Sunday, November 24, 2013

പെരുമാട്ടുകാളിയുടെ ചരിത്രം തേടുന്നു - കുന്നുകുഴി എസ്‌ മണി


('ഉണരുക' മാസികയില്‍ നിന്നും)


ദിവാകരമുനി യുടെയും വില്വമംഗലത്തു സ്വാമിയുടെയും കഥകള്‍ ഐതിഹ്യ മാണെ ങ്കില്‍ പത്മനാഭസ്വാമി ക്ഷേത്രോല്‍പ്പത്തിക്കു കാരണക്കാരി പെരുമാട്ടുകാളി യുടെ കഥ യഥാര്‍ത്ഥത്തില്‍ ചരിത്രസത്യമാണ്‌. ചരിത്രാ ന്വേഷകര്‍ എത്തിച്ചേരുന്നതും ആ വഴിക്കു തന്നെ. സ്റ്റേറ്റ്‌ മാനുവലിലും, കാസ്റ്റ്‌ ആന്റ്‌ ട്രൈബ്‌സിലും, തിരുവിതാംകൂര്‍ സെന്‍സസ്‌ റിപ്പോര്‍ട്ടിലും, മഹാദേവദേശായി യുടെ കേരളചരിത്രത്തിലും വളരെ വ്യക്തമായി ത്തന്നെ പെരുമാട്ടുകാളിയെ കുറിച്ച്‌ രേഖ പ്പെടുത്തിയിട്ടുണ്ട്‌. പെരുമാട്ടുകാളിയും ശ്രീപത്മനാഭ സ്വാമി ക്ഷോത്രോല്‍പ്പത്തിയും തമ്മില്‍ അഭേദ്യമായ ബന്ധമാണ്‌ ചരിത്ര രേഖകളിലുള്ളത്‌. നാഗമയ്യരുടെ ദി ട്രാവന്‍കൂര്‍ സ്റ്റേറ്റ്‌മാനുവല്‍ ഇങ്ങനെ പറയുന്നു After several days running in this wise without satisfying the craving of hung or thirst, the swamiyar heard the cry of a child in the wilderness. He repaired to the spot from when it come and discovered a solitary pulaya woman (Perumattukali) Threatening her weeding base with this words " If you continue weeding like this child, I will throw you out into anantankad"

