Wednesday, November 20, 2013

ആദ്യത്തെ അടിമപ്പോരാട്ടം ഒറ്റക്ക് നയിച്ചത് തേവി എന്ന പുലയി


തെക്കുംഭാഗം മോഹന്‍
കേരളത്തിലെ അടിമകളുടെ ആദ്യത്തെ പ്രതിഷേധത്തെ കുറിച്ച് അറിവ് ലഭിക്കുന്നത് തെക്കും ഭാഗം മോഹന്‍ എഴുതിയ അടിമഗര്‍ജനം എന്ന പുസ്തകത്തില്‍ നിന്നാണ്. ചവറ തെക്കുംഭാഗത്ത് മുക്കോടില്‍ വീട്ടില്‍ ഗോപാല പിള്ളയുടേയും മീനാക്ഷിയമ്മയുടേയും മകനായി ജനിച്ച മോഹന്‍ വിദ്യാഭ്യാസത്തിനുശേഷം കരസേനയില്‍ ചേര്‍ന്നു. സൈനികസേവനംവിട്ട് പത്രപ്രവര്‍ത്തകനായി. കേരളശബ്ദം,മലയാളനാട് എന്നിവയില്‍ എഴുതുകയും 'സുനന്ദ' വാരികയുടെ പത്രാധിപസമിതിയില്‍ അംഗമായിരിക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളില്‍ സഞ്ചരിച്ചും പുരാരേഖകള്‍ പരിശോധിച്ചുമാണ് ഈ പുസ്തകം എഴുതിയത്.

 കൊല്ലവര്‍ഷം 766 ല്‍ തിരുവല്ലയിലെ 'കൊണ്ടരേട്ടു' വീട്ടില്‍നിന്നും കണ്ടെടുത്ത രേഖയിലാണ് അടിമയുടെ ആദ്യത്തെ പ്രതിഷേധം കാണുന്നത്. ഈ രേഖയിന്‍പടി പാലക്കാട്ടുള്ള ഇരവി ചിരുതേവിയുടെ മകള്‍ തേവിയേയും മകന്‍ കോന്തനേയും ചെങ്ങമനാട്ടുള്ള കളത്തില്‍ തമ്പ്രാന് വിറ്റത് കൊലക്കുള്ള അധികാരത്തോടുകൂടിയായിരുന്നു. ആലുവാ പുഴയുടെ വടക്കേക്കരയിലാണ് ചെങ്ങമനാട്. കാട്ടുപുല്ലിനേക്കാളും വിലകുറഞ്ഞ മനുഷ്യര്‍. കാളക്ക് ഒപ്പം അടിമയെ വെച്ചുകെട്ടി ഉഴാറുണ്ടായിരുന്ന ആ നാളുകളില്‍ത്തന്നെ ഇരുട്ടുന്നതുവരെ പണിചെയ്യണം. പണി തീരുമ്പോള്‍ കൂലിനെല്ലളക്കും. അക്കൂട്ടത്തില്‍ ആണിനും പെണ്ണിനുമുള്ള കൂലിതെറ്റി ഒരുപാത്രത്തില്‍ വീണുപോയാല്‍ അപ്പോള്‍ മുതല്‍ അവര്‍ ജീവിത പങ്കാളികളാണ്. ഈ 'കല്ല്യാണ'ത്തെ 'കൂലിഭാഗ്യം' എന്നാണ് അടിമകള്‍ വിളിച്ചിരുന്നത്. കൂലിഭാഗ്യത്തിലൂടെ തേവിക്കും കിട്ടി ഒരു പുലയക്കിടാത്തനെ. കാലം ചെന്നപ്പോള്‍ തേവി ഒരമ്മയായി. പുലയക്കിടാത്തന്‍ പെട്ടന്ന് മരണമടഞ്ഞു. തേവിക്ക് പിറന്നത് പെണ്‍കുഞ്ഞായിരുന്നു. തേരി എന്ന് പേരിട്ടുവിളിച്ചു. തേരിക്ക് പ്രായമായപ്പോള്‍ ചരിത്രം ആവര്‍ത്തിച്ചു. കൂലിഭാഗ്യത്തിലൂടെ അവള്‍ക്കും ആണ്‍പിറന്നവനായി.

