Monday, November 25, 2013

കമ്മ്യൂണിസം എന്ന കമ്മ്യൂണലിസം:കല്ലറ സുകുമാരന്‍



(കല്ലറ സുകുമാരന്റെ'വിമോചനത്തിന്റെ അര്‍ത്ഥശാസ്ത്രം' എന്ന ഗ്രന്ഥത്തിലെ കമ്മ്യൂണിസം എന്ന കമ്മ്യൂണലിസം എന്ന അധ്യായമാണ് ഇവിടെ പകര്‍ത്തുന്നത്. ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത് 1986ല്‍ ആണ്. 2010ല്‍ ബഹുജന്‍ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പതിപ്പില്‍ നിന്നുമാണ് ഈ അധ്യായം പകര്‍ത്തുന്നത്.)

1920-ല്‍ താഷ്‌കെന്റില്‍ (റഷ്യ) വെച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരി ച്ചതുമുതല്‍ കഴിഞ്ഞ 70 വര്‍ഷമായി ജാതിയില്‍ തൊടാതെ വര്‍ഗസമരം നടത്താന്‍ പറ്റുമോ എന്ന പരീക്ഷണ ത്തിലാണ് കമ്മ്യൂണിസ്റ്റുകള്‍ വ്യാപൃതരായി രിക്കുന്നത്. എന്നാല്‍ ഇവിടെ വസ്ത്രവും നൂലും പോലെ വര്‍ഗവും ജാതിയും ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത അവര്‍ അംഗീകരിക്കുന്നില്ല. ഇന്ത്യയില്‍ ജാതി തന്നെയാണ് വര്‍ഗം. കീഴ്ജാതിക്കാര്‍ ശാരീരികമായി അധ്വാനിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. നഗരസ്വത്ത് 100ശതമാനവും; വ്യാപാര വ്യവസായങ്ങളും ഉയര്‍ന്ന ഉദ്യോഗവും ഭരണാധികാരവും എന്നും ഉയര്‍ന്ന ജാതിക്കാരുടെ കൈവശം തന്നെയാണ്. അതുകൊണ്ട് മുതലാളി വര്‍ഗമെന്നാല്‍ ഉയര്‍ന്ന ജാതിക്കാരെന്നും തൊഴിലാളിവര്‍ഗമെന്നാല്‍ കീഴ്ജാതിക്കാരെന്നുമുള്ള സത്യം അവര്‍ മറച്ചു പിടിക്കുന്നു.മാത്രമല്ല ജാതിവ്യവസ്ഥ അനിവാര്യമാണെന്നും വാദിക്കുന്നു. അതിന്റെ പരിണിത ഫലമാണ് 70 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനംകൊണ്ട് 543 പാര്‍ലമെന്റ് അംഗങ്ങളുള്ള ഇന്ത്യയില്‍ സിപിഎം 32, സിപിഐ 12 എന്ന നിലയില്‍ 44 എണ്ണം മാത്രമായിത്തീരാന്‍ ഇന്നവര്‍ നിര്‍ബന്ധിതരായിരിക്കുന്നത്.7 പതിറ്റാണ്ടുകാലം പ്രവര്‍ത്തിച്ചിട്ടും ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തില്‍ 10 ശതമാനത്തിന്റെ പോലും വിശ്വാസമാര്‍ജിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്തേ കഴിഞ്ഞില്ലാ എന്ന് അവര്‍ സഗൗരവം