Wednesday, November 20, 2013

ഡോ. വി വി വേലുക്കുട്ടി അരയന്‍ സമുദായ നവീകരണത്തിലെ ശുക്രനക്ഷത്രം -ഡോ.വള്ളിക്കാവ്‌ മോഹന്‍ദാസ്‌.


വേലുക്കുട്ടി അരയന്‍
സ്വാതന്ത്ര്യസമര സേനാനി, തിരുവിതാംകൂര്‍ സ്‌റ്റേറ്റ്‌ കോണ്‍ഗ്രസ്‌ നേതാവ്‌, അയിത്തോച്ചാടന പ്രക്ഷോഭ നേതാവ്‌, കേരളീയ നവോത്ഥാന നായകന്‍, നിര്‍ഭയനായ പത്രാധിപര്‍, പദ്യഗദ്യകളില്‍ പ്രാഗത്ഭ്യം തെളിയിച്ച സാഹിത്യകാരന്‍, തന്റേടിയായ നിരൂപകന്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌, തിരുവിതാംകൂര്‍ രാഷ്ട്രീയ സഭയുടെ സ്ഥാപക നേതാവ്‌, നിരവധി ട്രേഡ്‌ യൂണിയനുകളുടെ നേതാവ്‌, വൈജ്ഞാനിക ശാസ്‌ത്രരംഗങ്ങളിലെ പ്രഗത്ഭന്‍, ഗവേഷകന്‍, അലോപ്പതി - ആയുര്‍വേദം - ഹോമിയോ വിഭാഗങ്ങളിലെ ഭിഷഗ്വരന്‍, പ്രഭാഷകന്‍, യുക്തിവാദി, കലാകാരന്‍ സംഘാടകന്‍, ഹാസ്യസാഹിത്യകാരന്‍, കാര്‍ട്ടൂണിസ്റ്റ്‌ ചിത്രകാരന്‍ തുടങ്ങി വിഭിന്ന രംഗങ്ങളില്‍ ഉജ്വലമായ സംഭാവനകള്‍ നല്‍കി സാമുദായിക നവീകരണത്തിലെ ശുക്ര നക്ഷത്രമായി തെളിഞ്ഞ ഡോ വി വി വേലുക്കുട്ടി അരയന്റെ ജീവിതം വര്‍ത്തമാന കാലവും വരും കാലവും മാതൃകയാക്കേണ്ടതുണ്ട്‌. എന്നാല്‍ കേരള ചരിത്രത്തില്‍ ആ മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ സംഭാവനകള്‍ വേണ്ടവിധം രേഖപ്പെടുത്താതെ പോയി. കരുനാഗപ്പള്ളി ആലപ്പാട്ട്‌ അരയനാണ്ടി വിളാകത്ത്‌ കുടുംബത്തില്‍ 1894 മാര്‍ച്ച്‌ 11 നാണ്‌ വേലുക്കുട്ടി അരയന്‍ ജനിച്ചത്‌. അഞ്ചാം വയസില്‍ സംസ്‌കൃത വിദ്യാഭ്യാസവും 12ആം വയസില്‍ ചാവര്‍കോട്ട്‌ വൈദ്യന്മാരില്‍ നിന്നും ആയുര്‍വേദ പഠനവും ആരംഭിച്ചു. പിന്നീട്‌ ശാസ്‌ത്രി പരീക്ഷ പാസായി ആ യുവാവ്‌ പരവൂര്‍ കേശവനാശാന്റെ ഗുരുകുലത്തില്‍ ഉപരിപഠനത്തിനായി എത്തി. ഇതിനിടയില്‍ കേരള തീരത്തെ ആദ്യത്തെ ഗ്രന്ഥശാല 1908ല്‍ 14ആം വയസില്‍ ചെറിയഴീക്കലില്‍ വിജ്ഞാന സന്ദായിനി എന്ന നാമത്തില്‍ ആരംഭിച്ച്‌ ചരിത്രം സൃഷ്ടിക്കുകയും ചെയ്‌തു. പരവൂരില്‍ ശ്രീനാരായണ ഗുരു, സി കേശവന്‍, സി കൃഷ്‌ണന്‍ വൈദ്യര്‍, സി വി കുഞ്ഞുരാമന്‍, കുമാരനാശാന്‍, കെ സി കേശവപിള്ള എന്നിങ്ങനെ എത്രയോ മഹാരഥന്മാരുമായി ഗാഢബന്ധം പുലര്‍ത്തുവാന്‍ വേലുക്കുട്ടി അരയനു സാധിച്ചു. കേശവനാശാന്റെ സുജനനാന്ദിന പത്രത്തില്‍ സഹപത്രാധിപരായി പ്രവര്‍ത്തിക്കുവാന്‍ പഠനത്തിനൊപ്പം കഴിഞ്ഞതിലൂടെ വേലുക്കുട്ടി അരയനില്‍ ഒരു എഴുത്തുകാരന്റെയും പത്രപ്രവര്‍ത്തകന്റേയും പ്രതിഭ തിളങ്ങുവാന്‍ തുടങ്ങി. സംസ്‌കൃതം ഇംഗ്ലീഷ്‌ ആയുര്‍വേദം എന്നീ വിഷയങ്ങളില്‍ മെച്ചപ്പെട്ട ജ്ഞാനം 18 വയസിനു മുമ്പുതന്നെ വേലുക്കുട്ടി അരയന്‍ നേടി. ചാവര്‍കോട്ടുനിന്നും ആയുര്‍വേ ദത്തിലും കല്‍ക്കത്തയില്‍ നിന്നും ഹോമിയോപ്പതിയിലും ബിരുദം നേടിയ അദ്ദേഹം മദിരാശിയില്‍ നിന്നും ഫിഷറീസ്‌ സയന്‍സ്‌, അലോപ്പതി, നിയമം എന്നിവ പഠിച്ചു. നാട്ടില്‍ തിരികെ എത്തുമ്പോള്‍ 3 വൈദ്യശാസ്‌ത്ര മേഖലകളിലും പ്രാവീണ്യം നേടി ഡോക്ടറായി മാറിയ അദ്ദേഹം നാട്ടുകാര്‍ക്കു മുഴുവന്‍ ആശ്രയമായി, അത്താണിയായി.