എന്നാല്‍ ചില ഐതിഹ്യ - ചരിത്ര രചിതാക്കള്‍ പെരുമാട്ടുകാളിയെ തെറ്റായി വ്യാഖ്യാനിച്ച്‌ കാണുന്നുണ്ട്‌. കൊട്ടാരത്തില്‍ ശങ്കുണ്ണിയും, സജാതീയ ചരിത്രകാരനായ ചെന്താരശ്ശേരിയും അവരില്‍ ചിലരാണ്‌. ചെന്താരശ്ശേരി 'കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍' എന്ന തന്റെ ഗ്രന്ഥത്തില്‍ (പേജ്‌71) പെരുമാട്ടുകാളിയെ 'വള്ളുവത്തി' എന്നും മറ്റൊരു പുസ്‌തകമായ 'ചേരനാട്ടു ചരിത്രശകലങ്ങളില്‍' (പേജ്‌ 14 മുതല്‍ 24 വരെ) 'പെരുമാട്ടു നീലി'യെന്നും തോന്നിയതുപോലെ എഴുതി ഭാവി തലമുറയെ വഴിതെറ്റിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്‌. കൊട്ടാരത്തില്‍ ശങ്കുണ്ണിയാകട്ടെ തന്റെ 'ഐതിഹ്യമാല'യില്‍ (പേജ്‌ 700) വില്വമംഗലത്തു സ്വാമിയാരെക്കുറിച്ച്‌ പറയുന്നതിനിടയില്‍ പെരുമാട്ടു 'പറയ' ദമ്പതിമാരെക്കുറിച്ചണ്‌ പ്രതിപാദിക്കുന്നത്‌. ആ കാലത്ത്‌ അനന്തന്‍കാട്ടിലെങ്ങും പുലയരല്ലാതെ പറയസമുദായക്കാര്‍ ആരുംതന്നെ താമസക്കാരായി ഉണ്ടായിരുന്നില്ല. ഇതൊക്കെ ബോധപൂര്‍വം ചരിത്രത്തെ നിഷേധിക്കാനോ വെട്ടിപ്പൊളിക്കാനോ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ എഴുതിപ്പിടിപ്പിച്ചിട്ടുള്ളത്‌. അതേസമയം പ്രസിദ്ധ ചരിത്രകാരനും ഭാഷാഗവേഷകനുമായിരുന്ന ഡോ. ശൂരനാട്ടു കുഞ്ഞന്‍ പിള്ള 'ചരിത്രങ്ങള്‍ നിറഞ്ഞ വഴിത്താരകള്‍' (മാതൃഭൂമി തിരു.എഡിഷന്‍ ഉദ്‌ഘാടന സപ്ലിമെന്റ്‌ - 1980) എന്ന ലേഖനത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്‌ഠക്ക്‌ ആദ്യ നിവേദ്യം ഒരു പുലയസ്‌ത്രീ
ചിരട്ടയില്‍ കൊടുത്ത മാമ്പഴമെന്നു പറഞ്ഞുകാണുന്നു. പക്ഷെ മാമ്പഴമല്ല പുത്തരിക്കണ്ടത്തു വിളഞ്ഞു കിടന്ന നെല്ലരി കൈക്കുത്തില്‍ വെച്ച്‌ ഞരടി തൊലിച്ചത്‌ ( പകുതി തൊലിഞ്ഞതും പകുതി തൊലിയാത്തുമായ നെല്ലരി ) ആണ്‌ ഒരു കണ്ണന്‍ ചിരട്ടയില്‍ വെച്ച്‌ ആദ്യനിവേദ്യമായി പെരുമാട്ടുകാളി ശ്രീപത്മനാഭന്‌ സമര്‍പ്പിച്ചത്‌. ആ ചിരട്ടക്ക്‌ പകരം ഇന്ന്‌ സ്വര്‍ണ ചിരട്ടയിലാണ്‌ നിവേദ്യം അര്‍പ്പിച്ചുപോകുന്നത്‌. പഴയ ചരിത്രകാരനായ മഹാദേവ ദേശായിയുടെ വേണാടിന്റെ വീരചരിതം എന്ന ഗ്രന്ഥത്തിലും വിദേശ ക്രിസ്‌ത്യന്‍ മിഷനറിയായ റ. സാമുവല്‍ മെറ്റിയറുടെ Land of Charity എന്ന ഗ്രന്ഥത്തിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രോത്‌പത്തിക്കു കാരണക്കാരി പെരുമാട്ടുകാളി തന്നെയെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. കെ ദാമോദരന്‍ ബി എ എഴുതിയ 'പെരുമാട്ടുപുലയി' എന്ന ലേഖനത്തിലും ( കേരളകൗമുദി 1961 ) പെരുമാട്ടുകാളിയാണ്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉത്ഭവത്തിന്‌ കാരണമെന്ന്‌ വ്യക്തമായി പറയുന്നുണ്ട്‌.