ആലോചിക്കേണ്ടതാണ്. ആര്‍എസ്എസ്, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് യാതൊരു വ്യത്യസ്ത ഭാവവുമില്ല.3 സംഘടനകളുടേയും പ്രവര്‍ത്തനവും ലക്ഷ്യവും ഒന്നു തന്നെയാണ്. മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ സ:ഈഎംഎസ് പറയുന്നത്; കേരളത്തിനുമാത്രമല്ല ഇന്ത്യക്കാകെ തന്നെ ആര്യബ്രാഹ്മണരില്‍ നിന്നു കിട്ടിയ വലിയൊരു സംഭാവനയാണ് ജാതി (ഇഎംഎസ്: കേരളം മലയാളികളുടെ മാതൃഭൂമി,പേജ്: 51) എന്നാണ്. പെരുമാള്‍ ഭരണകാലത്തും അതിന്റെ അവസാന ഘട്ടത്തിലുമായി ജാതി, ജന്മി നാടുവാഴി മേധാവിത്വം നിലവില്‍ വന്നു. കേരളത്തിലെ സമൂഹത്തേയും സംസ്‌കാര ത്തേയും വളര്‍ത്താന്‍ ഇതു സഹായിച്ചു. ഈ ജാതിവ്യ വസ്ഥയുടെ കീഴിലാണ് മലയാളികള്‍ സ്വന്തം വ്യക്തിത്വമുള്ള ഒരു ജനതയായി രൂപം കൊണ്ടത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. (ഇഎംഎസ്:-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍, പേജ് 276) 'ഇന്ത്യക്കാരായ നമുക്ക് അഭിമാനജനകമായ ഈ ചരിത്രം രൂപപ്പെടുത്തിയ വരെ 'ആര്യന്മാര്‍' എന്ന പേരില്‍ ചരിത്രം അറിയുന്നു'.(ഇഎംഎസ്: വേദങ്ങളുടെ നാട് പേജ് 8) ജാതിസമ്പ്രദായം അന്ന് ഉളവായിരുന്നി ല്ലെങ്കില്‍ ഇന്നത്തെ മലയാളികളുടെ അഭിമാനപാത്രമായ കേരളസംസ്‌കാരം ഉയരുമായിരുന്നില്ല.  .(ഇഎംഎസ്:- കേരളം മലയാളികളുടെ മാതൃഭൂമി, പേജ് 53) നമ്പൂതിരിപ്പാടിന്റെ ഈ പ്രസ്താവനകള്‍ എത്രമാത്രം അബദ്ധ ജഡിലവും അര്‍ത്ഥ രഹിതവും സത്യ വിരുദ്ധവുമാണെന്ന് ഏതൊരു സാമാന്യ ബുദ്ധിയുള്ള കേരളീയനും അറിയാം. ജാതി, ജന്മി, നാടുവാഴി മേധാവിത്വം കേരള സംസ്‌കാരത്തേയും സമൂഹത്തേയും വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ ചെയ്തത്? ഈ വ്യവസ്ഥിതി ഉണ്ടായതിന് ശേഷമാണോ മലയാളികള്‍ സ്വന്തം വ്യക്തിത്വമുള്ള ഒരു ജനതയായി രൂപം കൊണ്ടത്? എന്തുകൊണ്ട് ജാതി, ജന്മി, നാടുവാഴി മേധാവിത്വത്തെ നമ്പൂതിരിപ്പാട് പുകഴ്ത്തുന്നു? കാരണം അദ്ദേഹം ബ്രാഹ്മണനാണ്.

