Monday, November 25, 2013

പുസ്തകം: സാധുജന പരിപാലന സംഘത്തിന്റെ ചരിത്രം; ചില വിയോജനക്കുറിപ്പുകള്‍ - ടി കെ അനിയന്‍


ടി കെ അനിയന്‍ 
അവതാരികയില്‍ നിന്ന്.....

കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്‌ പലകാര്യങ്ങളിലും വേറിട്ട്‌ നില്‍ക്കുന്നു എന്നത്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്‌തുതയാണ്‌. ജീവിതത്തിന്റെ ചില ഭൗതിക അടയാളങ്ങളിലും - വിദ്യാഭ്യാസം, ആരോഗ്യം, ജനന മരണ നിരക്ക്‌, ആയുര്‍ദൈര്‍ഘ്യം, സംഘങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും രാഷ്ട്രീയ ത്തോടുള്ള കാഴ്‌ചപ്പാടിലും പൊതുമണ്ഡല ത്തിന്റെ വളര്‍ച്ചയിലുമൊക്കെ ഇതിന്റെ പ്രതിഫലനം നമുക്ക്‌ കാണാം.

മുകളില്‍ പറഞ്ഞവയില്‍, ശക്തമായ പൊതുമണ്ഡലത്തിന്റെ വളര്‍ച്ച പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. കേരളത്തില്‍ ജനാധിപത്യ സംസ്‌കാരം വളര്‍ത്തുന്നതിനും പുഷ്ടിപ്പെടുത്തുന്ന തിനും ഇത്‌ വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌. രാഷ്ട്രീയത്തേയും സാമൂഹിക - സാമ്പത്തിക ബന്ധങ്ങളേയും ഇളക്കിമറിച്ച്‌ ഒരു പുതിയ അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുവാന്‍ പൊതു മണ്ഡലത്തിന്റ ഈ വളര്‍ച്ച ഉതകി. കാര്യങ്ങളെ യുക്തിസഹ മായി വ്യവഛേദിക്കുവാനും വിമര്‍ശനപരമായി വിലയിരുത്താ നും മലയാളി അഭ്യസിച്ചത്‌ ഇതിലൂടെയാണ്‌.

ഇക്കാര്യങ്ങളിലെല്ലാം ഏറ്റവുമധികം പങ്കുവഹിച്ചവയാണ്‌ നവോത്ഥാന പ്രസ്ഥാനങ്ങള്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മലയാളിയെ മനുഷ്യനാക്കി മാറ്റി ഇവ. രാഷ്ട്രീയത്തിന്‌ സാമൂഹ്യ ഘടകങ്ങെളെയോ, സാമൂഹ്യഘടകങ്ങള്‍ക്ക്‌ രാഷ്ട്രീത്തെയോ നിയന്ത്രിക്കുവാന്‍ പോയിട്ട്‌ സ്വാധീനിക്കുവാന്‍ പോലും കഴിവില്ലാതിരുന്നൊരു ഘട്ടം ജാതിവ്യവസ്ഥയുടെ ഫലമായി നമ്മുടെ രാജ്യത്ത്‌ നിലനിന്നിരുന്നു എന്ന വസ്‌തുത ഇവിടെ നാം ഓര്‍ക്കണം. ഇതിനെ തലകീഴായി മാറ്റി മറിച്ച്‌ രാഷ്ട്രീയത്തെ സാമൂഹിക ഘടകങ്ങള്‍ക്ക്‌ വിധേയമാക്കുവാന്‍ - ഒരര്‍ത്ഥത്തില്‍ സാമൂഹികം തന്നെ രാഷ്ട്രീയമായി മാറി (Socizl became the political ) മലയാളി സമൂഹത്തിനായത്‌ നവോത്ഥാനങ്ങലിലൂടെയാണ്‌.