അതേസമയം അഡ്വ കെ ഹരിഹരകൃഷ്‌ണയ്യര്‍ 'പന്തീരായിരം സാളഗ്രാമങ്ങളുള്ള ശ്രീപത്മനാഭ വിഗ്രഹം' എന്ന ലേഖനത്തില്‍ ( കേരളകൗമുദി 1985 ഏപ്രില്‍ 4 ) ഇങ്ങനെ പറയുന്നു. 'പുത്തരിക്കണ്ടം അന്ന്‌ ഒരു പാടശേഖരമായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം മുഴുവന്‍ തന്നെ അന്ന്‌ പാമ്പുകളും കുറുക്കനും ചെറിയ ചെറിയ വള്ളിപ്പുലികളും നിറഞ്ഞ ഒരുതരം കുറ്റിക്കാടായിരുന്നു. തെക്ക്‌ മണല്‍ക്കാടും (മണക്കാട്‌) കിഴക്ക്‌ നെടുങ്കാടും വടക്ക്‌ വഞ്ചിയൂര്‍ക്കാടും പടിഞ്ഞാറ്‌ അറബിക്കടലും ഇവയുടെ നടുക്ക്‌ പുത്തരിക്കണ്ടവും ചേര്‍ന്ന അനന്തന്‍കാടു മായിരുന്നു. പാലാഴി നാഥാന്വേഷകനായ ഒരു യതിവര്യന്‍ തളര്‍ന്ന്‌ ഒരു മരച്ചുവട്ടില്‍ അല്‍പ്പം ഇരുന്നു. പുത്തരിക്കണ്ടത്തില്‍ അന്ന്‌ ഏതാനും പുലയക്കുടികള്‍ അങ്ങുമിങ്ങുമായിട്ടുണ്ടാ യിരുന്നതില്‍ ഒരു കുടിലില്‍ നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. തന്നെ അനന്തന്‍കാട്ടില്‍ വരാന്‍പറഞ്ഞ കുഞ്ഞായിരി ക്കുമോ? യതിവര്യന്‍ കുടിലിനടുത്തു ചെന്നപ്പോള്‍ ഇനിക്കരഞ്ഞാല്‍ അനന്തന്‍കാട്ടില്‍ വലിച്ചെറിഞ്ഞുകളയുമെന്ന്‌ അതിലെ പുലയിത്തള്ള (പെരുമാട്ടുകാളി) കുഞ്ഞിനെ ശകാരിക്കുന്നതു കേട്ടു. ഉല്‍കണ്‌ഠാകുലനായ സന്യാസി അടുത്തുചെന്ന്‌ അനന്തന്‍കാടേതെന്ന്‌ അന്വേഷിച്ചപ്പോള്‍ ഇതെല്ലാം അനന്തന്‍കാടുതാനയ്യ, കൊഞ്ചം മേക്കേ പോങ്കോ, അങ്കേ ഒരു ചാമിക്കല്‍, അതുക്ക്‌ പിന്നണ്ടൈലെ നല്ല കാടു പാക്കലാം എന്ന്‌ മറുപടി പറയുകയും ചെയ്‌തു.' ആ കാലഘട്ടത്തില്‍ പുലയര്‍ മലയാളവും തമിഴും കലര്‍ന്ന ഒരുതരം ഭാഷയാണ്‌ സംസാരി ച്ചിരുന്നത്‌. മറ്റൊന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്‌. അയിത്തവും അനാചാരവും കല്‍പ്പിച്ചകറ്റിയിരുന്ന പുലയക്കുടിയില്‍ ബ്രാഹ്മണനായ സന്യാസിവര്യന്‍ എങ്ങിനെയാണ്‌ കടന്നുചെന്നത്‌ ?