ജാതി, ജന്മി, നാടുവാഴി മേധാവിത്വം കേരള സംസ്‌കാര ത്തേയും സമൂഹ ത്തേയും തകര്‍ക്കുക യാണ് യഥാര്‍ത്ഥ ത്തില്‍ ഉണ്ടായത്. ആര്യാ ഗമന ത്തിന് എത്രയോ കാലം മുമ്പ് കാശ്മീരില്‍ നിന്നും വിശിഷ്ട ശിലാഫലകങ്ങള്‍ കൊണ്ടുവന്ന് കൊട്ടാരങ്ങള്‍ പണിത രാജാക്ക ന്മാരുടെ നാടാ യിരുന്നു കേരളം. അന്ന് 7 നില വെണ്‍ മാടങ്ങളില്‍ അധിവസിച്ചിരുന്ന ആദിമ ജനതയുടെ ചരിത്രം രേഖ പ്പെടുത്തിയ എത്രയോ ഗ്രന്ഥങ്ങഴള്‍ സംഘകാല കൃതികളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. പെരുപാണാറ്റു പാടൈ 94ആം വരിയും മറ്റും വ്യക്തമായ ഉദാഹരണങ്ങളാണ്. തിരുവള്ളുവര്‍, കപിലര്‍, പരണര്‍, തൊല്‍കപ്പിയനാര്‍, മാമൂലനാര്‍ തുടങ്ങിയ മഹാകവികളും ഔവ്വയാര്‍, കാക്കൈപ്പാടിന്നിയാര്‍, തിരുമങ്കൈ ആള്‍വാര്‍, വെണ്ണികായത്തി, കാക്കൈക്കണ്ണി, ആണ്ടാള്‍ തുടങ്ങിയ മഹാകവയിത്രിമാരും എഴുതിയ 100 കണക്കിന് ഗ്രന്ഥങ്ങള്‍ ഇന്നും പ്രചാരത്തിലുണ്ട്. ആ ജനതയെ നശിപ്പിച്ച് ജാത്യാചാരങ്ങ ളേര്‍പ്പെടുത്തി മുലക്കരവും അടിമപ്പണവും വാങ്ങി നാടിനെ കുട്ടിച്ചോറാക്കിയ പുത്തന്‍ കേരള സംസ്‌കാരത്തെയാണ് ഇഎംഎസ് അഭിനന്ദിക്കുന്നത്. 'സജാതിയിലോ ഉയര്‍ന്ന ജാതിയിലോ ഉള്ള പുരുഷനു വശംവദ യാകാത്ത സന്‍മാര്‍ഗ ഹീനകളായ സ്ത്രീകളുണ്ടെങ്കില്‍ അവരെ ഉടന്‍ വധിക്കേണ്ടതാകുന്നു' എന്ന് വിളംബരം പുറപ്പെടുവിച്ച കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ സേവനം ഇഎംഎസ് ന്റെ ദൃഷ്ടിയില്‍ 'കേരളത്തിന്റെ സമൂഹത്തേയും സംസ്‌കാര ത്തേയും വളര്‍ത്താന്‍ ഇത് സഹായിച്ചു' വെന്നു കാണുന്നതില്‍ അതിശയോക്തി ക്ക് അവകാശമില്ല. 1822-ല്‍ ആരംഭിച്ച ചാന്നാര്‍ ലഹളക്ക് നിദാനമായ 'നായര്‍ തുടങ്ങിയ ഉയര്‍ന്നജാതി സ്ത്രീകളെ പോലെ ചാന്നാര്‍ തുടങ്ങിയ കീഴ്ജാതിയിലെ സ്ത്രീകള്‍ മാറുമറച്ചു നടന്നുകൂടാ' എന്ന രാജകീയ വിളംബരവും ഇഎംഎസ് 'ആര്യബ്രാഹ്മണരില്‍ നിന്നു കിട്ടിയ വലിയൊരു സംഭാവനയായി' തന്നെ കാണുന്നു. എന്നാല്‍ നായര്‍ സ്ത്രീകളെ ബ്രാഹ്മണര്‍ കേവലം സുഖഭോഗ വസ്തുവായി മാത്രം കണ്ടിരുന്നു വെന്നും നാടിനെ കുട്ടിച്ചോറാക്കിയത് ബ്രാഹ്മണരും അവരുടെ ജാതി വ്യവസ്ഥയും മാത്രമാണെന്നും ചരിത്രവസ്തുതകളുടെ പശ്ചാത്തലത്തില്‍ ശ്രീ പി വി തമ്പി എഴുതിയിട്ടുള്ള 'സൂര്യകാലടി' എന്ന നോവല്‍ മാത്രം വായിച്ചാല്‍ ബോധ്യമാകുന്നതാണ്.

