Wednesday, November 20, 2013

പുസ്തകം: ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളില്‍ - ഇളംകുളം പി എന്‍ കുഞ്ഞന്‍ പിള്ളഇളംകുളം
കേരള ചരിത്ര ഗവേഷണത്തില്‍ പ്രാതസ്‌മരണീയനായ ഇളംകുളം കുഞ്ഞന്‍പിള്ള പ്രാചീന മലയാളത്തേയും സാഹിത്യത്തേയും കുറിച്ച്‌ ഗവേഷണപരവും വിജ്ഞാനപ്രദവുമായ വിവരങ്ങള്‍ നല്‍കുകയാണ്‌ ഈ ഗ്രന്ഥത്തിലൂടെ. ദ്രാവിഡഭാഷകളില്‍ നിന്നു രൂപം പൂണ്ട മലയാളഭാഷയുടെ വളര്‍ച്ചയുടേയും അനുക്രമമായ പരിണാമങ്ങളുടേയും ഭദ്രമായ വിചിന്തനമാണ്‌ മലയാളപ്പിറവി എന്ന ആദ്യ ലേഖനത്തില്‍ത്തന്നെ. നമ്മുടെ പ്രാക്തന സാഹിത്യകൃതികളായ വൈശികതന്ത്രം ഉണ്ണിയച്ചീചരിതം കോകസന്ദേശം ചന്ദ്രോത്സവം ലീലാതിലകം തുടങ്ങിയവയെപ്പറ്റി യുള്ള കൂലങ്കഷമായ പഠനങ്ങളാണ്‌ തുടര്‍ന്നു നിര്‍വഹിക്കപ്പെട്ടിരി ക്കുന്നത്‌. മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും ഇരുളടഞ്ഞ ഇടനാഴികളിലേക്കു വെളിച്ചം വീശുന്ന ഈ അപഗ്രഥനങ്ങള്‍ വിലപ്പെട്ടവയാണ്‌. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല മലയാളഭാഷയുമായി ബന്ധപ്പെട്ടവര്‍ക്കൊക്കെത്തന്നെ വലിയൊരനുഗ്രഹമാണ്‌.

ആര്യന്മാര്‍ തുളുവത്തും കേരളത്തിലും

തിരുപ്പതിമുതല്‍ കന്യാകുമാരിവരെ തമിഴ്‌കൂറിയിരുന്ന ദേശവിഭാഗത്തും വൈദികമതത്തിന്റെയും ബുദ്ധ-ജൈനമതങ്ങളു ടെയും പ്രവാചകന്മാര്‍ ക്രിസ്‌തുവര്‍ഷാരംഭത്തിനു വളരെ മുമ്പുതന്നെ പ്രവേശിച്ചു തുടങ്ങി. എന്നാല്‍ ദേശഭേദത്തിനുപരി യായി കേരളത്തിലെ തമിഴില്‍ വ്യത്യാസം ഉണ്ടാകത്തക്കവണ്ണം ആര്യന്മാരുടെ വലിയസംഘം 8ആം ശതകത്തിനുമുമ്പ്‌ ഇവിടെ പ്രവേശിച്ചതായി കാണുന്നില്ല. ലോഗന്‍, സ്‌റ്ററോക്ക്‌ തുടങ്ങിയ ചരിത്രകാരന്മാരും, കന്നടദേശങ്ങളിലെ പ്രാചീന രേഖകളും മറ്റും പഠനം ചെയ്‌തിട്ടുള്ള ഗവേഷകന്മാരും ഏകകണ്‌ഠമായി അഭിപ്രായപ്പെടുന്നപോലെ, 7ആം ശതകത്തിന്റെ അന്ത്യത്തിലും 8ആം ശതകത്തിലും കൊല്‍ഹാപ്പൂര്‍, വനവാസം മുതലായ സ്ഥലങ്ങളില്‍ നിന്നു വലിയ ആര്യബ്രാഹ്മണ സംഘങ്ങള്‍ തുളുകേരളപ്രദേശങ്ങളിലേക്ക്‌ പ്രവേശിക്കുന്നുണ്ട്‌. വാതാപിയില്‍ വാണിരുന്ന ചാലൂക്യരും വനവാസിയില്‍ വാണിരുന്ന കടമ്പരാജാക്കന്മാരും അവിച്ഛത്രം വലഭി മുതലായ പ്രദേശങ്ങളില്‍ നിന്നു ധാരാളം ബ്രാഹ്മണരെ തെക്കന്‍ പ്രദേശങ്ങളിലേക്ക്‌ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു. 8ആം ശതകത്തില്‍ സിന്‍ഡിലും തുടര്‍ന്ന്‌ കത്തിയവാഡില്‍പ്പെട്ട വലഭിപുരത്തും മറ്റും ഉണ്ടായ അറബികളുടെ ആക്രമണം ആര്യന്മാരുടെ തെക്കോട്ടുള്ള പ്രവാഹ ത്തെ സഹായിച്ചുവെന്ന്‌ നോര്‍ത്ത്‌ ക്യാനറാ ഗസറ്റിയറിലും സൗത്ത്‌ ക്യാനറാ മാനുവലിലും പറഞ്ഞിട്ടുള്ളത്‌ ശരിയാണെന്ന്‌ ചില ശാസനങ്ങളിലെ പ്രസ്‌താവങ്ങള്‍ തെളിയിക്കുകയും ചെയ്യുന്നു.