സമ്പത്ത്‌, വിദ്യാഭ്യാസം, സ്വതന്ത്ര ജീവിതം, ഉദ്യോഗങ്ങള്‍ എന്നിവയിലെല്ലാം പിന്നോക്കം നിന്ന ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ അരയസമൂഹത്തിന്‌ സംഘടിച്ച്‌ ശക്തി നേടുന്നതിനായി ഒരു വേദി എന്ന നിലയില്‍ 1916ല്‍ ഡോക്ടര്‍ അരയന്‍, ജന്മ നാടായ ചെറിയഴീക്കല്‍ 'അരയവംശപരി പാലനയോഗം' സ്ഥാപിച്ചപ്പോള്‍ അത്‌ ചരിത്രത്തിലെ നാഴികക്കല്ലാ യിത്തീര്‍ന്നു. പരിമിത യാത്രാ സൗകര്യങ്ങള്‍ മാത്രമുള്ള കേരളത്തിലെ തീരപ്രദേശങ്ങളിലുടനാളം സഞ്ചരിച്ചുകൊണ്ട്‌ കന്യാകുമാരിമുതല്‍ കാസര്‍കോടുവരെയുള്ള അരയ സമുദായത്തെ ഒരു കുടക്കീഴിലാക്കി ഡോക്ടര്‍ വേലുക്കുട്ടി അരയന്‍ 1919ല്‍ 'സമസ്‌ത കേരളീയ അരയമഹാജന യോഗം' രൂപീകരിച്ചു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്‍ സുഗുണാനന്ദസ്വാമികള്‍ അധ്യക്ഷനായും ഡോക്ടര്‍ വേലുക്കുട്ടി അരയന്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുകൊണ്ട്‌ യോഗം മുന്നേറി.