വേണാടിന്റെ വീരചരിത്രം (പേജ്‌ 34) മഹാദേവദേശായി ഇങ്ങനെ കൂടി പരാമര്‍ശിക്കുന്നു.'ഈ ക്ഷേത്രത്തിന്റെ ഉല്‍ഭവത്തെക്കുറിച്ചുള്ള ചരിത്രത്തില്‍ ഒരു പുലയസ്‌ത്രീ അതിപ്രധാനമായി അവതരിക്കുന്നുണ്ടെങ്കിലും അടുത്ത കാലംവരേക്കും മനുഷ്യനെ മാത്രമല്ല ഈശ്വരനെ പോലും അവന്റെ നിഴലശുദ്ധപ്പെടുത്തത്തക്കവണ്ണം അത്രവളരെ അധഃപതിച്ച മനുഷ്യരായിട്ടാണ്‌ പുലയരെ കരുതിയിരുന്ന തെന്നുള്ളത്‌ വളരെ കൗതുകകരമായ ഒരു കാര്യമാണ്‌. പേജ്‌ 83, 84 ല്‍ ഈ ക്ഷേത്രത്തിന്റെ ഉത്ഭവം അജ്ഞാതമായിരിക്കുന്നു. എന്നാല്‍ പ്രധാന ഗവണ്‍മെന്റ്‌ ക്ഷേത്രമായ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കേന്ദ്രഭാഗം അതിലുള്ള ശിലാലിഖിതങ്ങളില്‍ നിന്ന്‌ തീര്‍ച്ചയായും ഒരായിരം കൊല്ലത്തെയെങ്കിലും പഴക്കമുള്ളതാണെന്ന്‌ അനുമാനിക്കേണ്ടി യിരിക്കുന്നു. അതിന്റെ ഉല്‍ഭവത്തെപ്പറ്റി ഇങ്ങനെ സംഗ്രഹി ക്കുന്നു. ഇപ്പോള്‍ തിരുവന്തപുരം ക്ഷേത്രം സ്ഥതിചെയ്യുന്ന സ്ഥലം പഴയകാലത്ത്‌ അനന്തന്‍കാട്‌ എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു വനപ്രദേശമായിരുന്നു. (അതിന്‌ കിഴക്കുഭാഗമെല്ലാം കാന്തള്ളൂര്‍ എന്നാണ്‌ ഒന്‍പതാം നൂറ്റാണ്ടുവേെരയും അറിയപ്പെട്ടിരുന്നത്‌) അക്കാലത്ത്‌ തങ്ങളുടെ കുടിലിനു ചുറ്റുമുള്ള വിശാലമായ വയലുകളില്‍ (പുത്തരിക്കണ്ടം) കൃഷിചെയ്‌ത്‌ ഉപജീവനം നടത്തിയിരുന്ന ഒരു പുലയനും (പെരുമാട്ടു അയ്യനും) അയാളുടെ ഭാര്യ (പെരുമാട്ടുകാളി) യും കാട്ടില്‍ വസിച്ചിരുന്നു. ഒരു ദിവസം പുലയന്റെ ഭാര്യ വയലില്‍ കളപറിച്ചുകൊണ്ടിരുന്ന സമയത്ത്‌ ഒരു ശിശുവിന്റെ കരച്ചില്‍ കേട്ടു അന്വേവേഷണത്തില്‍ അതൊരു ദിവ്യ ശിശുവാണെന്നു കരുതി അതിനെ സ്‌പര്‍ശിക്കാന്‍ ആദ്യം ആ പുലയസ്‌ത്രീ മടിച്ചു. എങ്കിലും അവള്‍ ഉടനെ പോയി കുളിച്ചുവന്ന്‌ കുട്ടിക്ക്‌ മുലകൊടുത്തു. എന്നിട്ട്‌ അതിനെ ഒരു വലിയ വൃക്ഷത്തിന്റെ തണലില്‍ കൊണ്ടുചെന്നു കിടത്തി. അവള്‍ പോയിക്കഴിഞ്ഞയുടന്‍ ആ ശിശു വിഷ്‌ണുവിന്റെ അവതാരമാ യിരുന്നതുകൊണ്ട്‌ അഞ്ചുതലയുള്ള ഒരു സര്‍പ്പം അതിനെ ഒരു വൃക്ഷകോടര ത്തിലേക്ക്‌ മാറ്റി മീതെ അതിന്റെ ഫണം വിടര്‍ത്തി വെയിലില്‍ നിന്നും സംരക്ഷിച്ചുനിന്നു. അവിടെവെച്ച്‌ പുലയനും ഭാര്യയും ഒരു ചിരട്ടയില്‍ പാലും കഞ്ഞിയും ശിശുവിനു നല്‍കി വന്നു. ഈ വിവരം തിരുവിതാംകൂര്‍ മഹാരാജാവ്‌ അറിയാന്‍ ഇടവരുകയും അവിടെ ഒരു ക്ഷേത്രം പണിയാന്‍ ആജ്ഞ നല്‍കുകയും ചെയ്‌തു.' തിരുവിതാംകൂര്‍ രാജാക്കന്മാരല്ല ശ്രീപത്മനാഭസ്വാമി ക്ഷേത്രം പണികഴിപ്പിച്ചത്‌. വേണാടിന്റെ വീരചരിത്രം രചിച്ച മഹാദേവദേശായിക്ക്‌ തെറ്റിപ്പോയതാകാം. അതുമല്ലെങ്കില്‍ ചരിത്രം വളച്ചൊടിച്ചതുമാകാം.

ഇനി മറ്റൊരു ഐതിഹ്യകഥ കേള്‍ക്കുന്നത്‌ അനന്തന്‍കാട്ടില്‍ പുല്ല്‌ അരിഞ്ഞുകൊണ്ടു നില്‍ക്കുമ്പോള്‍ ഒരു പുലയസ്‌ത്രീയുടെ അരിവാള്‍ മണ്ണില്‍ പുതഞ്ഞുകിടന്ന ഒരു കല്ലില്‍ കൊള്ളുകയും രക്തം വാര്‍ന്നുവരുകയും, ഈ വിവരം അറിഞ്ഞെത്തിയ അന്നത്തെ ഭരണാധികാരി അവിടെ ഒരു ക്ഷേത്രം പണികഴിപ്പിച്ചു വെന്നും അതാണ്‌ പില്‍ക്കാലത്ത്‌ പ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രമായതെന്നുമാണ്‌. കേരളത്തിലെ ഒട്ടുമിക്ക പുരാതന ക്ഷേത്രങ്ങളുടേയും നിര്‍മ്മിതിയില്‍ ഒരു നിമിത്തമായി ഒരു പുലയസ്‌ത്രീ കടന്നുവരുന്നുണ്ട്‌. അവയില്‍ പലതിലും കല്ലില്‍ തട്ടി ചോരവരുന്ന കഥകളാണ്‌ കാണുന്നത്‌. ഇല്ലാത്ത ചരിത്രത്തിന്‌ ഒരു കഥ മെനഞ്ഞെടുക്കാന്‍ പഴയകാലത്തെ സവര്‍ണ ചരിത്രകാരന്മാര്‍ കണ്ടെത്തിയ ഒരു സ്ഥിരം പല്ലവിയാണ്‌ കല്ലില്‍ തട്ടി ചോരവരുന്നത്‌. ഇത്രയേറെ ഐതിഹ്യങ്ങളും കഥകളും പറഞ്ഞുകേട്ടപ്പോഴും അവയിലെല്ലാം ചരിത്രസത്യങ്ങള്‍ നിഴലിക്കുന്നത്‌ കാണാം. പെരുമാട്ടുകാളി - അവരാണ്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിക്കു കാരണക്കാരി. അവര്‍ തന്നെയാണ്‌ ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ അവകാശിയും.

