപോലും കണ്ടെത്താനായില്ല. എന്നാല്‍ ഈ നോവലിന് മലയാളത്തില്‍ ഒരു പരിഭാഷയുണ്ട് എന്നറിയുമ്പോള്‍ നമുക്ക് അത്ഭുതത്തേക്കാളേറെ അഭിമാനമാണ് തോന്നുന്നത്.


'പ്രളയം' എന്ന പേരില്‍ ഈ നോവല്‍ പരിഭാഷപ്പെടുത്തിയത് സേവ്യര്‍ പോള്‍ എന്നൊരാളാണ്. പ്രളയത്തിന് ഡാവിഞ്ചി കൊടുത്തിരുന്നത് ഇറ്റാലിയന്‍ നാമമാണോ, ലാറ്റിനോണോ ഇംഗ്ലീഷാണോ എന്നൊന്നും മലയാള പതിപ്പില്‍നിന്ന് ലഭ്യമല്ല. അതുപോലെ സേവ്യര്‍ പോള്‍ ആരാണെന്നോ ഇപ്പോഴുണ്ടോ എവിടെ ജീവിച്ചുമരിച്ചു എന്നൊന്നും അറിയാനും നിവൃത്തിയില്ല. ലഭ്യമായ പുസ്തകത്തിന്റെ പുറംചട്ട നഷ്ടപ്പെട്ടിരുന്നു. രണ്ടാം പേജില്‍ ഇംഗ്ലീഷിലും മൂന്നാംപേജില്‍ മലയാളത്തിലും നോവലിന്റെ പേരും എഴുത്തുകാരന്റെ പേരും പരിഭാഷകന്റെ പേരും കൊടുത്തിട്ടുണ്ട്. ചമ്പക്കുളത്തുള്ള ബി.കെ.എം. ബുക്ക് ഡിപ്പോയാണ് ഇത് പ്രസിദ്ധീകരിക്കു ന്നതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. വില രണ്ടു രൂപ. 1-4-1961 നു 1000 കോപ്പികളോടെ ചങ്ങനാശ്ശേരിയിലുള്ള നിര്‍മ്മല പ്രസ്സിലാണ് ഇത് അച്ചടിച്ചതെന്ന് അടുത്തപേജില്‍ കുറിച്ചിരിക്കുന്നു. പിന്നീട് പതിനേഴ് പേജോളം അവതാരിക എന്നവണ്ണം ഡാവിഞ്ചിയെ കുറിച്ചുള്ള അറിയിപ്പുകളാണ്. അതിനൊടുവില്‍ എഴുതിയയാളിന്റെ പേരോ സ്ഥലമോ തിയതിയോ ഒന്നും കൊടുത്തിട്ടില്ല. സേവ്യര്‍ പോള്‍ തന്നെയായിരിക്കാം ഈ കൃത്യവും  നിര്‍വ്വഹിച്ചതെന്നു കരുതാം.

 അവതാരികയില്‍നിന്ന് അല്പം പകര്‍ത്തുന്നു. ഇവിടെ പരിഭാഷപ്പെടുത്തി യിരിക്കുന്ന പ്രളയമെന്ന കൃതി ഡാവിഞ്ചിയുടെ നോട്ടുബുക്കുകളള്‍ ക്കിടയില്‍നിന്ന് പില്‍ക്കാലത്ത് കണ്ടെടുക്കപ്പട്ടതാണ്. ലിയോണാര്‍ഡോയുടെ ഒരേയൊരു സാഹിത്യ സൃഷ്ടിയായി ഇതു പിഗണിക്കപ്പെടുന്നു. തികച്ചും വിചിത്രമായ ഒരു ലഘു ആഖ്യായികയാണിത്. വിഷയം പ്രളയം. ലിയോണാര്‍ഡോ ജലാശയങ്ങളുമായി വളരേയധികം ബന്ധം സ്ഥാപിച്ച മഹാനാണ്. ഭൂമിയിലാദ്യമായി ശാസ്ത്രരീത്യാ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചത് അദ്ദേഹമാകുന്നു. ഫ്‌ളോറന്‍സിലെ ഭരണകൂടത്തിനു വേണ്ടി ജലസംഭരണ നിര്‍ഗ്ഗമനങ്ങള്‍ക്ക് ഒരു ഭീമന്‍ പദ്ധതിതന്നെ അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്............. ലോയിറില്‍ ഒരു അണ കെട്ടി തോടുകള്‍ നിര്‍മ്മിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കുന്നതിന് ഉപദ്രവകരമായ കാലാവസ്ഥയിലൂടെ സഞ്ചരിക്കുകമൂലം ലിയോക്ക് ശ്വാസകോശരോഗം പിടിപെട്ടു.  1519 മെയ് പന്ത്രണ്ടാം തിയതി അദ്ദേഹം അന്തരിച്ചു.''