കേരളത്തിന്റെ പൊതുജീവിതത്തില്‍ അക്കാലത്ത്‌ ഉദയം കൊണ്ട വിവിധ സാമൂഹ്യ - രാഷ്ട്രീയ പ്രസ്ഥനങ്ങളില്‍ മുന്‍കൈ പ്രവര്‍ത്തനം നടത്തിക്കൊണ്ട്‌ ഡോ.വേലുക്കുട്ടി അരയന്‍ നവോത്ഥാന നായകസ്ഥാനത്തേക്ക്‌ ഉയരുന്നതാണ്‌ പിന്നീട്‌ മലയാളം കണ്ടത്‌. 1920 ല്‍ രൂപീകരിക്കപ്പെട്ട തിരുവിതാംകൂറിലെ ആദ്യത്തെ രാഷ്ട്രീയ പ്രസ്ഥാനമായ 'തിരുവിതാംകൂര്‍ രാഷ്ട്രീയ മഹാസഭ'യുടെ സ്ഥാപകനേതാവായും 1924-25 കാലഘട്ടത്തിലെ അയിത്തോച്ചാടന പ്രക്ഷോഭമായ വൈക്കം സത്യാഗ്രഹത്തിലെ നെടുനായകനായും ഡോ. വേലുക്കുട്ടി അരയന്‍ പ്രവര്‍ത്തിച്ചു. ടി കെ മാധവന്‍, കെ പി കേശവമേനോന്‍, മന്നത്തു പത്മനാഭന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, സി വി കുഞ്ഞുരീമന്‍, കെ കേളപ്പന്‍ തുടങ്ങിയവരായിരുന്നു സഹപ്രവര്‍ത്തകര്‍. അയിത്തത്തിനും അവര്‍ണര്‍ക്കുനേരേയുള്ള പീഢനത്തിനുമെതിരേ അതിശക്തമായ പ്രതികരണസമരങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഒരു പൊതുവേദി എന്ന നിലയില്‍ 1924 ല്‍ എസ്‌എന്‍ഡിപി യോഗം മുന്‍കൈയെത്ത്‌ ആരംഭിച്ച 'തിരുവിതാംകൂര്‍ അവര്‍ണഹിന്ദു സഭ'യുടെ പ്രസിഡന്റായി എസ്‌എന്‍ഡിപി യോഗം നേതാവ്‌ എന്‍ കുമാരനും ജനറല്‍ സെക്രട്ടറിയായി ഡോ. വി വി വേലുക്കുട്ടി അരയനും തെരഞ്ഞെടുക്കപ്പെട്ടത്‌ മറ്റൊരു ചരിത്ര നിയോഗമായി. പിന്നീടു നടന്ന ക്ഷേത്രപ്രവേശന പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌ ഈ സംഘടനയാണ്‌.

സ്വാതന്ത്ര്യ സമരഭടനായും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്‌ നേതാവായും സജീവമായി പ്രവര്‍ത്തിച്ചുവന്ന വേലുക്കുട്ടി അരയനില്‍ വളര്‍ന്നു തുടങ്ങിയ പുരോഗമനവാഞ്‌ഛ തൊഴിലാളി പ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കുന്നിടത്തോളമെത്തി.1931ലെ അഖില തിരുവിതാംകൂര്‍ നാവിക തൊഴിലാളി സംഘം, തിരുവിതാംകൂര്‍ മിനറല്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍, തിരുവിതാംകൂര്‍ മത്സ്യ ത്തൊഴിലാളി യൂണിയന്‍ പോര്‍ട്ട്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ കയര്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ ന്യൂനപക്ഷ പിന്നോക്ക സമുദായ ഫഡറേഷന്‍ എന്നിങ്ങനെയുള്ള പ്ര്‌സഥാനങ്ങള്‍ സ്ഥാപിക്കുവാന്‍ ഡോക്ടര്‍ വേലുക്കുട്ടി അരയന്‍ മുന്‍കൈ എടുത്തു.