കോണ്‍ഗ്രസ് നേതാവായ ഗാന്ധിയും ആര്‍എസ്എസ് നേതാവായ ഗോള്‍വാള്‍ക്കറും കമ്മ്യൂണിസ്റ്റ് നേതാവായ ഇഎംഎസും ഒരുപോലെ ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയെ അംഗീകരിക്കുന്നു. അവ ശരിയാണെന്നു പറയുകയും അതിനുവേണ്ടി വാദിക്കുകയും എഴുതി പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതു കൊണ്ടാണ് അംബേദ്കര്‍ പറഞ്ഞത്; 'ഒരു വിപ്ലവകാരിയായ ബ്രാഹ്മണനും ഒരു പുരോഹിതനായ ബ്രാഹ്മണനും ചെയ്യുന്ന വ്യത്യസ്ത പ്രവൃത്തികള്‍ പോലും ബ്രാഹ്മണ്യം ഉറപ്പിക്കുവാനേ സഹായിക്കുകയുള്ളൂ' എന്ന്. 1986 ആഗസ്റ്റ് 30 ന് ഡെല്‍ഹിയില്‍ വെച്ച് ഒഎംസി നമ്പൂതിരിപ്പാട് തര്‍ജ്ജിമ ചെയ്ത ജാതിവ്യവസ്ഥയുടെ അടിസ്ഥാന ഗ്രന്ഥമായ ഋഗ്വേദത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തത് ഇഎം ശങ്കരന്‍ മ്പൂതിരിപ്പാടായിരുന്നു. നമ്പൂതിരിമാര്‍ക്കുവേണ്ടി നമ്പൂതിരി എഴുതിയത് നമ്പൂതിരി പ്രകാശനം ചെയ്തുവന്നര്‍ത്ഥം. ഇഎംഎസ് ഋഗ്വേദം പ്രത്യേകമായി പഠിച്ച് ഉപനയനം നടത്തിയ ആളാണ്. ആ ഗ്രന്ഥത്തിലെ മന്ത്രങ്ങളും പ്രാര്‍ത്ഥനകളും അതിന്റെ അര്‍ത്ഥവും അദ്ദേഹത്തിനറിയാം. 'ദസ്യൂക്കള്‍ (ദളിതുകള്‍) യാഗങ്ങളും ബലികളും നടത്താത്തവരും അവിശ്വാസികളും ആണ്, അവര്‍ മനുഷ്യരുമല്ല. അവര്‍ ഞങ്ങളെ (ആര്യന്മാരെ) വളഞ്ഞിരിക്കുന്നു. അവരെ കൊല്ലുകയും വംശനാശം വളര്‍ത്തുകയും ചെയ്ത് ഞങ്ങളെ രക്ഷിക്കണമേ' എന്നാണ് ഋഗ്വേദത്തിലെ 1-100-8 ല്‍ ആര്യന്മാര്‍ ഈശ്വരനോട് മന്ത്രത്തിലൂടെ പ്രാര്‍ത്ഥിക്കുന്നത്. ഈ രാജ്യത്തെ ഒരു വിഭാഗം ജനതയെ വംശനാശം വരുത്തണമെന്ന പ്രാര്‍ത്ഥനയടങ്ങിയ ഗ്രന്ഥം പ്രകാശനം ചെയ്യാന്‍ തയ്യാറായ നമ്പൂതിരിപ്പാടിന്റെ ആര്യപ്രേമവും അയിത്ത ജാതി ക്കാരോടുള്ള അമര്‍ഷവും അധികം വിശദീകരിക്കേണ്ടതില്ല.

ജാതിയുടേയും ചാതുര്‍വര്‍ണ്യ ത്തിന്റെയും ഉപജ്ഞാ താവായ ശങ്കരാചാര്യ രുടെ 12ആം ജന്മദിനാ ഘോഷത്തില്‍ (1989 ഏപ്രില്‍ 23) കാലടിയില്‍ സാസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് ഇഎംഎസ് പറഞ്ഞത് 'ആശയവാദവും ഭൗതിക വാദവും തമ്മില്‍ സംഘര്‍ഷി ച്ചപ്പോള്‍ യൂറോപ്പില്‍ ഭൗതിക വാദവും ഇന്ത്യയില്‍ ആശയവാദവും ജയിച്ചിച്ചു' എന്നാണ്. ആശയ- ഭൗതിക- ആത്മീയ വാദങ്ങള്‍ എല്ലാം ഏകാത്മക മാണെന്ന (Integral) ശങ്കരദര്‍ശനത്തില്‍ കഴമ്പുണ്ടെന്നു സ്ഥാപിക്കുകയാണ് ഇഎംഎസ് ചെയ്തത്. അതിന്റെ പരിണിത ഫലമെന്താ ണെന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ ഇകെ നായനാരുടെ നിയമസഭാ മറുപടിയില്‍ നിന്നും വ്യക്തമാകും. അഴിമതികളെ കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ നായനാര്‍ പറഞ്ഞു   'അടുത്ത 10 000 വര്‍ഷത്തേക്ക് മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. വ്യവസ്ഥിതിയുടേതാണ് കുറ്റമെന്ന് പറയേണ്ടതില്ല' എന്ന് എന്നാല്‍ അത്തരമൊരു വ്യവസ്ഥിതിയെ മാറ്റിമറിക്കാന്‍ നേതൃത്വങ്ങളും പ്രസ്ഥാനങ്ങളും എന്തു ചെയ്യുന്നു വെന്നുള്ളതാണ് പ്രധാനം.

