Tuesday, November 26, 2013

'ബോലോ എ ബി വി പി കീ...............' - അജയന്‍ അടാട്ട്‌


'വിദ്യാര്‍ത്ഥി' മാസികയില്‍ നിന്ന്‌ ...

അജയന്‍ അടാട്ട് 
ആഗസ്റ്റ്‌ 21ആം തിയതി ആനന്ദ്‌ പട്‌വര്‍ധന്റെ ' ജയ്‌ ഭീം കോമ്രേഡ്‌ ' എന്ന സിനിമ കാണിക്കാന്‍ തീരുമാനിച്ചപ്പോള്‍, അത്‌ പൂനെയിലെ ബ്രാഹ്മിണ്‍ ഫാസിസ്റ്റ്‌ വര്‍ഗത്തെ ഇത്ര പ്രകോപിപ്പിക്കും എന്ന്‌ ഞങ്ങളാരും കരുതിയിരുന്നില്ല. പൊതുവെ പുസ്‌തകങ്ങളും സിനിമയുമൊന്നും RSS കാരുടെ വിഷയങ്ങളേ ആകാത്തതുകൊണ്ടാകും 'പുണ്യഭൂമി' എന്നറിയപ്പെടുന്ന പൂനെയുടെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഫിലിം ഇസ്റ്റിട്ട്യൂട്ടുമായി ഈ വര്‍ഗത്തിന്‌ വലിയ കൊടുക്കല്‍ വാങ്ങലുകള്‍ ഒന്നും തന്നെയില്ലാ യിരുന്നു. എന്നാല്‍ ഒരു സിനിമ പ്രദര്‍ശിപ്പിച്ചതു മാത്രമായിരുന്നില്ല അവരെ ചൊടിപ്പിച്ചത്‌. 'കബീര്‍ കലാ മഞ്ച്‌ ' എന്ന ദളിത്‌ ഗായക സംഘത്തിന്റെ പരിപാടിയും അതിനോടൊപ്പം ചേര്‍ന്നതായി രിക്കണം സംഘികളുടെ രക്തം തിളപ്പിച്ചത്‌.

പുതിയ കാലത്തെ 'തൊട്ടുകൂടാത്തവര്‍' ( The new Untouchables ) എന്ന വര്‍ഗത്തില്‍ പെട്ട നക്‌സല്‍ വാദികളെ കണ്ടോ കേട്ടോ ഒക്കെയുള്ള പരിചയമുള്ളവരായിരുന്നത്രേ അവര്‍ അതുകൊണ്ടു തന്നെയാണ്‌ കഴിഞ്ഞ 2 വര്‍ഷങ്ങളായി ആ ഗായകനെ പോലീസ്‌ വേട്ടയാടി, ക്രൂരമായി പീഡിപ്പിച്ചതും. ഒടുക്കം ഹൈക്കോടതി ഒരു വിധിപ്രഖ്യാപനം നടത്തി; മനുഷ്യരുടെ ദുരിതത്തെക്കുറിച്ച്‌ പാട്ടുപാടി എന്നത്‌ 'മാവോയിസം' അല്ലെന്ന്‌! ആ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചതിന്റെ ബലത്തിലാണ്‌ അവര്‍ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ പാടാന്‍ വന്നത്‌. പരിപാടി തുടങ്ങുന്നതിനുമുമ്പ്‌ ഗായകനായ ദീപക്‌ ഡേംഗ്ലേ പറഞ്ഞതിങ്ങനെ, "ഞങ്ങളുടെ ശബ്ദം മോശ മായിരിക്കുന്നു. ഒരുമാസം മുമ്പുവരെ പോലീസ്‌ എന്നെ നഗ്നനാക്കി കെട്ടിയിട്ട്‌ ഗ്രീസ്‌ പുരട്ടുകയും നാവു പിഴുതെടുക്കാ നുള്ള ശ്രമംവരെ നടത്തി. അതിനാല്‍ ഞങ്ങളുടെ പാട്ടിന്‌ ശ്രുതിയും ലയവും അല്‍പ്പം കുറയും. പക്ഷേ അതിന്റെ മൂര്‍ച്ഛ കുറയില്ല."