തേരി പൂര്‍ണഗര്‍ഭിണിയായപ്പോള്‍ പ്രസവത്തിനായി തേരി സ്വന്തം കൂരയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പ്രസവദിവസമടുത്തപ്പോള്‍ തമ്പുരാന്റെ കാര്യസ്ഥന്‍ പതിവുപോലെ പണിക്കുവിളിക്കാന്‍ വന്നു. മകള്‍ പ്രസവിക്കാറായതുകൊണ്ട് പണിക്കുവരാന്‍ പറ്റില്ലെന്നു തേവിപറഞ്ഞപ്പോള്‍ കാര്യസ്ഥന്‍ തേവിയെ ചാട്ടവാറുകൊണ്ട് പൊതിരെ തല്ലി. തന്നെയുമല്ല പ്രസവവമടുത്തിരിക്കുന്ന തേരിയെയുംതല്ലി ഇരുവരേയും പാടത്തേക്ക് കൊണ്ടുപോയി ഇരുട്ടുവോളം പണിയെടുപ്പിച്ചു. തിരിച്ചു കൂരയിലെത്തിയ തേവി ഈ കൊടും ക്രൂരതകക്ക് എതിരെ പോരാടാന്‍ ഉറച്ചു. ഉള്ളതെല്ലാം വാരിക്കെട്ടി, കൊയ്തരിവാള്‍ തേച്ചുമൂര്‍ച്ചകൂട്ടി അരി തിളപ്പിച്ച് ചക്കര കലര്‍ത്തി വെളുക്കുവോളം ചൂടാറ്റാതെ കാത്തിരുന്നു. നേരം വെളുക്കുന്നതിനുമുന്നേ കാര്യസ്ഥനെത്തി. വാതില്‍ തുറന്ന ഉടനെ ചൂടുചക്കരക്കഞ്ഞി അയാളുടെ തലയില്‍ ചൊരിഞ്ഞ് തേവിയും തേരിയും ഇറങ്ങിയോടി. കാര്യസ്ഥന്റെ അലര്‍ച്ചകേട്ട് ആളുകള്‍ പുറകേ എത്തി പിടിച്ചാല്‍ ജീവനോടെ തീയിലിട്ടു കൊല്ലുമായിരുന്നു.

കൊരട്ടിക്കടുത്തുള്ള ചിറങ്ങര അമ്പലത്തിനുമുന്നില്‍ തിരുവിതാംകൂറിന്റെ അതിര്‍ത്തി അവസാനിക്കുന്നിടത്ത് ചെന്നുനിന്നു. നേരം പുലര്‍ന്നിരുന്നില്ല. പൂര്‍ണഗര്‍ഭിണിയായ മകളേയും ചെറിയ ഭാണ്ടവും പിടിച്ചുകൊണ്ട് തേവി ചാലക്കുടിപ്പുഴയിലൂടെ പടിഞ്ഞാറേക്കരയിലേക്ക് നീന്തി. മാളക്ക് അടുത്ത് പുത്തന്‍ചിറയില്‍ എത്തി. ആ നാട്ടിലെ ജന്മി ഒരു ക്രിസ്ത്യാനിയായിരുന്നു. അവരെ അടിമയാക്കി കൂരകുത്താന്‍ ഇടം കൊടുത്തു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കളത്തില്‍ കര്‍ത്താവിന്റെ പരിവാരങ്ങളെത്തി. ഒരുവന്റെ അടിമയെ മറ്റൊരുവന് സ്വന്തമാക്കാന്‍ ചിലവ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ ഇവിടെ മറ്റൊരു രാജ്യമാണ്. തിരുവിതാംകൂറിലെ നിയമങ്ങള്‍ പാലിക്കണമെന്ന് കളത്തില്‍ കര്‍ത്താവിന് ശഠിക്കാന്‍ പറ്റില്ല. അടിമക്ക് ഇഷ്ടമുണ്ടെങ്കില്‍ പോകാം. തേവിക്ക് അതിന് മനസ്സില്ലായിരുന്നു. അവര്‍ 'വാതേക്കാട്' എന്ന പുരയിടത്തില്‍ കൂരകുത്തി.