പെരുമാട്ടുകാളിയുടെ ചാമിക്കല്‍ അനന്തനായി

നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ അനന്തപുരിയെന്ന തിരുവനന്തപുരം വന്‍കാടുകളാല്‍ നിബിഡമായിരുന്നു. അനന്തന്‍കാടെന്നാണ്‌ പരക്കെ ഈ ഭാഗത്തിന്‌ പഴമക്കാര്‍ പറഞ്ഞിരുന്നത്‌. ആ കാലത്ത്‌ ഈ കാട്ടുപ്രദേശത്ത്‌ അധിവസിച്ചിരുന്നത്‌ ആദിമനിവാസികളില്‍ പെട്ട നെല്‍കൃഷിക്കാരായ പുലയകുടുബങ്ങളായിരുന്നു. അവിടെ കുടിലുകെട്ടി അവര്‍ പാര്‍ത്തുവന്നിരുന്നു. അനന്തന്‍കാടി നൊപ്പ മുണ്ടായിരുന്ന പുത്തരിക്കണ്ടത്തെ നെല്‍വയലുകളില്‍ കൃഷി ചെയ്‌താണ്‌ ജീവിതം പുലര്‍ത്തിയിരുന്നത്‌. അവരില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന ഒരു കുടുംബമായിരുന്നു പെരുമാട്ടു വീട്ടുകാര്‍. അവിടത്തെ തലമൂത്ത കാരണവത്തിയാണ്‌ കാളി. അതുകൊണ്ടാണ്‌ പില്‍ക്കാലത്ത്‌ അവര്‍ പെരുമാട്ടുകാളി യെന്ന്‌ വിളിക്കപ്പെട്ടിരുന്നത്‌. ഭര്‍ത്താവിന്റെ പേര്‌ അയ്യനെന്നും.

ആദിമനിവാസികളായ പുലയര്‍ പ്രകൃതി മതാചാരക്കാരായതിനാല്‍ തന്നെ നാഗാരാധനയും ഉല്‍പ്പെട്ടിരുന്നു. കേരളത്തില്‍ ആദിമനിവാസികളില്‍ കണ്ടിരുന്ന നാഗാരാധന ബുദ്ധമതത്തിന്റെ സംഭാവനയാണെന്നാണ്‌ പറയുന്നതെങ്കിലും ഇത്‌ ശരിയല്ലെന്നാണ്‌ എ ശ്രീധരമേനോന്‍ തന്റെ കേരളസംസ്‌കാരം എന്ന ഗ്രന്ഥത്തില്‍ (പേജ്‌ 26 ) വ്യക്തമാക്കുന്നത്‌. ജൈന - ബുദ്ധമതങ്ങല്‍ക്കു മുമ്പുതന്നെ മഖലിഗോശാലന്റെ നിയതി വാദത്തില്‍ അധിഷ്‌ഠിതമായ ആജീവകമതം ദക്ഷിണേന്ത്യയില്‍ വേരൂന്നിയിരുന്നു. ഈ പ്രകൃതിമതരൂപീകരണമാണ്‌ പുലയരില്‍ സര്‍പ്പാരാധന ഒരു പ്രമുഖ ഘടകമായി നിലനില്‍ക്കാന്‍ കാരണമായത്‌. കാട്ടിലും മേട്ടിലും ജീവിതം കണ്ടെത്തിയ ആദിമ നിവാസികളില്‍ സര്‍പ്പം തുടങ്ങിയ ഇഴജന്തുക്കള്‍ സൃഷ്ടിച്ച ഭയത്തില്‍ നിന്നാണ്‌ ഈ ആരാധനാ സമ്പ്രദായം അവര്‍ക്കിടയില്‍ പ്രബലപ്പെടുവാന്‍ സംഗതിയായത്‌. കേരളക്കരയിലെത്തിയ ബുദ്ധമതാനുയായികള്‍ പുലയര്‍ തുടങ്ങിയ ആദിമ നിവാസികളില്‍ നിന്നും നാഗാരാധന അനുകരിച്ച്‌ സ്വായത്തമാക്കിയെന്നതാവും ശരി. അതേസമയം സംഘകാലത്തൊന്നും നാഗാരാധന ഉണ്ടായിരുന്നില്ലെന്നും ശ്രീധരമേനോന്‍ പറയുന്നുണ്ട്‌.

