Sunday, November 24, 2013

അംബേദ്‌കര്‍ കണ്ട ഇന്ത്യ - സക്കറിയ


'തുഷാരം' മാസികയില്‍ നിന്നും


ഗാന്ധിജി യായി അഭി നയിച്ച ബെന്‍ കിംങ്‌സ്‌ ലി ഗാന്ധജി യെപ്പറ്റി എന്തെല്ലാം രഹസ്യങ്ങള്‍ കണ്ടു പിടിച്ചിട്ടു ണ്ടാകും എന്നു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌. അതുപോലെ തന്നെ മമ്മൂട്ടിയും. അംബേദ്‌കറെപ്പറ്റി മമ്മൂട്ടിക്ക്‌ എന്തെല്ലാം രഹസ്യ ജ്ഞാന ങ്ങളുണ്ടായിരിക്കാം.


നാം ഇന്നു ജീവിത സമരം നടത്തി കഴിഞ്ഞൂ കൂടിക്കൊണ്ടിരിക്കുന്ന ഇന്ത്യ എന്ന നാടിനെ എതിര്‍ ധ്രുവങ്ങളില്‍ നിന്നു പണിതു പോക്കിയെടുത്ത 2 മേധാവികളില്‍ ഒരാളാണ്‌ അംബേദ്‌കര്‍. ബഹുഭൂരിപക്ഷം മലയാളികള്‍ക്കും ഇന്നും അംബേദ്‌കറുമായി അധികം അടുപ്പം ഉണ്ടെന്നു തോന്നുന്നില്ല.നാം ഗാന്ധിജിയെക്കൊണ്ടു തൃപ്‌തിപ്പെട്ടു. പ്രത്യേകിച്ചും നമ്മില്‍ വളരെ പേരില്‍ ഒളിച്ചിരിക്കുന്ന ഫ്യൂഡല്‍ സവര്‍ണര്‍. ഗാന്ധിജിയും അംബേദ്‌കറും ഒരിക്കലും വിചാരിച്ചിട്ടു ണ്ടാവില്ല, തങ്ങള്‍ സിനിമയിലെ കഥാ നായകരാകുമെന്ന്‌. പക്ഷെ, അവര്‍ ഉണ്ടാക്കി യെടുത്ത ഇന്ത്യയെപ്പറ്റി അവര്‍ക്കുണ്ടായിരുന്ന ശുഭ പ്രതീക്ഷകളെ അല്‍പ്പസ്വല്‍പ്പം തൃപ്‌തി പ്പെടുത്താന്‍ കഴിയുന്ന ഒരു ചേരുവ ആ സിനിമ യിലുണ്ടായിരുന്നു. ഗാന്ധിജിയായി അഭിനയിച്ചത്‌ ആംഗ്ലോ ഇന്ത്യന്‍ ക്രിസ്‌ത്യാനി; അംബേദ്‌കറായി അഭിനയിച്ചത്‌ മലയാളി മുസ്ലീം. ഇതാണ്‌ ആര്‍ക്കും പിടികിട്ടാത്ത ഇന്ത്യ. മതത്തിന്റെയും ജാതി യുടെയും കെട്ടുകള്‍ക്കുള്ളില്‍ നീര്‍ക്കോലിയെ പ്പോലെ വാഴുന്ന ഇന്ത്യ. അംബേദ്‌കര്‍ക്കും ഗാന്ധിജിക്കും ഈ ഇന്ത്യയെ ക്കുറിച്ച്‌ നല്ല വിവരമുണ്ടായിരുന്നു.


ലോക സംസ്‌കാരങ്ങളില്‍ ഇന്ത്യയില്‍ മാത്രമേ ജാതി എന്ന വൈചിത്ര്യമുള്ളൂ എന്നാണ റിഞ്ഞിട്ടുള്ളത്‌. ജാതി ക്കുള്ളില്‍ തൊട്ടു കൂടായ്‌മയും അയിത്തവും. കാശ്‌മീരിലും ജാതിയുണ്ട്‌; കേരളത്തിലും ജാതിയുണ്ട്‌. ജാതി വ്യവസ്ഥയെ അലോസര പ്പെടുത്താതെ ഹിന്ദു സമൂഹത്തെ പരിഷ്‌കരിക്കാം. ജനാധിപത്യ ത്തിന്റെ ഉത്തര വാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകാം എന്നായിരുന്നു ഗാന്ധിജിയുടെ ശുഭപ്രതീക്ഷ. ജാതിനില്‍ക്കും; പക്ഷെ തൊട്ടുകൂടാത്ത ജാതികളുടെ സമ്പ്രദായം ഹിന്ദുമതം ഇല്ലാതാക്കും- ഇതായിരുന്നു ഗാന്ധിജിയുടെ നലപാട്‌.



