Sunday, November 17, 2013

ദാബോല്‍ക്കര്‍ ജീവന്‍ കൊടുത്തു നേടിയ അന്ധവിശ്വാസ വിരുദ്ധ നിയമം - പി ശിവന്‍


ദാബോല്‍ക്കര്‍
ആഗസ്റ്റ്‌ 22 ന്‌ മഹാരാഷ്ട്ര ഗവണ്‍മെന്റ്‌ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും മന്ത്രവാദവും നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസ്സാക്കുന്നതിന്‌ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

ഡോ. ദാബോല്‍ക്കറുടെ നേതൃത്വത്തില്‍ അദ്ദേഹം സ്ഥാപിച്ച മഹാരാഷ്ട്ര അന്ധശ്രദ്ധാ നിര്‍മ്മുലന്‍ സമിതിയാണ്‌ കരട്‌ ബില്‍ തയ്യാര്‍ ചെയ്‌തത്‌. ഹിന്ദു തീവ്രപക്ഷ സംഘടനകളും ശിവസേന, ബി ജെ പി തുടങ്ങിയ രാഷ്ട്രീയ കക്ഷികളും ഈ ബില്‍ ഹൈന്ദവ സംസ്‌കാരത്തേയും ആചാരങ്ങളേയും മാമൂലുകളേയും ഹനിക്കുമെന്ന്‌ വാദിച്ച്‌ എതിര്‍ത്തുപോന്നു.

നിയമങ്ങളും ചട്ടങ്ങളും പടച്ചുണ്ടാക്കിയതു കൊണ്ടുമാത്രം സമൂഹം മാറുമോ എന്ന്‌ വിമര്‍ശകര്‍ നിരന്തരം ചോദിക്കുന്നുണ്ട്‌. സ്‌ത്രീധന നിരോധന നിയമത്തിന്റെയും മദ്യനിരോധന നിയമത്തിന്റേയും പുകവലി നിരോധനത്തിന്റെയും പരിതാവസ്ഥ അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്‌. പക്ഷേ ഇത്‌ അര്‍ദ്ധസത്യം മാത്രമേ ആകുന്നുള്ളൂ.

നിയമനിര്‍മ്മാണങ്ങള്‍ സാമൂഹ്യമാറ്റത്തിന്‌ പ്രേരിപ്പിക്കില്ലെന്ന്‌ സമ്മതിച്ചാല്‍ തന്നെയും സതി നിരോധനം തുടങ്ങിയ നിയമങ്ങള്‍ സമൂഹത്തില്‍ നടമാടിയിരുന്ന കൊടിയ തിന്മകളെയും അപരിഷ്‌കൃത ദുരാചാരങ്ങളെയും നിയന്ത്രിക്കുന്നതിനോ ഉന്മൂലനം ചെയ്യുന്നതിനോ കാരണഭൂതമായിട്ടുണ്ട്‌ എന്നത്‌ ചരിത്ര വസ്‌തുതയാണ്‌. അതിലുപരി അനഭിലഷണീയമായ വിശ്വാസങ്ങള്‍ക്കെതിരേ സമൂഹത്തിന്റെ ഒരു വലിയ പരിഛേദം പ്രകടമായ ഒരു പ്രക്ഷോഭത്തിലേര്‍പ്പെടുന്ന ഘട്ടത്തില്‍ ആ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനും അതുവഴി കൂടുതല്‍ ജനങ്ങളെ അന്ധവിശ്വാസങ്ങേളോ മന്ത്രവാദങ്ങേളോ ഉപേക്ഷിക്കുന്നതിന്‌ പ്രേരിപ്പിക്കുന്നതും അത്തരം നിയമനിര്‍മ്മാണങ്ങള്‍ സഹായകമാവുകതന്നെ ചെയ്യും. കൂടാതെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സാമാന്യ ജനങ്ങളും ബുദ്ധിജീവികളും മുന്‍നിര്‍ത്തി അവരുടെ ജനപ്രതിനിധികള്‍ കഴിവതും നേരത്തെ അത്തരം നിയമനിര്‍മ്മാണങ്ങളില്‍ ഏര്‍പ്പെടണമെന്നാണ്‌.

മനുഷ്യ സമൂഹങ്ങളിലെങ്ങും ഏറിയും കുറഞ്ഞും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും നിലനില്‍ക്കുന്നുവെന്ന്‌ മാനവചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. മഹാരാഷ്ട്രാ ഗവണ്‍മെന്റ്‌ ഓര്‍ഡിനന്‍സായി പുറപ്പെടുവിച്ചിട്ടുള്ള അന്ധവിശ്വാസ - മന്ത്രവാദ നിരോധന നിയമം ഇത്തരത്തില്‍ ഒന്നാമത്തേതാണ്‌. വിശ്വസത്തേയും അവിശ്വാസത്തേയും നിര്‍വചിക്കാന്‍ ഈ ബില്ല്‌ മെനക്കെടുന്നില്ലെന്നുള്ളത്‌ എടുത്തുപറയത്തക്ക സവിശേഷതയാണ്‌. ഇന്ന്‌ മഹാരാഷ്ട്ര സംസ്ഥാനത്തില്‍ നിലനില്‍ക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളേയും കൃത്യമായി ഈ ബില്ലിന്റെ പരിധയില്‍ കൊണ്ടുവന്നിട്ടുണ്ട്‌. കാലഗതിക്കനുസരിച്ച്‌ അത്‌ പുതുക്കാവുന്നതുമാണ്‌. ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള നിരോധിച്ചിട്ടുള്ള പ്രധാന അന്ധവിശ്വാസങ്ങള്‍ ചുവടേ ചേര്‍ക്കുന്നു.