ചരിത്ര സത്യങ്ങളെ വ്യഭിചരിക്കുക എന്നത് ബൂര്‍ഷ്വാ ചരിത്രകാരന്മാരുടെ രക്തത്തില്‍ കലര്‍ന്ന സംസ്‌കാരമാണ്. ഒരു സനാതന ബ്രാഹ്മണനായ തുളസീ ദാസിനെ കൊട്ടാരം കവിയായി സ്വീകരിച്ച് രാമായണ മെഴുതിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത അക്ബര്‍ ഹിന്ദു വിരുദ്ധനാണെന്നു സ്ഥാപിച്ചവര്‍, ഒട്ടേറെ ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ച ടിപ്പു സുല്‍ത്താനെ ക്ഷേത്ര ധ്വംസകനായി ചിത്രീകരിച്ചു വരുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണ്. 1763 മുതല്‍ 1792 വരെ 2 ദശാബ്ദക്കാലം മലബാര്‍ ഭരിച്ച ഹൈദരലിയും ടിപ്പുവും ക്ഷേത്രങ്ങള്‍ക്ക് ഭൂമി കയ്യൊഴിവായി ദാനം ചെയ്തിരുന്നു വെന്നതിന് മതിയായ തെളിവുകളുണ്ട്. ചിക്കമംഗലൂര്‍ ശൃംഗേരി മഠത്തിലെ രേഖാ ശേഖരങ്ങളില്‍ നിന്നും 1927ല്‍ പ്രസിദ്ധീകരിച്ച ടിപ്പുവിന്റെ 46 കത്തുകള്‍, ക്ഷേത്രങ്ങള്‍ പണിയാനും സംരക്ഷിക്കാനും പൂജാകര്‍മ്മങ്ങള്‍ മുടക്കം കൂടാതെ നടത്താനും ടിപ്പു കാണിച്ച ഔത്സുക്യങ്ങളുടെ വാചാലമായ തെളിവുകളാണ്. ശൃംഗേരി മഠാധിപതി ശ്രീമദ് പരമഹംസ പരിവ്രാജകാചാര്യ ശ്രീ സച്ചിദാനന്ദ ഭാരതിക്ക് സഞ്ചരിക്കുന്ന തിനുള്ള പല്ലക്കു വരെ ടിപ്പു സുല്‍ത്താന്‍ വിട്ടു കൊടുത്തതിനുള്ള രേഖകളുണ്ട്. (ഡോ കെകെഎന്‍ കുറുപ്പിന്റെ 19-11-1989ലെ മാതൃഭൂമി ലേഖനം) മാത്രമല്ല ടിപ്പു ഹിന്ദു ക്ഷേത്രങ്ങളില്‍ മുടങ്ങാതെ ചെലവേറിയ വഴിപാടുകളും നടത്തി വന്നിരുന്നു. മലബാറില്‍ ആദ്യമായി അടിമക്കച്ചവടം നിര്‍ത്തലാക്കിയ രാജാവെന്ന നിലയില്‍ അടിമകളുടെ ഉടമകളായ സവര്‍ണ ജന്മിമാര്‍ക്ക് ടിപ്പുവിനോട് ഒടുങ്ങാത്ത പക ഉണ്ടായിരുന്നതാകാം ടിപ്പുവിനെ ഹിന്ദുമത വിരുദ്ധനായി ചിത്രീകരിക്കാന്‍ കാരണം.