അങ്ങനെ ഋത്വിക്‌ ഘട്ടക്കിന്റെയും ജോണിന്റെയും മണി കൗളിന്റെയും മറ്റൊരുപാട്‌ പേരുടേയും ഇന്‍സ്റ്റിട്ട്യൂട്ടിന്റെ വേദിയില്‍ ദീപക്കും കൂട്ടരും പാടി. ആളുകള്‍ അവരോടൊത്ത്‌ പാടി. ഒരു ഗവണ്‍മെന്റ്‌ സ്ഥാപനത്തില്‍ ബ്രാഹ്മണ വിരുദ്ധമായ സിനിമയും പാട്ടുകളും നടത്താന്‍ ധൈര്യം കാണിച്ച ധിക്കാരികളെ നേരിടാന്‍ തന്നെ, ആ സ്ഥാപനത്തിന്റെ ചരിത്രം അറിയാത്ത സംഘപരിവാര്‍ മഠയന്മാര്‍ തീരുമാനിക്കുകയും അതവര്‍ ശാരീരികമായി നടപ്പിലാക്കുകയും ചെയ്‌തു. തിയേറ്ററിന്‌ പുറത്തുവെച്ച്‌ സൗഹൃദ സംഭാഷണത്തിനുവന്ന ഒരിത്തിരിക്കുഞ്ഞന്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ "നീ നക്‌സലൈറ്റ്‌ ആണോടാ?" എന്ന്‌ ഈ ലേഖകനോട്‌ ചോദിച്ചു. "അല്ലെങ്കില്‍ പിന്നെന്തിനാടാ ഈ നക്‌സലൈറ്റുകള്‍ക്ക്‌ നിങ്ങള്‍ വേദി കൊടുത്തത്? "നിങ്ങള്‍ രാജ്യദ്രോഹികളായ കമ്മ്യൂണിസ്‌റ്റ്‌ കാരാണ്‌" കഴിയുമെങ്കില്‍ "വന്ദേമാതരം, ഭാരത്‌ മാതാ കീ ജയ്‌, ABVP കീ ജയ്‌, നരേന്ദ്രമോഡി കീ ജയ്‌" എന്നീ ദേശീയോദ്‌ഗ്രഥന മുദ്രാവാക്യങ്ങല്‍ ഏറ്റുവിളിക്കാനും ആവശ്യപ്പെട്ടു. അങ്ങനെ ഒരു നിമിഷത്തിനുള്ളില്‍ ഈയുള്ളവന്‍ തിരിച്ചറിഞ്ഞു; ഇത്‌ എന്റെ നാടല്ല എന്ന്‌. സമ്പന്നനായ എം എഫ്‌ ഹുസൈന്‍ ഭാഗ്യവാന്‍.

മേല്‍പ്പറഞ്ഞകാര്യങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ എണ്ണത്തില്‍ അധികമായിക്കൊണ്ടിരുന്നു. ഞങ്ങല്‍ 6 വിദ്യാര്‍ത്ഥികളും ആനന്ദ്‌ പട്‌വര്‍ധന്‍ എന്ന മുതിര്‍ന്ന സിനിമക്കാരനും അവര്‍ 30 ഗുണ്ടാകളും എന്ന അവസ്ഥയില്‍, കയ്യിലുണ്ടായിരുന്ന ഹെല്‍മറ്റ്‌, വടി, ദണ്‌ഢ്‌ തുടങ്ങിയ പഠനോപകരണങ്ങള്‍ കൊണ്ടവര്‍ എന്നെ അടിച്ചു വീഴ്‌ത്തി. നടുറോട്ടില്‍ വീണുകിടക്കുന്ന ഒരു 48 കിലോ ഗ്രാം തൂക്കക്കാരനെ വീണ്ടു തല്ലിച്ചതക്കുന്നതുകണ്ട്‌ സഹിക്കാനാവാതെ ഓടിയെത്തിയ ശ്രീറാം എന്ന വിദ്യാര്‍ത്ഥിയുടെ തല അവര്‍ ഹെല്‍മറ്റുകൊണ്ട്‌ തല്ലിപ്പൊളിച്ചു. "ജയ്‌ശ്രീറാം" എന്നലറിക്കൊണ്ടാണ്‌ അവര്‍ ശ്രീറാമിനെ തല്ലിയത്‌ എന്നതൊരു കഥക്ക്‌ സ്‌കാപ്പുള്ള തമാശകൂടിയാണ്‌. അന്‍വര്‍ഷാ, ഷമീര്‍, കുല്‍ക്കര്‍ണി, കിസ്‌ലേ എന്നിവര്‍ക്കും മാരകമായി പരിക്കേറ്റു.