തേവിയെ വിറ്റതിന്‍റെ പുരാരേഖ


1431-ല്‍ പ്രസിദ്ധീകരിച്ച വിനായകം പിള്ളയുടെ ചരിത്രരേഖയാണ് ഏറ്റവും കാലപ്പഴക്കം ചെന്നതായി ചരിത്രകാരന്മാര്‍ പരിഗണിക്കുന്നത്. എന്നാല്‍ അതിനേക്കാളും പ്രാധാന്യമുള്ളതും പഴക്കമുള്ളതുമായ ഒരു രേഖ ഈ അടുത്തകാലത്ത് ചരിത്രകാരന്മാര്‍ കണ്ടെത്തി. കോലെഴുത്തുലിപിയില്‍ എഴുതി കരണം നടത്തിയ ഇത് തിരുവല്ലയിലെ കൊണ്ടരേട്ടു വീട്ടില്‍നിന്നും കണ്ടെടുത്തതാണ്.

'-കോല് ലമ് 766 ആവത മിതിന ഞായറ്റില്‍ എഴുതിയ വിലൈയോലൈ കാരിയമാവിത് കീഴ് കൊമ് പതേ പത്തകാരിക് കാചുചുഴെ വീട്ടില്‍ കുടി(യി)തിക് കം പാലക് കാട് ഇരവി ചിരുതേവി തത്രിക് കൊള്ള മകള്‍ മാതെ യ്മ്.

അവരുടെ മകന്‍ കൊന്തനെയും കൂടെവിക്കു വിലൈക്കും വിലയൊലൈക്കും പൊന്നും വെട്ടകയും പുടകയും വാങ്ങി.

കൊണ്ടവിക്കില്‍ വിലൈക്കൊ മാറുകൊല്‍കില്‍ കലൈക്കു കുചാറുംകൂടെ എഴുതി കൊട്ത് നാള്‍മ.

ഇരവി ചെറുതേവി അമാര്‍ക്കമേ,ഇരവി ചെറുതേവി തിനികൊള്ള മകള്‍ കൊതെയും അവരുടെ മകന്‍ കൊന്തനെയും കൂടെ വിക്കം വിലൈയോലൈ പൊന്നുഷ് വാടകയും പുടവയും കൊടുത്ത് വിക്കി വിലൈ കാമറും.

കൊല്‍കിന്‍ കുലൈക്കുമാറുടെ എഴുതിച്ചുകൊണ്ടാല്‍ കെവൂര്‍പ്പ് ചെള്ള കൊതരാമന്‍ ഇതിന് അ-
റിയും താക്ക തൊടുപുഴൈ ചുലന്‍ കണ്ടനും വെളലാ വെള്ളി കൊളുമ്പിയും അറികെ കൈ എഴുത്ത്-'

(ഹിസ്റ്ററി അസ്സോസിയേഷന്റെ കേരള ചരിത്രം പേജ് 62-63) 
ചോത്തിയവും ഉത്തരവും അടിമത്തത്തിന്‍റെ സാക്ഷിപത്രം

ചെങ്ങമനാട്. തിരുവിതംകൂറിന്റെ വടക്കേയറ്റത്ത് ആലുവാപ്പുഴയുടെ ഓരത്തുള്ള ഒരു കൊച്ചു ഗ്രാമം.കളത്തില്‍ കര്‍ത്താക്കന്മാരുടെ വകയായിരുന്നു ആദേശം. അവിടെയാണ് തേവി പാര്‍ത്തിരുന്നത്. കളത്തില്‍ തമ്പ്രാന്റെ അടിമയായിരുന്നു അവര്‍.

അക്കാലത്തെ ചെങ്ങമനാട്ടെ അടിമകളുടെ സ്ഥിതിയെ സൂചിപ്പിക്കുന്ന തെളിലുകള്‍ ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിലുണ്ട്. ചാന്നാര്‍ ലഹളക്കുളേഷം ദിവാനായ ടി.മാധവറാവു ചെങ്ങമനാട്ടു പ്രവര്‍ത്തി കച്ചേരിയില്‍ കൊടുത്തുവിട്ട പ്രശ്‌നാവലിക്കു കിട്ടിയ മറുപടി അക്കാലത്തെ അടിമത്തത്തിന്റെ സാക്ഷിപത്രമാണ്. കൂട്ടത്തില്‍ പറയട്ടെ ഈ ചേദ്യാവലി ദിവാന്‍ തയ്യാറാക്കുന്നതിനും ഏറെ മുമ്പാണ് തേവി കൊടുങ്കാറ്റായത്. ദിവാന്റെ ചോദ്യവും അതിനുകിട്ടിയ ഉത്തരവും പരിശോധിക്കുക-

"ചോത്തിയം-കുടിയാനവന്‍മാര് അവരുടെ അടിമകളെ സര്‍ക്കാര്‍ മുകാന്തിരം അല്ലാതെ ചിക് ഷിക്കുന്നതിന് സര്‍ക്കാരിലെ അനുവാതം ഉണ്ടായിരുന്നാല്‍ അവര്‍ക്കു എത്തിരത്തോളം ചിക് ഷിക്കുന്നതിന് അനുവാതം ഉണ്ടായിരുന്നു.

