Thursday, November 28, 2013

ആഫ്രിക്കന്‍ മാസ്റ്റര്‍പീസിന് അമ്പത് വയസ് - അഭിലാഷ് ഫ്രേസര്‍('മൂല്യശ്രുതി' മാസികയില്‍ നിന്നും )


ചിന്നുവ അച്ചെബി 
50 വര്‍ഷങ്ങള്‍ക്കു മുമ്പാണ് 1958-ല്‍ അജ്ഞാതനാ യൊരു ആഫ്രിക്കന്‍ എഴുത്തുകാരന്‍ തന്റെ പ്രഥമ നോവല്‍ പ്രസാധനത്തിനായി ലണ്ടനിലേക്ക് കൊടുത്തയച്ചു. നോവലിന്റെ അപ്രകാശിത പ്രതി പ്രസാധകരില്‍ നിന്നു പ്രസാധകരിലേക്കു മാറി മാറി സഞ്ചരിച്ചു. ആഫ്രിക്കന്‍ എഴുത്തുകാര്‍ക്ക് മാര്‍ക്കറ്റില്ലെന്ന കാരണം പറഞ്ഞ് പ്രസാധകര്‍ ഓരോരുത്തരായി നോവലിനെ തിരസ്‌കരിച്ചു. അവസാനം നോവല്‍ ഹെയ്ന്‍മാന്‍ പബ്ലിഷിങ് ഓഫീസിലെത്തി. അവിടെയും കുറേനാള്‍ അത് ആരും തൊടാതെ കിടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പശ്ചിമേഷ്യന്‍ യാത്രക്കുശേഷം തിരിച്ചെത്തിയ വിദ്യാഭ്യാസ ഉപദേശകന്‍ ഡൊണാള്‍ഡ് മക്രേ അവഗണിക്ക പ്പെട്ടു കിടന്ന നോവല്‍ വായിക്കാനിടയായി. നോവല്‍ കമ്പനിയെ തിരികെ ഏല്‍പ്പിക്കു മ്പോള്‍ മക്രേയുടെ ഒരു കുറിപ്പുകൂടി വെച്ചു! ലോക മഹായുദ്ധ ത്തിനുശേഷം ഇത്ര മഹത്തായ ഒരു നോവല്‍ ഞാന്‍ വായിച്ചിട്ടില്ല!

ലോകപ്രശസ്ത ആഫ്രിക്കന്‍ നോവലിസ്റ്റായ ചിന്നുവ അച്ചെബിയുടെ 'Things Fall Apart'(തിങ്‌സ് ഫാള്‍ അപ്പാര്‍ട്ട്) ആയിരുന്നു ആ നോവല്‍. 1958 ജൂണ്‍ 17 ന് തിങ്‌സ് ഫാള്‍ അപ്പാര്‍ന്റെ 2000 കോപ്പികള്‍ ഹെയ്ന്‍മാന്‍ അച്ചടിച്ചു പുറത്തിറക്കി. ഒരു വാക്കുപോലും തിരുത്താതെ,ഒരു വാചകം പോലും വെട്ടിമാറ്റാതെ…

പിന്നീടുള്ള നാളുകള്‍ ചിന്നുവ അച്ചെബിക്കും തിങ്‌സ് ഫാള്‍ അപ്പാര്‍ട്ടിനും (തകര്‍ന്നടിയല്‍ എന്നു പരിഭാഷപ്പെടുത്താം)മഹത്വത്തിലേക്കുള്ള ആരോഹണ ത്തിന്റെ കാലമായിരുന്നു.