കേരളത്തില്‍ ആദ്യമായി ഒരു ഫിഷറീസ്‌ കോണ്‍ഗ്രസ്‌ സംഘടിപ്പിക്കുവാന്‍ മുന്‍കൈയെടുത്ത ഡോക്ടര്‍ അരയന്‍ ആ രംഗത്തെ പ്രഗത്ഭരെയൊക്കെ അതില്‍ ക്ഷണിച്ചു വരുത്തി. വ്യത്യസ്‌ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തപ്പോള്‍ അത്‌ പില്‍ക്കാലത്ത്‌ ഒരു ഫിഷറീസ്‌ നയവും പരിപാടികളുമായി കേരളം ഏറ്റുവാ ങ്ങുകയും ചെയ്‌തു. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങല്‍ പഠിക്കുന്നതിനായി ഐ അംബ്രോസിനോപ്പം കേരളക്കരയാകെ സഞ്ചരിച്ച്‌ വിവരങ്ങള്‍ ശേഖരിച്ച്‌ അന്നത്തെ മന്ത്രി പി എസ്‌ നടരാജപിള്ളക്ക്‌ ഒരു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച വേലുക്കുട്ടി അരയന്റെ ശ്രമഫലമായി പ്രഥമ ഫിഷറീസ്‌ അഡൈ്വസറി ബോര്‍ഡ്‌ രൂപീകരണത്തിന്‌ വഴിതെളിഞ്ഞു.




കടലോരജീവിതത്തില്‍ നേര്‍ബന്ധം കണ്ടെത്തി പാരസ്‌പര്യം തീര്‍ത്ത മൂന്ന്‌ ഘടകങ്ങളാണ്‌ മത്സ്യം, കയര്‍, കരിമണല്‍ എന്നിവ. തീരപ്രദേശത്തെ കൈപ്പിരിക്കയറിന്റെ പുനരുദ്ധാരണത്തിനുവേണ്ടി 1956ല്‍ കേരളത്തിലെ ആദ്യത്തെ കയര്‍ പ്രദര്‍ശനം നീണ്ടകരയില്‍ ഡോക്ടര്‍ അരയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു. വിവിധ പാരിസ്ഥിതികപ്രശ്‌നങ്ങളാല്‍ തീരദേശവാസികള്‍ നേരിട്ടുവന്ന കഷ്ടപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രഥമ തീരദേശസംരക്ഷ ണസമിതി രൂപീകരിക്കുവാന്‍ ഡോക്ടര്‍ അരയന്‍ മുന്‍ കൈ ഏടുത്തു. സമിതിയുടെ സ്ഥാപക പ്രസിഡന്റ്‌ ഡോക്ടര്‍ വേലുക്കുട്ടി അരയനും സെക്രട്ടറി ഡോ.ഹെന്റി ഓസ്‌റ്റിനുമായിരുന്നു. വന്‍തോതില്‍ വിദേശനാണയം നേടിതേതരുന്ന കരിമണല്‍ ഖനനത്തെക്കുറിച്ചു പഠിക്കുവാനും ചര്‍ച്ച ചെയ്യുവാനും ഡോക്ടര്‍ അരയന്‍ 1956 ല്‍ ചെറിയഴീക്കല്‍ വെച്ച്‌ ഒരു തീരദേശ മഹായോഗം സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക്‌ ജാതിമതഭേദമന്യേ ഒരു കേന്ദ്രസംഘടന ഉണ്ടാക്കേണ്ടത്‌ അനിവാര്യമാണെന്നും ഡോക്ടര്‍ അരയന്‍ അഭിപ്രായപ്പെടുക യുണ്ടായി. സാമുദായപ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കിയ സാമൂഹ്യപരിഷ്‌കര്‍ത്താവികൂടിയായ ഡോക്ടര്‍ വേലുക്കുട്ടി അരയന്‍ പിന്നീട്‌ തൊഴിലാളിവര്‍ഗത്തെ സംഘടിപ്പിക്കുന്നതിന്‌ ശ്രദ്ധവെക്കുകയും 1948ലെ പൊതുതെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളി മണ്ഡലത്തില്‍ നിന്നും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്‌തു.