പുലയരുടെ കാരണവത്തിയായ പെരുമാട്ടുകാളിയുടെ കുടില്‍ സ്ഥിതിചെയ്‌തിരുന്നത്‌ ഇന്ന്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിലനില്‍ക്കുന്ന ഭാഗത്തായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു ഇലിപ്പ്‌ വൃക്ഷച്ചുവട്ടില്‍ കാളി തന്റെ കുടുബ ഭദ്രയായ നാഗത്തെ കുടിയിരുത്തി ഒരു ശില ( ചാമിക്കല്‍- ഈശ്വരബിംബം ) സ്ഥാപിച്ച്‌ നിത്യവും പൂജാദി കര്‍മ്മങ്ങള്‍ അനുഷ്‌ഠിച്ചുപോന്നി രുന്നു. തന്റെ കൃഷിയിടമായ പുത്തരിക്കണ്ടത്തില്‍ നിന്നും നെല്ലെടുത്ത്‌ കൈക്കുത്തില്‍ വെച്ച്‌ ഞരടിത്തൊലിച്ച്‌ കണ്ണന്‍ ചിരട്ടയില്‍ വെച്ച്‌ നിവേദ്യം കഴിച്ചിരുന്നു. വിശേഷപ്പെട്ട ഈ ചാമിക്കല്ലും അവിടത്തെ ആരാധനാ വിശേഷവും കേട്ടറിഞ്ഞ്‌ വിഴിഞ്ഞം തലസ്ഥാനമായി എ ഡി 580 മുതല്‍ 630 വരെ ഭരണം നടത്തിയ മഹേന്ദ്രവര്‍മ്മന്‍ ഒന്നാമന്‍ എന്ന ആയ്‌ രാജാവ്‌ പെരുമാട്ടുകാളിയെ സന്ദര്‍ശിച്ച്‌ ചാമിക്കല്ലും അത്‌ സ്ഥിതിചെയ്‌തി രുന്ന ഭാഗവും കാളിയില്‍ നിന്നും വാങ്ങി അവിടെ ഒരു മണ്‍ക്ഷേത്രം നിര്‍മ്മിച്ച്‌ അനന്തന്‍ എന്ന നാഗത്തെ പ്രതിഷ്‌ഠിക്കുക യായിരുന്നു. അന്ന്‌ വള്ളുവ (പുലയ ) രാജാക്കന്മാരുടേയും ആയ്‌ രാജാക്കന്മാരുടേയും പ്രതാപമാര്‍ന്ന കാലമായിരുന്നു. ഈ കാരണത്താലാണ്‌ ആയ്‌ രാജാക്കന്മാരുടേയും വള്ളുവ രാജാക്കന്മാ രുടേയും കുലദൈവസ്ഥാനം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ ആദ്യം സിദ്ധമായിരുന്നത്‌. 