ആഫ്രിക്കന്‍ സാഹിത്യത്തിലെ ഏറ്റവും മഹത്തായ പുസ്തകങ്ങളില്‍ ഒന്നായി വാഴ്ത്തപ്പെടുന്ന തിങ്‌സ് ഫാള്‍ അപ്പാര്‍ട്ടിന്റെ 80 ലക്ഷത്തിലധികം പ്രതികളാണ് വിറ്റുപോയത്. 50 ലോകഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള ഈ നോവലിനാണ് ഏറ്റവുമധികം പരിഭാഷക്ക് വിധേയമായിട്ടുള്ള ആഫ്രിക്കന്‍ പുസ്തകം എന്ന റെക്കോര്‍ഡ്. ആഫ്രിക്കയില്‍ മാത്രമല്ല അമേരിക്കയിലും യൂറോപ്പിലും ആസ്‌ത്രേലിയയിലും ഇന്ത്യയിലുമൊക്കെ 'തിങ്‌സ് ഫാള്‍ അപ്പാര്‍ട്ട്' ഏറെ വായിക്കപ്പെടുകയും പഠനവിഷയമാകുകയും ചെയ്തിട്ടുണ്ട് 'അത്യുജ്വലമായ നോവല്‍'  എന്നാണ്  'ദി ഒബ്‌സര്‍വര്‍'  പത്രം വിശേഷിപ്പിച്ചത്. 'ഒരു ആഫ്രിക്കക്കാരന്റെ ഏറ്റവും പ്രശസ്തമായ ഇംഗ്ലീഷ് നോവല്‍'  എന്നു പറഞ്ഞത് ഡൊണാള്‍ഡ് ഹെര്‍ഡെക്. ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തി ന്റെ ഉപജ്ഞാതാവായിട്ടാണ് ചിന്നുവ അച്ചെബി വാഴ്ത്തപ്പെടുന്നത്

ഇംഗ്ലീഷ് കവിയായ W.B.യേറ്റ്‌സിന്റെ  'ദ സെക്കന്റ് കമിംങ്'  എന്ന കവിതയിലെ  'Things fsll apart;the centre Cannot hold…..' എന്ന വരിയില്‍ നിന്നാണ് ചിന്നുവ അച്ചെബി തന്റെ നോവലിന് പേര് സ്വീകരിച്ചിട്ടുള്ളത്. വിലപ്പെട്ട തായി കരുതിവെച്ചവയുടെ തകര്‍ന്നടിയല്‍ ധ്വനിപ്പിക്കുന്നു ആ പേര്.

ഒകോംക്വായുടെ കഥ,ഗോത്രസംസ്‌കാരത്തിന്റേയും

ആഫ്രിക്കന്‍ ഗോത്രപാരമ്പര്യങ്ങളുടെ തകര്‍ച്ചയുടെ കഥയാണ് തിങ്‌സ് ഫാള്‍ അപ്പാര്‍ട്ട് പറയുന്നത്. നൈജീരിയായിലെ ഇബോ ഉമോഫിയ ഗോത്രത്തിലെ കരുത്തനായ നേതാവാണ് ചേന കര്‍ഷകനായ ഒകോംക്വോ. മഹത്തായ പാരമ്പര്യം സൂക്ഷിക്കുന്ന, സാമൂഹ്യമായി പുരോഗമിച്ച ശക്തമായ ഗോത്രമാണ് ഉമോഫിയ. ഒകോംക്വോ ഇല്ലായ്മയില്‍ നിന്ന് ഉന്നതങ്ങളില്‍ എത്തിയവനാണ്. അലസനായ ഒരു പുല്ലാംകുഴല്‍ വായനക്കാരനായിരുന്ന ഒകോംക്വോയുടെ പിതാവ് കുടുംബത്തിന് ഏറെ കടബാധ്യതകള്‍ ഉണ്ടാക്കി ക്കൊടുത്തിരുന്നു. ഒരിക്കലും അപ്രകാര മാകരുത് എന്ന പ്രതിജ്ഞാ ബദ്ധതയാണ് ഒകോംക്വോയെ കരുത്തനാക്കിയത്.


ഒരുദിവസം ഉമോഫിയ ഗോത്രക്കാര്‍ക്കെതിരേ മറ്റൊരു ഗോത്രം ഒരപരാധം ചെയ്തു.പാപപരിഹാരമായി ആ ഗോത്രം ഉമോഫിയക്കാര്‍ക്ക് ഒരു കന്യക യേയും ഒരാണ്‍കുട്ടിയേയും കാഴ്ച നല്‍കുന്നു.കന്യക അപരാധത്തി നിരയായ വന്റെ ഭാര്യയും, ആണ്‍കുട്ടി ബലിവസ്തുവും ആകുന്നു. ബലിയര്‍പ്പണത്തിന് ഒരുക്കമായുള്ള മുന്നു വര്‍ഷങ്ങള്‍ ഇകെമിഫുന എന്ന ആണ്‍കുട്ടി ഒകോംക്വോ യുടെ ഭവനത്തില്‍ ജീവിക്കുന്നു.