പക്ഷെ അംബേദ്‌കര്‍ക്ക്‌ ജാതി വ്യവസ്ഥ യിലധിഷ്ടിതമായ ഹിന്ദു മത ത്തെക്കുറിച്ച്‌ യാതൊരു ശുഭപ്രതീക്ഷ യുമില്ലായിരുന്നു. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞാലും ദളിതര്‍ സവര്‍ണാധിപത്യത്തില്‍ നിന്നു മോചിക്കപ്പെടാനുള്ള സാധ്യത കുറവാണെന്ന്‌ അദ്ദേഹം വിശ്വസിച്ചു. ഗാന്ധിജി, ബഹുഭൂരിപക്ഷം പുണ്യവാളന്മാരേയും പോലെ, സ്വപ്‌നലോകത്തില്‍ ജീവിക്കുകയാണെന്നും ഇന്ത്യന്‍ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ജാതി യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നും അംബേദ്‌കര്‍ക്ക്‌ അറിയാമായിരുന്നു. അങ്ങനെയാണ്‌ അദ്ദേഹം ഗാന്ധിജിയുമായി കലഹിച്ചത്‌. അതിനും മുമ്പേ അംബേദ്‌കര്‍ മനുസ്‌മൃതി കത്തിച്ചുകഴിഞ്ഞിരുന്നു.



അംബേദ്‌കര്‍ പറഞ്ഞതിതാണ്‌, ജാതി ഇല്ലാതാക്കണമെങ്കില്‍ ജാതിക്കു പിന്നിലെ മതതത്വങ്ങള്‍ ഇല്ലാതാകണം. ബ്രാഹ്മണാധിപ്‌ത്യത്തിന്റെ ഉന്നത്തോടെ നിര്‍മ്മിക്കപ്പെട്ട ശാസ്‌ത്രങ്ങളും സ്‌മൃതികളും ദൂരെക്കളയണം. അംബേദ്‌കറുടെ സ്വന്തം വാക്കുകളിതാ "ഹിന്ദുക്കള്‍ ജാതിപാലിക്കുന്നത്‌ അവര്‍ മനുഷ്യത്വ മില്ലാത്തവരോ തല തിരിഞ്ഞവരോ ആയതുകൊണ്ടല്ല. അവര്‍ ജാതി പാലിക്കുന്നത്‌ അവര്‍ അങ്ങേയറ്റം മത വിശ്വാസികള്‍ ആയതുകൊണ്ടാണ്‌.......നാം മല്‍പ്പിടുത്തം നടത്തേണ്ട ശത്രു ജാതിപാലിക്കുന്ന മനുഷ്യരല്ല,മറിച്ച്‌ അവരെ ജാതിയിലധിഷ്ടിതമായ മതവിശ്വാസം പഠിപ്പിക്കുന്ന ശാസ്‌ത്രങ്ങളാണ്‌".



മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അംഗീകരിച്ചതിനെ തുടര്‍ന്ന്‌, ഡെല്‍ഹിയിലെ ഐഐടി, ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഭ്യസ്‌തവിദ്യരായ അധ്യാപകരും വിദ്യാര്‍ത്ഥി കളുമടക്കമുള്ള സവര്‍ണര്‍ തുറന്നുവിട്ട ചോരപ്പുഴ കണ്ടിട്ടുള്ള എനിക്ക്‌ അംബേദ്‌കറുടെ യാഥാര്‍ത്ഥ്യബോധം എത്ര കൃത്യമായിരുന്നുവെന്നു മനസ്സിലാക്കാന്‍ കഴിയും.



1956 ഒക്ടോബര്‍ 14-ന്‌ അംബേദ്‌കറും അനുയായികളും ഹിന്ദുമതം ഉപേക്ഷിച്ചു ബുദ്ധമതം സ്വീകരിക്കുമ്പോള്‍ അവര്‍ വ്യവസ്ഥാപിത ജാതിയുടെ ലോകത്തിനു പുറത്തു മറ്റൊരു ജീവിതം തേടുകയായിരുന്നു.

