Sunday, November 24, 2013

ശബരിമലയും ദളിത്‌ ചരിത്രവും - ടി ടി ശ്രീകുമാര്‍



ടി ടി ശ്രീകുമാര്‍
ടി.ടി.ശ്രീകുമാറിന്റെ പഠനസമാഹാരമാണ് ''ചരിത്രവും ആധുനികതയും'' എന്ന പുസ്തകം. കറന്റ്  ബുക്സ് 2001ഡിസംബറിലാണ് പുസ്തകം പ്രസിധീകരിച്ചത് .ഇതില്‍ അനുബന്ധമായി കൊടുത്തിരിക്കുന്ന വിവരണമാണ് 'ശബരിമലയും ദളിത്‌ ചരിത്രവും' എന്നത് അത് മുഴുവനായും താഴെ ചേര്‍ക്കുന്നു.

ശബരിമല ക്ഷേത്രത്തില്‍ ഈയിടെ നടന്ന പ്രശ്ന വിധി വിവിധ നിലവാരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നുവല്ലോ. ജ്യോത്സ്യന്മാര്‍ തന്നെ രണ്ടു ചേരിയായി തിരിഞ്ഞുള്ള സംഘര്‍ഷം ഒരു വശത്ത് നടക്കുന്നു. ഇരു കൂട്ടരും പ്രശ്നം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംശയാലുക്കള്‍ ആയിരുന്നില്ല . അവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പ്രശ്നം നടത്തുന്ന രീതിയെക്കുറിച്ചും വ്യാഖ്യാനങ്ങളെക്കുറിച്ചും മറ്റുമായിരുന്നു. യുക്തിവാദികള്‍ തുടങ്ങിയവര്‍ ഈ തര്‍ക്കത്തെ അന്ധവിശ്വാസങ്ങള്‍ ക്കെതിരെയുള്ള പോരാട്ടത്തിന്‍റെ പശ്ചാത്തലത്തിലാണ് വീക്ഷിച്ചത്. പ്രസക്ത സംവാദത്തിന്‍റെ ഇരു തലക്കലുമുള്ള കക്ഷികളുടെ കാപട്യങ്ങളാണ് അവര്‍ തുറന്നു കാട്ടാന്‍ ശ്രമിച്ചത് . ഇനിയൊരു വിഭാഗത്തിന് പഴയ ജ്യോതിഷ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കാലഘട്ടത്തില്‍ പ്രശ്നവിധി അനുവദനീയമല്ല എന്നും പറയാം. മലബാറിലെ ദേശമംഗലം മനയില്‍ നിന്ന് ലഭിച്ച  'ഗണിതസംഗ്രഹ' ത്തിന്റെ ഭാഷാ വ്യാഖ്യാനം താളിയോലയില്‍ ''പ്രശ്നത്തിന്റെ സമ്പ്രദായമിപ്പോള്‍ വഴിപോലെ ഇല്ലായ്ക കൊണ്ട് പ്രശ്നം പ്രമാണമാക്കി ഹീനജാതികളെക്കൊണ്ട് വിധിപ്പിച്ച് അത് അനുഷ്ഠിച്ചാല്‍ അത് ദൈവവിരോധമായിട്ട് വന്നു പോകുമെന്നറിഞ്ഞു ഇനിയുള്ള കാലം പ്രശ്നത്തെ ഉപേക്ഷിക്കണം '' എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്  ( 'ക്രിയാക്രമം ':ഗവണ്മെന്റ് ഒറിയന്റല്‍ മാനൂസ്ക്രിപ്റ്റ് ലൈബ്രറി, മദ്രാസ്, 1949)

കേരളത്തില്‍ ബുദ്ധ മതത്തിന് പ്രാമാണ്യമുണ്ടായിരുന്നതെന്ന്‍ അഭ്യൂഹിക്കപ്പെടുന്ന ഏതോ ഒരു ഭൂതകാലത്തിലെ ബുദ്ധവിഗ്രഹമായി അയ്യപ്പനെ കണക്കാക്കുന്നവരുണ്ട് . ബുദ്ധമതത്തെ ഭാവനാവിലാസംകൊണ്ട് ഈഴവരുമായി ബന്ധിപ്പിക്കുന്ന ലളിതമായ ചരിത്രസമവാക്യത്തിന്‍റെ ബലത്തില്‍ ശബരിമല ക്ഷേത്രം ഈഴവരുടെ ആരാധനാ കേന്ദ്രമായിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്‌ .
 