സാവിത്രി എന്ന ബ്രാഹ്മണ യുവതിയെ ചാത്തന്‍ എന്ന പുലയ യുവാവിന്റെ കുടിലില്‍ എത്തിച്ച് കീറ പ്പായയില്‍ സഹ ശയനം നടത്തി ച്ചുകൊണ്ട്  'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ മല്ലെങ്കില്‍ മാറ്റു മതുകളീ നിങ്ങളെ താന്‍' എന്ന് ദുരവസ്ഥ യിലൂടെ പ്രഘോഷണം ചെയ്ത മഹാകവി കുമാര നാശാനെ അയിത്ത ത്തിന്റെയും ജാതി മേധാവിത്വ ത്തിന്റെയും ബ്രാഹ്മണ്യ ത്തിന്റെയും അഗ്രഹാരങ്ങളെ പിടിച്ചു കുലുക്കി എന്നതിന്റെ പേരില്‍   'ബൂര്‍ഷ്വാ കവി'  എന്നു വിളിച്ച് അധിക്ഷേപിക്കുകയാണ് ഈഎംഎസ് ചെയ്തിട്ടുള്ളത്. 'ആശാന്‍ ഒരു വിപ്ലവ കവിയല്ല'  (ഇഎംഎസ്-സമൂഹം ഭാഷ സാഹിത്യം, പേജ് 160, 161) എന്നും അദ്ദേഹം പറയുന്നു. ആശാന്‍ അങ്ങനെ ആകാന്‍ കാരണം 'ബൂര്‍ഷ്വാ വര്‍ഗത്തിന്റെ പ്രതീകമായ നാരായണ ഗുരു'വിന്റെ സ്വാധീനമാണെന്നും നമ്പൂതിരിപ്പാട് വിശ്വസിക്കുന്നു. അങ്ങനെ വിലയിരുത്തുന്നതില്‍ ഇഎംഎസിനെ കുറ്റം പറയാന്‍ നമുക്കു കഴിയില്ല. കാരണം 'വര്‍ഗസമുദായത്തില്‍ ഓരോരുത്തരും ഏതെങ്കിലും ഒരു പ്രത്യേക വര്‍ഗത്തിലെ അംഗങ്ങളായി ജീവിക്കുന്നു. അവരുടെ ഓരോരുത്തരുടേയും ചിന്താഗതിയില്‍ നിശ്ചയമായും ഒരു പ്രത്യേക വര്‍ഗത്തിന്റെ മുദ്ര കുത്ത പ്പെട്ടിരിക്കും 'എന്ന് മാവോ അനുശാസിക്കുന്നുണ്ട്. ഇഎംഎസ് മാത്രം ഈ തത്വശാസ്ത്രത്തിനു പുറത്താ യിരിക്കുകയില്ല. അദ്ദേഹത്തിന്റെ സമുദായ ത്തെക്കുറിച്ച് വിമര്‍ശന പരമായി എഴുതിയ കുമാരനാശാനെ എതിര്‍ക്കാന്‍ നമ്പൂതിരിപ്പാട് ബാധ്യസ്ഥനായി എന്നു മാത്രം. ശ്രീനാരായണ ഗുരുദേവനെ ഒരു  'ബൂര്‍ഷ്വാ'  എന്ന് ചിത്രീകരിച്ചു കൊണ്ട് നമ്പൂതിരിപ്പാടെഴുതിയ മറ്റൊരു ലേഖനം ചിന്ത വാരികയില്‍ പ്രസിദ്ധീകരിച്ചിട്ട് നാളുകള്‍ ഏറെയായില്ല.

ഇതേ വികാരം തന്നെയാണ് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള പലഘട്ടങ്ങ
ളിലും  പ്രകടിപ്പി ച്ചിട്ടുള്ളത്. കവി തിലകന്‍ പണ്ഡിറ്റ് കെപി കറുപ്പന്‍  'ബാലകലേശം'  എന്ന നാടകത്തിലൂടെ തീണ്ടലാ ചരിച്ച ഒരു നമ്പൂതിരിയെ തൂക്കിക്കൊല്ലാന്‍ മഹാരാജാവ് വിധിക്കുന്നതായി എഴുതി യപ്പോള്‍ കറുപ്പനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സ്വദേ ശാഭിമാനി ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം അര്‍ത്ഥം ബ്രാഹ്മ ണിസത്തെ തൊട്ടുകളിക്കാന്‍ അവരാരും അനുവദിക്കുകയില്ല എന്നു തന്നെയാണ്. അധഃകൃതരെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശി പ്പിക്കാന്‍ ഉത്തരവു ണ്ടായപ്പോള്‍ 'കുതിരയേയും പോത്തിനേയും ഒരേ നുകത്തില്‍ കെട്ടുകയാണ്' എന്ന് മുഖ പ്രസംഗ മെഴുതി അധഃസ്ഥി ത രുടെ വിദ്യാഭ്യാസത്തെ എതിര്‍ക്കുക യാണല്ലോ രാമകൃഷ്ണപിള്ള ചെയ്തത്. (1910 മാര്‍ച്ച് 2ആം തിയതിയിലെ സ്വദേശാഭിമാനി മുഖപ്രസംഗം) ബ്രാഹ്മണരുടെ മര്‍ദ്ദന മുണ്ടായിരുന്നിട്ടു പോലും, ജാതി സമ്പ്രദായം കൊണ്ട് തിയ്യരാദി ജനതയെ അടിമകളാക്കി വെക്കാന്‍ അവസരം ലഭിക്കുന്നതു മൂലം നായന്മാരും സന്തുഷ്ടരായിരുന്നു വെന്നു വേണം മനസ്സിലാക്കാന്‍.

