Tuesday, November 26, 2013

ഇന്ത്യയെ വേറിട്ടറിഞ്ഞ അംബേഡ്കര്‍ - പ്രൊഫ. ഡോ . ഷാജി പ്രഭാകരന്‍


'കേരള കൌമുദി ദിനപത്രം' 2005 ഏപ്രില്‍ 13.

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യത്തേക്കാളുപരി ഇന്ത്യന്‍ ജനതയില്‍ സാഹോദര്യവും സമത്വവും പുലര്‍ന്നുകാണുന്നതിനു വേണ്ടി യത്‌നിച്ച മഹാത്മാവാണ് ഡോ.ബി.ആര്‍ അംബേദ്കര്‍.

ഹിന്ദുമത ഗ്രന്ഥങ്ങളെ സമഗ്രമായി പഠിച്ച് അതിലെ വൈരുധ്യങ്ങളെ പൊളിച്ചുകൊണ്ടാണ് അംബേദ്കര്‍ രംഗത്തുവന്നത്. അവര്‍ണര്‍ സംസ്‌കൃതം പഠിക്കുന്നത് വിലക്കപ്പെട്ടിരുന്ന കാലത്ത് സ്വകാര്യമായി സംസ്‌കൃതം പഠിച്ച് ഹിന്ദുമതത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങള്‍ വായിച്ചു മനസ്സിലാക്കുക യായിരുന്നു അദ്ദേഹം. 'ഹിന്ദുമതത്തിലെ പ്രഹേളികകള്‍' എന്ന തന്റെ ഗ്രന്ഥം പുറത്തുവരുന്ന ദിവസം താന്‍ വധിക്കപ്പെടുമെന്ന് അദ്ദേഹത്തിനറിയാ മായിരുന്നു. അതിനാല്‍ ആ കൃതി അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മരണശേഷമാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായി മനുസ്മൃതി ചുട്ടുകരിച്ചതും അംബേദ്കറായിരുന്നന്നുവല്ലോ.

ഇന്ത്യയില്‍ അടിമ വര്‍ഗത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി 20ആം നൂറ്റാണ്ടില്‍ നടത്തിയ ഐതിഹാസിക സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അഖിലേന്ത്യാ നേതാക്കള്‍ മൂന്നുപേരാണ്. ഇ.വി.രാമസ്വാമി നായ്കര്‍, അംബേദ്കര്‍, ഡോ.റാം മനോഹര്‍ ലോഹ്യ. അതില്‍ അടിമ വര്‍ഗത്തില്‍ നിന്നെത്തിയ നേതാവ് അംബേദ്കര്‍ മാത്രമാണ്. വ്യക്തിപരമായ അനുഭവസമ്പത്തുമായി സമര രംഗത്തെത്തിയതും അദ്ദേഹം മാത്രമാണ് എന്നതാണ് ജാതിക്കെതിരായി ഏറ്റവും രൂക്ഷമായി പോരാട്ടം നടത്തുവാന്‍ അദ്ദേഹം തയ്യാറായതിന്റെ കാരണം. അദ്ദേഹത്തെ ദൈവമായി അടിമകളുടെ പിന്‍തലമുറ ആരാധിക്കു ന്നതും അതുകൊണ്ടാണ്.

1891 ഏപ്രില്‍ 14ആം തിയതി മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ പെട്ട അംബവാഡി എന്ന സ്ഥലത്ത് പുലയ സമുദായത്തിന് തുല്യമായ മഹര്‍ സമുദായത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഭീമറാവു എന്നായിരുന്നു. പിതാവ് റാംജി സക്പാല്‍.മാതാവ് ഭീമാഭായി. പിതാവിന്റെ പേരില്‍ നിന്നും റാംജി, മാതാവിന്റെ പേരില്‍ നിന്ന് ഭീം, നാടിന്റെ പേരില്‍ നിന്നും അംബേദ്കര്‍ ഇവയെല്ലാം ചേര്‍ന്ന് അദ്ദേഹത്തിന്റെ പേര് ഭീം ഭായി റാംജി അംബേദ്കര്‍ എന്നായി. അയ്യന്റെ മകന്‍ അയ്യങ്കാളിയായതുപോലെ അടിസ്ഥാനവര്‍ഗം എവിടേയും ഒരുപേലെ ചിന്തിക്കുന്നുണ്ടാവാം. 1863ല്‍ വെങ്ങാന്നൂരില്‍ ജനിച്ച അയ്യങ്കാളിയും 1891ല്‍ രത്‌നഗിരിയില്‍ ജനിച്ച അംബേദ്കറും തമ്മില്‍ പേരിലും സമുദായത്തിലും പ്രവൃത്തിയിലുമുള്ള സാദൃശ്യം ശ്രദ്ധേയമാണ്.