ഉത്തരം-കുടിയാനവന്‍മാരുടെ അടിമകളെ മേല്‍ക്കാണുന്ന തെറ്റുകള്‍ക്ക് കുലയിലുള്ള എല്ലാ ചിക്ഷകളും ഉടമസ്ഥന്‍ പോതിച്ചതുപോലെ ചെയ്തുവന്നിരിക്കുന്നതുമല്ലാതെ കുലചിക്ഷയും ആകാമെന്ന് തിരാതാരം അച്ചടിയോലയില്‍ എഴുതി വാങ്ങിക്കുകയും ചെയ്തിരിക്കുന്നു.

ചോത്തിയം-അടിമകള്‍ക്ക് അവരുടെ യജമാനന്‍മാരുടെ മേല്‍ ആവലാതി കൊണ്ടുവരുവാന്‍ തക്ക സ്വാതന്തരീയം ഒണ്ടായിരുന്നുവോ. അങ്ങനെ അവര്‍ ആവലാതി കൊണ്ടുവന്നാല്‍ നിര്‍താക്ഷണ്യം അവര്‍ക്ക് നിയാമം കിട്ടി വന്നിരുന്നുവോ

ഉത്തരം-അടിമകളുടെ എജമാനന്മാരുടെ പേരില്‍ സര്‍ക്കാരില്‍ ആവലാതി കൊണ്ടുവരികയും എടുത്തു വിസ്തരിക്കുകയും ചെയ്തിരുന്നില്ല.

ചോത്തിയം
-അടിമകളില്‍ വായപ്രാപ്തിയും വേലക്കു തിരാണിയും ഉള്ള പുരുഷന് എന്തുവിലയുണ്ടായിരുന്നു സ്തീക്ക് എന്തുവില

ഉത്തരം-അടിമകളില്‍ വായ്പരാപ്തിയും വേലക്കു തിരാണിയും ഉള്ള പുരുഷന് 250 പണവും സ്തീക്ക് 300 പണവും വരെയും 12 വയസ്സുമുതല്‍ 18 വയസ്സുവരെയുള്ള പുരുഷന് 65 പണവും സ്ത്രീക്ക് 100 പണം വരെയും പത്തു വയസ്സിനുതാഴെയുള്ള കുഞ്ഞുങ്ങളെ തള്ളയോടുകൂടി മിക്കുകയും അതിന് 25 പണം മുതല്‍ 35 പണം വരെയും വിലയായിരുന്നു.

അടിമകളുടെ കുഞ്ഞുങ്ങളെ അവരെ വിട്ടുപിരിക്കാതെ ഇരിക്കുന്നതിനെപ്പറ്റി അവരിടെ ഉടമസ്ഥന്റെ താല്‍പ്പരിയം എന്നുള്ളതല്ലാതെ യാതൊരു ചട്ടങ്ങളും നിപന്തനകളും ഉണ്ടായിരുന്നില്ല."

ഇങ്ങനെയുള്ള പരിതസ്ഥിതിയിലാണ് അനേകായിരം അടിമകളില്‍ ഒരാളായി ചെങ്ങമനാട്ട് തേവിയും പാര്‍ത്തിരുന്നത്. കതിരോനുദിക്കുംമുന്നേ ചാട്ടവാറുമായി തമ്പ്രാന്റെ കാര്യസ്ഥന്‍ കുടിക്കുമുന്നിലെത്തും.ഒന്നേ വിളിക്കൂ. പിന്നെ ചാട്ടവാറായിരിക്കും ശബ്ദിക്കുക.
 
(തെക്കുംഭാഗം മോഹന്റെ അടിമഗര്‍ജനം എന്ന പുസ്തകത്തിലെ 22,23,24 പേജുകള്‍ അതേപടി പകര്‍ത്തിയതാണ് മുകളില്‍ കൊടുത്തിരിക്കുന്നത്)
 

No comments:

Post a Comment