Sunday, November 17, 2013

സിനിമ : ഒട്ടോമോ -വര്‍ണവെറിയുടെ മറ്റൊരു ഇര



വര്‍ണവെറിയുടെ ഇരയായ് നീറിയൊടുങ്ങിയ ഒരു ആഫ്രിക്കന്‍ ആണാളിന്റെ ചരിതം കൂടി വെള്ളിത്തിരയിലെത്തി.  2001 ല്‍ ജര്‍മ്മന്‍ കാരനായ ഫ്രീദര്‍ സ്ലൈഷ് കാഴ്ചയൊരുക്കിയ 'ഒട്ടോമോ' എന്ന സിനിമയാണത്.  പുറത്താക്കപ്പെട്ടവര്‍ക്കും അടിമകള്‍ക്കും അരികുകളിലേക്ക് തള്ളിയൊഴിക്കപ്പെട്ടവര്‍ക്കും ഈ സിനിമയില്‍നിന്ന് പുതിയതായൊന്നും കണ്ടെടുക്കാനാവില്ല. കാരണം അവര്‍ ചെയ്ത സമരങ്ങളുടെ, നേരിട്ട തിരിച്ചടികളുടെ പകര്‍ത്തിവെപ്പ് മാത്രമാണിത്. വെളുത്തവന്‍-സവര്‍ണന്‍-ഉടയോന്‍ എന്നിവര്‍ക്കാകട്ടെ ശാന്തചിത്തരായിരുന്ന് ഒട്ടോമോ കണ്ടുതീര്‍ക്കാനുമാവില്ല. അതിനു ചെലുത്തിയ ശക്തി കണക്കിലെടുക്കുമ്പോള്‍ ഫ്രീദര്‍ സ്ലൈഷ് ഒരു വന്‍ വിജയമാണ്. വര്‍ണവെറി കീഴാളനില്‍ വിനാശകരാമായി പ്രവര്‍ത്തിച്ചതിലൂടെ ഉരുവപ്പെട്ട വന്‍ദുരന്തങ്ങളുടെ നേരേടുകള്‍ മുന്‍പും സിനിമക്ക് വഴിമരുന്നായിട്ടുണ്ടെങ്കിലും ആവിഷ്‌കാരത്തിന് ചെലുത്തപ്പെട്ട ശക്തിയുടെ തോത് വെച്ചുനോക്കുമ്പോള്‍ 'ഒട്ടോമോ' മുന്‍പന്തിയില്‍ നില്‍ക്കുന്നു.

ലൈബീരിയയില്‍ നിന്ന് ഫ്രെഡറിക് ഒട്ടോമോ എന്ന കറുത്ത വര്‍ഗ്ഗക്കാരനായ ചെറുപ്പക്കാരന്‍ കാമറൂണ്‍ വഴിയാണ് ജര്‍മ്മനിയിലെത്തുന്നത്. ഒട്ടോമോയുടെ അച്ഛന്‍ ഒന്നാം ലോക മഹായുദ്ധക്കാലത്ത് ജര്‍മ്മന്‍ മുന്നണിയില്‍ സൈനികസേവനം അനുഷ്ടിച്ചിരുന്നു.  ഈ കാരണത്താല്‍ ഒട്ടോമോക്ക് ജര്‍മ്മന്‍ പൗരത്വം അവകാശപ്പെടാമായിരുന്നു.  പക്ഷേ ഒട്ടോമോയുടെ കൈവശം താല്‍ക്കാലിക പാസ്‌പോര്‍ട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.  കൂലികുറഞ്ഞ ജോലി കിട്ടാന്‍പോലും അത് മതിയാകുമായിരുന്നില്ല. ജോലിക്കുവേണ്ടി കറിയിറങ്ങിയിടത്തുനിന്നെല്ലാം അവഹേളനവും പീഡനവുമാണ് ഒട്ടോമോക്ക് ലഭിച്ചത്. വിലകുറഞ്ഞ ചെരുപ്പ് ഇട്ടുകൊണ്ടുവന്നതിനാല്‍ 'കാട്ടാളന്‍' എന്നുപറഞ്ഞ് അപഹസിക്കുകയും കഴുത്തിന് പിടിച്ച് പുറത്താക്കുകയും ചെയ്തു.  