മൂന്നു വര്‍ഷം കൊണ്ട് ഇകെമിഫുന ഒകോംക്വോയുടെ കുടുംബത്തിന് പ്രിയപ്പെട്ടവനായിത്തീരുന്നു. പ്രത്യേകിച്ച് ഒകോംക്വോയുടെ മകന്‍ ന്വോയെ അവന്‍ സ്വന്തം സഹോദരനെ പോലെ സ്‌നേഹിക്കുന്നു. എന്നാല്‍ മുന്നു വര്‍ഷം തികയുമ്പോള്‍ കുട്ടിയുടെ ബലിക്കുവേണ്ടിയുള്ള വെളിച്ചപ്പാടിന്റെ കല്‍പ്പന യുയരുന്നു.

ഗോത്ര പുരുഷന്മാര്‍ ചേര്‍ന്ന് ഇകേമിഫുനയെ കാട്ടില്‍ കൊണ്ടുപോയി ബലികഴിക്കുന്നു. ന്വോയുടെ ഹൃദയം തകരുന്നു. ഒകോംക്വോയും വല്ലാതെ ഉലഞ്ഞു പോകുന്നുന്നു ണ്ടെങ്കിലും തന്റെ ആര്‍ദ്രത പുറത്ത് കാണിക്കാതെ അയാളും കൊലപാതകത്തില്‍ പങ്കുചേരുന്നു. 

ഒകോംക്വോ തന്റെ രണ്ടാം ഭാര്യയുടെ മകളായ എഡ്വിന്‍മയെ  അത്യധികം സ്‌നേഹിച്ചിരുന്നു. ഒരിക്കല്‍ എഡ്വിന്‍മയെ ഗോത്രത്തിലെ വെളിച്ചപ്പാട് ഭൂമിദേവതയുമായി ഒരു ആത്മീയാ ഭിമുഖത്തിലേക്ക് നയിക്കുന്നു. ഒകോംക്വോ യും ഭാര്യയും അതിന് സാക്ഷികളാകുന്നു. മറ്റൊരിക്കല്‍, ഒരു ഗോത്ര പ്രധാനി യുടെ ശവ സംസ്‌കാര വേളയില്‍ ഒകോംക്വോയുടെ തോക്കില്‍ നിന്ന് അബദ്ധ ത്തില്‍ ഒരു വെടിപൊട്ടി ഒരു കുട്ടി കൊല്ലപ്പെടുന്നു. ശിക്ഷയായി ഒകോംക്വോ യും കുടുംബവും ഏഴു വര്‍ഷത്തേക്ക് ഗോത്രത്തില്‍ നിന്ന് ബഹിഷ്‌കൃതരാകുന്നു.

സ്വന്തം വിധികളെ നിയന്ത്രിക്കുന്നത് മനുഷ്യന്‍ തന്നെയാണെന്ന ഒകോംക്വോ യുടെ വിശ്വാസത്തിനു വിള്ളല്‍ വീഴുന്നു. കുടുംബത്തോടൊപ്പം അയാല്‍ എംബാന്റയിലുള്ള മാതൃഭവനത്തിലേക്ക് പലായനം ചെയ്യുന്നു. അവിടെ അവര്‍ക്ക് നല്ല സ്വീകരണം ലഭിക്കുന്നു.

അവരുടെ പ്രവാസ കാലത്ത് ഉമോഫിയയിലും എംബാന്റയിലും വെള്ളക്കാര്‍ എത്തുന്നു. അവര്‍ക്കൊപ്പം പുതിയ മതം പ്രസംഗിച്ചുകൊണ്ട് മിഷണറിമാരും. ന്വോയെ പുതിയ മതം സ്വീകരിക്കുന്നു.അതറിഞ്ഞ ഒകോംക്വോ അവനെ മര്‍ദ്ദിക്കുന്നു. ന്വോയെ വീടുപേക്ഷിച്ചു പോകുന്നു.

പലര്‍ക്കും ഗോത്രാചാരങ്ങളോട് എതിര്‍പ്പു തുടങ്ങുന്നു. ആയുധത്തിന്റെ പിന്‍ബലത്തില്‍ വെള്ളക്കാര്‍ ഉമോഫിയയുടെ ഭരണം കയ്യേറുന്നു. ഗോത്രത്തി ന്റെ അധികാരവും സ്വാതന്ത്ര്യവും നഷ്ടമാകുന്നു. വെള്ളക്കാരനായ ജില്ലാ കമ്മീഷണര്‍ ഒകോംക്വോ അടക്കമുള്ള ഗോത്രത്തലവന്മാരെ സമാധാന സംഭാഷണമെന്ന വ്യാജേന ക്ഷണിക്കുകയും അവിടെ വെച്ച് അവരെ പിടിച്ച് തടവിലാക്കുകയും ചെയ്യുന്നു.