ശബരിമല ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥചരിത്രം അന്വേഷിക്കേണ്ടിവരുന്നത് ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അത്യധികം പ്രസക്തമാകുന്നു. തികച്ചും ഹൈന്ദവം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കി യുള്ളതും കേരളീയ ഹൈന്ദവ ക്ഷേത്രങ്ങളിലെ പൂജാവിധികള്‍ പിന്തുടരുന്നതുമായ ശബരിമല ക്ഷേത്രം യഥാര്‍ത്ഥത്തില്‍ ആരുടെ ഉടമസ്ഥതയിലായിരുന്നു? ഉടമസ്ഥര്‍ക്ക് അതെങ്ങനെ നഷ്ടപ്പെട്ടു?
 
 ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുന്നതിനുള്ള ശ്രമ ത്തില്‍ പ്രസക്തമാകുന്ന തെളിവാണ് കോട്ടയത്തെ ക്രിസ്തു മത പ്രചാരകനായിരുന്ന ഡബ്ലിയു.ജെ.റിച്ചാര്‍ഡ്സ് മറ്റൊരു ക്രിസ്തു മത പ്രചാരകനായിരുന്നസാമുവല്‍ മാത്തീറിന് കൈമാറിയ വിവരങ്ങള്‍ .19ആം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ദ്ധം വരെ യെങ്കിലും ജനസംഖ്യാപരമായിതന്നെ തിരുവിതാംകൂറിലെ പ്രബലമായ ഒരു ആദിമ വിഭാഗമായിരുന്നു മലയരയന്മാര്‍ .ലണ്ടന്‍ മിഷനറി സൊസൈറ്റി യുടെ കീഴില്‍ പാതിരിയായിരുന്ന ഹെന്‍റി ബേക്കര്‍ ജൂനിയര്‍ 1862-ല്‍ മലയരയന്മാരേക്കുറിച്ച് ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാടെരിച്ചുള്ള മലകൃഷി മുഖ്യ തൊഴിലായി സ്വീകരിച്ചിരുന്ന ഒരു കര്‍ഷക സമൂഹമായിരുന്നു അവരുടേത് .മലയരയന്മാരുടെ കുലദൈവമാണ് അയ്യപ്പനെന്നും എരുമപ്പാറ എന്ന മലയരയന്മാരുടെ ഒരു ഗ്രാമത്തില്‍ നിന്നുള്ള തലനാണിയാണ് അവിടത്തെ വെളിച്ചപ്പാടെന്നും റിച്ചാര്‍ഡ്‌ മത്തീറിനെ അറിയിക്കുന്നുണ്ട് .കടുവകളെ ഭയന്ന്‍ കൂട്ടമായാണ് മലയരയന്മാര്‍ അയ്യപ്പ ദര്‍ശനത്തിനു പോകാറുള്ളതെന്നും റിച്ചാര്‍ഡ്സ് കൂട്ടിച്ചേര്‍ക്കുന്നുണ്ട് . അവിടത്തെ പ്രധാന വഴിപാട് അപ്പവും അരവണയും ആയിരുന്നില്ല; ചാരായവും ഉണക്കലരി യുമായിരുന്നു.
 
തലനാണിയോട് വിരോധമുണ്ടായിരുന്ന ഈഴവരാരോ അയാളെ കൊന്നുകളഞ്ഞതിനുള്ള പ്രതികാരമായി ഈഴവര്‍ക്കിടയില്‍ അയ്യപ്പന്‍ വസൂരി വിതച്ചതായി അവിടങ്ങളില്‍ വിശ്വസിച്ചിരുന്നു. അതിനുള്ള പ്രായശ്ചിത്തമായി തലനാണിയുടെ ഒരു ഒട്ടു വിഗ്രഹം ഈഴവര്‍ പ്രതിഷ്ഠിച്ചതായി റിച്ചാര്‍ഡ്സ് പറയുന്നു.
 