വിദ്യാഭ്യാസരംഗത്ത്‌ സജീവമായി ഇടപെട്ട ഡോക്ടര്‍ അരയന്‍ സ്വന്തം ഗ്രാമത്തില്‍ നിശാപാഠശാല ആരംഭിച്ചുകൊണ്ടാണ്‌ യൗവനത്തില്‍ തന്നെ വിദ്യാവിപ്ലവത്തിന്‌ ആരംഭം കുറിച്ചത്‌. പകല്‍മുഴുവന്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട്‌ കടലില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്‌ പഠിക്കുന്നതിനായി ആരംഭിച്ച നിശാപാഠശാലകള്‍ പില്‍ക്കാലത്ത്‌ കേരളത്തില്‍ അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശകവുമായി. സ്വന്തം ഗ്രാമത്തില്‍ വേലുക്കുട്ടി അരയന്‍ സ്ഥാപിച്ച അരയസര്‍വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 1936ല്‍ ഒരു മിഡില്‍ സ്‌കൂള്‍ ആരംഭിക്കുകയും 1944ല്‍ അത്‌ സ്വകാര്യ സ്വത്താക്കാതെ സര്‍ക്കാരിന്‌ വിട്ടുകൊടുക്കുകയും ചെയ്‌തത്‌ മറ്റൊരു മനോഹരമായ മാതൃകയായി അവശേഷിക്കുന്നു.