കൃതിയേക്കുറിച്ച് അവതാരികയില്‍ പറയുന്നതിനേക്കാള്‍ നന്നായി എഴുതാനില്ലാത്തതിനാല്‍ ആ ഭാഗത്തുനിന്നും ചില വിവരണങ്ങള്‍ കൂടി പകര്‍ത്തുന്നു. ''പ്രളയം എന്ന കൃതിയില്‍ കലാമൂല്യം അപരിമിതമായ തോതില്‍ കാണുകയില്ല. അദ്ദേഹം ഒരു സാഹിത്യകാരനായിരുന്നില്ലല്ലോ. പക്ഷേ സാഹിത്യരംഗത്തു പ്രവര്‍ത്തിച്ചിരുന്നൂവെങ്കില്‍ ലിയോ അവിടെ വലിയ പദവി നേടുമായിരുന്നവെന്നതിന് ,ഈ കൃതിയിലെ ശൈലിയും, ഗാംഭീര്യവും, വിഷയത്തിന്റെ ഘടനയും, അസാധാരണത്വത്തെ കവച്ചുവെക്കുന്ന തിളക്കമുള്ള ഭാവനയും തെളിവായി നില്‍ക്കുന്നു. ഭീകരമായ സംഭവങ്ങള്‍ ശക്തിയോടുകൂടിത്തന്നെയാണ് അദ്ദേഹം ആവിഷ്‌കരിച്ചിട്ടുള്ളത്. വിഷയത്തിന്റെ വൈപുല്യം നോക്കുമ്പോള്‍ പ്രതിപാദനം ഇത്ര ചുരുങ്ങിയതില്‍ കലാ മര്‍മ്മജ്ഞതയുണ്ടെന്നു മനസ്സിലാക്കാം. എങ്കിലും സന്ദര്‍ഭത്തിന്റെ പ്രത്യേകതക്കനുസരിച്ച് അങ്ങിങ്ങ് വളരെ വിദഗ്ധമായ വിവരണങ്ങള്‍ അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആവര്‍ത്തനത്തിന്റെ ദോഷവും ചിലടത്തുകാണാം.''

'മഹത്തായ സംഗതികള്‍ പ്രതിപാദിക്കുന്ന ഒരു കഥ ഞാന്‍ രചിക്കും' എന്നു പറഞ്ഞുകൊണ്ടാണ് ലിയോ 'പ്രളയം' സൃഷ്ടിച്ചത്. ഒറ്റനോട്ടത്തില്‍ അത്ര വലിയ മഹത്വമൊന്നും പല്ലവഗ്രാഹികള്‍ക്ക് ഈ കൃതിയില്‍ കണ്ടെത്താന്‍ കഴിഞ്ഞൂവെന്നുവരില്ല. വെറുമൊരു ആഖ്യായിക രചിച്ച് സാഹിത്യ കാരനായി ത്തീരണമെന്ന മോഹമല്ല, അതിനേക്കാള്‍ വലിയൊരു ഉദ്ദേശ്യമാണ് അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചിട്ടുള്ളതെന്നു നിശ്ശംശയം പറയാം. ഇത് ഡാവിഞ്ചിയുടെ തത്വചിന്തയുമായി കൂടിക്കുഴഞ്ഞു കിടക്കുന്നു.''
 
എന്തായാലും സഹൃദയര്‍ക്കായി വലിയൊരു ചുമതല ഏറ്റെടുത്ത് ഭംഗിയായി നിര്‍വ്വഹിച്ചതിന് മലയാളീയ സമൂഹം എന്നും സേവ്യര്‍ പോളിനോട് കടപ്പെട്ടിരിക്കുന്നു. ഇംഗ്ലീഷില്‍നിന്നാണ് അദ്ദേഹം ഈ കൃതി പരിഭാഷപ്പെടുത്തിയതെങ്കില്‍, ആ പതിപ്പ് കേരളത്തിലെ ഏത് ലെബ്രറിയില്‍ കിട്ടും? അതല്ല അദ്ദേഹം വിദേശത്തുപോയി അവിടെവെച്ചാണ് ഇത് മലയാളത്തിലേക്ക് മൊഴിമാറ്റിയത് എന്നു കരുതണമെങ്കില്‍ അതിന്റെ ഒരു സൂചന പോലും ഈ പുസ്തകത്തില്‍ നിന്നു തരുന്നുമില്ല. എന്നിരുന്നാലും സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേപോലെ പ്രയോജനപ്പെടുത്താവുന്ന ഈ പരിഭാഷ അനായാസ വായനയെ സാധ്യമാക്കിയ അതിന്റെ ഗുണം കൊണ്ടുതന്നെ മികച്ചുനില്‍ക്കുന്നു.


No comments:

Post a Comment