എ ഡി 904ലെ ഒരു കന്നഡ രേഖയില്‍ "യതികളുടെ വാസസ്ഥാന വും പത്മോത്ഭവന്റെ ക്ഷേത്രം സ്ഥിതിചെയ്യുന്നതുമായ അഹിച്ഛത്രത്തില്‍ നിന്നു തെക്കന്‍ പ്രദേശങ്ങളെ പരിശുദ്ധമാക്കാന്‍ പണ്ഡിത ശ്രേഷ്‌ഠന്മാരായ ബ്രാഹ്മണരുടെ സംഘങ്ങള്‍ വനവാസത്തു വന്നു" വെന്നു രേഖപ്പെടുത്തിയിട്ടുള്ളതും ആര്യന്മാരുടെ വടക്കുനിന്നുള്ള വരവിനു സാക്ഷ്യം വഹിക്കുന്നു. തുടര്‍ന്നുള്ള നാലഞ്ചു ശതവര്‍ഷക്കാലത്തേക്ക്‌ ബ്രാഹ്മണരുടെ പ്രാബല്യം തുളുനാട്ടിലെ ശാസനങ്ങളില്‍ പ്രകടമായി കാണാന്‍ കഴിയുമെന്ന്‌ സ്റ്ററോക്ക്‌ പറഞ്ഞിട്ടുള്ളതും പരമാര്‍ത്ഥമാണ്‌. അഹിച്ഛത്രം വലഭിപുരം മുതലായ പ്രദേശങ്ങളില്‍ നിന്നു ബ്രാഹ്മണര്‍ തെക്കോട്ടു പ്രവേശിക്കുന്നതിനു പരശുരാമനോ മയൂരവര്‍മ്മനോ സഹായിച്ച തായി 10ആം ശതകം വരെയുള്ള ശാസനങ്ങളില്‍ യാതൊരു സൂചനയുമില്ല എന്നല്ല, പല യുദ്ധങ്ങള്‍ക്കു ശേഷവും ബ്രാഹ്മണര്‍ക്കു തുളുനാട്‌ പൂര്‍ണമായി കീഴടക്കാന്‍ സാധിച്ചില്ലെന്നാ ണ്‌ രേഖകള്‍ കൊണ്ട്‌ കാണുന്നത്‌. എങ്കിലും എ ഡി 1000ആം ആണ്ടിനുമുമ്പ്‌ 32 ഗ്രാമങ്ങളിലായി അവര്‍ക്ക്‌ ആസ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞു. 1027 മുതല്‍ ഈ ഗ്രാമങ്ങളെപ്പറ്റിയുള്ള പരാമര്‍ശം തുളുവത്തെ ശിലാരേഖകളില്‍ ധാരാളമായി കാണാം. 32 കുടുംബക്കാരായ 32,000 ബ്രാഹ്മണരെ മുക്കണ്ണകടമ്പന്‍ (മയൂരവര്‍മ്മന്‍) കൊണ്ടുവന്നതായും രാജ്യം മുഴുവന്‍ അവര്‍ക്കു പങ്കുവെച്ചു കൊടുത്തതായും മറ്റുമുള്ള കഥകള്‍ സൃഷ്ടിച്ചു പ്രസിദ്ധി നല്‍കാന്‍ ശ്രമിക്കുന്നതായി 12ആം ശതകം മുതലുള്ള ശാസനങ്ങളില്‍ നിന്നു ഗ്രഹിക്കുകയും ചെയ്യാം.

കേരളത്തിന്റെ സ്ഥിതി തുളുവത്തിന്റെതില്‍ നിന്ന്‌ അല്‍പ്പം ഭിന്നമാണ്‌. ബ്രാഹ്മണര്‍ ഇവിടെ വന്ന്‌ അധികകാലം കഴിയുന്ന തിനുമുമ്പ്‌ കേരളം മിക്കവാറും അവര്‍ക്കധീനമായി. ആയോധന വിദ്യയില്‍ അവര്‍ നേടിയിരുന്ന അന്യാദൃശമായ പാടവം മാത്രമല്ല ഇതിനു കരണമെന്നു തോന്നുന്നു. വില്ലവര്‍, ഇടയര്‍ തുടങ്ങി കേരളത്തിലും തുളുനാട്ടിലും വാണിരുന്ന രാജാക്കന്മാരെ യെല്ലാം ക്ഷത്രിയരാക്കി സോമവംശത്തിലും സൂര്യവംശത്തിലും കൊണ്ടൊട്ടിച്ച്‌ അവരുടെ സഹായവും ബ്രാഹ്മണര്‍ക്ക്‌ നേടാന്‍ കഴിഞ്ഞു. ഉന്നതമായ സംസ്‌കാരവും വിദ്യാഭ്യാസവും കൊണ്ട്‌ അവര്‍ക്ക്‌ എല്ലാവരുടേയും ബഹുമാനം ആര്‍ജിക്കാനും പ്രയാസമുണ്ടായില്ല.(ഡൌണ്‍ലോഡ്)


No comments:

Post a Comment