എന്നാല്‍ കുറേ പേപ്പട്ടികള്‍ ചേര്‍ന്ന്‌ കുറച്ചു മനുഷ്യരെ കടിച്ചുകീറി എന്നതിനേക്കാളും ഭീതിജനകമായ അവസ്ഥ മറ്റൊന്നായിരുന്നു. ഞങ്ങളെ പ്രഭാത്‌ റോട്ടിലും നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സിലും തല്ലിച്ചതക്കുന്നതുനോത്തി ഒരു പോലീസു കാരന്‍ നിന്നിരുന്നു. സംഭവം നടക്കുന്നതിനു മുമ്പ്‌ ABVP പ്രവര്‍ത്തകരോട്‌ ഇയാള്‍ സംസാരിച്ചതിനുശേഷം സ്ഥലത്തുണ്ടാ യിരുന്ന പോലീസ്‌ സംഘം തിരിച്ചുപോയതിനു ശേഷമാണ്‌ മര്‍ദ്ദനക്രിയ ആരംഭിച്ചത്‌. ശ്രീറാമിന്റെ തലപൊട്ടി ചോരയൊലി ക്കുമ്പോള്‍, സഹായത്തിനുവേണ്ടി അവന്‍ പോലീസിനോട്‌ അപേക്ഷിക്കുമ്പോള്‍ ഞാന്‍ ഒരു നിമിഷം "കുത്തബ്ദിന്‍ അന്‍സാരിയെ" അവനില്‍ കണ്ടു. ഞാനും അവനും മറ്റൊരുപാടുപേരും മോഡിയുടെ കിങ്കരന്മാര്‍ക്കു മുന്നില്‍ "കുത്തബ്ദിന്‍ അന്‍സാരി"മാരായി. പോലീസ്‌ രണ്ടുകൂട്ടര്‍ക്കു മെതിരേ കേസ്‌ എടുത്തു. ഞങ്ങളെ ഇന്‍സ്‌റ്റിട്ട്യൂട്ടില്‍ സിനിമ കണ്ടതിന്‌ ഞങ്ങള്‍ക്കെതിരെ അനധികൃതമായി സംഘം ചേര്‍ന്നതിനും കലാപം നടത്തിയതിനും കേസും എടുത്തു. ഇപ്പോള്‍ ഞങ്ങള്‍ ജാമ്യത്തിലാണ്‌. നിങ്ങള്‍ ഇത്രയും പ്രകോപനമുണ്ടാക്കുന്ന ഒരു സിനിമ കണ്ട്‌ത്‌ എന്തിനാണെന്നാണ്‌ പോലീസ്‌ കമ്മീഷണര്‍ ചോദിച്ചത്‌. അദ്ദേഹം ഒരു കാര്യംകൂടി ഓര്‍മ്മിപ്പിച്ചു. You know these people are lefts! നിങ്ങള്‍ക്ക്‌ സോഷ്യല്‍ ആക്ടിവിറ്റീസില്‍ ഇടപെടണമെങ്കില്‍ വരാനിരിക്കുന്ന ഗണേശോത്സവം ചിത്രീകരി ക്കാന്‍ പോലീസിനെ സഹായിക്കൂ എന്നൊരു ഓഫറും തന്നു കമ്മീഷണര്‍ സര്‍.