മുഞ്ചിറക്കടുത്ത്‌ ഉഴൈക്കുടി വിളയില്‍ ആയ്‌ രാജാവായ കരുനന്തടക്കന്‍ എ ഡി 806 ല്‍ പാര്‍ത്ഥിവേശ്വരപുരം ക്ഷേത്രം പണികഴിപ്പിച്ചതായി ചരിത്രത്തില്‍ കാണുന്നു. ആ കാലഘട്ട ത്തിലാകണം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്ഥാപനമെന്നും പഴമക്കാര്‍ പറഞ്ഞറിവുണ്ട്‌. എ ഡി 5 ആം നൂറ്റാണ്ടിനും 6 ആം നൂറ്റാണ്ടിന്റെ ആരംഭകാലത്തുമാകണം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിര്‍മ്മാണ കാലഘട്ടമെന്നത്‌. കാരണം 7 ആം നൂറ്റാണ്ടിലാണ്‌ ആയ്‌ രാജാക്കന്മാര്‍ പ്രാചീന വിദ്യാപീഠമായ കാന്തളൂര്‍ ശാല സ്ഥാപിച്ചത്‌. അല്ലാതെ വില്വമംഗലം മനയിലെ ദിവാകരമുനിയെന്ന ബ്രാഹ്മണശ്രേഷ്‌ഠനല്ല ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിര്‍മ്മിച്ചത്‌. 10 ആം നൂറ്റാണ്ടിനു ശേഷമാണ്‌ ആര്യ ബ്രാഹ്മണര്‍ കേരളത്തില്‍ എത്തുന്നതു തന്നെ. 10 ആം നൂറ്റാണ്ടിലെത്തി ബ്രാഹ്മണര്‍ 5 ആം നൂറ്റാണ്ടില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിര്‍മ്മിച്ചുവെന്നു പറയുന്നത്‌ നുണക്കഥയല്ലാതെ മറ്റെന്താണ്‌ ? എന്നിട്ടും സവര്‍ണ ചരിത്ര കാരന്മാര്‍ ആ നുണക്കഥകള്‍ തന്നെ പറഞ്ഞുപരത്തുകയും ജനങ്ങളെക്കൊണ്ട്‌ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. പരശുരാമന്‍ ഗോകര്‍ണത്തു നിന്നും കന്യാകുമാരിയിലേക്ക്‌ മഴുവെറിഞ്ഞ്‌ കേരളം സൃഷ്ടിച്ചുവെന്ന നുണക്കഥ പോലെ ഇന്നും പ്രചുര പ്രചാരണാണ്‌ വില്വമംഗലം മനയിലെ ദിവാകരമുനിയുടെ കഥയും. യഥാര്‍ത്ഥത്തിന്‍ പെരുമാട്ടുകാളിയെന്ന പുലയസ്‌ത്രീ അവരുടെ കുലദൈവമായി സ്ഥാപിച്ച്‌ ആരാധിച്ചിരുന്ന ഈശ്വരബിംബമായ ചാമിക്കല്ലാണ്‌ പില്‍ക്കാല ചരിത്രത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രമായി മാറിയത്‌. കുലദൈവസ്ഥാനമായ ഈ ചാമിക്കല്ലും ആ പ്രദേശവും മഹേന്ദ്രവര്‍മ്മന്‍ ഒന്നാമന്‌ വിട്ടുകൊടുത്തതിന്‌ പകരമായിട്ടാണ്‌ പെരുമാട്ടുകാളിക്കും കുടുംബത്തിനും പുത്തരിക്കണ്ടം മുതല്‍ കിഴക്ക്‌ കിള്ളിപ്പാലം വരെയുള്ള 75 ഏക്കര്‍ നെല്‍പ്പാടങ്ങള്‍ കരമൊഴിവായി മഹേന്ദ്രവര്‍മ്മന്‍ രാജാവ്‌ കല്‍പ്പിച്ചു കൊടുത്തത്‌. കൂടാതെ ക്ഷേത്ര നിവേദ്യത്തിന്‌ നെല്ലുകുത്താനുള്ള അവകാശവും കല്‍പ്പിച്ചുകൊടുത്തതായി ക്ഷേത്രംവക റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. പക്ഷെ ഇന്ന്‌ ആ രേഖകള്‍ നശിപ്പിക്കപ്പെട്ട നിലയിലാണ്‌. മഹേന്ദ്രവര്‍മ്മന്റെ കാലത്തുതന്നെ ശ്രീപത്മനാഭ ക്ഷേത്രത്തിലേക്ക്‌ ഓരോപിടി അരിവീതം ഓരോ ദിവസവും നിവേദ്യത്തിന്‌ നല്‍കി വന്നിരുന്ന 12 പുലയ തറവാട്ടുകള്‍ക്ക്‌ ഓരോ കുടിക്കും 5 ഏക്കര്‍ നിലം വീതവും നല്‍കിയിട്ടുള്ളതായി അഡ്വ. കെ ഹരിഹരകൃഷ്‌ണയ്യര്‍ എഴുതിയ പന്തീരായിരം സാളഗ്രാമങ്ങളുള്ള പത്മനാഭവിഗ്രഹം എന്ന ലേഖനത്തില്‍ രേഖയുള്ളതായി പറയുന്നുണ്ട്‌.