1891ല്‍ മഹാരാഷ്ട്രയിലെ ഒരു ചേരിപ്രദേശത്തെ ചെറ്റക്കുടിലില്‍ നിത്യദാരിദ്ര്യത്തിന്റെ നടുവില്‍ ആരും അറിയാതെ ജനിച്ച ഒരു അവര്‍ണ ശിശു 65 വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ വെച്ച് നിര്യാതനായപ്പോള്‍ ഇന്ത്യ മുഴുവനല്ല ലോകം മുഴുവനും അതറിഞ്ഞു: ശ്രദ്ധിച്ചു: അനുശോചിച്ചു.

ഇംഗ്ലീഷ് ഭരണത്തില്‍ കീഴില്‍ ഒരു ഇന്ത്യക്കാരന് ചെന്നെത്താവുന്ന ഏറ്റവും ഉന്നതമായ സ്ഥാനത്ത്, വൈസ്രോയിയുടെ എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ ഇന്ത്യയിലെ ഏത് ബ്രാഹ്മണനേക്കാളും ഉന്നതമായ പദവിയില്‍ അദ്ദേഹം എത്തി. അത് തന്റെ ജനത്തിന് പ്രയോജനകരമാക്കുക, അതുപയോഗിച്ച് അവരുടെ ചങ്ങലകള്‍ പൊട്ടിക്കുക, അതാണ് സ്വാതന്ത്ര്യസമരം എന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. അതിനുവേണ്ടിയാണ് അദ്ദേഹം യത്‌നിച്ചത്.

കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന ആദ്യത്തെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അദ്ദേഹം കൊണ്ടുവന്ന ഹിന്ദുക്കള്‍ക്കെല്ലാം ഒരു നിയമം എന്ന ഹിന്ദു കോഡ് ബില്ല് പാസ്സാവുകയില്ല എന്നു കണ്ടാണ് നെഹ്‌റൃവിന്റെ മന്ത്രിസഭയില്‍ നിന്നും അദ്ദേഹം നിയമവകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചത്. തന്റെ ആദര്‍ശങ്ങള്‍ക്കും തന്റെ ജനങ്ങള്‍ക്കും വേണ്ടി ഏതു സ്ഥാനവും പദവിയും ദൂരെ വലിച്ചറിയാന്‍ അംബേദ്കറിന് ഒരു മടിയുമുണ്ടായിരുന്നില്ല. അംബേദ്കര്‍ ഹിന്ദുകോഡ് ബില്ലിലൂടെ എന്തെല്ലാം ലക്ഷ്യമാക്കിയിരുന്നുവോ അതിന്റെ നേരേ വിപരീതമായ ഒരു ഹിന്ദു കോഡ് പിന്നീട് പാസ്സാക്കുക യാണുണ്ടായത്.

ബ്രിട്ടീഷുകാരില്‍ നിന്ന് ബ്രാഹ്മണരിലേക്ക് അധികാരം കൈമാറുക എന്ന മിനിമം പരിപാടി മാത്രമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത് എന്ന ആക്ഷേപമുണ്ട്. ബ്രിട്ടീഷ് ഭരണം വന്നപ്പോള്‍ ഇന്ത്യയിലെ ബ്രാഹ്മണര്‍ ചിരകാലമായി അനുഭവിച്ചുപോന്ന അധികാരം അവര്‍ക്കു നഷ്ടപ്പെട്ടു. അത് നീക്കം ചെയ്യുവാനാണ് പലരും ആഗ്രഹിച്ചത്. അത് കാണുവാനുള്ള കഴിവ് അംബേദ്കര്‍ക്കുണ്ടായിരുന്നു.

No comments:

Post a Comment