 ട്രെയിനില്‍ യൊത്രചെയ്യവേ,ടിക്കറ്റ് എക്‌സാമിനര്‍ ഒട്ടോമോയുടെ ടിക്കറ്റ് പിടിച്ചുവാങ്ങുയും ഒരു പ്രദേശത്തുമാത്രമേ അതുകൊണ്ട് സഞ്ചരിക്കാന്‍ കഴിയൂ എന്നുപറഞ്ഞ് തള്ളിപ്പുറത്തിറക്കി. ആ ടിക്കറ്റ് വാങ്ങി പരിശോധിച്ച ഒരു യാത്രക്കാരി അതിന് വിലയുള്ളതാണെന്നു കണ്ടു. എന്നാല്‍ അവരുടെ ഭര്‍ത്താവ് പൊലീസില്‍ പരാതികൊടുത്തപ്പോള്‍ അവര്‍ ഈ വിവരം പറഞ്ഞില്ല. അതോടെ ഒട്ടോമോ നോട്ടപ്പുള്ളിയായി. വാഹനങ്ങളിലും ഹെലിക്കൊപ്റ്ററിലുമായി വര്‍ണവെറിയന്മാര്‍ ഒട്ടോമോയെ വേട്ടയാടാനിറങ്ങി. പകല്‍ വെളിച്ചത്തില്‍ ആ കറുത്തവര്‍ഗ്ഗക്കാരന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഒരു ചായക്കടയില്‍ ഇരുന്ന് കാപ്പികുടിക്കവേ പോലീസ് വളഞ്ഞു. ഒട്ടോമോയുടെ കയ്യില്‍ വെറും കാപ്പിക്കുള്ള കാശുമാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ആ കടയുടെ നടത്തിപ്പുകാരി ഒളിച്ചിരുത്തി ഒട്ടോമോയെ രക്ഷിച്ചു. ജര്‍മ്മനിയില്‍ വന്നിട്ട് ആകെ കിട്ടിയ ദയാവായ്പ് അതുമാത്രമായിരുന്നു.      

അധികം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല ഒട്ടോമോ. പാര്‍ക്കില്‍ വെച്ചുകണ്ടഒരു മദ്ധ്യ വയസ്‌കയേയും അവരുടെ പേരക്കിടാവിനേയും ഒട്ടോമോ പരിചയപ്പെട്ടു. തന്നെ രക്ഷിക്കണമെന്നും ചെറിയ ജോലി എന്തെങ്കിലും തന്ന് സഹായിക്കണമെന്നും ഒട്ടോമോ ആ സ്ത്രീയോട് കേണു. വിശപ്പും അലച്ചിലും അവഹേളനങ്ങളുംകൊണ്ട് തളര്‍ന്ന ഒട്ടോമോയെ സഹായിക്കാന്‍ ആ സ്ത്രീ തയ്യാറായി. കടയില്‍ പോകുന്ന ജോലിചെയ്ത് തങ്ങളോടൊപ്പം തല്‍ക്കാലത്തേക്ക് കഴിഞ്ഞുകൊള്ളാന്‍ പറഞ്ഞ് അവര്‍ ഒട്ടോമോയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഒട്ടോമോ പോകാറുള്ള കടയുടെ ഉടമയോട് പൊലീസുകാര്‍ ചോദിച്ചു, ആ 'കാടന്‍' വല്ല 'അക്രമി' യോ മറ്റോ ആണോ എന്ന്. അല്ല, അതൊരു മിണ്ടാപ്രാണിയാണെന്നും എന്നാല്‍ ബൈബിളിനെക്കുറിച്ച് ചോദിച്ചാല്‍ നാല് മണിക്കൂര്‍ വാതോരോതെ സംസാരിക്കുന്നയാളുമാണ് ഒട്ടോമോ എന്നും കടക്കാരന്‍ മറുപടികൊടുത്തു. ഒട്ടോമോയുടെ രക്ഷകയായ സ്ത്രീ, അയാളെ നെതര്‍ലാന്റിലേക്ക് അയക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. വര്‍ണവെറിയുടെ ദുരിതങ്ങള്‍ അവിടെ തുലോം കുറവാണ്. ഒട്ടോമോ വിട്ടുപോകുന്നതിന്റെ തലേദിവസം പൊലീസ് ആ വീടുവളഞ്ഞു. പോകുന്ന അന്ന് രാവിലെ റെയില്‍വേ സ്‌റ്റേഷനിലെത്താനുള്ള ട്രക്കര്‍ കിട്ടിയില്ല. അതുകൊണ്ട് ഒട്ടോമോ നടന്നുപോയി. അവിടെവെച്ച് പൊലീസ് പിടികൂടി. ഒരുനിവൃത്തിയുമില്ലാത്ത ചുറ്റുപാടില്‍ ഒട്ടോമോ പൊലീസുകാരെ കുത്തിപ്പരുക്കേല്‍പ്പിച്ചു. കരഞ്ഞൂകൊണ്ട് എങ്ങോട്ടെ ന്നില്ലാതെ നടന്നു. നാലടി നടന്നപ്പോഴേക്കും പൊലീസ് ആ പാവത്താനെ വടിവെച്ചു വീഴ്ത്തി. 'കറുത്തവന്റെ ജീവിതമേ നീ എന്ത്?' എന്ന ചോദ്യഭാവത്തിലൊരു നോട്ടമെയ്തുകൊണ്ട് ഒട്ടോമോ വിടവാങ്ങി.