അംബേദ്‌കര്‍ ഉപയോഗിച്ച 'ദളിത്‌' എന്ന വാക്കിന്റെ അര്‍ത്ഥം 'ഉടഞ്ഞ മനുഷ്യന്‍'എന്നാണ്‌. ജാതിവ്യവസ്ഥ ഉടച്ചുകളഞ്ഞ മനുഷ്യരാണു ദളിതര്‍. 1942 ജൂലൈ 20-ന്‌ അദ്ദേഹം നാഗ്‌പൂരില്‍ ദളിതരുടെ രാഷ്ട്രീയപ്രസ്ഥാനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു പറഞ്ഞു. എന്റെ നിങ്ങളോടുള്ള ഉപദേശമിതാണ്‌ 'വിദ്യാഭ്യാസം ചെയ്യുക,സംഘടിക്കുക,സമരം ചെയ്യുക. നിങ്ങളില്‍ത്തന്നെ ആത്മ വിശ്വാസ മുണ്ടായിരിക്കുക. ഒരിക്കലും പ്ര്യാശ കൈവെടിയാതിരിക്കുക'.

അംബേദ്‌കറുടെ പ്രശസ്‌തങ്ങളായ 'ജാതിനിര്‍മ്മൂലനം' 'തൊട്ടുകൂടാത്തവര്‍' തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇനിയും കേരളത്തില്‍ ശ്രദ്ധാപൂര്‍വം വായിക്കപ്പെട്ടിട്ടില്ല. അവര്‍ണരുടെയും അധസ്ഥിതരുടെയും പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ആയിര ക്കണക്കിനു ണ്ടെങ്കിലും അവയിന്നും ജാതിയിലധിഷ്ടിത മാണെന്നതാണു വിചിത്രമായ വാസ്‌തവം. കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്‌ അംബേദ്‌കര്‍ കൃതികളുടെ വിവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുക യാണത്രെ. അംബേദ്‌കര്‍ അല്‍പ്പമെങ്കിലും വായിക്കപ്പെട്ടു തുടങ്ങിയതിനു ശേഷമാണ്‌ കേരളത്തില്‍ ഒരു വിശാല ദളിത്‌ പക്ഷത്തിന്റെ ബീജാവാപമെങ്കിലും നടനന്നിരിക്കുന്നത്‌. ദളിത്‌ ബന്ധു എന്‍കെ ജോസിനെ പോലെ ഒരു 'ഔട്ട്‌സൈഡര്‍' ആണ്‌ ഒരു പക്ഷെ, കേരളത്തില്‍ അംബേദ്‌ക്കറെ തുടര്‍ച്ചയായി ചര്‍ച്ച ചെയ്‌തിട്ടുള്ള ഒറ്റപ്പെട്ട വ്യക്തി.

ഡോ.രാം മനോഹര്‍ ലോഹ്യ തന്റെ 'ഹിന്ദുമതം'എന്ന പ്രശസ്‌തമായ ലേഖനം ആരംഭിക്കുന്നത്‌ ഈ ഉന്നം തെറ്റാത്ത വാക്കുകളോടെയാണ്‌..

ഹിന്ദു മതത്തിലെ മൌലിക വാദികളും ഉല്‍പതൃഷ്‌ണുക്കളും തമ്മിലുള്ള യുദ്ധമാണ്‌ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധം. ഈ യുദ്ധം അയ്യായിരം വര്‍ഷങ്ങളായി തുടരുന്നു. ഇതിന്‌ ഒരു പര്യവസാനം ഇനിയും കാണാറായിട്ടില്ല..... ഈ രാജ്യത്ത്‌ നടന്നു കൊണ്ടിരിക്കുന്ന പല സംഭവങ്ങളുടേയും പ്രേരക ശക്തി ഈ നിലക്കാത്ത സംഘട്ടനമാണ്‌.(ജാതിവ്യവസ്ഥ. ഡോ. റാം മനോഹര്‍ ലോഹ്യ)


ഈ മഹായുദ്ധത്തെ ഹിന്ദു-മുസ്ലീം യുദ്ധമായും മറ്റെന്തൊക്കെയോ യുദ്ധങ്ങളായും പ്രച്ഛന്ന വേഷ മണിയിക്കുന്നവരുണ്ട്‌. അംബേദ്‌കറും ഗാന്ധിജിയും ഈ യുദ്ധത്തെ നേര്‍ക്കുനേര്‍ കണ്ടവരും അതില്‍ പങ്കെടുത്തവരുമാണ്‌.



ആരായിരുന്നു ഉല്‍പതിഷ്‌ണു എന്ന്‌ ചരിത്രം തീരുമാനിക്കട്ടെ.


No comments:

Post a Comment