തടവറയില്‍ നിന്ന് സ്വതന്ത്രരാക്കപ്പെടുന്ന നേതാക്കന്മാര്‍ക്ക് മുന്നില്‍ ഇനി രണ്ടു വഴികളാണുള്ളത്: ഒന്നുകില്‍ വെള്ളക്കാര്‍ക്കൊപ്പം സമാധാനത്തില്‍ ജീവിക്കു ക. അല്ലെങ്കില്‍ യുദ്ധം ചെയ്യുക.ഒകോംക്വോ യുദ്ധമാണ് ആഗ്രഹിക്കു ന്നത്. ഗോത്ര സമ്മേളനത്തിനു നടുവിലേക്ക് കടന്നുവരുന്ന കോടതിയുടെ ദൂതന്‍ സമ്മേളനം പിരിച്ചുവിടാന്‍ ആവശ്യപ്പെടുന്നു.ഗോത്രങ്ങളുടെ ജീവനാഡിയായ ഗോത്രസമ്മേളനങ്ങളുടെ മേലുള്ള കടന്നുകയറ്റം ഗോത്രസ്വാതന്ത്ര്യത്തിന്റെ അന്ത്യമണി മുഴങ്ങുന്നതിന്റെ സൂചനയാണെന്നു തിരിച്ചറിയുന്ന ഒകോംക്വോ രോഷാകുലനായി ദൂതനെ വധിക്കുന്നു. മറ്റു ദൂതന്മാര്‍ ഓടി രക്ഷപ്പെടുന്നു. മറ്റുള്ള ഗോത്രത്തലവന്മാരാരും തന്റെ വഴി പിന്‍തുടരുകയില്ലെന്നും വെള്ളക്കാര്‍ക്ക് കീഴടങ്ങാനാണ് അവരുടെ തീരുമാനമെന്നും നിരാശയോടെ തിരിച്ചറിയുന്ന ഒകോംക്വോ മനസ്സു തകര്‍ന്ന് ആത്മാഹൂതി ചെയ്യുന്നു. ജില്ലാ കമ്മീഷണര്‍ അനുചരന്മാര്‍ക്കൊപ്പം എത്തി ഒകോംക്വോയുടെ ജഡം താഴെയിറ ക്കുന്നുപിന്നീട് അയാള്‍ എഴുതുന്ന പുസ്തകത്തില്‍ ഒകോംക്വോ യുടെ സമൂഹത്തെപ്പറ്റി വിമര്‍ശനാത്മകമായ ചില കുറിപ്പുകള്‍ എഴുതിച്ചേര്‍ക്കുന്നു.

ചരിത്രവും ആത്മാംശവും

1890-കളാണ് നോവലിലെ കാലഘട്ടം. നൈജീരിയായിലെ നീജര്‍ നദിയുടെ കിഴക്കന്‍ തീരത്തുള്ള ഒനിറ്റ്ഷക്കടുത്തു തന്നെയാണ് കഥയിലെ ഉമോഫിയ. അച്ചെബിയുടെ ജനന സ്ഥലമായ ഒജിഡിയിലേതിനു സമാനമാണ് നോവലില്‍ ചിത്രീകരിച്ചിരിക്കുന്ന സംസ്‌കാരം. 20ആം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സ്ഥലം കയ്യേറിയ ബ്രിട്ടീഷുകാര്‍ അച്ചെബിയുടെ ജനനവര്‍ഷമായ 1930 ആയപ്പോഴേക്കം വേരുറപ്പിച്ചിരുന്നു. ഒജിഡിയില്‍ ആദ്യമായി പുതിയ മതം സ്വീകരിച്ചവരില്‍ ഒരാള്‍ അച്ചെബിയുടെ പിതാവായിരുന്നു. നോവലിലെ ന്വോയയെ പോലെ അച്ചെബിയും ഒരു അനാഥനായിരുന്നു. മുത്തച്ഛനാണ് അയാളെ വളര്‍ത്തിയത്. ക്രിസ്തുമതത്തിലേക്കുള്ള അച്ചെബിയുടെ പരിവര്‍ത്തനത്തെയും ക്രിസ്തീയ രീതിയിലുള്ള വിവാഹത്തേയും മുത്തച്ഛന്‍ ഹൃദയപൂര്‍വം അനുവദിച്ചു കൊടുത്തു.