ഈ പെരുമാട്ടുകാളിയുടെ വംശപരമ്പരയില്‍ നിന്നും ജനിച്ചവ രാണ്‌ പുലയനാര്‍ക്കോട്ട ആസ്ഥാനമായും ഇളവള്ളുവനാട്ടിലെ കൊക്കോതമംഗലം ആസ്ഥാനമായും രാജ്യം ഭരിച്ചിരുന്ന പുലയ രാജാവും പുലയ റാണിയും. പുലയനാര്‍കോട്ട ഭരിച്ചിരുന്നത്‌ കോതന്‍ എന്ന രാജാവും കൊക്കോതമംഗലം ഭരിച്ചിരുന്നത്‌ കോതറാണിയുമാണ്‌. പുലയനാര്‍ കോട്ടയിലെ കോതന്‍ രാജാവിന്റെ സ്വയംഭൂവായ ശിവക്ഷേത്രം മണ്ണില്‍ പുതഞ്ഞുകിടന്ന നിലയില്‍ കണ്ടെത്തി സ്ഥലമുടമ അവിടെ ക്ഷേത്ര പുനര്‍നിര്‍മ്മാ ണം ഇപ്പോള്‍ നടത്തിവരുന്നുണ്ട്‌. ഇതൊക്കെ ചരിത്ര സത്യ ങ്ങളാണ്‌. ഈ സത്യങ്ങള്‍ക്കെതിരേ കണ്ണടക്കുന്നവരാണ്‌ അധികാരി വര്‍ഗങ്ങള്‍. ഇവരുടെ സന്തതിപരമ്പരകള്‍ ഇന്നും തിരുവനന്ത പുരത്തും പരിസരങ്ങളിലുമായി ജീവിക്കുന്നവരാണ്‌. ഈ ലേഖകന്റെ പിതാവും പെരുമാട്ടുകാളിയുടെ വംശപരമ്പരയില്‍ പെട്ട ആളായിരുന്നു. ഈ വംശപരമ്പരയില്‍ നിന്നും ജനിച്ച കാവല്ലൂര്‍ സ്വദേശി മാലചാത്തയെന്ന സ്‌ത്രീക്ക്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി തുടങ്ങിയ ഉത്സവങ്ങള്‍ക്ക്‌ ചില ആനുകൂല്യങ്ങള്‍ രാജകൊട്ടാരത്തില്‍ നിന്നും അനുവദിച്ചിരുന്നു. മാലചാത്തയുടെ മരണശേഷം ഇളയമകള്‍ ജാനകിക്ക്‌ ആ ആനുകൂല്യങ്ങള്‍ ക്ഷേത്രത്തില്‍ നിന്ന്‌ ഇപ്പോഴും നല്‍കിപ്പോരു ന്നുണ്ട്‌. ഇതൊക്കെ ശ്രീപത്മനാഭ സ്വാമിക്ഷേത്രവും പുലയരും തമ്മിലുണ്ടായിരുന്ന ബന്ധമെന്താണെന്ന്‌ വ്യക്തമാക്കുന്നവയാണ്‌.

(ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന ചിത്രം പെരുമാട്ടു കാളിയുടെതല്ല . പുലയ ദേവതയായ മാതംഗിയുടെതാണ് )

3 comments:

  1. /// ഇല്ലാത്ത ചരിത്രത്തിന്‌ ഒരു കഥ മെനഞ്ഞെടുക്കാന്‍ പഴയകാലത്തെ സവര്‍ണ ചരിത്രകാരന്മാര്‍ കണ്ടെത്തിയ ഒരു സ്ഥിരം പല്ലവിയാണ്‌ കല്ലില്‍ തട്ടി ചോരവരുന്നത്‌.///

    അധസ്ഥിതരുടെ ചോരയും വിയപ്പും കൊണ്ട് പടുത്തു ഉയർത്തിയ സമ്പത്തും ക്ഷേത്രങ്ങളും സ്വന്തമാക്കിയപ്പോൾ സവർണതയുടെ മനസ്സിൽ എവിയെയോ ചോര പൊടിഞ്ഞിരിക്കാം ...!!!

    ReplyDelete
  2. വിളിച്ചു പറയേണ്ട വസ്തുതകൾ ജാനകി എന്ന അമ്മയെ നേരിൽ കാണാനാഗ്രഹിക്കുന്നു

    ReplyDelete
  3. വിളിച്ചു പറയേണ്ട വസ്തുതകൾ ജാനകി എന്ന അമ്മയെ നേരിൽ കാണാനാഗ്രഹിക്കുന്നു

    ReplyDelete