Monday, November 18, 2013

പുസ്‌തകം: ഇസ്ലാം ഭീകരതയല്ല - സ്വാമി ലക്ഷി ശങ്കരാചാര്യ



സ്വാമി ലക്ഷ്മി ശങ്കരാചാര്യ
മൗലാനാ എന്നു വിളിക്കപ്പെടുന്ന മുസ്ലീം പണ്ഡിതന്മാര്‍ കഠിനമനസ്‌കരും ഇതര മതവിശ്വാസികളോട്‌ പരുഷമായി പെരുമാറുന്ന വരുമാണെന്നായിരുന്നു എന്റെ ധാരണ. അവരുമായി അടുത്തിടപഴകി യപ്പോള്‍ ഉന്നത സ്വഭാവത്തിന്റെ ഉടമകളും അന്യമതാചാര്യന്മാരെ ആദരിക്കുന്നവരും മാനവ സമൂഹത്തിന്റെ ഗുണകാംക്ഷികളും ദയാഭാവങ്ങളുമുള്ളവരു മാണെന്ന്‌ മനസ്സിലായി. അവര്‍ ഇസ്ലാമിന്റെ മൂല്യങ്ങളും നിയമങ്ങളും മുറുകെ പിടിക്കുന്നവരാണ്‌. സംസ്‌കാര സമ്പന്നരും മൃദുഭാഷികളുമാണ്‌.

ഇത്തരം പണ്ഡിതന്മാരെ കുറിച്ച്‌ ഞാന്‍ തെറ്റായ ധാരണ വെച്ചുപുലര്‍ത്തിയിരുന്നു. അതാണ്‌ ഇസ്ലാമിനെ തെറ്റിദ്ധരിക്കാനുണ്ടായ കാരണം. ആ ധാരണ തിരുത്തപ്പെട്ടതെങ്ങനെയെന്ന്‌ വിശദീകരിച്ചെഴുതാന്‍ ഞാന്‍ തീരുമാനിച്ചു. തെറ്റിദ്ധാരണയാല്‍ എഴുതുകയും പറയുകയും ചെയ്‌ത കാര്യങ്ങളില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു.

അതോടൊപ്പം മുസ്ലീംസമൂഹത്തോട്‌ കാണിക്കുന്ന വിവേചനത്തിനെതിരേ ശബ്ദിക്കാനുമാഗ്രഹിക്കുന്നു. സ്വന്തത്തിന്റേയും ദേശത്തിന്റെയും സമൂഹത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കായി ഞാന്‍ നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഒരു ദിവസം ഞാന്‍ അതീവ ദുഃഖിതനായി. പരമേശ്വരാ ! എനിക്കിനി എന്താണ്‌ ചെയ്യാനാവുക എന്നാലോചിച്ച്‌ രാത്രി ഒരുമണിവരെ എനിക്കുറങ്ങാനായില്ല. എനിക്കൊരു സല്‍ക്കര്‍മം ചെയ്യണം. പക്ഷ, അതെങ്ങനെ ചെയ്യാനാവും എന്നാലോചിച്ചുകൊ ണ്ടിരിക്കെ നിദ്ര എന്നെ തലോടി. ഒരു പുസ്‌തകമെഴുതണമെന്ന സ്വപ്‌ന ദര്‍ശനമുണ്ടായി. അങ്ങനെയാണ്‌ ഞാനീ പുസ്‌തകമെഴുതാന്‍ തീരുമാനിച്ചത്‌. എന്നാല്‍, മുമ്പെഴുതിയ പുസ്‌തകത്തിന്‌ തികച്ചും വിപരീതമായ ഒന്നാണല്ലോ ഇത്‌. ഇതിനുമുമ്പ്‌ ഞാനിതിനെകുറിച്ച്‌ ആലോചിച്ചിട്ടേയില്ല. വിഷയത്തെക്കുറിച്ച്‌ വേണ്ടത്ര വിവരവുമില്ല. എന്നിട്ടും ഏതോ ഒരദൃശ്യശക്തിയുടെ സഹായത്തോടെ ഞാനീ പുസ്‌തകം എഴുതാനാരംഭിച്ചു.

