Monday, November 18, 2013

പുസ്തകം ; 'കല്ലിലെ തീപ്പൊരികള്‍' - ടി കെ രാമകൃഷ്‌ണന്‍ എഴുതിയ നോവല്‍
1964-65 കാലത്ത്‌ വിയ്യൂര്‍ സന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കഴിയുന്ന കാലത്ത്‌ എഴുതിയതാണീ നോവല്‍. സ.അഴീക്കോടന്‍ രാഘവന്‍ പരോളില്‍ പോയപ്പോള്‍ അദ്ദേഹം ഇത്‌ കോഴിക്കോട്‌ 'ദേശാഭിമാനി'യില്‍ എത്തിക്കുകയും ഞായറാഴ്‌ച പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

തൃപ്പൂണിത്തുറ കരിങ്കല്‍ തൊഴിലാളി യൂണിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ 1949-ല്‍ അറസ്‌റ്റ്‌ ചെയ്യപ്പെട്ട്‌ ക്രൂരമായ ലോക്കപ്പ്‌ മര്‍ദ്ദനത്തിനിരയായി മരണപ്പെട്ട രക്തസാക്ഷി സഖാവ്‌ സി കെ ദാമോദരന്റെ പാവനസ്‌മരണക്ക്‌ ഈ നോവല്‍ സമര്‍പ്പിക്കുന്നു.-ടി കെ രാമകൃഷ്‌ണന്‍.

ടി കെ

സ്‌നേഹത്തിന്റെ ആര്‍ദ്രതയില്‍ തിളക്കംകൂടിയ ജ്വാലയാണ്‌ സഖാവ്‌ ടി കെ രാമകൃഷ്‌ണന്‍. ആര്‍ജവത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ആത്മസമര്‍പ്പണത്തിന്റെയും പൂര്‍ണവടിവാണ്ട തെളിനാളം. ആളിക്കത്തുകയോ മങ്ങിക്കത്തുകയോ ചെയ്യാത്ത മധുരസൗമ്യദീപ്‌തഭാവമാണതിന്‌. പൊള്ളുന്ന ചൂടില്ല; നിറവെളിച്ചമേറെ.

നോവലിസ്‌റ്റ്‌, കലാകാരന്‍ എന്നീ നിലക്കല്ല ടി കെ പ്രസിദ്ധന്‍. കമ്മ്യൂണിസ്റ്റ്‌, കലാപകാരി എന്ന തരത്തിലാണേറെ പ്രശസ്‌തി. ഏതാണ്ടമ്പതാണ്ട്‌ നീളുന്ന സമര്‍പ്പിതമായ, തീവ്രാനുഭവ സമ്പമായ രാഷ്ട്രീയ ജീവിതത്തിന്റെ ഉടമയാണ്‌ ടി കെ. 1942-ല്‍ 20 തികയുംമുമ്പേ, കമ്മ്യൂണിസ്റ്റായി. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ നിന്നും കാവ്യഭൂഷണം ജയിച്ച്‌ അവിടെ തന്നെ ന്യായഭൂഷണ ബിരുദത്തിനു പഠിക്കുകയായിരുന്നു. ജാപ്പൂ വിരുദ്ധ പ്രക്ഷോഭത്തിന്റെ വിളികള്‍ ആ വിദ്യാര്‍ത്ഥിയെ പിടിച്ചുലച്ചു. മനസ്സാകെ കവിതയുടെ ലഹരിയുമായി നടന്ന യുവ കോമളന്‍ കോളേജു ജീവിതമുപേക്ഷിച്ചു. 'പടക്കളത്തിലേക്ക്‌' എന്നൊരു നോട്ടീസ്‌ അച്ചടിച്ചു വിതരണം ചെയ്‌തുകൊണ്ട്‌ പൊതുജീവിതത്തിലേക്കിറങ്ങി വന്നു.

കൊച്ചി വിദ്യാര്‍ത്ഥി ഫെഡറേഷനിലാണ്‌ പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം. പിന്നീട്‌ തൃപ്പൂണിത്തുറയിലെ ചെത്തുതൊഴിലാളികളെയും കരിങ്കല്‍ തൊഴിലാളികളെയും സംഘടിപ്പിച്ചു. 45-46 കാലത്ത്‌ കോളറക്കും പട്ടിണിക്കുമെതിരേ പോരാടി. പാര്‍ട്ടി ഫണ്ടിനുവേണ്ടി നാടകങ്ങള്‍ എഴുതി അവതരിപ്പിച്ചു. 48-ല്‍ പാര്‍ട്ടിയുടെ കല്‍ക്കത്താ കോണ്‍ഗ്രസില്‍ പങ്കെടുത്ത്‌ മടങ്ങിവന്ന്‌ ഒളിവില്‍ പോയി. ഒടുവില്‍, പക്ഷേ പോലീസിന്റെ പിടിയില്‍ പെട്ടു. ക്രൂരമായ ലോക്കപ്പ്‌ മര്‍ദ്ദനത്തിനിരയായി.

തുടര്‍ന്ന്‌ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുപുള്ളി......

