Sunday, November 17, 2013

സിനിമ : സ്ഥലകാലങ്ങളുടെ തടവറ



സ്ഥലകാലങ്ങളുടെ പാരസ്പര്യങ്ങളിലേക്ക് വെട്ടം വീശുന്ന സിനിമയാണ്.2002 ല്‍ പുറത്തിറങ്ങിയ 'ഗെരി'. അമേരിക്ക ക്കാരനായ ഗുസ് വാന്‍ സാന്ത് ആണ് പടത്തി ന്റെ സംവിധായകന്‍.2003-ല്‍ കാന്‍ ഫിലിം ഫെസ്റ്റി വെലില്‍ 'പാം ഡി ഓര്‍' നേടിയത് ഗുസ് വാന്‍ സാന്തിന്റെ 'എലിഫന്റാ'ണ്. ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ലാര്‍സ് വോണ്‍ ട്രയറുടെ  'ഡോഗ് വില്ല'  അന്ന് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 

ഗെരി പരീക്ഷണ സിനിമയായാണ് വിലയിരുത്ത പ്പെടുന്നത്. ഏതു തരം സിനിമയും തനിക്ക് വഴങ്ങും എന്ന അഹങ്കാരമുള്ളവര്‍ എടുക്കുന്ന പരീക്ഷണ സിനിമകള്‍ മികവുറ്റതാവാറുണ്ട്. അക്കാര്യത്തിലും ഗുസ് വാന്‍ സാന്ത് ഒരു അപവാദമല്ല. ഇരുപതുകാരായ രണ്ടു ചെറുപ്പക്കാര്‍ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോകുന്നു. ദീര്‍ഘദൂരം കാറില്‍ സഞ്ചരിച്ചാണ് അവര്‍ അവിടെ എത്തിപ്പെടുന്നത്.  രണ്ടുപേരുടേയും പേര്  'ഗെരി' എന്നുതന്നെ. ഒരാള്‍ കാലവും ഒരാള്‍ സ്ഥലവുമാണ്.  ആരാണ് കാലം ആരാണ് സ്ഥലം എന്ന് നിശ്ചയിക്കാന്‍ തുടങ്ങുമ്പോഴേക്കും അവര്‍ കാഴ്ചക്കാരനെ കബളിപ്പിച്ചിരിക്കും . ഇരുവര്‍ക്കും തമ്മില്‍ രൂപവ്യത്യാ സവുമില്ല  പ്രായവ്യത്യാസവുമില്ല. രൂപം സ്ഥലവും പ്രായം കാലവുമാണല്ലോ. അപ്പോള്‍ സ്ഥലകാലങ്ങളുടെ തടവുകാരാകുന്നു,  ചരാചരങ്ങള്‍! 

നിശ്ചലാവസ്ഥ എന്നത് സ്ഥകാലങ്ങള്‍ക്കില്ല. മരുഭൂമിയിലെത്തപ്പെട്ട ഗെരിമാര്‍ പുറത്തുകടക്കാനെന്നവണ്ണം നട്ടം തിരിയുന്നതാണ് പടത്തിലുടനീളം കാണുന്നത്. മിക്കവാറും എല്ലാ ഋതുക്കളും കടന്ന് ഒടുക്കമില്ലാതെ അവര്‍ ചലിച്ചു കൊണ്ടേയിരിക്കുന്നു. തത്വശാസ്ത്രത്തിലെ ഈ അടിസ്ഥാനഘടകത്തിന് അനുരൂപമായ ഒരു ദൃശ്യപരിചരണരീതിയെ ഗുസ് വാന്‍ സാന്ത് അങ്ങേയറ്റം ആശ്രയിച്ചിട്ടുണ്ട്.  പടത്തില്‍ ടൈറ്റിലുകളും ചേര്‍ത്തിട്ടില്ല  ക്രെഡിറ്റും ചേര്‍ത്തിട്ടില്ല. തുടക്കവുമില്ല ഒടുക്കവുമില്ലാതെ നീണ്ടുപോകുന്ന കാഴ്ചകളുടെ ഇടക്കുനിന്ന് അല്‍പം മാത്രം പരിചരണത്തിനെടുത്തതുപോലെ. 103 മിനിറ്റാണ് ഈ  'ഇടനേര' ത്തിന്റെ അളവ്. ഗെരിമാരുടെ അലച്ചിലില്‍ കാഴ്ചക്കാരനും പെട്ടുപോകുമ്പോള്‍ കുറഞ്ഞനേരം കൊണ്ട് പടം അവസാനിച്ചതായി (?) അനുഭവപ്പെടുന്നു.  കാസേയ് ആഫ്‌ലെക്ക്,മാറ്റ് ഡേമണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗെരിയുടെ തിരക്കഥ തയ്യാറാക്കിയത്. ഗെരിമാരെ അവതരിപ്പിക്കുതും ഇവര്‍ രണ്ടാളും ചേര്‍ന്നാണ്. അര്‍ജന്റീനയില്‍ വെച്ചാണ് പടം പകര്‍ത്തിയത്.

No comments:

Post a Comment