പുസ്‌തകം സുഖമായി എഴുതിത്തീര്‍ക്കാനായത്‌ ദൈവത്തില്‍ നിന്നുള്ള അദൃശ്യ സഹായത്താലാണെന്ന്‌ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

പുസ്‌തകത്തിന്റെ ആദ്യ അധ്യായത്തില്‍ത്തന്നെ 24 സൂക്തങ്ങള്‍ ഉദ്ധരിച്ച്‌ തയ്യാറാക്കിയ ലഘുലേഖയെ കുറിച്ച്‌ ഞാന്‍ പരാമര്‍ശിക്കുന്നുണ്ട്‌. എന്നാല്‍, ലഘുലേഖ എന്റെ കൈവശമു ണ്ടായിരുന്നില്ല. ഇങ്ങനെ ഒരു ലഘുലേഖ വിതരണം ചെയ്‌തിരുന്നുവെന്ന്‌ എനിക്കറിയാമായിരുന്നു. 24 സൂക്തങ്ങളില്‍ ചിലതൊഴിച്ച്‌ മറ്റൊന്നും എന്റെ ഓര്‍മ്മയിലില്ലായിരുന്നു. ലഘുലേഖ കൈവശമില്ലാത്തത്‌ എന്നെ പ്രയാസപ്പെടുത്തിക്കൊ ണ്ടിരുന്നു. അത്ഭുതകരമെന്നു പറയട്ടെ അന്ന്‌ വൈകുന്നേരം തന്നെ ദല്‍ഹിയിലെ ഹിന്ദു റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ സ്ഥാപകന്‍ അയച്ച ആ ലഘുലേഖ എനിക്ക്‌ ലഭിച്ചു. പിറ്റേന്ന്‌ ദല്‍ഹിയില്‍ നിന്ന്‌ ഹിന്ദുമഹാസഭ പ്രസിദ്ധീകരിക്കുന്ന ഹിന്ദു സഭാ വാര്‍ത്ത എന്ന പാക്ഷികവും കിട്ടി. അതില്‍ ഇവ്വിഷയകമായി വിസ്‌തരിച്ച ചര്‍ച്ചയുണ്ടായിരുന്നു. ലഘുലേഖ കണ്ടെത്താനായതുകൊണ്ടാണ്‌ പുസ്‌തകത്തിന്റെ നാലാം അധ്യായം എഴുതാനായത്‌.

മനുഷ്യര്‍ക്ക്‌ സത്യവും നീതിയും വ്യക്തമാക്കിക്കൊടുക്കാന്‍ ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക്‌ ദൈവികസഹായം ലഭ്യമാകുവാനായി അവനോട്‌ മാത്രം കേഴുന്നു. പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹു (പരമേശ്വരന്‍) നമ്മെ സഹായിക്കുകയും എനിക്ക്‌ സന്മാര്‍ഗം അരുളുകയും ചെയ്യുമാറാകട്ടെ. ഇസ്ലാം ഭീകരതയല്ല എന്ന ഈ ഗ്രന്ഥം ദയാലുവായ പരമേശ്വരന്‌ ഞാന്‍ സമര്‍പ്പിക്കുന്നു. അവന്റെ കൃപകൊണ്ട്‌ മാത്രമാണ്‌ എനിക്കെഴുതാനായത്‌. ഇസ്ലാമിനെ കുറിച്ച്‌ അജ്ഞരായ, ഹിന്ദി സംസാരിക്കുന്നവര്‍ക്ക്‌ ഇസ്ലാമിനെ ശരിയായി മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഞാനീ പുസ്‌തകം രചിച്ചത്‌. മുസ്ലീം സഹോദരങ്ങള്‍ അവരുടെ കഴിവും സാധ്യതയും ഉപയോഗപ്പെടുത്തി പരമാവധി അമുസ്ലീം സഹോദരങ്ങള്‍ക്ക്‌ ഇത്‌. സമ്മാനിക്കേണ്ടത്‌ അവരുടെ കര്‍ത്തവ്യമാണ്‌.

ഇതിനെ വിവിധ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത്‌ പ്രസിദ്ധീകരിക്കണമെന്നാഗ്രഹിക്കുന്നു. സത്യത്തിന്റെ ഈ സന്ദേശം മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കണമെന്നാണ്‌ ആഗ്രഹം. ഇത്‌ വിവര്‍ത്തനം ചെയ്യാനും പ്രസിദ്ധീകരിക്കാനുമുള്ള അവസരം ലഭ്യമായാല്‍ ഈ കാര്യം പൂര്‍ത്തിയാകും

സത്യത്തിനായി സമര്‍പ്പിക്കപ്പെട്ട ജനങ്ങള്‍ സമൂഹത്തിനു നന്മ പ്രദാനം ചെയ്യുന്ന ഇക്കാര്യത്തില്‍ സര്‍വവിധ സഹകരണവും നല്‍കുമെന്ന്‌ പ്രതീക്ഷിക്കുന്നു - സ്വാമി ലക്ഷ്‌മി ശങ്കരാചാര്യ

(പുസ്‌തകത്തിന്റെ ആമുഖമാണ്‌ ഇത്രയും. വിവര്‍ത്തനം- പി കെ മുഹമ്മദലി അന്തമാന്‍)

(ഡൌണ്‍ലോഡ്)

No comments:

Post a Comment