സമൂഹത്തെയാകെ വിദ്യാഭ്യാസം ചെയ്യിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുവാന്‍ പത്രങ്ങള്‍ക്കുള്ള സ്ഥാനം തിരിച്ചറിഞ്ഞിരുന്ന ഡോക്ടര്‍ അരയന്‍ 1917ല്‍ ആരംഭിച്ച 'അരയന്‍' പത്രം മലയാളക്കരയിലെ മാത്രമല്ല, ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ പ്രഥമ 'പ്രതിപക്ഷ' പത്രമായി. പത്രധര്‍മ്മം എല്ലാ അര്‍ത്ഥത്തിലും പ്രാവര്‍ത്തികമാക്കിയ 'അരയന്‍' പത്രം സമുദായത്തിന്റെ മാത്രമല്ല അവശതയനുഭവിക്കുന്ന മറ്റു വിഭഗങ്ങളുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേയുമൊക്കെ ജിഹ്വയായി പ്രവര്‍ത്തിച്ചു. പിന്നീട്‌ കേരളത്തിന്റെ പൊതുജീവിതത്തെ ഉറ്റുനോക്കുന്ന അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന ഉന്നതമായ രാഷ്ട്രീയവീക്ഷണം വെച്ചുപുലര്‍ത്തുന്ന ഒരു മികച്ച മാതൃകാ പത്രമായി അരയന്‍ വളര്‍ന്നു. 1920ല്‍ പുറത്തുവന്ന 'മുതലാളി തൊഴിലാളി വിഭാവന' എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയല്‍, റഷ്യന്‍ വിപ്ലവത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ രാജാധികാരത്തെ ചോദ്യംചെയ്‌ത മലയാളത്തിലെ ആദ്യത്തെ മുഖപ്രസംഗമാണ്‌. 'സാഹസികം' എന്ന്‌ പത്രപ്രവര്‍ത്തന ചരിത്രം വിലയിരുത്തുന്ന പ്രസ്‌തുത മുഖപ്രസംഗത്തിലൂടെ ഡോക്ടര്‍ വേലുക്കുട്ടി അരയന്‍ അധികാരസ്ഥാനങ്ങള്‍ക്ക്‌ തലവേദനയായി. തുടര്‍ന്ന്‌ പൗരസമത്വവാദം,
മഹാക്ഷാമം, ഊട്ടുപുരകളുടെ നോട്ടുകുരുതി, ഗാന്ധിജി അറിയണം, വിദ്യാര്‍ത്ഥിവേട്ട, ഹിന്ദുമതപരിഷ്‌കാരം എന്നിങ്ങനെ അതിസാഹസികമായ മുഖപ്രസംഗങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട്‌ 'അരയന്‍' പത്രം നിരോധനം ഏറ്റുവാങ്ങി. പക്ഷെ, വിട്ടുവീഴ്‌ചയില്ലാതെ സധൈര്യം മുന്നോട്ടുപോയ പത്രാധിപര്‍ ഡോക്ടര്‍ വേലുക്കുട്ടി അരയന്‍, ധര്‍മ്മപോഷിണി (1942), ഫിഷറീസ്‌ മാഗസിന്‍ (1948), കലാകേരളം (1952), തീരദേശം (1953), ഫിലിം മാഗസിന്‍ (1965-1969), രാജ്യാഭിമാനി (1943-1947), അരയസ്‌ത്രീജനമാസിക (1922) അരയകേരളം, തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ വിവിധ കാലഘട്ടങ്ങളില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. അതതു മേഘലകളില്‍ കേരളത്തില്‍ പ്രസിദ്ധീകൃ തമാകുന്ന പ്രഥമ പ്രസിദ്ധീകരണങ്ങളായിരുന്നു അവയില്‍ പലതും. സാഹിത്യരംഗത്ത്‌ കവി, ഗദ്യകാരന്‍, നിരൂപകന്‍, നാടകകൃത്ത്‌, ഹാസ്യസാഹിത്യകാരന്‍, പരിഭാഷകന്‍, കലാനിരൂപകന്‍, നാടകകൃത്ത്‌ എന്നിങ്ങനെ സമസ്‌തമേഘലകളിലും കൈമുദ്ര ചാര്‍ത്തിയ പ്രതിഭാധനന്‍കൂടിയായിരുന്നു ഡോക്ടര്‌ വേലുക്കുട്ടി അരയന്‍. അദ്ദേഹത്തിന്റെ പദ്യകുസുമാഞ്‌ജലി എന്ന കാവ്യസമാഹാരത്തിന്‌ ഉള്ളൂര്‍ എസ്‌ പരമേശ്വരയ്യരാണ്‌ അവതാരിക എഴുതിയത്‌. വാസവദത്താനിവ്വാണം എന്ന ഡോക്ടര്‍ അരയന്‍ രചിച്ച ആട്ടക്കഥയെ പുകഴ്‌ത്തിക്കൊണ്ട്‌ എഴുതുവാന്‍ സാക്ഷാല്‍ വള്ളത്തോള്‍ നാരായണമേനോന്‍ സന്നദ്ധനായതും ഇവിടെ സ്‌മരിക്കാം. അരയജനങ്ങളുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള തകഴിയുടെ 'ചെമ്മീന്‍' എന്ന വിശ്വപ്രസിദ്ധ മായ കൃതിയെ, അതിന്റെ വീക്ഷണവേകല്യങ്ങള്‍ ചൂണ്ടിക്കാട്ടി അതിരൂക്ഷമായി വിമര്‍ശിച്ച ഡോക്ടര്‍ വേലുക്കുട്ടി അരയന്റെ 'ചെമ്മീന്‍ - ഒരു നിരൂപണം' എന്ന നിരൂപണകൃതി മലയാള സാഹിത്യത്തിലെ രജതരചനയായി എന്നും തിളങ്ങുന്നു. കിരാതാര്‍ജുനീയം, ഓണം ഡേ, ദീനയായ ദമയന്തി, പദ്യകുസുമാ ഞ്‌ജലി, ശ്രീചൈത്രബുദ്ധന്‍, അച്ഛനും കുട്ടിയാനും, സത്യഗീത, മാതംഗി, ക്ലാവുദീയ, ചിരിക്കുന്ന കവിതകള്‍, കേരള ഗീതം, തീക്കുടുക്ക, സ്വര്‍ഗസോപാനം, സൂക്തമുത്തുമാല, ചിന്തിപ്പിക്കുന്ന കവിതകള്‍ എന്നിങ്ങനെയുള്ള പദ്യകൃതികളും, ഭാഗ്യപരീക്ഷകള്‍, തിരുവിതാംകൂര്‍ അരയമഹാജനയോഗം, ശര്‍മ്മദ എന്നീ നോവലുകളും, ഇരുട്ടടി, മാടന്‍ സൈമണ്‍, ബലേഭേഷ്‌, ആള്‍മാറാട്ടം, ലോകദാസന്‍, നന്ദകുമാരന്‍ എന്നീ നാടകങ്ങളും വാസവദത്താ നിര്‍വ്വാണം, ആട്ടക്കഥയും രഘുവംശം തര്‍ജ്ജമയും അദ്ദേഹത്തിന്റേതായി നമുക്ക്‌ ലഭിച്ചു. 