ഈ ലേഖനം എഴുതിക്കൊണ്ടിരുന്ന സമയത്ത്‌, ഹൈദരാബാദില്‍ നടന്ന കാശ്‌മീര്‍ ഫിലിം ഫെസ്റ്റിവെല്‍ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സംവിധായകരേയും അവരുടെ സിനിമാ പ്രദര്‍ശന ഉപകരണളേയും അവര്‍ തല്ലിച്ചതക്കുകയും തകര്‍ക്കു കയും ചെയ്‌തു. അങ്ങനെ ഇന്ത്യന്‍ ഭരണകൂടം അതിന്റെ തൊഴിലാളി വിരുദ്ധവും ദളിത്‌ വിദുദ്ധവുമായ സേനകളെ രണ്ടുവിധത്തിലും തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു. ഒരേസമയം കബീര്‍ കലാ മഞ്ചിനെ കുറിച്ച്‌ തയ്യാറാക്കിയ ജയ്‌ ഭീം കോമ്രേഡ്‌ എന്ന സിനിമക്ക്‌ ദേശീയ അവാര്‍ഡ്‌ നല്‍കുകയും മറുവശത്ത്‌ കബീര്‍ കലാ മഞ്ച്‌ പ്രവര്‍ത്തകരെ ജീവിക്കാനനുവദിക്കാത്ത വിധം വേട്ടയാടി പിടിക്കുകയും ചെയേയുന്നു. അവരെ കേള്‍ക്കാന്‍ ശ്രമിച്ചവരെ ABVP യെകൊണ്ട്‌ തല്ലിക്കുന്നു. എന്നിട്ട്‌ പോലീസ്‌ ഉപദേശിക്കുന്നു, നിങ്ങള്‍ സിനിമ ഒക്കെ പഠിക്കാന്‍ വന്ന കുട്ടികളെന്തിനാ ഇവരോടൊക്കെ സംസാരിക്കുന്നത്‌? 

എന്നാല്‍ വലതുപക്ഷ ഫാസിസ്റ്റുകളെ അമ്പരപ്പിച്ച തരത്തിലുള്ള പ്രതിഷേധങ്ങള്‍ അവര്‍ക്ക്‌ നേരിടേണ്ടി വന്നു. ഡെല്‍ഹിയിലെ നാഷനല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമ, ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, അംബേഡ്‌കര്‍ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്‌ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി കല്‍ക്കത്ത സത്യജിത്‌ റേ ഫിലിം ആന്റ്‌ ടി വി ഇന്‍സ്റ്റിട്ട്യൂട്ട്‌ തുടങ്ങി രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ നടന്നു. പലരും പരസ്യമായി വെല്ലുവിളിച്ചു ഈ സിനിമ പ്രദര്‍ശിപ്പിച്ചു. പൂനെയില്‍ 300 ല്‍ അധികം പേരാണ്‌ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്‌. പല കാമ്പസുകളില്‍ നിന്നുള്ള കുട്ടികളുണ്ടായിരുന്നു അതില്‍. പൂനെയിലെ കോര്‍പ്പറേഷന്‍ തൊഴിലാളികളും സാധനങ്ങല്‍ പെറുക്കി വില്‍ക്കുന്നവരുടെ സംഘടനയും ആ റാലിയില്‍ ചേര്‍ന്നു. ഡോ. നരേന്ദ്ര ദബോല്‍ക്കറെ കൊലപ്പെടുത്തിയത്‌ ഇതേ ആളുകളാണെന്ന്‌ പൂനെ നഗരം അനായാസേന തിരിച്ചറിഞ്ഞു. ഡോ. ദബോല്‍ക്കറുടെ രക്തസാക്ഷിത്വത്തിന്റെ പിറ്റേ ദിവസമാണല്ലോ ഞങ്ങള്‍ ആക്രമിക്കപ്പെട്ടത്‌! പോലീസ്‌ തടയാല്‍ ശ്രമിച്ചിട്ടുപോലും ആ മാര്‍ച്ച്‌ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നു.

ജനാധിപത്യ സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഫോറം രൂപീകരിക്കാനാണ്‌ ഈ യൂണിവേഴ്‌സിറ്റികളിലെ കുട്ടികള്‍ തീരുമാനിച്ചിട്ടുള്ളത്‌.