1931-ല്‍ കെസി ജോര്‍ജ്, എന്‍സി ശേഖര്‍ എന്നിവരുടെ നേതൃ ത്വത്തില്‍ തിരു വനന്ത പുരത്ത് വെച്ച് കമ്മ്യൂണിസ്റ്റ് ലീഗ് രൂപീകരിച്ചു കൊണ്ട് കേരള ത്തില്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനം തുടക്കം കുറി ച്ചിരുന്നു. എന്നാല്‍ സഖാവ് നമ്പൂതിരിപ്പാട് 1934 മെയ് മാസം വരെ കെപിസിസി സെക്രറട്ടറി, കോണ്‍: എംഎല്‍എ എന്നീ നിലകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഗാന്ധിജിയുടെ നിയമലംഘന പ്രസ്ഥാനവു മൊക്കെയായി പ്രവര്‍ത്തി ക്കുകയാണ് ചെയ്തു വന്നിരുന്നത്. 1939 ഡിസംബറില്‍ പിണറായിയില്‍ വെച്ച് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറിയതോടു കൂടിയാണ് ഇഎംഎസ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ വന്നത്. അന്ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ പെട്ട പിണറായിക്കടുത്തുള്ള പാറപ്ര വിവേകാനന്ദ വായനശാലയില്‍ അതീവ രഹസ്യമായി കൂടിയ സമ്മേളനം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന് ബദലായി മലബാറില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കമ്മ്യൂണിസ്റ്റ് ആശയത്തിലേക്ക് നയിക്കാനാണ് തീരുമാനിച്ചത്. 1940 മാര്‍ച്ച് മാസത്തില്‍ കോട്ടക്കല്‍ വെച്ചു നടന്ന കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ രാഷ്ട്രീയ സമ്മേളനത്തില്‍  'ഐക്യത്തിന്റെ ശത്രു, സമരത്തിന്റെ ശത്രു'  എന്ന തലക്കെട്ടില്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചതോടു കൂടിയാണ് പി കൃഷ്ണപിള്ള കോണ്‍ഗ്രസ് അല്ലാതായത്. ഈ ചരിത്ര സത്യങ്ങളെല്ലാം ഇന്നവര്‍ വളച്ചൊടിച്ചിരിക്കുന്നു. 1931മുതല്‍ 39 വരെയുള്ള 8 വര്‍ഷക്കാലത്തെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് സവര്‍ണ നേതൃത്വ മില്ലാതിരുന്നതു കൊണ്ട് ചരിത്ര ത്തിന്റെ ഏടുകളില്‍ നിന്നും തുടച്ചു മാറ്റാനും നമ്പൂതിരിപ്പാട് ഉള്‍പ്പെടെയുള്ള ജാതി മേധാവികളുടെ അരങ്ങേറ്റം മുതല്‍ക്കുള്ള കമ്മ്യൂണിസ്റ്റ് ചരിത്രം മാത്രം രേഖപ്പെടുത്താനുള്ള തത്രപ്പാട് തികച്ചും  അപലപനീയവും അപഹാസ്യവുമാണ്.