വള്ളിക്കാവ് മോഹന്‍ദാസ്‌
ഒരു പ്രത്യേക കാലഘട്ടത്തില്‍ മതപരിവര്‍ത്തന ത്തിലേക്ക്‌ നീങ്ങിയ അരയ സമൂഹത്തെ സ്വസമുദായത്തില്‍ അഭിമാനപൂര്‍വം പിടിച്ചുനിര്‍ത്തുവാന്‍ കിണഞ്ഞു ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്‌ത ഡോക്ടര്‍ വേലുക്കുട്ടി അരയന്‍ അതിന്റെ ബോധവല്‍ക്കര ണ സാഹിത്യമായി രചിച്ചതാണ്‌ തിരുവിതാം കൂര്‍ അരയമഹാജനയോഗം എന്ന വിനോദ നോവല്‍. മികച്ച ബാലസാഹിത്യകാരന്‍ കൂടിയായിരുന്ന ഡോക്ടര്‍ അരയന്റെ 'കുറുക്കന്‍' കഥകള്‍ വളരെ പ്രശസ്‌തമാണ്‌. അദ്ദേഹത്തിന്റെ 'പിന്തിരിഞ്ഞുനോക്കുമ്പോള്‍' എന്ന ആത്മകഥാ പരമായ രചന ചരിത്രവസ്‌തുതകള്‍ നിറഞ്ഞ ഉന്നത രചനയാ കുമ്പോള്‍ 'മത്സ്യവും മതവും' എന്ന ലഘുഗ്രന്ഥം ഭാരതീയ സംസ്‌കാരത്തില്‍ മത്സ്യത്തിനും അതുവഴി അരയ ജനവിഭാഗത്തി നുമുള്ള സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന അസുലഭ കൃതിയുമായിത്തീ രുന്നു.

കേരളത്തിലെ ബഹുഭൂരിപക്ഷം അവര്‍ണര്‍ക്കും അധഃകൃതര്‍ക്കും ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്നതിനെതിരേ ടി കെ മാധവനും ഡോ വി വി വേലുക്കുട്ടി അരയനും ശബ്ദമുയര്‍ത്തു കയും തങ്ങളുടെ 'ദേശാഭിമാനി' 'അരയന്‍' എന്നീ പത്രങ്ങളിലൂടെ സയുക്തികം ക്ഷേത്രപ്രവേശനവാദം ആദ്യമായി ഉന്നയിക്കുകയും ചെയ്‌തു. അചിരേണ അത്‌ ബഹുജന പ്രക്ഷോഭമായി വളരുകയും തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഒരു ക്ഷേത്രപ്രവേശനാന്വേഷ ണക്കമ്മിറ്റിയെ രൂപീകരിക്കുകയും ആ കമ്മിറ്റി വിവിധ
സ്ഥലങ്ങളില്‍ അന്വേഷണം നടത്തുകയും ചെയ്‌തു. അക്കൂട്ടത്തില്‍, ഒരു ബ്രാഹ്മണന്‍ ആലപ്പുഴ വെച്ച്‌ അരയന്മാര്‍ മത്സ്യപ്പിടിത്തം മൂലം ക്ഷേത്രപ്രവേശനാര്‍ഹരല്ലെന്ന്‌ മൊഴികൊടുത്തു. ഇതറിഞ്ഞ ഡോ വേലുക്കുട്ടി അരയന്‍, തുടര്‍ന്ന്‌ 1935 ല്‍ ആലപ്പുഴ ശ്രീരാമകൃഷ്‌ണമഠത്തിന്റെ ആഭിമുഖ്യത്തിലുള്ള മതസമ്മേളനത്തില്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തിലൂടെ അരയ സമൂഹവും ഹിന്ദുമതവും തമ്മിലുള്ള ബന്ധവും മത്സ്യവും ഹിന്ദുമതവും തമ്മിലുള്ള ബന്ധവും അരയന്മാരുടെ ചരിത്രവും ഇതഃപര്യന്തമുള്ള മതാനുഷ്‌ഠാനങ്ങളും സയുക്തികം സമര്‍ത്ഥിക്കുകയും മേല്‍ചൊന്ന ബ്രാഹ്മണന്റെ മൊഴിയുടെ മുനയൊടിക്കുകയും ചെയ്‌തു. 'മത്സ്യവും മതവും അഥവാ അരയന്മാരും ക്ഷേത്രപ്രവേശനവും' എന്ന പ്രസിദ്ധമായ ആ അധ്യക്ഷപ്രസംഗത്തിന്റെ ഗ്രന്ഥരൂപം 1936 ല്‍ ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പായി പ്രസിദ്ധീകരി ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ 1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ചരിത്രപ്രാധാന്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട്‌ 'ശ്രീ ചൈത്രബുദ്ധന്‍ അഥവാ ആത്മീയ ചക്രവര്‍ത്തി' എന്ന പദ്യകൃതിയും അദ്ദേഹം പ്രസിദ്ധീകരിച്ചു.