ചരിത്രത്തെ മറന്നുകൊണ്ടും വര്‍ത്തമാനത്തെ കാണാതെയും ഒരു സിനിമാക്കാരന്‌ നിലനില്‍പ്പില്ല എന്ന്‌ നമുക്കറിയാം. പോരാട്ടം തുടരാന്‍ തന്നെയാണ്‌ പൂനെ ഫിലിം ഇന്‌സ്റ്റിട്ട്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ തീരുമാനമെടുത്തിട്ടുള്ളത്‌. ജോണിന്റെയും ഘട്ടക്കിന്റെയുമെല്ലാം ഓര്‍മ്മകള്‍ ഞങ്ങള്‍ക്ക്‌ ഉള്‍പ്രേരകമായി നില്‍ക്കുന്നു. വിലക്കപ്പെട്ട കനികള്‍ കഴിക്കാന്‍ മാത്രമല്ല കഴിപ്പിക്കാനും കൂടിയാണ്‌ ഇനി ഞങ്ങളുടെ ക്യാമറകള്‍ തുറക്കുക. അവസാന കൈ എന്ന നിലയില്‍ ABVP വീണ്ടും പോലീസിന്‌ പരാതി നല്‍കിയിരിക്കുന്നു. ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നക്‌സല്‍ സാന്നിധ്യം! ഒരു സിനിമ കണ്ടതുകൊണ്ട്‌ നക്‌സല്‍ ആകുമോ എന്നാണ്‌ ചോദ്യമെങ്കില്‍ തെറ്റിപ്പോയി. ഒരു പാട്ടുപാടിയാല്‍ നക്‌സല്‍ ആകുമെങ്കില്‍ സിനിമ കണ്ടാല്‍ കൊടും നക്‌സല്‍ ആകും. ആനന്ദ്‌ പട്‌വര്‍ധന്‍ പറഞ്ഞതുപോലെ "കാട്ടില്‍ തോക്കും പിടിച്ചു നടക്കുന്ന നക്‌സലൈറ്റ്‌ മിത്തുകള്‍ ഇന്ന്‌ നമ്മുടെ നഗരങ്ങളിലേക്ക്‌ എത്തിയിരിക്കുന്നു. അവര്‍ നാളെ പൈപ്പിലൂടെ ഒലിച്ചുവന്ന്‌ നമ്മുടെ അടുക്കളയുടെ വാഷ്‌ബേസിനിലൂടെ പുറത്തെത്തും."

അടുത്തയാഴ്‌ച രാകേഷ്‌ ശര്‍മ്മയുടെ ഫൈനല്‍ സൊല്യൂഷന്‍ എന്ന സിനിമ ഞങ്ങളിവിടെ കാണിക്കുകയാണ്‌. മോഡിയുടെ ലീലാവിലാസങ്ങളാണ്‌ ചിത്രത്തിന്‌ ആധാരം. തുടര്‍ന്ന്‌ ഇപ്പോള്‍ ഹൈദരാബാദില്‍ അവര്‍ തല്ലിത്തകര്‍ത്ത കാശ്‌മീര്‍ ഫിലിം ഫെസ്റ്റിവെലും FTII Students Association ഇവിടെ സംഘടിപ്പിക്കും. ഇത്‌ പ്രതികാരത്തിന്റെയും വിലകുറഞ്ഞ വെല്ലുവിളികളുടെയും പ്രശ്‌നമല്ല. ഒരു നാടിന്റെ അസ്‌തിത്വത്തിന്റെ പ്രശ്‌നമാണ്‌. ഞങ്ങള്‍ സിനിമ കാണേണ്ടത്‌ ഈ നാടിന്റെ ആവശ്യമാണ്‌. അതുകൊണ്ടാണ്‌ നികുതിദായകന്റെ പണംകൊണ്ട്‌ ഞങ്ങള്‍ സിനിമ കാണുന്നത്‌. ഞങ്ങള്‍ ഈ നാട്ടില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നവരല്ലാത്തതു കൊണ്ട്‌, ഇനിയും നാടിനുവേണ്ടി തല്ലുകൊള്ളാന്‍ ഞങ്ങള്‍ തയ്യാറാണ്‌. 

No comments:

Post a Comment