കറുത്തവന്റെ ജീവിതം തങ്ങള്‍ക്ക് ചവിട്ടിമെതിക്കാനുള്ളതാണെന്നുള്ള വര്‍ണവെറിയന്മാരുടെ ധാരണകള്‍ പ്രവര്‍ത്തിച്ചിരുന്ന 1989 ആഗസ്റ്റ് 9 ലെ ഒരുസുപ്രഭാതത്തില്‍ ജര്‍മ്മന്‍ പ്രവിശ്യയായ സ്റ്റുഗാര്‍ത്തിലാണ് യുവ ആഫ്രിക്കന്‍ രക്തമായ ഒട്ടോമോക്ക് ഈ ദുരന്തമുണ്ടാകുന്നത്. ഒട്ടോമോയെ സഹായിക്കാന്‍ തയ്യാറായ മദ്ധ്യവയസ്‌കയുടെ പേരക്കുട്ടി ചോദിക്കുന്നുണ്ട്, എല്ലാ കുട്ടികളും ജനിക്കുമ്പോള്‍ വെളുത്തിരിക്കും എന്ന് എന്റെ അമ്മ പറഞ്ഞുതന്നിട്ടുണ്ട്, ശരിയാണോ എന്ന്. അല്ല കറുത്തവരായി ജനിക്കുന്ന കുട്ടികള്‍ ആഫ്രിക്കയിലുണ്ടെന്ന് പറഞ്ഞ് ഒട്ടോമോ ആ കുട്ടിയുടെ ധാരണകള്‍ തിരുത്തി. എന്നാല്‍ ആ കറുത്ത ജന്മം ആ കാരണങ്ങള്‍ കൊണ്ടുതന്നെ മരണത്തിനിടയാക്കും എന്ന് ഒട്ടോമോക്ക് അറിയില്ലായിരുന്നു.

ഐവറി കോസ്റ്റുകാരനായ ഐസക് ഡി ബങ്കോലെയാണ് ഫ്രെഡറിക് ഒട്ടോമോയെ അവതരിപ്പിക്കുന്നത്. ഐസക് അഭിനയിച്ചു എന്ന് പറയാനാവില്ല. ഒട്ടോമോയായി ജീവിക്കുക തന്നെയായിരുന്നു. ഒട്ടോമോയെ അവതരിപ്പിക്കാന്‍ തങ്ങള്‍ ഏറ്റു വാങ്ങിയിട്ടുള്ള പീഡനങ്ങളുടെ മുറിപ്പാടുകളുമായി ഒരുകറുത്ത വര്‍ഗ്ഗക്കാരനും അഭിനയിക്കേണ്ടി വരില്ല, അതിന് ആവുകയുമില്ല. ഇവ മാറ്റെസ് ആണ് മദ്ധ്യവയസ്‌കയെ അവതരിപ്പിക്കുന്നത്. പടം കാഴ്ചയൊരുക്കിയ ഫ്രീദര്‍ സ്ലൈഷ് അതിനായി ഒട്ടോമോയുടെ ദുരന്തം തെരഞ്ഞെടുത്ത് വളരെ ഗംഭീരമായി ചെയ്തു തീര്‍ത്തിലൂടെ അളവറ്റ ആദരവ് നേടിയിരിക്കുകയാണ്.

No comments:

Post a Comment