തൊഴില്‍പരമായി സമുദ്രതീരങ്ങളിലും നദീതീരങ്ങളിലും അധിവസിക്കേണ്ടിവന്ന സ്വസമുദായസ്ഥരുടെ എല്ലാ ജീവല്‍ പ്രശ്‌നങ്ങളിലും ബദ്ധശ്രദ്ധനായിരുന്നു ഡോ വേലുക്കുട്ടി ആരയന്‍. കാലാകലങ്ങളിലു ണ്ടാകുന്ന കടല്‍ ക്ഷോഭങ്ങള്‍ അരയരുടെ ആവാസത്തിനും ഉപജീവനത്തിനും കൊടും ഭീഷണിയാകുന്നു. പരിഹാരമായി സ്വീകരി ക്കപ്പെട്ട നടപടികളെല്ലാം മുട്ടുശാന്തി കളായി പരിണമിച്ചപ്പോള്‍, അനുഭവത്തിന്റെ യും പ്രത്യക്ഷ ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ഡോ വേലുക്കുട്ടി അരയന്‍ 1954 ല്‍ തിരുകൊച്ചി സര്‍ക്കാരിന്റെ മുന്നില്‍ വെച്ച തീരസംരക്ഷണ പദ്ധതിയായിരുന്നു 'ലാന്റ്‌ റക്ലമേഷന്‍ പദ്ധതി'. പ്രൊഫ എസ്‌ കെ ഘോഷ്‌, ഡോ വാട്‌സ്‌ എന്നീ വിദഗ്‌ധന്മാരുടെ മുക്തകണ്‌ഠമായ അംഗീകാരത്തിനും പ്രശംസക്കും പാത്രീഭവിച്ച ആ പദ്ധതി, സര്‍ക്കാരില്‍ നിന്നുണ്ടായ വിയോജിപ്പു മൂലം നടപ്പായില്ല. എന്നാല്‍ 2004 ഡിസംബര്‍ 26ആം തിയതി ഉണ്ടായ അതിഭീകരമായ സുനാമി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡോ വേലുക്കുട്ടി അരയന്റെ കടലാക്രമണ പ്രതിരോധ പദ്ധതി ഗൗരവമായി പുനപരിശോധിച്ച്‌ നടപ്പിലാ ക്കുന്നതിനു വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്ക ണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ പ്രമുഖ പത്രങ്ങള്‍ മുഖപ്രസംഗങ്ങള്‍ അടക്കം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. അതേത്തുടര്‍ന്ന്‌ സര്‍ക്കാര്‍ ചില ചുവചടുവെപ്പുകള്‍ നടത്തിയെങ്കിലും പലവിധ കാരണ ങ്ങളാല്‍ തിരകച്ചും ശാസ്‌ത്രീയമായ ഡോ വേലുക്കുട്ടി അരയന്റെ 'ലാന്റ്‌ റക്ലമേഷന്‍ പദ്ധതി' ഇന്നും ഭരണത്തിരിക്കുകയാണ്‌. രാജ്യത്തിന്റെ സുരക്ഷക്കും സാമ്പത്തിക ഭദ്രതക്കും മത്സ്യത്തൊഴിലാ ളികളുടെ ജീവിതത്തിനും ഗുണകരമായ ഡോ അരയന്റെ പദ്ധതി നടപ്പക്കാന്‍ ഏവരും ഒന്നിക്കേണ്ടിയിരിക്കുന്നു. 

(തീരഭൂമി മാസികയിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത് )



 




No comments:

Post a Comment