കോണ്‍ഗ്രസ് എംഎല്‍എ എന്ന നിലയില്‍ രാജാജി നിയമ സഭയില്‍ അംഗമായിരുന്ന ഇഎംഎസിന് നിയമസഭ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സാമാജികത്വം നഷ്ടപ്പെടുകയും 1940ല്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി സെക്രട്ടറി സ്ഥാന ത്തേക്കുള്ള മത്സരത്തില്‍ പി നാരായണന്‍ നായര്‍ സെക്രട്ടറി യായി തെര ഞ്ഞെടുക്ക പ്പെടുക യുമുണ്ടായി. ആ പരിത സ്ഥിതി യിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റായത്. ആ കാലത്ത് കുട്ടികൃഷ്ണ മെനോന്‍ ചെയര്‍മാനാ യുള്ള മലബാര്‍ ജന്മി-കുടിയാന്‍ കമ്മറ്റി റിപ്പോര്‍ട്ടിന് കമ്മറ്റി അംഗമെന്ന നിലയില്‍ എഴുതി അയച്ച റിപ്പോര്‍ട്ടിനെ കുറിച്ച് 1941 ഡിസംബറില്‍ 'സാഷ്യല്‍ സയന്റിസ്റ്റ് 'മാസികയില്‍ ഇഎംഎസ് തന്നെ എഴുതിയ ലേഖനം വായിക്കേ ണ്ടതാണ്. 45 വര്‍ഷങ്ങള്‍ക്കു മുമ്പ് (കമ്മ്യൂണിസ്റ്റ് ആകുന്നതിനു മുമ്പ്) മണ്ണ് മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കു മാത്രം എന്ന റിപ്പോര്‍ട്ട് ('Land to the tiller' the central idea put across in my minute of dissent to the Malabar Reforms committee.EMS,Social Scientist.17-12-1941) എന്നെഴുതിയ നമ്പൂതിരിപ്പാടിന് ഇന്ന് ഈ ആവശ്യം അതേപടി ഉന്നയിച്ചു കൊണ്ട് ഒരു ലേഖനമെഴുതാനോ പ്രസംഗിക്കാനോ ധൈര്യ മുണ്ടാകുമോ? ഒരു തുണ്ടു ഭൂമിക്കുവേണ്ടി ദാഹിക്കുന്ന നാട്ടിന്‍പുറങ്ങളിലെ പട്ടിണിപ്പാവങ്ങളെ തൊഴിലാളി വര്‍ഗ നേതൃത്വത്തില്‍ സംഘടിപ്പിക്കുക എന്ന മൗലിക കടമ ഈ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റുകാര്‍ സ്വയം ഏറ്റെടുക്കണമെന്ന് (ഇഎംഎസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍, പേജ് 195) അന്ന് നമ്പൂതിരിപ്പാട് വാദിച്ചിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് ആയതിനുശേഷം 'ഒരു തുണ്ടു ഭൂമിക്കുവേണ്ടിയുള്ള സമരം കമ്മ്യൂണിസ്റ്റുകാര്‍ ഏറ്റെടുക്കണമെന്ന് 'ആഹ്വാനം ചെയ്യാന്‍ ഇന്ന് കഴിയില്ലെന്നതാണ് സത്യം. അന്ന് കമ്മ്യൂണിസ്റ്റുകള്‍ അശ്വമേധം,പുതിയ ആകാശം പുതിയ ഭൂമി, സര്‍വേക്കല്ല്, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ കൂടിയും രണ്ടിടങ്ങഴി,ഓടയില്‍ നിന്ന് തുടങ്ങിയ നോവലുകളില്‍ കൂടിയും ഉണര്‍ത്തിവിട്ട സന്ദേശം അവര്‍ സ്വയം പിന്‍വലിച്ചിരിക്കുന്നു.അധഃകൃതരെക്കൊണ്ട് കൃഷിഭൂമി കര്‍ഷകര്‍ക്ക് എന്ന മുദ്രാവാക്യം വിളിപ്പിച്ചവര്‍ പലപ്രാവശ്യം ഭരിച്ചു കഴിഞ്ഞപ്പോള്‍ കൃഷിഭൂമി ആര്‍ക്ക് കിട്ടി?മുദ്രാവാക്യ ജാഥാ തൊഴിലാളികള്‍ ഇന്ന് കര്‍ഷകരല്ലെന്നും കര്‍ഷക തൊഴിലാളി കളാണെന്നും നേതൃത്വം വിധിച്ചു.1956 ല്‍ പാലക്കാട് വെച്ച് നടന്ന നാലാം പാര്‍ട്ടി കോണ്‍ഗ്രസ് പാസ്സാക്കിയ ഭൂപ്രമേയം 1957 ല്‍ അധികാരത്തില്‍ കയറിയപ്പോഴേ അവര്‍ വിസ്മരിക്കുകയാണ് ചെയ്തത്.

No comments:

Post a Comment