64-ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പിളരുമ്പോള്‍ സഖാവ്‌ ടി കെ എറണാകുളം ജില്ലാ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. പിളര്‍പ്പിനു ശേഷം കമ്മ്യൂണിസ്റ്റ്‌ (മാര്‍ക്‌സിസ്റ്റ്‌) പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായി. 70-ല്‍ കോട്ടയം ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തന ങ്ങള്‍ പുന:സംഘടിപ്പിക്കാന്‍ നിയുക്തനായി. 79-വരെ കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയേറ്റിലും സെന്‍ട്രല്‍ കമ്മറ്റിയിലും അംഗം. കിസാന്‍ സഭയുടെ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി.

80-ല്‍ ടി കെ കേരളത്തിന്റെ അഭ്യന്തരകാര്യ മന്ത്രിയായി. 87-ല്‍ സഹകരണ സാംസ്‌കാരിക വകുപ്പു മന്ത്രിയും.

നാലരപ്പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതത്തിലോരിക്കലും ടി കെ യുടെ മനസ്സിലെ കവിത കളവു പോയില്ല. സഹൃദയത്വം കമ്മ്യൂണിസത്തിന്റെ കരുത്തില്‍ കൂടുതല്‍ മിനുക്കവും മൂര്‍ച്ചയും കൊണ്ടു. പാര്‍ട്ടി പ്രചരണത്തിനുവേണ്ടി ആദ്യകാലത്ത്‌ നാടകരചന ഏറ്റെടുത്തത്‌ ടി കെയായിരുന്നു. ശങ്കരാടി, ഏരൂര്‍ വാസുദേവ്‌ തുടങ്ങിയവരായിരുന്നു അന്ന്‌ കൂടെയുണ്ടായിരുന്നത്‌. പുന്നപ്ര-വയലാര്‍ സമരത്തിനുമുമ്പ്‌ ചേര്‍ത്തലയിലെ തൊഴിലാളി സാംസ്‌കാരിക സമിതിക്കുവേണ്ടി 'സഹോദരന്‍' 'അഗതിമന്ദിരം' എന്നീ രണ്ടു നാടകങ്ങള്‍ ടി കെ എഴുതി, സംവിധാനം ചെയ്‌തു. വയലാറില്‍ ക്യാമ്പുചെയ്‌ത്‌ റിഹേഴ്‌സല്‍ സംഘടിപ്പിച്ചത്‌ നാടകകൃത്തുതന്നെയായിരുന്നു. 'രാജ്യദ്രോഹി' എന്ന നാടകം മാത്രമേ, പക്ഷേ അച്ചടിച്ചു വന്നിട്ടുള്ളു.

ഇന്ത്യാ-ചൈനാ യുദ്ധകാലത്ത്‌ കമ്മ്യൂണിസ്റ്റ്‌ (മാര്‍ക്‌സിസ്റ്റ്‌) നേതാക്കളെല്ലാം തടവിലായി. ടി കെയും വീണ്ടും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി. ജയില്‍ ജീവിതം അനുഗ്രഹിച്ചരുളിയ വിശ്രമവേളയില്‍ എഴുതപ്പെട്ടതാണ്‌ 'കല്ലിലെ തീപ്പൊരികള്‍' എന്ന നോവല്‍.

'കല്ലിലെ തീപ്പോരികള്‍' വലിയൊരു കൃഷ്‌ണശിലാ ശില്‍പ്പമല്ല. കേവലകലാകാരന്റെ കൊച്ചുളിയും ചുറ്റികയുമല്ല ഈ സൃഷ്ടാവിന്റെ പണിയായുധങ്ങള്‍. അനുഭവസമ്പന്നനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്‌, കമ്മ്യൂണിസ്റ്റാണ്‌ നോവലിസ്‌റ്റ്‌. തനിക്കിടപഴകാന്‍ അവസരം ലഭിച്ച മനുഷ്യരേയും അവരുടെ സ്വകാര്യ ദു:ഖങ്ങളെയും ജീവിതസമരങ്ങളെയും പകര്‍ത്തുവാന്‍ ചെയ്‌ത എളിയശ്രമം. മനുഷ്യനോട്‌ നിറഞ്ഞ അനുകമ്പയും തികഞ്ഞ സ്‌നേഹവുമുണ്ട്‌ ഇതെഴുതിയ ആള്‍ക്ക്‌.

സഖാവ്‌ ടി കെയെ പോലെ ഒരുസ്‌നേഹാര്‍ദ്രജ്വാലക്ക്‌ മാത്രമേ കല്ലിനുള്ളിലെ ഈര്‍പ്പവും തീപ്പൊരിയും ഇങ്ങനെ തൊട്ടറിയാനാവൂ - സി ആര്‍ ഓമനക്കുട്ടന്‍.(അവതാരികയില്‍)

(വിദ്യാ പബ്ലിക്കേഷന്‍ 1987-ലാണ്‌ ഈ നോവല്‍ പ്രസിദ്ധീകരിച്ചത്‌. ഇതില്‍ പേര്‌ പരാമര്‍ശിക്കുന്ന ശങ്കാരാടി പ്രസിദ്ധ സിനിമാ നടനായിരുന്ന ശങ്കരാടി തന്നെയാണ്‌ - ബ്ലോഗര്‍)(ഡൌണ്‍ലോഡ്)

No comments:

Post a Comment