കേരളത്തിന്റെ ഈ ഭാവപ്പകര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തിയാണ്‌ അയ്യന്‍കാളി. അദ്ദേഹം ബീജാപാവം ചെയ്‌ത സാധുജന പരിപാലന സംഘം ഇതിന്റെ ഗതിവിഗതികളെ നല്ലൊരളവോളം നിയന്ത്രിക്കുകയും ചെയ്‌തു. നമ്മുടെ സംസ്ഥാന ത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ അയ്യന്‍കാളിയും അദ്ദേഹ ത്തിന്റെ പ്രസ്ഥാനവും നല്‍കിയിട്ടുള്ള സംഭാവനകള്‍ മലയാളികള്‍ യഥാവിധി അറിയുകയും അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ടോ എന്നത്‌ സംശയമാണ്‌. സമൂഹം അതിന്റെ പുറംപോക്കില്‍ നിര്‍ത്തിയിരുന്നൊരു വ്യക്തിക്ക്‌ എല്ലാ വേലിക്കെട്ടുകളും തകര്‍ത്തെറിഞ്ഞ്‌ (സമൂഹത്തിന്റെ ) അകത്തളങ്ങളെ ഇളക്കിമറിക്കാന്‍ കഴിഞ്ഞിരുന്നു എന്നിടത്താണ്‌. അയ്യന്‍കാളിയുടെ മഹത്വം കുടികൊള്ളുന്നത്‌. അദ്ദേഹം കേരളത്തിന്റെ പുരോഗതിക്കു നല്‍കിയ ഈ സംഭാവനയെ വേറിട്ടൊരു കാഴ്‌ചപ്പാടില്‍ കാണാനുള്ളൊരു ശ്രമമാണ്‌ ഈ പുസ്‌തകത്തിലൂടെ ടി കെ അനിയന്‍ നടത്തുന്നത്‌. ഇക്കാര്യത്തില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്‌. കേരളീയ നവോത്ഥാനത്തിന്റെ ചില അറിയപ്പെടാത്ത ഏടുകളിലേക്ക്‌ വെളിച്ചംവീശുന്ന ഈ ഗ്രന്ഥത്തെ വായനക്കാരുടെ മുന്നില്‍ സമര്‍പ്പിക്കാന്‍ എനിക്ക്‌ അതിയായ സന്തോഷമുണ്ട്‌. - ഡോ. ജെ പ്രഭാഷ്‌.

ഗ്രന്ഥകര്‍ത്താവിന്റെ വാക്കുകള്‍.........

ഈ പുസ്‌തകം അയ്യന്‍കാളി ചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്നതോടൊപ്പം തന്നെ അയ്യന്‍കാളിയെ കുറിച്ച്‌ ടി എച്ച്‌ പി ചെന്താരശ്ശേരി , ദലില്‌ ബന്ധു എന്‍ കെ ജോസ്‌ തുടങ്ങിയവര്‍ പുറത്തിറക്കിയിട്ടുള്ള ഗ്രന്ഥങ്ങളെക്കുറിച്ചുള്ള വിമര്‍ശനാത്മകമായ വിലയിരുത്തല്‍ കൂടിയാണ്‌. പൊതുജന സമക്ഷം ഞാനവതരി പ്പിക്കുന്നു. ഇതില്‍ ആര്‍ട്ടിസ്റ്റ്‌ എസ്‌ പി വിജയ്‌, വിജയ്‌ ആര്‍ട്ട്‌സ്‌ വട്ടിയൂര്‍ക്കാവ്‌ വരച്ചിട്ടുള്ള ചില ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്‌. വിജയന്‌ നന്ദി. കേരള യൂണിവേഴ്‌സിറ്റി പ്രോ വൈസ്‌ ചാന്‍സ്‌ ലര്‍ ഡോ പ്രഭാഷ്‌ എഴുതിത്തന്ന അവതാരിക ഈ ഗ്രന്ഥത്തിന്‌ പ്രത്യേക പ്രൗഢതയും അന്തസും പകര്‍ന്നു നല്‍കുന്നു. അദ്ദേഹ ത്തോടുള്ള എന്റെ നന്ദി അളവറ്റതാണ്‌. ഈ പുസ്‌തകം മനോഹരമായി അച്ചടിച്ചുതന്ന അക്ഷരാ ഓഫ്‌സെറ്റിനോടും നന്ദി. വി കെ നാരായണന്‍, മുന്‍ പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്ടര്‍, അനിരുദ്ധന്‍ സബ്‌ എഡിറ്റര്‍ സര്വവിജ്ഞാനകോശം എന്നിവര്‍ ഈ ഗ്രന്ഥം പരിശോധിക്കുകയുണ്ടായി. അവരോടുള്ള നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. ഈ പുസ്‌തകത്തോടൊപ്പം ടി കെ അനിയന്‍ 2010 ജൂണില്‍ പ്രസിദ്ധീകരിച്ച 'യുഗപ്രഭാവന്‍ അയ്യന്‍കാളി - ഒരു പുനര്‍വായന' എന്ന കൃതിയും കൂടി വായിക്കുക. അയ്യന്‍കാളിയെ കുറിച്ച്‌ പ്രചരിക്കുന്ന 'കെട്ടുകഥകള്‍' മനസ്സിലാക്കാന്‍ അത്‌ പ്രയോജനപ്പെടും. - ടി കെ അനിയന്‍

(ഡൌണ്‍ലോഡ്)

No comments:

Post a Comment