1.കര്‍നി, ഭാനാമതി എന്നിവ
2.അമാനുഷിക ശക്തികളുടെ പേരില്‍ മന്ത്രവാദം
3.ഭൂത-പ്രേതാദികളെ ഒഴിപ്പിക്കുന്നതിനും ഉച്ചാടനത്തിനും ഭസ്‌മമോ തകിടോ ആകര്‍ഷണയന്ത്രമോ നല്‍കല്‍
4.അമാനുഷിക ശക്തിയുണ്ടെന്ന്‌ അവകാശപ്പെടുകയോ അപ്രകാരം പരസ്യം നല്‍കുകയോ ചെയ്യല്‍
5.മണ്‍മറഞ്ഞുപോയ സന്യാസി/പുണ്യവാളന്മാരുടേയോ ദൈവങ്ങളുടേയോ അവതാരമാണെന്ന്‌ അവകാശപ്പെടുകയും തദ്വാരാ ദൈവഭയമുള്ള സാമാന്യ ജനത്തെ വഞ്ചിക്കുന്നതിന്‌ ഒരുമ്പെടുക
6.ദിവ്യശക്തിയുടെയോ ദുഷ്ടശക്തിയുടെയോ സ്വാധീനമുണ്ടെന്ന്‌ അവകാശപ്പെടുകവഴി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുക.
7.മാനസിക രോഗികളെ അവര്‍ക്ക്‌ പിശാചുബാധയാണെന്നുപറഞ്ഞ്‌ ശിക്ഷിക്കുകയോ അടിക്കുകയോ ചെയ്യുക
8.അഗോദി പൂജ ചെയ്യുക
9.ദുര്‍മന്ത്രവാദം ചെയ്യുകയോ തദ്വാരാ സമൂഹത്തില്‍ ഭീതി പടര്‍ത്തുകയോ ചെയ്യുക
10.ആണ്‍സന്താനങ്ങള്‍ ജനിക്കുന്നതിലേക്കായി "ഗോപാലസന്താന" പൂജ നടത്തുക
11.ശാസ്‌ത്രീയമായ ആതുര ശുശ്രൂഷക്ക്‌ ഭംഗം വരുത്തുകയും അഗോറി ചികിത്സാരീതിക്ക്‌ നിര്‍ബന്ധിക്കുകയും ചെയ്യുക
12.മാന്ത്രികക്കല്ലുകള്‍, തകിടുകള്‍, ആകര്‍ഷണയന്ത്രങ്ങള്‍ വളകള്‍ എന്നിവ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുക
13.അമാനുഷിക ശക്തികളെ സ്വശരീരത്തിലേക്ക്‌ ആവാഹനം ചെയ്‌തതായി അവകാശപ്പെടുകയോ അപ്രകാരമുള്ള മാനസിക നിലയില്‍ ഏതൊരു ചോദ്യത്തിനും ഉത്തരം നല്‍കാമെന്ന്‌ നടിക്കുക
14.ദൈവങ്ങളുടേയും ആത്മാക്കളുടേയും പ്രീതിക്കായി നിസഹായരായ മൃഗങ്ങളെ ബലിനല്‍കുക
15.സര്‍പ്പദംശ, വിഷബാധ എന്നിവക്ക്‌ മാന്ത്രിക ചികിത്സയുണ്ടെന്ന്‌ ഭാവിക്കുക
16.സന്താനലബ്ധി ഉറപ്പെന്നുപറഞ്ഞ്‌ പരിഹാരക്രിയകള്‍ ചെയ്യുക

സാമാന്യജനങ്ങളുടെ അന്ധവിശ്വാസത്തെ മുതലെടുക്കുകയോ മുകളില്‍ പ്രസ്‌താവിച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്ക്‌ ഏഴ്‌ വര്‍ഷത്തെ ജയില്‍വാസം അനുഭവിക്കേണ്ടിവരും. ഡിസംബറില്‍ ചേരുന്ന ശൈത്യകാല സമ്മേളനത്തില്‍ ഈ ബില്‍ പാസ്സാക്കുമെന്ന്‌ സര്‍ക്കാര്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌.

(ദാബോല്‍ക്കറുടെ മരണാനന്തരം മഹാരാഷ്ട്ര ഗവണ്‍മെന്റ്‌ ഈ ബില്‍ പാസ്സാക്കുകയുണ്ടായി-പത്രാധിപര്‍)

("യുക്തിരാജ്യം സ്വതന്ത്ര ചിന്താ മാസിക" യുടെ 2013 ഒക്ടോബര്‍ ലക്കത്തിലാണ്‌ ഈ ലേഖനം കൊടുത്തിട്ടുള്ളത്‌)



(ഡൌണ്‍ലോഡ്)

No comments:

Post a Comment