ഇത്തരത്തില്‍ മലയരയന്മാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രം സവര്‍ണരുടെ കൈകളില്‍ എത്തിച്ചേരുന്നത് പടിപടിയായിട്ടാണെന്നു കാണാം.19ആം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ വൃശ്ചികവ്രതവുമായി ബന്ധപ്പെട്ട്‌ ധാരാളം സവര്‍ണരും ഈ ക്ഷേത്രം സന്ദര്‍ശിക്കുമായിരുന്നു എന്നതിന് തെളിവുണ്ട്  .ആ സമയത്ത് അവിടെ പൂജക്കായി ഒരു ബ്രാഹ്മണനേയും രണ്ടു നായന്മാരെയും നിയോഗിക്കുമായിരുന്നു എന്ന്‍ വാര്‍ഡും കോര്‍ണറും ചേര്‍ന്ന് 1816-ല്‍ നടത്തിയ തിരുവിതാംകൂര്‍ -കൊച്ചി സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ അക്കാലത്തും ക്ഷേത്രം പൂര്‍ണമായും മലയരയന്മാര്‍ക്ക് നഷ്ടമായിരുന്നില്ലെന്ന് റിച്ചാര്‍ഡ്‌ സിന്‍റെ വിവരണത്തില്‍ നിന്ന്‍ വ്യക്തമാകുന്നു.

19ആം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ഹെന്‍റി ബേക്കര്‍ ജൂനിയര്‍ ശബരിമലയുടെ പ്രാന്തപ്രദേശങ്ങളില്‍ നടത്തിയ പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ ഫലമായി മലയാരയന്മാരില്‍ ഒരു വലിയ വിഭാഗത്തെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുകയുണ്ടായി. 1881ആയപ്പോഴേക്ക് തലനാണിയുടെ പിന്മുറ ക്കാരില്‍ പലരും ക്രിസ്തുമതത്തിന്‍റെ അനുയായികളായി മാറിയെന്ന് സാമുവല്‍ മത്തീര്‍ രേഖപ്പെടുത്തുന്നു. അയാളുടെ പിന്മുറക്കാരില്‍ അവസാനത്തെയാള്‍ ശബരിമല ക്ഷേത്രത്തിലെ വിഗ്രഹവും വാളും വളയും മറ്റും മേല്‍ക്കാവില്‍ പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ ഉത്തരവാദിത്വം വഹിച്ചിരുന്ന റിച്ചാര്‍ഡ് സിന് കൈമാറുകയുണ്ടായി.
 
അങ്ങനെ കേരളത്തിലെ ദളിത്‌ സമൂഹങ്ങളുടെ ചരിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ മലയരയന്മാര്‍ക്ക് അവരുടെ ദൈവവും ആരാധനാലയവും നഷ്ടപ്പെടുകയാണുണ്ടായതെന്നു കാണാം. ക്ഷേത്രം പിടിച്ചടക്കാന്‍ ശ്രമിച്ചിരുന്ന സവര്‍ണ വിഭാഗങ്ങള്‍ ഈ അവസരം ഉപയോഗിച്ച് അതിന്‍റെ ഭരണാധികാരം കൈയടക്കുകയും ചെയ്തു. പിന്നീട് ശബരിമല ക്ഷേത്രം പൂര്‍ണമായും ആര്യവല്‍ക്കരിക്കപ്പെട്ടു .പന്തളം രാജ കുടുംബത്തിന് ഈ ആര്യവല്‍ക്കരണ പ്രക്രിയയില്‍ ചെറുതല്ലാത്ത പങ്കാണുണ്ടായിരുന്നതെന്ന് മിത്തുകളുടെ വരികള്‍ക്കിടയില്‍ നിന്നു വായിച്ചെടുക്കാന്‍ കഴിയും
 
ശബരിമലയില്‍ ഇന്ന് നടക്കുന്ന അവകാശത്തര്‍ക്കങ്ങളുടെ പരിഹാസ്യത വ്യക്തമാക്കുന്നതാണ് ഈ ചരിത്ര വസ്തുതകള്‍ .ദളിതരെ  'ഹിന്ദു ' ക്കളും  'ക്രിസ്ത്യാനി ' കളുമൊക്കെയാക്കുന്ന സംഘടിത മത പാരമ്പര്യത്തിന്‍റെ ചരിത്രവും ദളിതരുടെ സ്വത്വനഷ്ടത്തിന്‍റെ ചരിത്രവും ഇവിടെ കെട്ടുപിണഞ്ഞു കിടക്കുന്നു.-1996.

No comments:

Post a Comment