ആഫ്രിക്കയുടെ ആത്മാവറിഞ്ഞ എഴുത്തുകാരന്‍.

നൈജീരിയായിലെ നെയോബിയിലെ ഇബ്രോ ഗ്രാമത്തില്‍ 1930 നവംബര്‍ 16-നാണ് ചിന്നുവ അച്ചെബി പിറന്നത്.ചിന്നുവയുടെ മാതാപിതാക്കള്‍ ആഫ്രിക്കന്‍ ഗോത്ര സംസ്‌കാരത്തിന്റേയും ക്രൈസ്തവ സ്വാധീനത്തിന്റേയും സംഗമ ഭൂമിയിലാണ് വസിച്ചിരുന്നത്. അച്ചെബിയില്‍ ഇതിന്റെ സ്വാധീനം വലുതായിരുന്നു.

പഠിക്കാന്‍ ബഹു മിടുക്കനായിരുന്നു ചിന്നുവ. ഷേക്‌സ്പിയറുടേതുള്‍പ്പെടെ യുള്ള ഇംഗ്ലീഷ് സാഹിത്യ ക്ലാസിക് കൃതികള്‍ വായിച്ചിരുന്നു. ചിന്നുവയുടെ സ്‌കൂള്‍ വിദ്യാഭ്യാസക്കാലത്ത് ആഫ്രിക്കന്‍ സംസ്‌കാരത്തിന്റെ മേലും ബ്രിട്ടീഷുകാര്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്ക് സാക്ഷിയായി. ഒരിക്കല്‍, ഇബോ ഭാഷയില്‍  'സോപ്പു തരൂ'  എന്നു പറഞ്ഞതിന് തന്നെ സ്‌കൂള്‍ അധികൃതര്‍ ശിക്ഷിച്ച കഥ ചിന്നുവ അനുസ്മരിക്കുന്നുണ്ട്.
സ്‌കൂള്‍ ലൈബ്രറി മുഴുവന്‍ അരിച്ചുപെറുക്കിയിരുന്ന അച്ചെബി ബുക്കര്‍ ടി വാഷിംങ്ടന്റെ  'Up from Slevery' വായിക്കാനിടയായി. യാഥാര്‍ഥ്യത്തിന്റെ മറ്റൊരു മുഖം കണ്ടുവെന്നാണ് ചിന്നുവ പിന്നീട് ഇതേപ്പറ്റി പറഞ്ഞത്. പരമ്പരാഗത ആഫ്രിക്കന്‍ സമൂഹത്തിന്റെ മൂല്യങ്ങളും അവയുടെ മേലുള്ള പാശ്ചാത്യ സ്വാധീനവുമായിരുന്നു ചിന്നുവയുടെ വിഷയങ്ങള്‍. 'ബ്രിട്ടീഷുകാര്‍ വരുന്നതിനു മുമ്പ് എന്റെ ദേശത്തിന്റെ ഇന്നലെകള്‍ അപരിഷ്‌കൃതത്വത്തി ന്റെ ഇരുളിലായിരുന്നില്ലെന്ന് കാണിച്ചു കൊടുക്കാന്‍ എന്റെ കൃതികള്‍ക്ക് കഴിയുന്നുവെങ്കില്‍ അതുകൊണ്ടുമാത്രം ഞാന്‍ തൃപ്തിയടഞ്ഞുകൊള്ളാം' .ചിന്നുവ അച്ചെബി ഒരിക്കല്‍ പറഞ്ഞു.

ഒരു അപകടത്തില്‍ പെട്ട് അരക്കു താഴേക്ക് തളര്‍ന്നുപോയ ചിന്നുവയുടെ തൂലിക പക്ഷേ,ശക്തമാണ്. ഇരുണ്ട ആവരണത്തിനുള്ളില്‍ ജ്വലിക്കുന്ന ആഫ്രിക്കന്‍ ചേതനയുടെ തെളിമ പോലെ….. 

No comments:

Post a Comment